Follow the News Bengaluru channel on WhatsApp

വസന്തവരവും കാത്ത്

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : വസന്തവരവും കാത്ത്

കെ. ആര്‍. കിഷോര്‍

 

കല്ലും മുള്ളും നിറഞ്ഞ കാട്ടുവഴിയിലൂടെയുള്ള യാത്ര ഗെഡികൾക്ക് ദുർഘടമായിരുന്നെങ്കിലും, തണുത്ത ഇളംകാറ്റ് സ്വകാര്യം പറഞ്ഞു തഴുകിക്കടന്നുപോയപ്പോൾ ആശാനതാസ്വദിക്കുകയായിരുന്നു. ആശാൻ മനസ്സിൽ ആശ്വസിച്ചു, ഹാവൂ കാടിന്റെപ്രകൃതിക്കിന്നും തനിമനഷ്ടമായിട്ടില്ല. കണ്ണന്റെ വീട്ടുവാതിൽക്കൽ അവരെത്തിയപ്പോൾ, അകത്തേക്കെത്തി നോക്കി ആശാൻ വിളിച്ചു:

” കണ്ണാ, പുറത്തു വാടാ, തീറ്ററപ്പായീ, ഈ ഗ്രാമത്തിന്റെ പേര് ഉദയപുരം കോട്ട.” വീണ്ടും വിളിച്ചു:

“എടാ, കണ്ണാ, പുറത്ത് വാടാ” പ്രതിശബ്ദമില്ലാതായപ്പോൾ ചാരിയ വാതിൽ തള്ളി, അകത്ത് കടന്നുനോക്കി, മുറിയുടെ മൂലയിൽ രാത്രിഉറക്ക മൊഴിച്ച പനങ്കള്ളു മയങ്ങുകയായിരുന്നു, കുലുക്കിവിളിച്ചപ്പോൾ ഞെട്ടിയുണർന്നു ഭവ്യതയോടെ കൈകൂപ്പി.

” ആശാൻ …? ” അവൻ ചിരിക്കാൻ പണിപ്പെട്ടു.കയർകട്ടിലിനരികിൽ വയർകാലിയായി നിരാശരായിരിക്കുന്ന പനങ്കള്ളിന്റെ കുപ്പികളെ നോക്കി ആശാൻ ചോദിച്ചു:

” കിർങാലിച്ചു കിടക്കാണല്ലേ, എണീക്കേടാ, ഉച്ചയാകുന്നു, നിന്റെ മുത്തെവിടെ ..? “കണ്ണനൊന്നും പറയാൻ കഴിയുന്നില്ല.

” ഉം? അവൾക്കെന്തുപറ്റി? ”

” ഞാനന്നേ പറഞ്ഞില്ലേ, ഓളെന്നെ വിട്ടുപോയാശാനെ ” സലീമിനെയും ഡേവീസിനെയും നോക്കി ആശാൻ വിശദീകരിച്ചു :

“നിന്നെപ്പോലുള്ളൊരു ദ്രോഹിയെ അവളെങ്ങനെ വിട്ടുപോകാതിരിക്കും? കൊല്ലങ്ങളായി ഇവനെ സഹിക്കുന്ന ആ പെണ്ണിണ് ദേശീയഅവാർഡ് കൊടുക്കണം. ഡാ കണ്ണാ, വിഷമിക്കാതെ, അവളു പലതവണപോയതല്ലേ, വരും..”

ആശാൻ ഡേവീസിനെയും സലീമിനെയും കണ്ണന് പരിചയപ്പെടുത്തി.

“പോയിപല്ലുതേച്ചു, കുളിച്ചുവാടാ പൊങ്ങാ, ഞാൻ നിന്റെ ജീവിതനാടകമവതരിപ്പിക്കാം. . ”
കണ്ണൻ അർദ്ധമയക്കത്തിൽ പിറുപിറുത്തു:

“കത്തിത്തീർന്ന കോഞ്ഞാട്ട ചൂട്ടിന്റെ കഥ..!.” തളത്തിൽ വെച്ചിരുന്ന പനമ്പായഅതിഥികൾക്കായി വിരിച്ച്കൊടുത്തു കണ്ണൻ വീടിന്റെ പിന്നിലെ അരുവിയിലേക്കിറങ്ങിപ്പോയപ്പോൾ ഗെഡികൾ ആശാന്റെ മുഖാമുഖമിരുന്നു, ആശാൻമൈക്കെടുത്തു. :

“ഈ ദുഷ്ടന്റെ പാട്ടുണ്ടല്ലോ, അതിഭീകരം! മൈക്കും ഇലക്ട്രോണിക് ഉപകരണമൊന്നുമില്ലെങ്കിലും ഈ കശ്മലന്റെ പാട്ടൊന്നു കേൾക്കണം. ആരും നമസ്കരിച്ച്‌ പോകും. ഈ നീചൻ വായിക്കാത്ത നാടൻ ഉപകരണമില്ല. നമ്മുടെ വയലിനും ഗിത്താറും തബലയുമൊന്നും ഇവന്റെ നാടൻ ഉപകരണ ങ്ങളുടെ അടുത്തിരിക്കാൻ നാണിച്ചു പോകും…! ”
സലിം ചുമരിലെ പടം ചൂണ്ടിചോദിച്ചു:

