Follow the News Bengaluru channel on WhatsApp

സന്ധിവേദന

ശരീരത്തിലെ രണ്ടുഭാഗങ്ങള്‍ ചേര്‍ന്നിരിക്കുതിനെയാണ് സന്ധി എന്നുപറയുന്നത്. ഇവയില്‍ പ്രധാനമായവ അസ്ഥികളാണ്. സ്‌നായു, കണ്ഡര, മാംസപേശികള്‍, രക്തക്കുഴലുകള്‍ തുടങ്ങിയവും സന്ധികളിലുണ്ട്. ഇളകുന്നതും ഇളകാത്തവയുമായി സന്ധികള്‍ രണ്ടുവിധമുണ്ട്. ചലനസ്വഭാവമനുസരിച്ചാണ് ഈ വിഭജനം. സന്ധിക്ക് ഒരു ആവരണകവചമുണ്ട്. സന്ധികള്‍ കണ്ഡരകളാല്‍ മാംസപേശികളുമായി ബന്ധിക്കപ്പെടുന്നതിനാലാണ് അവയ്ക്ക് ചലിക്കുവാന്‍ സാധിക്കുന്നത്. സന്ധിക്കുവേണ്ട സ്‌നിഗ്ദ്ധതയും പോഷണവും നല്‍കി സംരക്ഷിക്കുന്നത് അസ്ഥികളുടെ അഗ്രഭാഗങ്ങള്‍ ചേര്‍ന്നിരിക്കുതിനിടയിലായി അവയെ വേര്‍തിരിച്ച് സ്ഥിതിചെയ്യുന്ന തരുണാസ്ഥിയും ശ്‌ളേഷകകഫവും (സൈനോവിയല്‍ ഫ്‌ളൂയിഡ്) ആണ്.

സന്ധികളെ രോഗം ബാധിച്ചാല്‍ ചലനശേഷി കുറയുക, വേദന, നീര്, ചുവപ്പുനിറം, ചൊറിച്ചില്‍, തൊലിയുടെ നിറം മാറുക എന്നിവ ഉണ്ടാകും. ആമവാതം, വാതരക്തം, വിഷവാതം, ജീര്‍ണവാതം, ജരാവാതം എന്നീ രോഗങ്ങളിലെല്ലാം ചലനശേഷിക്ക് ബുദ്ധിമുട്ടനുഭവപ്പെടും.

പതിവായി വിരുദ്ധസ്വഭാവമുള്ള ആഹാരം കഴിക്കുക, വ്യായാമക്കുറവ്, ഭക്ഷണം കഴിച്ചയുടന്‍ അമിതാദ്ധ്വാനം തുടങ്ങിയ കാരണങ്ങളാല്‍ ദഹനശക്തികുറയുയും ആഹാരം ദഹിക്കാതെയിരിക്കുകയും ശരിയായ പചനവും ധാതുപരിണാമവും നടക്കാതെ വരികയും ചെയ്യുന്നു. ഇത് ആമാശയത്തില്‍ വിഷസ്വഭാവമുണ്ടാക്കി, ശരീരം മുഴുവന്‍ ചൂടുണ്ടാക്കുന്നു. ശരീരതാപനില വര്‍ദ്ധിച്ച് പനിയായി മാറുന്നു. വിഷമയമായിത്തീര്‍ന്ന അന്നരസം രക്തത്തില്‍ ലയിച്ച്, രക്തദുഷ്ടിയുണ്ടായി ശരീരം മുഴുവന്‍ സഞ്ചരിച്ച് സന്ധികളില്‍ ചുവപ്പുനിറം, ചൂട്, വേദന, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളുണ്ടാക്കുന്നു. ഈ രക്തം ഹൃദയത്തിലത്തെുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെടുന്നു. പിന്നീട് ഹൃദയവാല്‍വുകള്‍ക്ക് തകരാറ് സംഭവിക്കും. ആമവാതം, കാല്‍മുട്ട്, അരക്കെട്ട്, തോള്‍സന്ധി എന്നീ ഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നു. സന്ധികളിലെ വീക്കം, വേദന ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറിമാറികൊണ്ടിരിക്കും.

