Follow the News Bengaluru channel on WhatsApp

ഫ്രണ്ട്സ്

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : ഫ്രണ്ട്സ് 
മുഹമ്മദ് കുനിങ്ങാട്

 

വായിക്കുകയും വാചകമടിക്കുകയും ചെയ്യുന്ന ക്ഷുഭിത യൗവനത്തിന്റെ സ്വാതന്ത്ര്യമത്രയും ആഘോഷിച്ചുകൊണ്ട് ആനപ്പാറയും കഴിഞ്ഞുള്ള കുന്നിന്‍പുറത്ത് ഞങ്ങള്‍ കൂടിയിരുന്നു. ഞങ്ങള്‍ നാലു പേര്‍ ഉണ്ടായിരുന്നു. പ്രത്യേകമായ ഏതെങ്കിലും വിഷയത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നില്ല സാധാരണയായി അത്തരം സന്ദര്‍ഭങ്ങളിലെ സംസാരങ്ങളൊന്നുംതന്നെയെന്നത് ഭൂമിക്ക് മുകളിലും ആകാശത്തിനുകീഴെയും സംഭവിക്കുന്ന വൈവിധ്യങ്ങളായ കാര്യങ്ങളൊക്കെയും കടന്നുവരുന്നതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. പക്ഷെ അന്ന് നാലാളുകളില്‍ ഒരുവനായ സമീര്‍ മെഡിസിന് ബംഗളൂരുവിലെ പ്രശസ്തമായൊരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍നേടി തിരിച്ചുവന്നതിന്റെ വിശേഷവും സന്തോഷവും ഒത്തുകൂടലിലാണ് അവന്‍ പങ്കുവെച്ചത്. അവന്റെ വാപ്പ സമ്പന്നനും തന്റെ ധനം ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കണം എന്ന് നന്നായിതിരിച്ചറിഞ്ഞ ആള്‍ കൂടിയായിരുന്നു.

കുന്നിന്‍മുകളില്‍ ചിലരുടെ മടിയില്‍ തലവെച്ച് മറ്റുള്ളവര്‍ പരിമിതികളില്ലാത്ത നീലാകാശം നോക്കി മലര്‍ന്നുകിടന്നു. നാട്ടിലെ സാധാരണക്കാരന്റെയും സമ്പന്നരുടെയും സമൂഹത്തില്‍ സ്വാധീനമുള്ള മക്കളായിരുന്നു ഞങ്ങള്‍.
ഉച്ചവെയില്‍ കഴിഞ്ഞ് തിരക്ക്പിടിച്ച ഒരുദിവസത്തെ ജോലിഭാരത്തിന്റെ തളര്‍ച്ചമാറ്റാന്‍ വിശ്രമത്തിലേക്ക് പോകുന്ന സൂര്യന്‍ നിഴല്‍വീശാന്‍ തുടങ്ങിയിരുന്നു. പക്ഷികള്‍ എവിടെയ്ക്കോ കൂട്ടംകൂടി വരിതെറ്റാതെ പറന്നുപോവുകയും പശുക്കൂട്ടങ്ങള്‍ താഴ്വാരത്ത് നിന്ന് തകൃതിയായി അടങ്ങിമേയുകയും ചെയ്യുന്നത് വിദൂരക്കാഴ്ചയായിരുന്നു.
സമൂഹത്തില്‍ ആദരവുകള്‍ ഏറെലഭിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആകര്‍ഷിപ്പിക്കുന്ന ഒരു ലോകത്തിലേക്ക് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ ആദ്യമായി അര്‍ഹനാകുന്നതിന്റെ ആഹ്‌ളാദം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഞങ്ങളെ പിരിഞ്ഞ് തികച്ചും അപരിചിതമായൊരു മേഖയിലേക്ക് പോകുന്നതിന്റെ അങ്കലാപ്പ് അവനില്‍ കാണാമായിരുന്നു.

അന്തരീക്ഷം ഇരുള്‍ മൂടാന്‍ തുടങ്ങിയത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഓരിയിടാന്‍ തുടങ്ങുന്ന കുറക്കന്മാരുടെ ഒറ്റക്കും തുടര്‍ന്ന് കൂട്ടായുമുള്ള ശബ്ദങ്ങള്‍ പുറത്ത് വന്നതിനുശേഷമേ ശ്രദ്ധിച്ചിരുന്നുളളൂ. ഉണങ്ങിയ ഓലക്കണ്ണികള്‍ പറിച്ചെടുത്ത് ഞാന്‍ ചൂട്ട് കെട്ടി പുകവലിക്കുന്ന നവീനിന്റെ കയ്യിലുള്ള തീപ്പെട്ടിക്കമ്പുകള്‍കൊണ്ട് അതില്‍ തീ പറ്റിച്ച് വളരെ സാഹസപ്പെട്ടാണ് കുന്നിറങ്ങിയത്.

