Follow the News Bengaluru channel on WhatsApp

മിസ്സിങ്ങ്

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : മിസ്സിങ്ങ്

കല. ജി കെ

 

‘കാണ്മാനില്ല’ എന്ന കന്നഡ തലക്കെട്ടിലുള്ള പരസ്യമടങ്ങിയ പത്രമെടുത്ത് നാലായി മടക്കി തന്റെ കറുത്ത കൈബാഗില്‍ വച്ച് അയാള്‍ വീടിറങ്ങി. കാണാതായ മകന്റെ ഫോട്ടോയും കുറിപ്പുമാണ് പത്രത്തിലുള്ളത്. രണ്ടടി വച്ചതും പോര്‍ച്ചിലെ ബൈക്ക് ഹോണടിച്ചതുപോലെ! അയാള്‍ തിരിഞ്ഞു നിന്ന് പോര്‍ച്ചിലേക്ക് നോക്കി. പിന്നീട് തിരിച്ചുവിളിച്ച ബൈക്കിനരികിലേക്ക് നടന്നു. ദിവസവും കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നതാണ്. മകന്‍ തിരിച്ചെത്തുമ്പോള്‍ കണ്ട് വിഷമിക്കാന്‍ പാടില്ല. അവനോടുള്ള കരുതലും സ്‌നേഹവും വീതം പറ്റിയ ബൈക്ക് അച്ഛന്‍ വരുന്നത് നോക്കി നിന്നു. ഹോണ്ട ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിച്ച് അയാള്‍ പതിയെ അതിലേക്ക് ചാരി. പോകുമ്പോള്‍ ഇട്ടേച്ചുപോയ അവന്റെ മണം. എത്ര കഴുകിയാലും വിട്ടുമാറാത്ത മണം . ഉരുകിയൊലിച്ച ഹൃദയത്തിലെ അവശേഷിച്ച ജീവനില്‍ വിറച്ച വിരലുകള്‍ സീറ്റിലമര്‍ന്നു. മര്‍മ്മരപ്പെട്ട കവര്‍ വിരലുകളോട് പറ്റിച്ചേര്‍ന്നിരുന്നു. ബൈക്ക് തേങ്ങി. അയാളും. അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ബൈക്ക് മൂളിക്കേട്ടു.

‘അയ്യോ…പോയോ…”വിളിയുമായി കുടയും അയാള്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകളടങ്ങിയ ചെറിയ പെട്ടിയുമെടുത്ത് കൗസല്യ ഗേറ്റിലേക്ക് ഓടുന്നതിനിടയില്‍ പോര്‍ച്ചില്‍ നില്‍ക്കുന്ന രാജേന്ദ്രനെ കണ്ടു. ആശ്വാസത്തോടെ പോര്‍ച്ചിലെത്തി അവര്‍ മരുന്നുപെട്ടി നല്‍കി. പെട്ടി വാങ്ങി അയാള്‍ ബാഗില്‍ തിരുകി. പിന്നീട് കുടയ്ക്കായി കൈനീട്ടി. നീട്ടിയ കൈയ്യില്‍ കുടയുമായി അവരും നിന്നു. പരസ്പരം നോക്കി ആരാദ്യം പെയ്ത് തോരണമെന്നറിയാതുള്ള നില്‍പ്പ്. ‘രാജേട്ടാ…’ കൗസല്യയുടെ വിളി കേള്‍ക്കാതെ തിരിഞ്ഞ് നോക്കാതെ കുടയുമായി അയാളിറങ്ങിപ്പോയി.

ഇതെട്ടാം വര്‍ഷം. മകന്‍ മുംബൈയില്‍ ഇന്റര്‍വ്യൂന് പോയി തിരിച്ചെത്താത്തതിന്റെ വര്‍ഷദിനം. എഞ്ചിനീയറിംഗ് കഴിഞ്ഞ് കാമ്പസ് സെലെക്ഷനില്‍ ബാംഗ്ലൂരില്‍ തന്നെ ജോലിയായി എല്ലാവരും അതിയായി സന്തോഷിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു അദ്വൈത് മുബൈയിലേക്ക് തിരിച്ചത്. അവിടെ ഹെഡ് ഓഫീസിലെ ഇന്റര്‍വ്യൂ ശേഷം ചില പേപ്പര്‍ ജോലികളും തീര്‍ത്ത് ഉടനേ തിരിച്ചെത്തുമെന്ന് വാക്ക് പറഞ്ഞ് പോയതിന്റെ എട്ടാം വര്‍ഷം. നോക്കിയിരുന്നു വര്‍ഷങ്ങളോളം.