” ദാ , കണ്ണന്റെ കൂടെആടുന്നതാണോ ഈ മുത്ത്? ”

“ആ, അവളൊരു മുത്ത്തന്ന്യാ. പൗർണ്ണമി ഉദിച്ചപോലില്ലേ ആ മുഖം..? കണ്ണനെ, തെക്കൻ കാറ്റെന്നാ മുത്ത് പറയ്യാ. കഴുത്തിലൊരു ചെറിയ ചെണ്ടയും തൂക്കി, കയ്യിലോടക്കുഴലും പിടിച്ചവനൊരു വരവുണ്ടു. .ചന്തയിലോ പൂരപ്പറമ്പിലോ മൈതാനത്തോ എത്തുമ്പോൾ നിൽക്കും, പാട്ടൊഴുകും ശബ്ദത്തിന്റെ പൗരുഷമാതൃക.! നാലഞ്ച്പാട്ട് കഴിയുമ്പോൾ, തോൾമുണ്ടെടുത്തു നിലത്തു വിരിക്കും. നാണയത്തുട്ടുകൾ വാരി ജുബ്ബയിലാക്കും. ഒരു പാട്ടുകൂടിഒഴുക്കി, അടുത്തകേന്ദ്രംതേടി അവൻ മറയും, ഒരു നാടോടി..!

ആട്ടത്തിലും പാട്ടിലും പ്രശസ്തനും ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാര ജേതാവുമായ കോട്ടയിൽ കേളുവിന്റെ പാട്ടുകമ്പനിയുടെ പാട്ട്മേളം  അരങ്ങേറുന്ന ഉദയപുരത്തേക്ക് കണ്ണന്റെ കാലുകൾ ചലിച്ചു. കോട്ടയിൽ കേളു, തളർവാദം പിടിപെട്ട് അരങ്ങൊഴിഞ്ഞപ്പോൾ, മുത്ത്, കുന്നിമണി കൾ പെറുക്കി കളിക്കുന്നകാലം. മലയണ്ണാനോടും കാട്ടുകിളികളോടും മരഞ്ചാടി കുരങ്ങന്മാരോടും കളി പറഞ്ഞു, പാട്ടുപാടിപാറി നടക്കുകയായിരുന്നു. ഏട്ടൻമാരൻ കമ്പനിനടത്തി, മാരൻപാടും, മുത്ത് ആടുകയും പാടുകയും ചെയ്യും. മുത്തു പതിനെട്ടിന്റെ നിറവിലെത്തിയപ്പോളാണു മാരൻ രമണിയെ കെട്ടുന്നത്. രമണിക്കുമുത്തിനോട് അസൂയ, നാത്തൂൻ പോരായി മുളപൊട്ടി. മുത്തിന്റെ സൗന്ദര്യവും ആട്ടവടിവും തൊണ്ടമാധുര്യവും രമണിക്കില്ലെങ്കിലും, മാരനിലുള്ള അധികാരമവളുപയോഗിച്ചു, മുത്തിന്റെ അവസരങ്ങൾ പരിപാടികളിൽ വെട്ടിക്കുറച്ചു. മാരന്റെ ഹൃദയത്തിലുള്ള പരിമിതമായ സ്നേഹം, രമണി കവർന്നപ്പോൾ പെങ്ങൾക്കായി ബാക്കിവെക്കാൻ ഒന്നും ബാക്കിയുണ്ടായില്ല. രമണി മാരനയും കൂട്ടി വേറെ കമ്പനി തൊടങ്ങി..

ജീവിതം, മുത്തിന്റെ മുന്നിൽനിന്ന് സിംഹമായലറിയപ്പോൾ, അവൾക്ക് കൂസലൊന്നുമുണ്ടായില്ല. കൂട്ട്പാടാൻ, പലരും മത്സരിച്ചെത്തിയെങ്കിലും കരുതലോടെ ഓരോരുത്തരെയും പരിഗണിച്ചു. മോഹന ഗാനം മാത്രം പാടുന്ന പ്രേമകുമാരന്, നൃത്തരംഗങ്ങളിൽ അവളുടെ മേനിയിൽ സ്പർശന സുഖമന്വേഷിക്കാനും, ഇടക്കു തന്ത്രപൂർവ്വം മുത്തം വെക്കാനുമായിരുന്നു കമ്പമെന്നു തിരിച്ചറിഞ്ഞപ്പോൾ, മുത്തവനെ കാടുകടത്തി. ശരീരത്തിൽ ദുസ്സൂചനയുടെ നോട്ടം വീണാൽ ആനയുടെ ചിന്നംവിളിയാണ്. മേളത്തിലും പാട്ടിലും വിദഗ്ധനായൊരു മാതേവൻ, ഹൃദയം കൊടുക്കാൻ അവൾ ഉള്ളാലെ മോഹിച്ചു. എന്നാൽ അലസനും ദുർബലനുമായ ആ വടക്കൻ കാറ്റിനു വേറെകൂടുംകൂട്ടുമുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ അവളുടെ മോഹങ്ങൾ ഇളം വെയിലിൽ പൊലിഞ്ഞു. പിന്നെവന്ന കോവലനു, മുത്തിന്റെ കാര്യത്തിൽനല്ല കരുതലായിരുന്നുവെങ്കിലും ആട്ടവും പാട്ടും ഒരു ചുക്കുമറിയില്ല.