കുട്ടികളിലാണ് ആമവാതം കൂടുതലായി കാണുന്നത്. വീക്കം കൂടുതലായിരിക്കും. രക്തപരിശോധനയിലൂടെ രോഗനിര്‍ണയം നടത്തണം. ശരീരത്തില്‍ സ്‌ട്രെപ്‌റ്റോകോക്കല്‍ അണുബാധ ഉണ്ടായാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാവുകയും രക്തത്തില്‍ ആന്റിസ്‌ട്രെപ്‌റ്റോലൈസിന്‍ ആന്റിബോഡീസ് (Asotitre) വളരെ കൂടുതലായിരിക്കും. പനി വരുന്നത് അണുബാധയുടെ ആദ്യലക്ഷണമാണ്.

രോഗിയുടെ ദഹനശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ചുക്ക്‌ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ നല്‍കുന്നത് നല്ലതാണ്. വൈദ്യനിര്‍ദ്ദേശാനുസൃതം രോഗാവസ്ഥയ്ക്ക് അനുസരിച്ച് അമൃതോത്തരം കഷായം, ഷഡംഗംകഷായം, ചെറിയരാസ്‌നാദികഷായം, ഷഡ്ധരണചൂര്‍ണം, വെട്ടുമാറന്‍ ഗുളിക എന്നിവ ഉപയോഗിക്കുന്നത് രോഗശമനത്തിന് നല്ലതാണ്. എളുപ്പം ദഹിക്കുന്ന പൊടിയരിക്കഞ്ഞി, മലര്‍ക്കഞ്ഞി എന്നിവയാണ് കഴിക്കേണ്ടത്.

വാതരക്തം കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി ക്രമേണ എല്ലാസന്ധികളിലേക്കും വ്യാപിക്കുന്ന ഒരു രോഗമാണ്. വിരുദ്ധസ്വഭാവങ്ങളുള്ള ആഹാരങ്ങള്‍ (പാലും പുളിയുള്ള പഴങ്ങളും ഒന്നിച്ചുപയോഗിക്കുക, മത്സ്യവും തൈരും ഒന്നിച്ചുപയോഗിക്കുക) പതിവായി ശീലിക്കുക, ദഹനശക്തി, ശരീരപ്രകൃതി, പ്രായം, കാലാവസ്ഥ എന്നിവ ശ്രദ്ധിക്കാതെയുള്ള ആഹാരം, ഉപ്പ്, പുളി, ക്ഷാരം, എരിവ് എന്നിവ കൂടുതലുള്ള ആഹാരങ്ങളുടെ അമിത ഉപയോഗം, അമിതമായ പകലുറക്കം, രാത്രി ഉറങ്ങാതിരിക്കുക, വ്യായാമക്കുറവ് എന്നിങ്ങനെയുള്ള കാരണങ്ങള്‍കൊണ്ട് രക്തദുഷ്ടി ഉണ്ടാകും. രക്തദുഷ്ടി ഉള്ളപ്പോള്‍ തണുത്തതും വിരുദ്ധവുമായ ആഹാരങ്ങള്‍ പതിവായി ശീലിച്ചാല്‍ വാതം വര്‍ദ്ധിച്ച് രക്തവുമായി ചേര്‍ന്ന് ശരീരസ്രോതസ്സുകളില്‍ തടസ്സമുണ്ടാക്കുന്നു. രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സം മൂലം പനി, കൂടുതല്‍ വിയര്‍ക്കുക, സന്ധികളില്‍ വീക്കം, വേദന, ചുവപ്പുനിറം, തരിപ്പ്, പേശിവേദന, ക്ഷീണം എന്നിവ അനുഭവപ്പെടും. രാവിലെ എഴുല്‍ന്നേല്‍മ്പോള്‍ സന്ധികള്‍ക്ക് വേദന, ബലംപിടുത്തം എന്നിവ വരും. വാതരക്തത്തിന്റെ തുടക്കത്തില്‍ ത്വക്കില്‍ ചൊറിച്ചില്‍, വേദന, നീര്, സന്ധികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുക എന്നിവ രോഗിക്ക് അനുഭവപ്പെടും. ആധുനികശാസ്ത്രത്തില്‍ വിവരിക്കു റ്യുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എ രോഗത്തില്‍ കാണുന്ന ലക്ഷണങ്ങളാണ് വാതരക്തരോഗത്തിലും വരുന്നത്. സന്ധികളിലും ത്വക്കിനടിയിലും റ്യുമറ്റോയ്ഡ് നോഡ്യൂളുകള്‍ കാണപ്പെടും. രോഗാവസ്ഥയ്ക്കനുസരിച്ച് ചെറിയരാസ്‌നാദി കഷായം, വലിയ രാസ്‌നാദികഷായം, ബലാഗുളുച്യാദി കഷായം, ഗുഗ്ഗുലുതിക്തകകഷായം, കൈശോരഗുഗ്ഗുലുവടിക, യോഗരാജഗുഗ്ഗുലുവടിക, ക്ഷീരബല (101), പിണ്ഡതൈലം തുടങ്ങിയ ഔഷധങ്ങളുടെ വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഉപയോഗം രോഗശമനത്തിന് സഹായകമാണ്. സന്ധികളിലുള്ള വേദന കുറയാന്‍ ധാര, മരുന്നരച്ചുപുട്ടുക, പിഴിച്ചില്‍, ഉപനാഹസ്വേദം എന്നിവ പ്രയോജനപ്രദമാണ്.