വിസ്മയിപ്പിക്കുന്ന ഒരു ലോകത്തിലാണ് സമീര്‍ എത്തിപ്പെട്ടത്. പണവും പ്രതാപവും കുമിഞ്ഞുകൂടിയ സമ്പന്നരുടെ മക്കള്‍ പഠിക്കാനെത്തുന്നതുകൊണ്ട് ശ്രദ്ധേയമായിരുന്നു ആ മെഡിക്കല്‍ കോളേജ്. എന്തും വിലക്കുവാങ്ങാന്‍ കെല്പുള്ള അതിസമ്പന്നരുടെ വിളനിലമായിരുന്നു അതെന്ന് ഏറെ കഴിയുന്നതിനുമുന്നെ സമീര്‍ തിരിച്ചറിഞ്ഞിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിദ്യഭ്യാസത്തിന്റെ സര്‍വ്വരംഗവുമൊരുക്കി പ്രശസ്തിലേക്കുയരാനുള്ള മിടുക്ക് സ്ഥാപനശില്പിക്കുണ്ടായിരുന്നു. മരിക്കുന്നതിനും എത്രയോ മുന്നെ സിറ്റിയുടെ മര്‍മ്മപ്രധാന ഭാഗം തന്റെ പേരില്‍ കൊത്തിവെക്കാന്‍ യോഗ്യത നേടിയ ഒരുസാധാരണക്കാരന്റെ ഉജ്ജ്വല കഥ അതിനുപിന്നിലുണ്ട്.
റാഗിങ്ങിന്റെ അസഹ്യവും, അപരിഷ്‌കൃതവുമായ പീഠിപ്പിക്കലിന് വിധേയമായത് മാത്രമല്ല അധ്യപകരുടെ സമര്‍ത്ഥമായ കബളിപ്പിക്കല്‍ വരെ ഓരോവിദ്യാര്‍ത്ഥികളെയും കരുത്തരാക്കുന്ന അനുഭവങ്ങള്‍ കാമ്പസിനെ വ്യതിരിക്തമാക്കി. അനാറ്റമി പ്രഫസര്‍ ആദ്യമായി ലാബില്‍ പ്രകടിപ്പിച്ച തകര്‍പ്പന്‍ തുടക്കം മറക്കില്ല ഓരോ വിദ്യാര്‍ത്ഥിയും എന്ന് സമീര്‍ വിശ്വസിച്ചു.

ഫോര്‍മാലിനില്‍ മുങ്ങിയ ശരീര ഭാഗങ്ങള്‍ ഡിസക്ഷന്‍ ടാബളിനു മുകളില്‍ നിരന്നു. മനംപുരട്ടുന്ന ജൈവ ഗന്ധങ്ങള്‍ മുറിയിലാകെ നിറഞ്ഞു. പ്രഫസര്‍ ചക്രപാണി സ്വതസിദ്ധമായ തന്റെ ശൈലിയില്‍ തുടര്‍ന്നു, ‘സമൂഹത്തിന്റെ മഹാഭൂരിപക്ഷത്തിനും ലഭിക്കാത്ത, മനുഷ്യ ശരീരത്തെ കീറിമുറിച്ച് പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വരില്‍ അപൂര്‍വ്വരായ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് എന്റെ മുന്നില്‍’ അദ്ധേഹം തുടര്‍ന്നു ‘ അറപ്പും ഭയവും കൂടാതെ സധൈര്യം കര്‍മ്മങ്ങള്‍ ചെയ്യാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം’.