കത്തുന്ന വെയിലില്‍ രാജേന്ദ്രന്‍ റോഡിലേക്കിറങ്ങി. കുട നിവര്‍ത്തി. മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ വെയിലിന് ഇത്രയും കത്തലില്ലായിരുന്നു എന്നയാള്‍ ഓര്‍ത്തു. ജീവിതത്തോടൊപ്പം മത്സരിച്ച് ഓടിയപ്പോള്‍ മാറ്റങ്ങള്‍ അറിഞ്ഞില്ല. ഓട്ടം നിന്നപ്പോള്‍ അകത്തും പുറത്തും കത്തുന്ന ചൂട്.

കൈകാണിച്ച് ഓട്ടോയില്‍ കയറി കെ ആര്‍ പുരം പോലീസ് സ്റ്റേഷനു മുന്നിലിറങ്ങി. ഓട്ടോ ചാര്‍ജ് നല്‍കി പൂതലിച്ച നിര്‍മമതയിലേക്ക് കയറിച്ചെല്ലുമ്പോള്‍ പാറാവുകാരന്‍ അയാളുടെ പതിവ് മുഖത്തെ മടുപ്പോടെ നോക്കി. മുഖം പരമാവധി കുനിച്ച് നീങ്ങി അയാള്‍ എസ് ഐ യുടെ മുറിയുടെ മുന്നില്‍ പ്രതീക്ഷ എടുത്തണിഞ്ഞ യാചകനെപ്പോലെ നിന്നു. തിടുക്കപ്പെട്ട് ബാഗില്‍ നിന്ന് മകനെ കാണ്മാനില്ല എന്ന പരസ്യമടങ്ങിയ കന്നഡ പത്രം വലിച്ചെടുക്കുന്നതിനിടയില്‍ എസ് ഐ അയാളെ അകത്തേയ്ക്ക് വിളിച്ചു. ‘എപ്പോഴും ഇങ്ങനെ വരേണ്ടതില്ല. എന്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ലഭിച്ചാല്‍ ബന്ധപ്പെട്ടോളാം, അന്വേഷിക്കുന്നുണ്ട്” എന്ന് കന്നടയില്‍ അറിയിച്ചു. പത്രം ബാഗിനുള്ളില്‍ തിരികെവച്ച് രാജേന്ദ്രന്‍ എസ് ഐ യുടെ മുഖത്തേയ്ക്ക് നോക്കി. അവിടെ പ്രദര്‍ശിപ്പിച്ച ഭാവം വായിച്ചെടുക്കാനാവാതെ അയാള്‍ ഇങ്ങനെ നിരീച്ചു, ‘ സംതൃപ്തനും സന്തോഷവാനുമായ ഒരച്ഛന്റെ മുഖമായിരിക്കണം അത്”. അയാള്‍ തിരിഞ്ഞു നടന്നു. വാതിലിന് അടുത്തെത്തി എന്തോ ഓര്‍ത്തെടുക്കാനെന്നപോലെ ബാഗില്‍ പരതി. പത്രം ബാഗിലുണ്ട്. ബാഗടച്ച് ഇറങ്ങി. ഓര്‍മ്മ ചിലപ്പോഴൊക്കെ കെട്ട് പൊട്ടിച്ച് അതിന്റെ സ്വതന്ത്രസഞ്ചാരം നടത്താറുണ്ട്. മകനെ തിരഞ്ഞ് ഒരിക്കല്‍ മുംബൈയിലേക്കുള്ള പോക്കിലായിരുന്നു ഓര്‍മ്മയുടെ അത്തരമൊരു അപഥ സഞ്ചാരം ആദ്യമായി ഉണ്ടായത്.

അയാള്‍ ഇറങ്ങി നടന്നു. തലയും കൈകളും അധിക ഭാരം കണക്കെ ഉടല്‍ റോഡിന്റെ അരിക് പറ്റി നടന്നു. ഓരോ മണ്‍തരിയും ആ പാദങ്ങളെ തൊട്ടറിഞ്ഞു. വെയില്‍ ആറിത്തണുത്തു. ഫ്ളൈഓവറിന്റെ കീഴില്‍ നിരന്നിരിക്കുന്ന പഴക്കച്ചവടക്കാര്‍ പതിവായി വരുന്ന അയാളെ അഭിവാദ്യം ചെയ്തു. അയാള്‍ നടത്തം തുടര്‍ന്നു. കല്‍ത്തൂണും കഴിഞ്ഞുള്ള നടത്തില്‍ ‘രാജേട്ടാ…’ വിളിയിലേക്കയാള്‍ ഞെട്ടിയുണര്‍ന്നു. സുലൈമാന്‍!