പ്രധാനപ്പെട്ട ചില സന്ധിവാതരോഗങ്ങളാണ് ഗൗട്ട്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്‌പോഡൈലിറ്റിസ് എന്നിവ.

രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതുമൂലം സന്ധികളില്‍ വേദന, നീര്, പഴുപ്പ് എന്നിവ ഗൗട്ട് രോഗത്തില്‍ അനുഭവപ്പെടും. കാലിലെ പെരുവിരലിലെ സന്ധിയിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. നീരും വേദനയും കുറയ്ക്കുന്ന ആയുര്‍വേദ ഓഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശാനുസൃതം സേവിക്കേണ്ടതാണ്. യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് മത്സ്യമാംസങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. പടവലം, കുമ്പളം, വെള്ളരി തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, അമിത ശരീരഭാരം കുറയ്ക്കുക. കോകിലാക്ഷം കഷായം, സുകുമാരം കഷായം, പുനര്‍വാസവം, അമൃതാരിഷ്ടം എന്നിവ രോഗാവസ്ഥക്കനുസരിച്ച് വൈദ്യനിര്‍ദ്ദേശാനുസൃതം ഉപയോഗിക്കുത് രോഗശമനത്തിന് സഹായകമാണ്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കാല്‍മുട്ട്, അരക്കെട്ട് നട്ടെല്ലിന്റെ താഴെവശം എന്നിവിടങ്ങളിലാണ് കൂടുതലായി വരുന്നത്. അസ്ഥിസന്ധികളില്‍ അസ്ഥികളെ യോജിപ്പിക്കുന്ന ഭാഗങ്ങളെ പൊതിഞ്ഞിരിക്കു കാര്‍ട്ടിലേജ് ആണ് അസ്ഥികളെ തമ്മില്‍ ഉരസാതെ ചലിപ്പിക്കുവാന്‍ സഹായിക്കുന്നത്. കാര്‍ട്ടിലേജിന് ക്ഷതം വരുമ്പോള്‍ സന്ധികളിലെ ചലനം തടസ്സപ്പെടുന്നു. അസ്ഥികളില്‍ വിള്ളലുണ്ടാവുകയോ പുതിയ വളര്‍ച്ച ഉണ്ടാവുകയോ ചെയ്യുമ്പോള്‍ അസ്ഥികളെ യോജിപ്പിക്കുന്ന കണ്ഡരകള്‍ കൂട്ടിമുട്ടുന്നു. സന്ധികളുടെ രൂപവും ഘടനയും മാറുന്നു. മാംസപേശികളുടെ ബലക്കുറവ് സന്ധികളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നു. അമിതവണ്ണം, അമിതമായ നില്പ്, നടപ്പ്, ഭാരമെടുക്കല്‍, പ്രായം കൂടുതിനനുസരിച്ച് എല്ലുകളിലുണ്ടാകുന്ന തേയ്മാനവും സന്ധികളുടെ അപചയവും ഉപാപചയപ്രവര്‍ത്തനത്തകരാറുമൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഈ രോഗം വരാനുള്ള കാരണങ്ങളാണ്.

