Follow the News Bengaluru channel on WhatsApp

നായാടിമലയിലെ മാവോയിസ്റ്റ്

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : നായാടിമലയിലെ മാവോയിസ്റ്റ്

സുരേഷ് കോടൂർ

 

വേലന്താവളം ബസ്‌ പാലക്കാട്‌ ടൗണിലെത്തിക്കഴിഞ്ഞപ്പോഴാണ് വര്‍ക്കി ഉണര്‍ന്നത്. വേലന്താവളത്തുനിന്നു കയറിയപ്പോൾ തുടങ്ങിയ ഉറക്കമാണ്. ഇന്നലെ അയാൾ ഒരു പോള കണ്ണടച്ചിട്ടില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഏറെ നേരം കിടന്നു. ആ ഉറക്കത്തിന്‍റെ കടം വീട്ടിയത് ബസിലിരുന്നാണ്. ഇപ്പോഴും തനിയെ ഉണര്‍ന്നതല്ല. അടുത്തിരുന്ന പന്ത്രണ്ട്കാര൯ പേരമക൯ ഷാജി അയാളെ വിളിച്ചുണർത്തുകയായിരുന്നു.

മണി രണ്ട് കഴിഞ്ഞിരിക്കുന്നു. എരിപൊരിയുന്ന വെയിലിലേക്കാണ് വര്‍ക്കിയും കൊച്ചുമോനും ബസ്സിറങ്ങിയത്. പോരാത്തതിന് കിഴക്കുനിന്ന് ആഞ്ഞുവീശിയ പൊടിക്കാറ്റും അയാളെ അലോസരപ്പെടുത്തി. വെയിലിലും തിരക്കിലും അയാള്‍ക്ക്‌ ശ്വാസംമുട്ടിത്തുടങ്ങി. തിരക്കില്‍ കൈവിട്ടുപോകാതിരിക്കാനായി വര്‍ക്കി ഷാജിയെ ചേര്‍ത്തുപിടിച്ച് നടന്നു.

“നീയ്യ് നായാടിപ്പാറ വഴിക്ക്‌ പോണ ബസ്‌ ഏതെങ്കിലും ഉണ്ടോന്ന് നോക്ക്”.
വര്‍ക്കി ഷാജിയോട് അങ്ങനെ പറഞ്ഞെങ്കിലും മങ്ങിയ കാഴ്ചയുമായി അയാൾ തന്നെ ചുറ്റും ബസ്സ്‌ നോക്കി പരതി നടന്നു. ബസ്സിന്‍റെ മുകളിലെഴുതിയ ചെറിയ അക്ഷരങ്ങള്‍ അയാള്‍ക്ക്‌ ഒട്ടും തെളിഞ്ഞില്ല. എഴുപത്തിരണ്ടിന്റെ അവശത വര്‍ക്കിയെ നല്ലോണം ബാധിച്ചിട്ടുണ്ട്. തിമിരം തടയിട്ട കണ്ണുകള്‍ക്ക് നര ബാധിച്ച കണ്ണട പ്രത്യകിച്ച് ഗുണമൊന്നും ചെയ്തില്ല. ആ നരച്ച കണ്ണുകള്‍ക്ക് താഴെ കൊയ്ത്ത് കഴിഞ്ഞ പാടത്തെ മുറിക്കറ്റകൾ പോലെ അവിടവിടെ ചിതറിക്കിടന്ന കുറ്റിരോമങ്ങള്‍ക്കും ഏറെ വെളുപ്പ് കയറിയിരുന്നു. കുറെക്കാലമായി യാത്രയൊന്നും ഇല്ലാതിരുന്നതിന്റെ അപരിചിതത്വം ആ മുഖത്തെ ചുളിവുകൾ വിളിച്ചുപറഞ്ഞു.

“പാലക്കാടൊക്കെ നല്ലണം മാറ്യെടാ ഉണ്ണ്യേ” അയാള്‍ ഷാജിയുടെ കൈ മുറുകെ പിടിച്ച് ആരോടുമല്ലാതെ ഉറക്കെ പറഞ്ഞു. ആദ്യമായി പട്ടണം കാണുന്ന ഷാജി അപ്പാപ്പന് പിന്നില്‍ ചേര്‍ന്ന് നടന്നു.