സുലൈമാന്‍ തന്റെ ചെറിയ ഭക്ഷണശാലയില്‍ നിന്നും വീണ്ടും വിളിച്ചു. ‘വരീന്‍…ഒരു ചായ കുടിച്ചിട്ട് പോകാം.’

ആ പ്രദേശത്തെ ആകെയുള്ള ഒരു മലയാളി കടയാണ് സുലൈമാന്റേത്. കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന മലയാളികള്‍ക്ക് ആകെയുള്ള ആശ്രയം.

രാജേന്ദ്രന്‍ കടയിലേക്ക് കയറി. ജാലകത്തോട് ചേര്‍ന്നുള്ള മേശയില്‍ ബാഗ് വയ്ക്കുമ്പോഴാണ് കുടയെ ഓര്‍ത്തത്. പോലീസ് സ്റ്റേഷനില്‍ അയാളെ ഓര്‍ത്ത് കുട വേവലാതിപ്പെട്ടു. അയാള്‍ ബാഗ് തുറന്ന് പത്രം അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്തി . കസേരയില്‍ അമരുമ്പോള്‍ ജനലിനോട് ചേര്‍ത്ത് വച്ചിരിക്കുന്ന ഫിഷ് ടാങ്കിലേക്ക് അയാള്‍ പതിവ് പോലെ നോക്കിയിരുന്നു. ഓറഞ്ച് നിറമുള്ള മല്‍സ്യങ്ങള്‍. വളഞ്ഞുപുളഞ്ഞു പോകുന്ന കുഞ്ഞന്‍ മീനുകളുടെ പിറകെ പായുന്ന വലിയ മല്‍സ്യങ്ങള്‍. കുസൃതിയോടെ വലിയ മത്സ്യത്തിന്റെ ചിറകിനടിയില്‍ കൂടണയുന്ന കുഞ്ഞുങ്ങള്‍. ‘ഇതു തന്നെയായിരിക്കണം അച്ഛന്‍ മല്‍സ്യം….’ അയാള്‍ ടാങ്കിനരുകില്‍ ഇരുന്ന് ആ വലിയ മല്‍സ്യത്തെ സൂക്ഷിച്ചുനോക്കി.

‘രാജേട്ടാ…ചായകുടിക്കിന്‍.’ സുലൈമാന്‍ ചായ മേശപ്പുറത്ത് വച്ച് അയാള്‍ക്കഭിമുഖമിരുന്നു. ‘ഇതിപ്പോ കുറെയായില്ലേ രാജേട്ടാ….എപ്പഴും ഇങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ പോയിരിക്കണോ…”

അയാള്‍ ബാഗ് തുറന്ന് സുരക്ഷിതമായി വച്ചിരിക്കുന്ന കവര്‍ പുറത്തെടുത്തു. ‘ഇത് കണ്ടോ സുലൈമാനെ…’ അയാള്‍ പൊതിയഴിച്ചു. കടലാസ്സില്‍ പൊതിഞ്ഞ വള്ളിച്ചെരിപ്പ് പുറത്തെടുത്തു. നീല വള്ളികള്‍. ‘ഇത് അവന്‍ വീട്ടിലിടുന്ന ചെരിപ്പാ. ട്രെയിനില്‍ കയറുന്നതിനിടയില്‍ തിരക്കില്‍ പെട്ട് കാലില്‍ നിന്ന് അഴിഞ്ഞ് പാളത്തില്‍ വീണു. രാത്രിയല്ലേ യാത്ര, വീട്ടിലിടുന്ന ഡ്രെസ്സും ചെരുപ്പുമിട്ടാ പോയത്. കേറി കെടന്നുറങ്ങാനുള്ളതല്ലേ എന്നും പറഞ്ഞു പോയതാ എന്റെ കുട്ടി…തേങ്ങലിനെ ഒഴുക്കിവിട്ട് അയാള്‍ പുറം കൈ കൊണ്ട് കണ്ണ് തുടച്ചു.. സുലൈമാന്‍ വിഷണ്ണനായി.