അങ്ങനെയിരിക്കേയാണു ഉദയപുരത്തെ പാട്ട്മേളത്തിലേക്കു കണ്ണന്റെ രംഗപ്രവേശം. ഭാവസാന്ദ്രമായൊരുസാഗരതരംഗം കണ്ണൻഒഴുകിയ ശേഷ മാണു ഹൃദയധമനികളെ സ്പർശിക്കുന്ന മുത്തിന്റെ വീണാനാദ തരംഗിണി ഉയർന്നുപൊന്തിയത്. ആദ്യസമാഗമം തന്നെ അവരുടെ ജീവിതപ്രയാണത്തിന്റെ ആരംഭനിമിഷങ്ങളായി. “കോട്ടയിൽകേളുപാട്ട് കമ്പനി” യിലെ ഗായകനായി കണ്ണൻ അവരോധിതനായി….

കോട്ടയിലെ ചന്തമൈതാനത്തായിരുന്നു അടുത്ത പരിപാടി. അവന്റെ ഗാന വീചികൾ ആരോഹണാവരോഹണങ്ങളായി മൈതാനം കവിഞ്ഞുനീന്തിയപ്പോൾ ആ രാഗതരംഗത്തിൽ മുത്ത് ലയിച്ച് ആടിതത്തകർത്തു. ചിലങ്കയിട്ട അവളുടെപാദങ്ങൾ ഭൂമിയിൽ മുത്തമിട്ടു. വാക്കിനുഭാഷ്യമായി, ഭാവങ്ങളും കൈമുദ്രകളും അവൾ വിരിയിച്ചു. അന്ന്, മൈതാനത്ത് ഏറെ നാണയത്തുട്ടുകളുടെ പൂമഴ പെയ്തു. മൈതാനം പിരിഞ്ഞപ്പോൾ അവൾ നേരീട്ട് ചോദിച്ചു:
“കണ്ണേട്ടാ, ഇങ്ങളെന്നെ ഏറ്റെടുക്കുമോ?”
അവനൊന്നാലോചിച്ചു, കരളുറപ്പിന്റെ പൗരുഷം പുഞ്ചിരിച്ചപ്പോൾ വാക്കു കൾ തെറിച്ചുവീണു :
“ചങ്കിലെ ശ്വാസം നിക്കണവരെ..” കണ്ണന്റെ കൈകളിൽ അവളൊതുങ്ങി…
“ഇനിക്കീ കാട്ടിലും നാട്ടിലും മുഴുവോനും ആടിപ്പാടി നടക്കണം, ഇന്നെ ലോകമറിയണം”
എന്നിട്ടു, കണ്ണന്റെ മാറിൽ മുഖമമർത്തി, സ്വകാര്യം പറഞ്ഞു:
“കണ്ണേട്ടാ, ങ്ങളെന്റെ കൂടെയെന്നും, ണ്ടാവണം… ”
കാക്കാലത്തി അമ്മുത്തള്ള ആലിപ്പഴം പൊട്ടിവീണപോലെ അവരുടെ മുന്നിൽവന്നു നിറഞ്ഞു. അവരുടെ ഭാണ്ഡത്തിലുണ്ടായിരുന്ന ഒരു മണിയെടുത്ത് വലതുകയ്യിൽ പിടിച്ചു കുലുക്കി,രണ്ടു പേരെയും ഉഴിഞ്ഞു. മന്ത്രം ചൊല്ലി, അർദ്ധബോധാവസ്ഥയിലെന്ന പോലെ മന്ത്രിച്ചു:
“കഴിഞ്ഞ ജന്മത്തിൽകൊതിച്ചിട്ടും ഇവന് കിട്ടാതെപോയ പെണ്ണാണ് നീ. മുത്തിന്റെ പുരുഷനാണ് കണ്ണൻ”.