ധൈര്യവും നിങ്ങളുടെ അറപ്പും പരീക്ഷിക്കുന്ന ചെറിയൊരു ടെസ്റ്റ് നടത്താനുള്ള ആമുഖത്തോടുകൂടെ പ്രഫര്‍ തന്റെ മുന്നില്‍ കമിഴ്ന്നുകിടക്കുന്ന ബോഡിയില്‍ വിരല്‍ അമര്‍ത്തിയാഴ്ത്തി. ഡെഡ്ബോഡിയില്‍ അമര്‍ന്നുപോയ വിരല്‍ വലിച്ചെടുത്തു. ഒരറപ്പും കൂടാതെ തന്റെ വായിലേക്കിട്ട വിരല്‍ ഊമ്പുകയും ചെയ്തു.
‘കം ഓണ്‍ ഗൈസ്, മെയ്ക് ഇറ്റ് ഫാസ്റ്റ്’ പ്രഫസര്‍ തിടുക്കം കൂട്ടി

സമൂഹത്തിന്റെ ആയുരാരോഗ്യത്തിന്റെ ഭാഗധേയം പതിച്ചുകിട്ടിയ ഭാഗ്യകേസരികളില്‍ പെട്ട സമീര്‍ അടക്കം വല്ലായ്കകള്‍ അവഗണിച്ച് പ്രഫസറടെ ചെയ്തികള്‍ അനുകരിച്ചു.
അറപ്പും അധൈര്യവും തീരേയില്ലാത്തവരാണ് നിങ്ങള്‍ എന്ന കാര്യം അംഗീകരിക്കുന്നു. ‘ജീവന്‍’ എന്ന അമൂല്യസമ്പത്താണ് നിങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് വിസ്മരിക്കരുത്. അവിടെ ധൈര്യത്തിന്റെയും അറപ്പില്ലായ്മയുടെയും അതേ അളവിലോ അതില്‍ കൂടുതലോ സൂക്ഷ്മത കൂടി വേണം. സൂക്ഷമതയുടെ കാര്യത്തില്‍ നിങ്ങള്‍ വളരെ പിന്നിലാണെന്ന് എത്രവേഗമാണ് നിങ്ങള്‍ തെളിയിച്ചിരിക്കുന്നത്. അവരുടെ മുന്നില്‍ അവതരിപ്പിച്ച കര്‍മ്മങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ചു കൊണ്ട് ചക്രപാണി സാര്‍ വിശദീകരിച്ചുകൊടുത്തു. ‘താന്‍ ഡെഡ്ബോഡിയിലേക്ക് താഴ്ത്തിയ ചൂണ്ടുവിരല്‍ വലിച്ചെടുക്കുകയും നടുവിരല്‍ തന്റെ വായിലേക്കിടുകയുമാണ് ചെയ്തതെന്ന കാര്യം നിങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയില്ല’. ഓക്കാനവും ഛര്‍ദ്ദിയും കൊണ്ട് ഡിസക്ഷന്‍ ഹാള്‍ ശബ്ദമഖരിതമാകുന്നതിനിടയില്‍ അദ്ദേഹം തുടര്‍ന്നു ‘സൂക്ഷ്മത അത്യന്താപേക്ഷിതമായ വിജയ രഹസ്യം തന്നെ’

നോര്‍ത്ത് ഇന്ത്യയിലെയും ഇന്ത്യക്ക് വെളിയിലെയും കളര്‍ഫുളായ ചിത്രശലഭങ്ങളില്‍ സഹപാഠിയായ ഷഫ്രിന്‍ സമീറിന്റെ കണ്ണുകളില്‍ വിസ്മയം സൃഷ്ടിച്ചു. കാസര്‍ഗോഡ് അടുത്ത ഗ്രാമത്തിലുള്ള പ്രവാസിയുടെ ഏക മകളാണ് ഷഫ്രിന്‍.

ഹോസ്റ്റല്‍ വരാന്തയില്‍ വളഞ്ഞിട്ടുകൊണ്ട് സീനിയര്‍ ഗേള്‍സ് അവളോട് ആജ്ഞാപിച്ചു. നീണ്ട ഒരു തലമുടി രണ്ട് കൈയിലെയും ഈരണ്ട് വിരലുകള്‍ക്കൊണ്ട് ചേര്‍ത്തുപിടിച്ച് അതിലൊരുവള്‍ പറഞ്ഞു ‘ മുടിയുടെ നടുവില്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകൊണ്ട് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയണമെന്ന പ്രീതിശര്‍മ്മയുടെ നിര്‍ദ്ദേശങ്ങള്‍ അവള്‍ സ്വീകരിച്ചു. റാഗിങ്ങിന്റെ പേടിപ്പിക്കുന്ന രംഗങ്ങള്‍ ഷഫ്രിന്‍ അയവിറക്കിയത് ഇങ്ങിനെ. പ്രഥമ രാത്രിയില്‍ ഹസ്ബന്റിനോട് ആദ്യമായി എന്താണ് മിണ്ടുക എന്ന ചോദ്യം ചോദിച്ചത് കോട്ടയത്ത് നിന്നുളള മിനിയാണ്. നിവര്‍ത്തിപ്പിടിച്ച മുടി തൊട്ടുകൊണ്ട് നിര്‍ദ്ദോശകരമായ മറുപടി പറയാന്‍ ശ്രമിക്കവെ അവരുടെ കൈയിലുള്ള മുടി കാണാനില്ല. ‘എല്ലീ’ ഷഫ്രിന്‍ പറഞ്ഞു ‘ തോര്‍സോ’.ലേഡീസ് ഹോസ്റ്റല്‍ ആകമാനം വിസലടിയും കൂക്കിവിളിയുകൊണ്ട് തിമര്‍ത്താടുകയിരുന്നു അപ്പോള്‍. ചമ്മലിന്റെ ജാള്യതകൊണ്ട് അവളുടെ സുന്ദരമായ മുഖം ചുകന്നു തുടുത്തു.