‘ട്രെയിന്‍ പോയിക്കഴിഞ്ഞ് ഞാനതെടുത്ത് സൂക്ഷിച്ചു. അവന്‍ വരും. ഇല്ലെങ്കില്‍ ഇതിങ്ങനെ ബാക്കിവയ്‌ക്കേണ്ട ആവശ്യമുണ്ടോ സുലൈമാനെ…’ അയാള്‍ ചായകുടിച്ച് ചെരിപ്പ് ഭദ്രമായി ബാഗില്‍ വയ്ക്കുന്നതിനിടയില്‍ മരുന്ന് പെട്ടി കണ്ട് അത് പുറത്തെടുത്തു. ‘ബോധോം ഓര്‍മ്മേം ഇല്ലാതെ ഓരോന്ന് അവടേം ഇവടേം കൊണ്ടുവയ്ക്കും അവള്‍. കണ്ടോ കൗസൂന്റെ പണിയാണ്, മരുന്ന് പെട്ടി എന്റെ ബാഗിലിട്ടിരിക്കുന്നു. അവന്‍ പോയേപ്പിന്നെ അവള്‍ ഇങ്ങനെയാണ്. അവന്‍ തിരിച്ചുവന്നാലേ എല്ലാം ശരിയാവൂ.’ അയാള്‍ തല കുടഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ചുവന്ന രാശി പുതച്ച ആറിയ വെയില്‍ കൂട്ടുകൂടി.

ആറേ ഇരുപതിന് മുംബൈ എക്‌സ്പ്രസ്സ് കെ ആര്‍ പുരം സ്റ്റേഷനില്‍ എത്തും. അയാള്‍ വാച്ചില്‍ നോക്കി. അഞ്ച് നാല്പത്തിരണ്ട്. സ്റ്റേഷന്റെ പുറകു വശത്തുള്ള റോഡിലേക്ക് നടന്നു. ഒറ്റ റോഡില്‍ വാഹനങ്ങളെയും ആളുകളെയും കുത്തിനിറച്ചിരിക്കുന്നു. സ്റ്റേഷനില്‍ നിന്നിറങ്ങിവരുന്ന യാത്രക്കാരെ വളച്ച് വീഴ്ത്തി കൊണ്ടുപോകുന്ന ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍. വിലപേശി തൊണ്ടവരണ്ട യാത്രക്കാര്‍. റോഡിനിരുവശത്തും തട്ടുകടകള്‍. നിരന്നിരിക്കുന്ന വാണിഭക്കാര്‍….അല്പം നീങ്ങിയുള്ള കടയില്‍ തൊലിയുരിഞ്ഞ് തൂങ്ങുന്ന ആട് കോഴി മാംസങ്ങള്‍…തിക്കിത്തിരക്കാതെ നിശബ്ദമായി ബാഗ് മാറോട് ചേര്‍ത്ത് അയാള്‍ സ്റ്റേഷന്റെ ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. പടിക്കെട്ടുകള്‍ കയറി മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി. അധികം തിരക്കില്ലാത്ത ഇടത്തിലേക്ക് അയാള്‍ നീങ്ങി. പൈപ്പിനടുത്തുള്ള ഒരു മരബെഞ്ചില്‍ ഇരുന്നു. സമീപത്തെവിടെയോ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന്റെ കാതടപ്പിക്കുന്ന ശബ്ദം. ബാംഗ്ലൂരിലെ ഭൂഗര്‍ഭത്തില്‍ വെള്ളം വറ്റുന്നു. ഒരേ ഇടത്തില്‍ തന്നെ എട്ടും പത്തും കുഴിക്കേണ്ടുന്ന അവസ്ഥ. രൂക്ഷമായ വെള്ളക്ഷാമത്തില്‍ ടാങ്കര്‍ ലോറികളുടെ കൊയ്ത്ത്. വീണ്ടും ഭൂമി തുരക്കുന്നതിന്റെ കാത് തുളയ്ക്കുന്ന ശബ്ദത്തിലേക്ക് അല്പനിമിഷങ്ങള്‍ക്കുള്ളില്‍ മുംബൈ എക്‌സ്പ്രസ്സ് എത്തുമെന്നുള്ള അനൗണ്‍സ്മെന്റ് മുഴങ്ങി. അയാളുടെ ഉള്ളം തുടിച്ചു. ബാഗ് മാറത്ത് അമര്‍ത്തി. തൊണ്ട വരണ്ടു. പൈപ്പിന്‍ ചുവട്ടിലേക്ക് നടന്നു. മുംബൈ എക്‌സ്‌പ്രെസ്സിനെ കാത്തുള്ള ഓരോ ഇരിപ്പിലും പതിവായി സംഭവിക്കുന്നത്.