അവർ പറഞ്ഞത് പോലെ മൂപ്പന്റെ മുന്നിൽ പോയി അഞ്ചു പനിനീർപ്പൂക്കളർപ്പിച്ചു, ഓരോപൂക്കൾ അവർ കൈമാറി. അവളുടെ ഇടതൂർന്നു നീണ്ടൊഴുകുന്ന മുടിയിൽ കണ്ണനൊരു പൂ ചൂടി, അതായിരുന്നു കല്യാണം. പതിനൊന്നുപൂവ്വീതം അഞ്ച് വ്യാഴാഴ്ച തുടർച്ചയായി കാട്ടുമൂപ്പന്റെ വിഗ്രഹ ത്തിൽചാർത്തി, കണ്ണനെ ഹൃദയത്തിൽ പുരുഷനായി പ്രതിഷ്ഠിച്ചു……

കുളിച്ച് കുട്ടപ്പനായി, മുളയരിക്കഞ്ഞിയും, ഉള്ളിയും പച്ചമുളകും ചേർത്തരച്ച തേങ്ങാചമ്മന്തിയുമായി കണ്ണൻ വന്നപ്പോൾ ആശാൻ മൈക്കോഫ്‌ ചെയ്തു. കിണ്ണങ്ങൾ കാലിയായി, ഒട്ടിക്കിടന്ന വയറുകൾ വീർത്തു.

സലീം കഥയിലേക്ക് വീണ്ടും കടക്കാൻ തിടുക്കം കൂട്ടി…
“ന്നിട്ടു, മുത്തെന്തിനാ നിന്നെ പിരിഞ്ഞത്, കണ്ണാ..? ”
കണ്ണൻ അവരോടോപ്പമിരുന്നു.

“അവളങ്ങന്യാ, പാവം..! എലപോലെ ചഞ്ചലം, പിള്ളമനസാ കാരണമൊന്നും വേണ്ട, പെണങ്ങാൻ. പരിപാടിക്കെടേല്, ചെലപ്പോ, സന്ദർഭത്തിനു ചേരുന്നപോലെ, താളംതെറ്റാതെ, ഒരുകുസൃതിക്കു ഞാൻ വരിതെറ്റിച്ച്പാടും, അപ്പോളവൾക്കു കലികേറും.. കലാപമാകും. കാര്യമെല്ലാം പിന്നെപറഞ്ഞു മനസ്സിലാക്കും, അപ്പോളതവളോടു മുൻപേ പറയണ്ടേ, എന്നാണു പുതിയ തർക്കം..
” ഡേവീസ് അതിലിടപെട്ടു:
“അതിൽകാര്യമുണ്ട്, പാട്ടിന്റെ താളം തെറ്റിയില്ലെങ്കിലും വരി മാറിയാൽ ഭാവപ്രകടനത്തെ ബാധിക്കില്ലേ?” “വഴക്കായാൽ ഉടനെ അരുവിക്കക്കരെയുള്ള മാരന്റെപുരയിലേക്കു വാണംവിട്ടപോലെ കുതിക്കും. ഞാൻ വിളി ക്കാൻ ചെന്നാലോ, വാശിയിൽ പുറത്തു വരില്ല. എന്റെ മുഖത്ത് നോക്കിയാ എല്ലാദേഷ്യവും, സ്നേഹമായി ഉരുകിയൊലിക്കും, അകത്ത്നിന്ന് വിളിച്ചു കൂവും ..

“പൊയ്ക്കോ, നിക്ക് കാണേണ്ട..”ഞാനൊന്ന് തൊട്ടാൽ മതി, കറന്റിന്റെ പ്രവാഹമാ, മാറിൽ തല തല്ലി വീഴും. എന്നോടുള്ള പിണക്കമോരു ലഹരി യാണവൾക്ക്. അതിനുവണ്ടിബോധപൂർവ്വം എന്നിൽനിന്ന് അകന്നു നിക്കും.പിന്നെ, രമണിയുടെ മുള്ളുവെച്ച വാക്കുകൾ സഹിക്കാതാവുന്ന സമയം ഊഹിച്ചു, ഞാൻ തന്നെ ചെന്നു വിളിക്കണം. അവളുടെ കുറ്റമല്ല, തെറ്റുകാരൻ ഞാനാണെന്ന് മറ്റുള്ളവരുടെ മുന്നിൽവെച്ച് ഞാൻ കുറ്റസമ്മതം നടത്തണം. പൊരേലെത്തിയാൽ, മലർന്നുകിടക്കുന്ന എന്റെ നെഞ്ചിൽ മുഖമമർത്തി ഏങ്ങലടിക്കും.