‘തിടുക്കംകൂട്ടല്ല മോളേന്ന്’ അതിനിടയില്‍ ആരൊക്കെയോ ഉച്ചത്തില്‍ കമന്റടിക്കുന്നുണ്ടായിരുന്നു.

വിസിലടിക്കുന്നത് പെണ്‍കുട്ടികളുടെ ഭംഗിക്ക് കുറച്ചിലാണെന്ന് അപ്പോള്‍ അവള്‍ക്ക് തോന്നിയെങ്കിലും സമൃദ്ധമായ അവരുടെ അവയവചലനങ്ങള്‍ ആകര്‍ഷിപ്പിക്കുന്നതായിരുന്നുവെന്ന കാര്യത്തില്‍ സന്ദേഹമേ ഉണ്ടായിരുന്നില്ല.

വെക്കേഷനുകളില്‍ നാട്ടിലെത്തുന്ന സമീര്‍ ഞങ്ങളുടെ സാന്നിധ്യം എപ്പോഴും ആഗ്രഹിച്ചിരുന്നു. അവന്‍ തിരികെപോകുന്ന ലക്ഷറി ബസ് വരെ യാത്രയയക്കാന്‍ ഞങ്ങളും പോയിരുന്നു. ടൗണിലുള്ള ടൂറിസ്റ്റ് ബസ് കേന്ദ്രത്തില്‍ അവനോടൊന്നിച്ച് യാത്രചെയ്യാന്‍ ഷഫ്രിന്‍ എത്തുമായിരുന്നു. സുരക്ഷിതമായ കൈകളില്‍ അവളെയേല്പിച്ച സമാധാനത്തോടെയായിരുന്നു അവളുടെ പാരന്റ്സ് തിരിച്ചുപോയിരുന്നതെന്ന് ഞങ്ങളറിഞ്ഞു. ഞങ്ങള്‍ മാത്രമല്ല സമീറിന്റെ വാപ്പയും അത് ശ്രദ്ധിച്ചിരുന്നു. കൈ നിറയെ സ്ത്രീധനവുമായി അവന് വിവാഹമന്വേഷിച്ചെത്തിയ നാട്ടുപ്രമുഖന്മാര്‍ക്ക് ധൈര്യമായൊരു വാക്ക് കൊടുക്കാന്‍ അത് അദ്ധേഹത്തെ അധീരനാക്കുകയും ചെയ്തിരുന്നു.
സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുക്കാനുള്ള ‘വേദി’യുടെ തീരുമാനത്തിന്റെ കൂടെ നില്‍ക്കാന്‍ സമീര്‍ മാത്രം ധൈര്യം കാണിച്ചിരുന്നില്ല. രാഷ്ട്രീയ നേതാവും മുന്‍ എം.എല്‍. എ യുമായ ശേഖരേട്ടന്റെ മകന്‍ ഞങ്ങളുടെ നവീന്‍ ഒന്നാമനായി പ്രതിജ്ഞയെടുത്ത വേദിയില്‍ ഞങ്ങളെല്ലാം തുടര്‍ന്ന് മുന്നോട്ടുവന്നപ്പോഴും സമീര്‍ മാത്രം മാറിനിന്നിരുന്ന കാര്യം ഞങ്ങളോര്‍ത്തു. അവന്റെ വാപ്പയുടെ തീരുമാനം എന്തായിരിക്കാം എന്ന ആശങ്കയായിരുന്നു അതിന് പിന്നില്‍. അതെന്തായാലും ധിക്കരിക്കാന്‍ അവന്‍ ഒരിക്കലും സന്നദ്ധനുമായിരുന്നില്ല.