സന്ധികളിലും ചുറ്റിലും വേദന, മാംസപേശികളില്‍ വേദന, ചലിപ്പിക്കുമ്പോള്‍ വേദന, സന്ധികളുടെ ആകൃതിമാറുക, വിശ്രമിക്കുമ്പോള്‍ വേദന കുറയുക എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ്.

ശരീരഭാരം കുറയ്ക്കുക, വ്യായാമം, ആഹാരനിയന്ത്രണം, വിശ്രമം എന്നിവകൊണ്ട് ഈ രോഗത്തെ നിയന്ത്രിച്ചുകൊണ്ടുപോകാം. കൈശോരഗുഗ്ഗുലുവടിക, ഗുഗ്ഗുലുതിക്തകം കഷായം, വലിയരാസ്‌നാദികഷായം, ധാന്വന്തരം കഷായം, വലിയചിഞ്ചാദിതൈലം, വലിയനാരായണതൈലം എന്നിവ രോഗാവസ്ഥയ്ക്കനുസരിച്ച് വൈദ്യനിര്‍ദ്ദേശാനുസൃതം ഉപയോഗിക്കുന്നത് രോഗനിയന്ത്രണത്തിന് നല്ലതാണ്. പിഴിച്ചില്‍, ഇലക്കിഴി, പൊടിക്കിഴി, നവരക്കിഴി എന്നീ ചികിത്സകളും പ്രയോജനപ്രദമാണ്.

സന്ധികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന ഒരു രോഗമാണ് ആന്‍കൈലോസിങ്ങ് സ്‌പോഡൈലിറ്റിസ്, നട്ടെല്ലിലെ സന്ധികളില്‍ ഉണ്ടാവുന്ന സന്ധിവാതമാണിത്. നടുവേദന, കാലുകളില്‍ വേദന, അരക്കെട്ടിന്റെ ഭാഗത്ത് വേദന, തോള്‍സന്ധികളില്‍ വേദന എന്നിവ ഈ രോഗത്തിലുണ്ടാവും. കാലക്രമേണ നട്ടെല്ല് കൂടുതല്‍ വളഞ്ഞുപോകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ ആരംഭഘട്ടത്തില്‍ത്തന്നെ ചികിത്സിക്കേണ്ടതാണ്.

ധാന്വന്തരംകഷായം, വരണാദികഷായം, ചെറിയരാസ്‌നാദികഷായം, യോഗരാജഗുഗ്ഗുലുവടിക, പ്രഭഞ്ജനവിമര്‍ദ്ദനം കുഴമ്പ് എന്നീ ഔഷധങ്ങള്‍ രോഗാവസ്ഥയ്ക്കനുസരിച്ച് വൈദ്യനിര്‍ദ്ദേശാനുസൃതം ഉപയോഗിക്കുത് രോഗശമനത്തിന് സഹായകമാണ്. പിഴിച്ചില്‍, പൊടിക്കിഴി, ഇലക്കിഴി, നവരക്കിഴി തുടങ്ങിയ ചികിത്സാക്രമങ്ങള്‍ രോഗതീവ്രതക്കനുസരിച്ച് ചെയ്യുന്നത് രോഗപുരോഗതിയെ തടയുന്നു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബെംഗളൂരു ജയനഗറിലുള്ള കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ 080-26572955, 56, 57, 9916176000 എന്നീ നമ്പരുകളിലും blorebr@aryavaidyasala.com എന്ന വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.