“കാര്‍ന്നോരെ എവടക്കാ”
പുറപ്പെടാന്‍ തയ്യാറായി നിന്ന ആനക്കട്ടി ബസ്സില്‍നിന്ന് വിളിച്ചു പറയുന്നവ൯ തിരക്കുകൂട്ടി.
“നായാടിപ്പാറക്കാണ്ടാ മകനേ. നിന്റെ ബസ്സ്‌ അതുവഴി പുക്വോ?”

“ഇങ്ങ്ട്‌ കേറ് കാര്‍ന്നോരെ”
നീങ്ങിത്തുടങ്ങിയ ബസ്സിലേക്ക് വര്‍ക്കി വലിഞ്ഞുകയറി. അപ്പാപ്പനെ പിന്നില്‍നിന്നു പിടിച്ച് ഷാജിയും ഉള്ളിലെത്തി. അപ്പാപ്പനെ നല്ലോണം നോക്കി കൊണ്ടുപോകണം എന്ന് അപ്പ൯ പ്രത്യേകം പറഞ്ഞാണ് ഷാജിയെ കൂടെ വിട്ടിരിക്കുന്നത്. തനിയെ പോകണമെന്ന് വര്‍ക്കി ഏറെ വാശി പിടിച്ചതാണ്. പക്ഷെ മക൯ തോമയുടെ നിര്‍ബന്ധമായിരുന്നു കൊച്ചുമകനെയെങ്കിലും കൂടെ വിടണമെന്നത്. തോമ കൂടെ വേണ്ടെന്ന് വര്‍ക്കി വിലക്കിയപ്പോൾ പിന്നെ ഇതേ വഴിയുണ്ടായിരുന്നുള്ളൂ. താലൂക്കാപ്പീസില്‍  ശിപായി ആയി ജോലി നോക്കുന്ന തോമക്ക് ഒരല്പം ഗമ കൂടിയിട്ടുണ്ടെന്നാണ് വര്‍ക്കിയുടെ ഒരു ഇത്. എങ്കിലും മകന്റെ പേരില്‍ അയാള്‍ക്ക്‌ ഉള്ളിൽ വലിയ അഭിമാനം തോന്നാറുണ്ട്. സര്‍ക്കാരുദ്യോഗം ഭരിക്കുന്ന കുടുംബത്തിലെ ആദ്യ സന്തതിയെന്ന് തന്റെ കൂട്ടക്കാരോടൊക്കെ കള്ളടിക്കുന്ന വൈകുന്നേരങ്ങളിൽ അയാൾ വമ്പ് പറയാറുമുണ്ട്.

പാലച്ചോട് ആയിത്തക്കാളി ഭഗവതിക്കാവിൽ ഒന്ന് പോയി തൊഴുത് വരണം എന്നത് ഒരു വെളുപ്പിന് എണീച്ചപ്പോഴുണ്ടായ വര്‍ക്കിയുടെ തോന്നലായിരുന്നു. ഭഗവതി ഇടയ്ക്കിടെ വര്‍ക്കിയുടെ സ്വപ്നങ്ങളിൽ വിരുന്ന് വരുന്നത്രെ. നാളെത്തന്നെ പോയി തൊഴുതുവരണം എന്ന് വര്‍ക്കി വാശിപിടിച്ചപ്പോൾ തോമ എതിരൊന്നും പറഞ്ഞില്ല. ഇനി ചിലപ്പൊ ഒരിക്കലും പോകാ൯ കഴിഞ്ഞില്ലെങ്കിലോ എന്ന് വര്‍ക്കി വാക്കുകളിൽ തേങ്ങലുകളും ചേര്‍ത്തിരുന്നു.

“നായാടിപ്പാറക്ക് രണ്ട് ടിക്കറ്റ് താടാ കുട്ട്യേ” വര്‍ക്കി ചുരുട്ടിയ നോട്ടെടുത്ത് കണ്ടക്ടര്‍ക്ക് നേരെ നീട്ടി.

“ആയിത്തക്കാളിക്കാവ് സ്റ്റോപ്പില്‍ ഇറങ്ങിക്കോ കാർന്നോരെ. മെയിന്‍ റോഡിന്ന്  ഒന്നൊന്നര നാഴിക ഉള്ളിലിക്ക് നടന്നാ മതി അവടയ്ക്ക്”.