“ന്നോട് ദേഷ്യായോ? കണ്ണേട്ടാ, ഹോ, ന്നോടൊന്ന് പൊറുത്തൂടെ? ഇനി ഞാൻവിട്ടു പോവില്യാ, ട്ടുവോ, ഞാനെന്നും കൂടെയുണ്ടാവും ട്ടുവോ ?”
” ഉറപ്പു..? ”
“ഉറപ്പു” അവളുടെ ഉറപ്പിന്റെ മുദ്രകൾ, എന്റെ ചുണ്ടുകളിലും കണ്ണിലും കവിളിലും കാതിലുമെല്ലാം തുരുതുരെകുത്തിയിട്ടായിരുന്നു.പൂത്തുവിരിഞ്ഞ പ്രണയം വിടർന്നു വിവശയാകുമ്പോഴാണ് “കണ്ണേട്ടാ” എന്ന വിളിയും, സ്നേഹ മുദ്രകളും. ആരാത്രി എനിക്ക് ഉറക്കം തരില്ല….
പിറ്റേന്നുരാവിലെ കഞ്ഞിഞാൻ വെക്കണം. രാത്രിയിലെ മധുരംനുണഞ്ഞവൾ നാണത്തിൽ പൊതിഞ്ഞു കിടക്കും. വെയിൽ പൊരിയുമ്പോൾ, പതുക്കെഎണീറ്റ്, വരും, ജാള്യതയോടെ…! ആ വരവുനോക്കിയൂറി ചിരി ക്കുന്ന എന്നോട്, പരിഭവത്തോടെ കയർക്കും :
“ന്തിനാകളിയാക്കണെ? സൂക്കേടിത്തിരി കൂടുന്നുണ്ടുട്ടുവോ.. എന്താപ്പോ ഇണ്ടായെ ..? ”
ആശാൻ പറഞ്ഞു:
” അവളൊരുസാധുവാടാ..”
“നിങ്ങളെല്ലാരുംഅവളോടൊപ്പമാകും, അവൾടെ കുറുമ്പിനു ചുട്ടപെടയാണ് മരുന്നു.. എന്നാ, നിക്ക് അതിനാ വില്ലാശാനെ…”

ആശാൻ കഥയിലേക്ക്‌ വീണ്ടും കയറി.:

റപ്പായീ, ഇവരുടെ ആട്ടുംപാട്ടുമെല്ലാം കേട്ടപ്പോൾ ഞാൻ പറഞ്ഞു:
“വെറുതെപാടിയാൽപോരാ, മുത്തേ,കേൾക്കുന്നവരുടെ ജീവിതസ്പന്ദനം പാട്ടിൽ അടങ്ങിയിരിക്കണം, പാടുന്നവരുടെ ആത്മസംതൃപ്തിയിൽ, കേൾ ക്കുന്നവരുടെ ഉദ്‌ബോധനം സംഭവിക്കണം, ഇരുളിൽ തപ്പിത്തടയുന്നവന് വിളക്കാവണംപാട്ടുകൾ..!”

പിന്നെ രണ്ടുപേരും ചേർന്നെഴുതിയ പുതിയപാട്ടുകളിൽ എന്റെനിർദേശ, ഉൾച്ചേർത്തു അവപാടിയ പ്പോൾ പ്രേക്ഷകർക്കിടയിൽ നിന്നു അപ്രതീക്ഷിതമായ ആവേശം, പാട്ടുസംഘത്തിനുണ്ടായി. കാട്ടിലെ പാട്ടുവിശേഷങ്ങൾ നാട്ടിലെ പാട്ടായതോടെ സംഘം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അപ്പോഴാണ് വില്ലന്റെ രംഗപ്രവേശം….

നാട്ടിലെ ഒരു പാട്ടുസംഘമുടമ, പ്രിയൻ സമീപിച്ച്‌ അവരുടെ സംഘത്തിൽ കണ്ണനെയും മുത്തിനെയും ചേർത്തു. രണ്ട്പേരും റിഹേഴ്സലിനു പോയി. കണ്ണന്റെ പാട്ടുശരിയല്ലായെന്നു പറഞ്ഞു. കണ്ണനെ അന്യരുടെമുന്നിൽ വെച്ചു അവഹേളിച്ചു ഒഴിവാക്കി, മുത്തിനെ മാത്രം കമ്പനിയിലെടുത്തു. കണ്ണനെ ബോധപൂർവം അപമാനിച്ച ചതിയാണെന്നറിഞ്ഞിട്ടും പ്രിയനെ തിരെ അവളുടെ നാവ്പൊന്തിയില്ല. ഏറെ മോഹിച്ച ജോലി നഷ്ടമാകുമോ എന്നവൾ ഭയന്നു. എന്നാൽ, അപമാനിതനായെങ്കിലും അവളുടെ മനസ്സറിഞ്ഞ കണ്ണൻ പ്രിയനെതിരെ പ്രതികരിച്ചുമില്ല. അവിശ്വസനീയമായ രാസ പരിണാമങ്ങളാണു അവളിൽ സംഭവിച്ചത്. കണ്ണനിൽ നിന്നും അകലാൻവേണ്ടി മാരന്റെവീട്ടിൽ താമസമായി. പ്രതിദിനം അവളുടെനിറവും ഭാവവും മാറുന്നതു വിസ്മയത്തോടെ കണ്ണൻ നോക്കി നിന്നു,…
“ഇനിഞാൻ നാട്ടിലായിരിക്കും അധികവും, നമുക്ക് ബന്ധം പിരിയാം, ആലോചിച്ചെടുത്ത തീരുമാനമാണ്”
“പിരിയുകയോ? മുത്തേ, കാട്ടിലെകല്ലുംമുള്ളും നിനക്ക് സഹിക്കാം. എന്നാൽ നാട്ടിലെമനുഷ്യരെ നീശരിക്കറിയില്ല.പലരും ഹൃദയത്തിൽ ഒളിച്ചു വെച്ച മുള്ളുകളുമായി നടക്കുന്നവരാണ്. അതു തറച്ചാൽ നീ തകരും. ഞാനില്ലാതെ നീയൊറ്റയ്ക്കു നടക്കുമോ മുത്തേ..?”
“ഞാൻ കുട്ടിയൊന്നുമല്ല. തീ കൊറെ തിന്നതാ, ഈ കാടും മേടുമെനിക്ക് വെറുത്തു…നല്ലൊരുജീവിതം നാട്ടിലാ. നിങ്ങടെ സഹായത്തിനെല്ലാം നന്ദി ണ്ട്. ഉപദ്രവിക്കരുത്.”