സെമിസ്ലീപ്പര്‍ ബസ്സില്‍ അടുത്തടുത്ത സീറ്റുകളില്‍ ചാരിയിരുന്ന് അവര്‍ ചുരം കയറി. നേര്‍ത്ത ശബ്ദത്തില്‍ പഴയ സിനിമാഗാനങ്ങള്‍ സംഗീതസാന്ദ്രമാക്കിയിരുന്നു. ജനല്‍ഗ്ലാസിന്റെ വിടവിലൂടെ അരിച്ചുകേറുന്ന തണുത്തകാറ്റ് ജാക്കറ്റിന്റെ കവചത്തെമറികടന്ന് അവരുടെ ഉള്ളം തണുപ്പുകൊണ്ട് വിറപ്പിച്ചു. പൂര്‍ണ്ണചന്ദ്രന്‍ വിതറിയ വെളിച്ചത്തില്‍ വനാന്തരങ്ങളില്‍ കൂറ്റന്‍ മരങ്ങള്‍ നിശ്ശബ്ദമായിളകിക്കൊണ്ടിരിക്കുന്നത് സൈഡ് ഗ്ലസിലൂടെ അവര്‍ നോക്കിയിരുന്നു. വശ്യസുന്ദരമായ കാഴ്ചകള്‍കണ്ട് ഒന്നിച്ചാസ്വദിച്ചു. ഭൂമിയിലെയും ആകാശത്തിലെയും സര്‍വ്വവും ദൈവത്തിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു. എത്ര മനോഹരമായാണ് പ്രപഞ്ചത്തില്‍ ഓരോന്നും സംവിധാനിച്ചുവെച്ചിരിക്കുന്നതെന്നവള്‍ അവനോടുപറഞ്ഞു.
നല്ലൊരു സൗഹൃദത്തിനപ്പുറം അവരുടെ ബന്ധം വളരുന്നത് തന്ത്രപരമായി തടുത്ത് നിര്‍ത്താനും ഷഫ്രിന്‍ തന്റെതാകണമെന്നും ആശിച്ച് ഷാജി അവര്‍ക്കിടയില്‍ നിലയുറപ്പിച്ചിരുന്നുവെന്നകാര്യം സമീര്‍ അതിനകം തന്നെ തിരിച്ചറിഞ്ഞിരുന്നു. ഒരു സിനിമാസ്റ്റാറിന്റെ വശ്യമായ ശരീരപ്രകൃതം ഷാജിക്ക് ഒരനുഗ്രഹവുമായിരുന്നു.
ഉയര്‍ന്ന മാര്‍ക്ക് നേടി ഫസ്റ്റ് ചാന്‍സില്‍ തന്നെ സമീര്‍ ഡിഗ്രി കരസ്ഥമാക്കിയിരുന്നു. ഹൗസ് സര്‍ജ്ജന്‍സിയും കഴിഞ്ഞ് കാപ്പിറ്റേഷന്‍ ഫീസ് നല്‍കി സമീറിന്റെ വാപ്പ മറ്റൊരു കോളേജില്‍ പിജി സീറ്റ് തരപ്പെടുത്തി ആദ്യവര്‍ഷം പിന്നിട്ടിറ്റും ഷാജിയും ഷഫ്രിനും ഡിഗ്രി പൂര്‍ത്തിയാക്കിയിരുന്നില്ല. അതിനിടയില്‍ തേടിയെത്തിയ ഉന്നത കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ സമീര്‍ വിവാഹം കഴിച്ചിരുന്നു. സ്ത്രീധന വിരുദ്ധ പ്രതിജ്ഞചെയ്ത ഞങ്ങളെല്ലാം അതൊക്കെ കാറ്റില്‍ പറത്തിയവരാണെങ്കിലും സ്ത്രീധന വിരുദ്ധ ആശയം ശിരസാവഹിച്ച ഏക വ്യക്തിയായി സമീര്‍ ഞങ്ങളെയെല്ലാം അതിശയിപ്പിച്ചിരുന്നു.