വര്‍ക്കിയുടെ മനസ്സിൽ പക്ഷെ ഭഗവതിക്കാവായിരുന്നില്ല. കാവിലേക്ക് പോകുന്ന വഴിക്കെവിടെയോ ഉണ്ടെന്ന് കേട്ടിട്ടുള്ള നായാടിപ്പാറ തന്നെയായിരുന്നു അയാളുടെ ലക്‌ഷ്യം. വര്‍ക്കിക്ക് നായാടിപ്പാറയെക്കുറിച്ച്  അയാളുടെ അപ്പ൯ പറഞ്ഞുകേട്ട അറിവേ ഉള്ളൂ. ഇന്നിതുവരെ വര്‍ക്കി നായാടിപ്പാറയോ ആയിത്തക്കാളിക്കാവോ കണ്ടിട്ടില്ല. പാലക്കാട് ടൗണിൽ നിന്നപ്പുറം പടിഞ്ഞാട്ട് വര്‍ക്കി ഇന്നുവരെ പോയിട്ടില്ല. പാലക്കാട് തന്നെ മൂന്നോ നാലോ തവണയേ വര്‍ക്കി വന്നിട്ടുള്ളൂ. അതും ചെറുപ്പത്തില്‍ അപ്പന്റെ ഒപ്പം കാളവണ്ടിയില്‍. അന്ന് പാതിയും മണ്ണ്റോഡ്‌ ആണ്. പുതുശ്ശേരി കാളവേലക്ക് പോവുന്നതായിരുന്നു അന്ന് വര്‍ക്കിയുടെ ഏറ്റവും വലിയ യാത്ര. എപ്പോഴെങ്കിലും വടകരപ്പതിവരെ കൂലിവേലക്ക് പോവുമ്പോഴും മൂന്നോ നാലോ ദിവസം ഒന്നിച്ച് വീട്ടില്‍നിന്നും മാറിനിൽക്കുമായിരുന്നു. നാലാംപക്കം നേരം ഇരുട്ടിവെളുക്കാറാവുമ്പോഴാണ് വര്‍ക്കി തിരിച്ചെത്തുക. അതിനുമപ്പുറം പാലക്കാട് ഒക്കെ വേറൊരു രാജ്യം പോലെത്തന്നെയായിരുന്നു വര്‍ക്കിക്കും കൂട്ടര്‍ക്കും. അപ്പ൯ പറയാറുള്ള ആ മലയും അതിന്‍റെ ഒത്ത മുകളിലുള്ള മാനത്തോളം ഉന്തിനില്‍ക്കുന്ന ആ കരിമ്പാറയും ഒക്കെ ഇപ്പോഴും അവിടെത്തന്നെ ഉണ്ടോ എന്നുപോലും വര്‍ക്കിക്ക് അറിയില്ല. ഭഗവതിക്കാവിലേക്കു പോകുന്ന വഴിയിൽ വലത് വശത്ത് മുടിനിവർത്തി മുലവിരിച്ച് വഴിമുടക്കി കാലുനീട്ടിയിരിക്കുന്ന മലമ്പുഴ യക്ഷിയെപ്പോലെ  നീണ്ടുനിവര്‍ന്ന നായാടിമലയും, അതിന്റെ ഒത്ത നെറുകയിൽ കടുംകറുപ്പിൽ നടുവ് ഉയര്‍ത്തി നില്‍ക്കുന്ന നായാടിപ്പാറയും, ചുവട്ടിലെവിടെയോ രണ്ടാള്‍ക്ക്‌ വണ്ണത്തിൽ കൊടുങ്കാറ്റില്‍ ഉലഞ്ഞുതിരുന്ന ഭീമാകാരനായ ഇലഞ്ഞിമരവും ഒക്കെ വര്‍ക്കിയുടെ കുട്ടിക്കാലത്ത് അപ്പ൯ പറഞ്ഞ കഥകളിലുള്ളതാണ്. ആ ഇലഞ്ഞിയെക്കുറിച്ച് പറയുമ്പോഴൊക്കെ അപ്പന്റെ കണ്ണില്‍ വെള്ളം നിറയുന്നതും വര്‍ക്കി കണ്ടിട്ടുണ്ട്. അപ്പ൯ എന്തിനാണ് കരയുന്നതെന്ന് ആദ്യമൊക്കെ വര്‍ക്കി അപ്പനോട് ചോദിക്കാറുണ്ടായിരുന്നു. അപ്പോൾ അപ്പ൯ ഒന്നും പറയാതെ കുഞ്ഞു വര്‍ക്കിയെ തന്നോട് ചേര്‍ത്തി പിടിക്കുക മാത്രം ചെയ്യും. അപ്പനിൽ നിന്ന് ഒരിക്കലും ഉത്തരം വരാതിരുന്നപ്പോൾ വര്‍ക്കി ചോദിക്കലും നിര്‍ത്തി. പിന്നെ അപ്പന് ഏറെ വയസ്സായി കള്ള് നല്ലോണം തലയിൽ കയറിയ ഒരു മോന്തിക്കാണ് ആ ഇലഞ്ഞിയുടെ പിന്നിലെ കണ്ണീരിന്റെ കഥ അപ്പ൯ വര്‍ക്കിയോടു പറഞ്ഞത്. അന്നുമുതല്‍ വര്‍ക്കി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമാണ് ചാവുന്നതിനുമു൯പ് നായാടിപ്പാറയും ഇലഞ്ഞിമരവും കണ്ട് തൊട്ടുതൊഴുത് വരണമെന്നത്. ഈയിടെയുള്ള വര്‍ക്കിയുടെ പാതിരാസ്വപ്നങ്ങളിൽ മുഴുവ൯ താന്‍ ആ പാറയില്‍ ചവിട്ടി നിന്ന് തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ കൂവി വിളിക്കുന്ന രംഗങ്ങൾ ആവർത്തിക്കുന്നുണ്ടത്രെ. തന്റെ അവസാനം അടുത്തു എന്നതിന്റെ അടയാളമാണതെന്നും, ഇനിയും താമസിച്ചാൽ നടക്കാത്ത മോഹവുമായി ഗതികിട്ടാതെ നായാടിമലയിൽ ചോരയൂറ്റുന്ന പ്രേതമായി താന്‍ അലയുമെന്നും വര്‍ക്കി ഭയപ്പെട്ടു തുടങ്ങിയിരുന്നു. അങ്ങിനെയാണ് നായാടിപ്പാറ അപ്പാപ്പന്റെ ആത്മാവായി വര്‍ക്കിയിൽ ആവേശിച്ചതും കീഴ്പ്പെടുത്തിയതും തന്നിലേക്ക് മാടി വിളിച്ചതും.