യാത്രക്കാര്‍ തിരക്കു കൂട്ടിത്തുടങ്ങി. ആളുകള്‍ പതിന്മടങ്ങ് ആയതുപോലെ. അന്ന് അവന്‍ എ സി കമ്പാര്‍ട്‌മെന്റിലാണ് പോയത്. തിരിച്ചും അതിലേ വരൂ. അയാള്‍ എ സി കമ്പാര്‍ട്‌മെന്റ് വന്നു നില്ക്കാന്‍ പോകുന്ന ഇടത്തിലേക്ക് നടന്നു. വണ്ടി കൂകിയെത്തി. കുഴല്‍ക്കിണര്‍ പൈപ്പ് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം തീവണ്ടിയില്‍ ലയിച്ചു. ആളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ബാഗും മാറോടടുക്കി അയാള്‍ വേഗപ്പെട്ടു. ഓരോ വാതിലിനടുത്തും ആള്‍ക്കൂട്ടം. ഇറങ്ങാനും കയറാനുമാകാതെ പരസ്പരം ഉന്തും തള്ളും. എ സി ബോഗിയുടെ വലിയ ഗ്ലാസ് ജാലകത്തിലൂടെ അയാള്‍ പതര്‍ച്ചയോടെ നോക്കി. അകത്ത് അരണ്ട വെളിച്ചം. അവിടെയും തിക്കും തിരക്കും. വാതിലിനടുത്ത് ഒരു മിന്നായം പോലെ…. ‘മോനേ…’ അയാള്‍ വിളിച്ചു. വാതിലിനരികില്‍ കയറാനും ഇറങ്ങാനും തിടുക്കപ്പെടുന്ന ആളുകള്‍. അയാള്‍ ബാഗ് പിടിച്ച കൈ ഉയര്‍ത്തി വീണ്ടും വിളിച്ചു. ‘മോനേ അദ്വൈത്…അച്ഛനാണ്. അയാള്‍ ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് കൈ കടത്തി. വണ്ടി നീങ്ങാന്‍ ആരംഭിച്ചു. ആളുകള്‍ കുത്തിക്കയറി, കൂടെ കയ്യില്‍ നിന്നും വേര്‍പെട്ട ബാഗും. വണ്ടി വേഗം കൂട്ടി. ഉടമസ്ഥനില്ലാത്ത ബാഗ് വണ്ടിയില്‍ കാലുകള്‍ക്കിടയിലൂടെ തെന്നി നീങ്ങി. തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയുമായി അയാള്‍ നിലത്തിരുന്നു. വെള്ളം തേടി കുഴല്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം അപ്പോള്‍ പൂര്‍വ്വാധികം ശക്തിയായി.

📝

കല. ജി കെ

അധ്യാപിക. ഒറ്റപ്പാലം സ്വദേശിനി. ബെംഗളൂരുവിൽ സ്ഥിരതാമസം. ‘അമ്മമരം’ എന്ന ബാലസാഹിത്യ കൃതി രചിച്ചിട്ടുണ്ട്. ജനകീയ കവിതാവേദിയുടെ ‘പി. എന്‍. പണിക്കര്‍ ബാലസാഹിത്യ കഥാപുരസ്‌ക്കാരത്തിന് അമ്മമരം അര്‍ഹമായി. ബാഷോ ബുക്‌സിന്റെ ‘ മലയാളത്തിന്റെ 130 പ്രണയകഥകള്‍’, പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‌സിന്റെ ’55 എഴുത്തുകാരുടെ ബാലകഥകള്‍’, യെസ് പ്രസ്സ് ബുക്‌സിന്റെ ‘പലനിറപ്പകലുകള്‍’, സര്‍ഗ്ഗഭൂമി ബുക്‌സിന്റെ ‘വെയില്‍മഴക്കഥകള്‍’, എന്നീ സമാഹാരങ്ങളില്‍ കഥാപങ്കാളിത്തം. കൈരളി കലാസമിതി, ദൂരവാണിനഗര്‍ കേരളസമാജം ബെംഗളൂരു, മാതൃഭൂമി ഗൃഹലക്ഷ്മി വേദി എന്നിവയില്‍ നിന്നും കഥാപുരസ്‌ക്കാരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.