“നിന്റെ വളർച്ചയിൽ എനിക്ക് സന്തോഷമല്ലേ മുത്തേ? നിന്റെ പുരുഷനല്ലേ, നിന്റെ ഭാവിക്ക് വേണ്ടി എന്നെ ഉപേക്ഷിക്കണോ? ”
“ഹഹഹ. ഇങ്ങളെന്റെ പുരുഷനോ? പൂവുകൾ കൈമാറി പൂചൂടിയാൽ ഇങ്ങളെന്റെ പുരുഷനാവുമോ? ഇന്നെ കയ്യിലൊതുക്കാൻ ഓരോന്ന് പറയുന്നതല്ലേ? ശല്യമായല്ലോ, ഇന്നെ ഉപദേശിക്കാൻ നിങ്ങളാരാ? ഇനി ശല്യപ്പെടുത്തിയാൽ ഏട്ടനോട് പറയും.”

പാട്ടുപാടിയ നാക്കിൽ ഭീഷണി ചിലച്ചു.”ഞാനെന്തു തെറ്റാണ്ചെയ്തത്.? ”

“ഇങ്ങളു കാരണം ഇനിക്കെന്തുയർച്ചയാണുണ്ടായത്? ഇന്നെക്കൊണ്ട് ഒന്നുംപറയിപ്പിക്കേണ്ടാ. ആ പ്രിയൻസാർ ഇന്റെ വഴികാട്ടിയാണ്, അയാൾ ഇന്നെ ഉയർത്തും.”

“നമുക്കൊരുമിച്ച് ജീവിച്ചുകൂടെ മുത്തേ? നീ ആട്ടവും പാട്ടുമെല്ലാം ക്രമേണ പ്രശസ്തയാവും ? ”

“മതി.ഇങ്ങൾക്കെന്റെശരീരമാണ് വേണ്ടത്.ഇങ്ങളെനിക്കാരുമല്ല. സ്വന്തം കാര്യം നോക്കാൻ സമയ മായി. കാടിനുവേണ്ടി പാടിനടക്കാൻ, നിക്ക് സമയമില്ല, ഇനിഞാൻ പാടുന്നത് എനിക്കു വേണ്ടിയാ “.

“കത്തിച്ചു കളയും ഞാൻ.” എന്ന്പറയാൻ നാക്കു ചൊറിഞ്ഞെങ്കിലും മിണ്ടിയില്ല, അവളോടുള്ള അലിവിൽ എല്ലാം പൊറുത്തു. ഈ മാറ്റത്തിന്റെ പൊരുളറിയാൻ തലപുകഞ്ഞു. ഉത്തരം കിട്ടിയില്ല. കത്തി യെരിയുന്ന അഗ്നികുണ്ഡമായി മാറിയ കണ്ണന്റെ ചങ്കിൽ നിന്ന്പിന്നെ പാട്ടൊഴുകിയില്ല. എന്നാൽ, കള്ളു അനിയന്ത്രിതമായി തൊണ്ടയിലേക്കൊഴുകിത്തുടങ്ങി…

“മനസിന്റെ തീയണക്കാൻ ഈപനങ്കള്ളിനുകഴിയുമോടാകണ്ണാ.? “ആശാന്റെ സ്വരംപതറാൻ തുടങ്ങിയി രുന്നു. കണ്ണന്റെകണ്ണുകളിൽ ചിതൽ കയറി.