പുറത്ത് പഴുത്തുകിടന്ന പാടങ്ങൾ മാഞ്ഞ് ഉണങ്ങിയ പട്ടകൾ തൂങ്ങിക്കിടക്കുന്ന കരിമ്പനകള്‍ നിറഞ്ഞ കുന്നുകൾ കണ്ടുതുടങ്ങിയപ്പോൾ വര്‍ക്കി പിന്നിലേക്ക് തിരിഞ്ഞ് കണ്ടക്ടറെ നായാടിപ്പാറയുടെ കാര്യം വീണ്ടും ഓര്‍മിപ്പിച്ചു.

“എത്യാ പറയാ ന്‍റെ കാർന്നോരെ”
പിന്നെ ഉറക്കെ ചിരിച്ച് കണ്ടക്ടർ ചോദിച്ചു.
“ഈ വയസ്സ് കാലത്ത് എന്താ കാര്‍ന്നോരും കൊച്ചുമോനും കൂടി ഘർവാപസിക്ക് എറങ്ങീരിക്കാ”

ആരൊക്കെയോ കൂട്ടത്തില്‍ ചിരിച്ചത് വര്‍ക്കി കേട്ടില്ല. പിന്നെ എപ്പഴോ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോഴേക്കും വര്‍ക്കി നല്ല ഉറക്കത്തിലായിരുന്നു. ഷാജി അപ്പാപ്പനെ കുലുക്കി വിളിക്കുകയായിരുന്നു.