പാര്‍ട്ടി യുവജന വിഭാഗത്തിന്റെ പ്രിയപ്പെട്ടവനായി നവീന്‍ മാറിയിരുന്നു. നാടിന്റെ ഓരോ ചലനങ്ങളിലും അവന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

ജനമനസ്സുകളില്‍ ഇടംനേടി അധ്വാനിക്കുന്നവര്‍ക്കും അശരണര്‍ക്കും തണലായി പടര്‍ന്നുപന്തലിച്ചിരുന്നു. നാട്ടിലേക്ക് പോകുന്ന വഴിമധ്യേയാണ് നവീന്റെ വേര്‍പാട് അറിയുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയായിരുന്നു അത്. അല്‍ഗോരിതത്തിന്റെ നിശ്ശബ്ദ യാന്ത്രികതയില്‍ നിന്നൊരു മോചനം ഇടക്കെല്ലാം ഏതൊരു ടെക്കിയും ആഗ്രഹിക്കുന്ന ഇടക്കാലാശ്വാസം ആഗ്രഹിച്ച് ഒരാഴ്ചത്തെ ലീവെടുത്തുനാട്ടിലേക്ക് വരുന്നുവെന്ന കാര്യം ഞാന്‍ അവനെ അറിയിച്ചിരുന്നു. അവനെ മാത്രമല്ല നവീന്‍ പി. ടി. എ. പ്രസിഡന്റായ ഗവ: യു. പി. സ്‌കൂള്‍ മാഷായ ഞങ്ങളുടെ നാലംഗ സംഗത്തിലെ രതീഷിനെയും വിളിച്ചുപറഞ്ഞു. ചടപ്പുകളൊക്കെ മാറി തിരിച്ചുപോകാമെന്നും വനാന്തരങ്ങളിലൂടെയുള്ള യാത്രയുടെ കാഴ്ചകള്‍ നന്നായി ആസ്വദിക്കാന്‍ പകല്‍യാത്രയാണ് നല്ലതെന്നും നവീന്‍ ആണ് നിശ്ചയിച്ചുതന്നത്. പുറപ്പെടുന്നതിന് തൊട്ടുമുമ്പുവരെ സംസാരിച്ച അവന്റെ അന്ത്യം യാത്രയില്‍ തന്നെ അറിയുമ്പോള്‍ വിശ്വസിക്കാനാവുന്നതെങ്ങിനെ.

സമീറിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലെ ആധുനിക സംവിധാനങ്ങള്‍ വഴി ജീവന്‍ രക്ഷാ ശ്രമങ്ങള്‍ പരമാവധിനടത്തിയെന്നും രക്ഷ കിട്ടിയില്ലെന്നും രതീഷ് വിളിച്ചുപറഞ്ഞു.
പോക്കുവെയില്‍ ഭീമാകാരമായ വൃക്ഷങ്ങളുടെ ഉച്ചിയില്‍ തട്ടി വനത്തിനുള്ളില്‍ നിഴല്‍പരത്തിയിരുന്നു. പുള്ളിമാനുകള്‍ കൂട്ടത്തോടെ കാടിനുള്ളിലേക്ക് നടന്നുപോയ്ക്കൊണ്ടിരുന്നു. വളര്‍ന്നുപന്തലിച്ച അതിന്റെ അലങ്കാരക്കൊമ്പുകള്‍ പരസ്പരം മുട്ടുന്ന ഒച്ച കേള്‍ക്കാമായിരുന്നു. അത്യുച്ചത്തില്‍ കരയണമെന്നും എത്രയും പെട്ടെന്ന് നവീന്റെ വീടണയണമെന്നും അസ്വസ്ഥമായ എന്റെ മനസ്സ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവിടെ കാത്തിരിക്കുന്ന കൂട്ടുകാരില്‍ ചേതനയറ്റ അവന്റെ ശരീരം മാത്രമാണല്ലോ ഞങ്ങളെയെതിരേറ്റ് അവിടെ കാണുകയുള്ളൂവെന്നകാര്യം മനസ്സിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു.

*എല്ലീ = എവിടെ
*തോര്‍സോ = കാണിക്കൂ

📝

മുഹമ്മദ് കുനിങ്ങാട്

കോഴിക്കോട് ജില്ലയില്‍ വടകര കുനിങ്ങാട് സ്വദേശി. കഥാകൃത്ത്, എഴുത്തുകാരന്‍ എന്നിവക്കു പുറമേ ബെംഗളൂരുവിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യം. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. തെരുവില്‍ കണ്ടത് എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ബെംഗളൂരു റൈറ്റേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫോറം ജനറല്‍ സെക്രട്ടറിയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.