“പാട്ടുകമ്പനി മൂകമായി. പാട്ടുപാടുമ്പോൾ കൈ നീട്ടാത്ത കണ്ണൻ, പാടാതെ, പണത്തിനുവേണ്ടി തെണ്ടി. മുത്തിനെ വീണ്ടും വിളിക്കാൻമാരന്റെ വീട്ടിൽ പോയപ്പോൾ, “ഇനിയവിടെപോയാൽ പോലീസിൽ പരാതി പറയു” മെന്നു മാരനവനെ വിലക്കി. അവൾ പാടി, ആടി, പ്രശസ്തിയിലേക്ക് കുതിച്ചുകൊണ്ടിരുന്നു..”

നിർവികാരമായി കണ്ണൻ തന്റെ കഥകേട്ടുകൊണ്ടിരുന്നു, വെട്ടിയിട്ട ഒരു മരം, ആ മുറിയിൽ മൗനമായി നീണ്ടുതളർന്നു കിടക്കുന്നുണ്ടായിരുന്നു.
ആശാനറിയാത്ത ഒരു രഹസ്യം കണ്ണൻ വെളിപ്പെടുത്തി:

“ആശാനേ, അവളെന്നെ ചതിക്കുകയായിരുന്നുവെന്നാണ് ആദ്യമൊക്കെ കരുതിയത്. എന്നാൽ അവളെയാരോ ചതിക്കുകയായിരുന്നു. ഏതോ പെണ്ണുമായി, എനിക്ക് രഹസ്യബന്ധമെന്നുണ്ടെന്നു, ആരോ അവളെ ധരിപ്പിച്ചുവത്രെ..! അന്നു മുതലാണ് അവൾക്കെന്നോട് പകവളർന്നതും, വഴക്കായതും പൂർണ്ണമായി അകലാൻ തീരുമാനിച്ചതുമത്രെ.!

ഇറങ്ങിപ്പോയ മൗനം മുറിയിൽ വന്നു വീണ്ടും കിടപ്പായി.
“നിന്നെക്കുറിച്ചു കേട്ടത് ശരിയാണോയെന്ന് അവൾക്ക് ചോദിക്കാമാ യിരുന്നില്ലേ? “ഡേവീ സാണു മൗനം തകർത്തത്.
“അതാണവളുടെ ശുദ്ധഗതിയും വിഡ്ഢിത്തവും, എന്നാലത് സമ്മതിച്ചു തരില്ല. സ്നേഹിച്ചാൽ എന്തും വിശ്വസിക്കും. എന്നാൽ അലറുന്ന കടൽപോലെ തിരയടിച്ച മനസ്സ് ശാന്തമായപ്പോൾ അവൾ ചിന്തിക്കാൻ തുടങ്ങി. ഞങ്ങളുടെ ബന്ധം തകർത്തത് ഏതോ ചതിയാണെന്നവൾ മണത്തു. എന്നാൽ, എന്തിനാണ്, ആരാണ് ഈ ചതിയുടെ പിന്നിലെന്നും അവൾക്ക് കൃത്യമായറിയാം, എന്നാൽ ഇപ്പോഴത്തെ ജോലി അതിനു വേണ്ടി വിടാനവൾ തയ്യാറല്ല. അത്ചോദിച്ചാലും അവൾക്കിഷ്ടമാകില്ല. അവൾക്കിപ്പോൾ എന്നോടുള്ള പകയും വെറുപ്പും കെട്ടടങ്ങി., എന്നാൽ എന്നോടൊപ്പം ചേർന്നാൽ ജോലി നഷ്ടമാകും എന്നതാണ് അവളെ അസ്വസ്ഥയാക്കുന്ന പ്രശ്നം, അവളെന്നോടടുക്കാൻ അവളുടെ തൊഴിലുടമ സമ്മതിക്കില്ല, അവളിന്നു ഭീതിയുടെ തടവറയിലാണാശാനെ. ”
“നീ പോടാ, ദ്രോഹീ.. മുത്തിന് ഭീതിയോ ? കാട്ടിൽ സ്വന്തം ആങ്ങളയും ബന്ധുക്കളുമെല്ലാം അവളെ ഒറ്റക്കാക്കി പോയിട്ടും, ചെറുപ്രായത്തിൽ സ്വന്തം പാട്ടുകമ്പനി നടത്തി ജീവിതം നേരിട്ട പെൺതരിയാണവൾ…… കാട്ടുപന്നിയോടും കാട്ടുപോത്തി നോടും കണ്ണാരംപൊത്തി കളിച്ചുവളർന്ന അവൾക്ക് ഭയമോ? നീ പോടാ, ബുദ്ദൂസേ… നിന്നെ അവൾക്കു മറക്കാൻ കഴിയില്ല എന്ന് നിനക്കറിയാമോ? സ്വന്തം പെണ്ണിനെ അറിയാത്തപോഴൻ, നിന്നോടൊപ്പം ജീവിതം തുടർന്നാൽ ഉണ്ടാകാവുന്ന സംഭവവികാസങ്ങളെ മുൻകൂട്ടികണ്ട്, അതിനൊരു നല്ല പരിഹാരം തേടുകയാണവൾ. ജോലി അവൾക്ക് വിടാനും കഴിയില്ല. പാട്ടു കമ്പനിപൂട്ടിയില്ലേ, അപ്പോൾ, ഈ ചതിയുടെ പിന്നിൽ നിങ്ങളുടെ വളരുന്ന പാട്ടു സംഘത്തിനെതിരെ ഒരു കച്ചവടലോബിയുണ്ടെന്നു അവൾക്കറിയുമോ എന്നെനിക്കറിയില്ല. ”
“അവൾ തന്നെ ഉത്തരം കണ്ടെത്തും.” കണ്ണന് അവളിൽ വിശ്വാസമുണ്ടായിരുന്നു.

“നീധൈര്യമായിരിക്കെടാ…നീ പൂചൂടിയ പെണ്ണ്, നീയൊരു തെറ്റും ചെയ്യാതെ നിന്നെ ഉപേക്ഷിക്കില്ല..”
“ഞാനെന്തു തെറ്റുചെയ്തുവെന്നത് ആശാൻ പറയുന്നേ? ”
കണ്ണന് സങ്കടമായി..
“നീഒന്നും ചെയ്തിട്ടില്ല, അതാണു പറഞ്ഞത്, അവൾ നിന്നെയുപേക്ഷിക്കില്ല…. നിങ്ങൾ എല്ലാവരും വാ, അവൾക്കെല്ലാം അറിയും, ചെണ്ടയെടു ക്കെടാ..മേളക്കാരെ വിളിക്കൂ…. കോട്ടമൈതാനത്തേക്കു പോകാം. നീ ചങ്കു പൊട്ടി പാടണം, നിന്റെ പാട്ടു കേട്ടാൽ അവൾ വരും, ”
“ആശാനേ,സ്നേഹം പിടിച്ചടക്കാനുള്ളതല്ല, കവിതപോലെ സ്വയം ഒഴുകേണ്ടതാണ്. അവളുവരുമ്പോൾ വരട്ടെ, പിന്നെയെന്തിന് സമ്മർദ്ദം? ” കണ്ണന് സംശയം..
“എടാ, സ്നേഹം ഉന്മാദമാണ്, അതു കവിതപോലെ ഒഴുകും. ഇത് സമ്മർദ്ദമല്ല, നീ അവളെ ആഗ്രഹിക്കുന്നു എന്നവൾക്കു ബോധ്യമാകണം..നിന്നെ വിഷമിപ്പിച്ചതല്ലേ, നിന്നെ അഭിമുഖീകരിക്കാൻ വിഷമമുണ്ടാവും, അവളുടെ സ്വഭാവമറിയില്ലേ, സ്വയം വരുമെന്ന് നീ കരുതേണ്ട… ”
കോട്ടമൈതാനിയിൽ സന്ധ്യ പിരിയുന്നനേരം.! കണ്ണനെഴുന്നേറ്റു. എല്ലാ വരും ജാഥയായി ആശാന്റെ കൂടെ കുതിച്ചു. മേളക്കാർ വന്നു.

“കണ്ണാ, നിന്റെ സ്നേഹം സത്യമാണ്, നീഅലക്കിപൊളിക്കേടാ,” അവരുടെ കൈകൾ കൂട്ടിയിടിച്ചു. ചെണ്ട തോളിലിട്ട കണ്ണൻറെ ഓടക്കുഴൽ ആദ്യം പാടി, ചെണ്ടവാദ്യമുയർന്നുപൊങ്ങി. അവരുടെ ആദ്യസമാഗമത്തിൽ ഉദയപുരത്തു വെച്ച് പാടിയ ഗാനം, നെഞ്ചു തകരുന്ന അവന്റെ പ്രണയം, നാദബ്രഹ്മത്തിൽലയിച്ച്ആ സുവർണ്ണ കണ്ഠത്തിൽ നിന്നൊഴുകി. കണ്ണന്റെ വരണ്ടുണങ്ങിയമനസ്സിൽ വസന്ത ത്തിന്റെ സുഗന്ധം വിരിയിക്കാൻ അരുവിക്കക്കരെയുള്ള പുരയിലേക്ക്, മുത്തിന്റെ കാതുകളിലേക്ക് അവന്റെപാട്ട് തിരയായൊഴുകിയെത്തി…..!!!

📝

കെ.ആര്‍ കിഷോര്‍

തൃശൂര്‍ എടത്തിരുത്തി സ്വദേശി. നാട്ടിക എസ്. എന്‍ കോളേജില്‍ നിന്നും ബിരുദം. തൃശൂര്‍ സഹകരണ കോളേജില്‍ നിന്ന് സഹകരണത്തിലും ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ. ഗൗരി ലങ്കേഷിന്റെ ജീവചരിത്രം, ശ്രീനാരായണ ഗുരു ഒരു പഠനം. നവഭാവുകത്വ സഞ്ചാരങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ബെംഗളൂരുവില്‍ താമസം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.