ആളെ ഇറക്കി ബസ്സ്‌ അകലെ കാണാതായിട്ടും വര്‍ക്കിയുടെ കാഴ്ച്ചയുടെ ഉറക്കം മാറാന്‍ സമയമെടുത്തു. സ്റ്റോപ്പിൽ വേറെയും ആളുകൾ  ഇറങ്ങാനുണ്ടായിരുന്നു. കസവുമുണ്ടും സില്‍ക്ക്ഷര്‍ട്ടും ധരിച്ചിറങ്ങിയവര്‍ക്കിടയിൽ ഒറ്റമുണ്ടും മുറിക്കയ്യ൯ ഷർടുമായി വര്‍ക്കി കുറച്ചുനേരം വേറിട്ട കാഴ്ചയായി. പിന്നെ അവരെല്ലാം റോഡ്‌ മുറിച്ച് അപ്പുറം കടന്നപ്പോള്‍ വര്‍ക്കിയും ഷാജിയും ബസ്സ്റ്റോപ്പിൽ ബാക്കിയായി.

‘അപ്പാപ്പാ, ഇന്ന് കാവില് എന്തോ പരിപാടി ണ്ട്. നല്ല തെരക്കാവും’

കാവിലേക്കു തിരിയുന്ന വഴിയില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വലിയൊരു ബാനറിലേക്ക്  ചൂണ്ടി ഷാജി അപ്പാപ്പനെ കാണിച്ചു. പിന്നെ ഉറക്കെ വായിച്ചു.

“നായര്‍ മുതൽ നായാടി വരെ ഭഗവതിസന്നിധിയിൽ വെച്ച് തിരിച്ച് തറവാട്ടിലേക്ക്…”

“നമ്മളും ണ്ടെടാ കൂട്ടത്തില്” വര്‍ക്കി അല്പം ഉറക്കെത്തന്നെ ചിരിച്ചു.
വര്‍ക്കി പറഞ്ഞത് ഷാജിക്ക് തിരിഞ്ഞില്ല. അവന്‍ അപ്പാപ്പന്റെ കൈ പിടിച്ചു പതുക്കെ റോഡ്‌ മുറിച്ചുകടന്ന് അപ്പുറത്തെത്തി. പിന്നെ കാവിലേക്കുള്ള വഴിയിലൂടെ പതുക്കെ നടക്കാ൯ തുടങ്ങി. വെയില്‍ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങിയിരുന്നു.

“നീയ്യ് അയ്‌ സഞ്ചീന്ന് ത്തിരി വെള്ളം എടുക്കടാ”
ഷാജി വെള്ളക്കുപ്പി വര്‍ക്കിയുടെ കയ്യിൽ കൊടുത്തു. വരാനിരിക്കുന്ന ദൂരം താണ്ടാനുള്ള തയ്യാറെടുപ്പിന്റെ കൃത്യതയോടെ വര്‍ക്കി കുപ്പി മുകളിലേക്കുയര്‍ത്തി രണ്ടു കവിൾ വെള്ളം മോന്തി.

ചെമ്മൺപാതയിൽ മൂന്നാം വളവു കഴിഞ്ഞപ്പോഴേക്കും കാറ്റിനു തണുപ്പായി തുടങ്ങി. രണ്ടു വശവുമുള്ള പറമ്പുകളിലെ ഉയര്‍ന്ന് പടര്‍ന്നു നില്‍ക്കുന്ന വന്മരങ്ങൾ വഴിയിൽ തണൽ വിരിച്ചു. കാനലിന്റെ കുളിര്‍മയിൽ വര്‍ക്കി അല്‍പനേരം നിന്നു. ആ നേരം കൊണ്ട് പുത്തനുടുപ്പിട്ട് വന്ന പലരും അവരെ കടന്നു പോയി.

ഷര്‍ട്ടിടാതെ ലുങ്കിമുണ്ടുടുത്ത് തലയിൽ തോര്‍ത്ത് കെട്ടി വന്ന അവിടുത്തുകാരനെന്നു തോന്നിച്ച കണ്ടമുത്തനോട് വര്‍ക്കി വഴിചോദിച്ചു.

“നായടിപ്പാറക്ക് ഇനി എത്ര വഴീണ്ടടാ കുട്ട്യേ”

“നായാടിമലയോ? അത് ബ്ട്ന്ന് കഷ്ടി അര നാഴിക ണ്ട്. കാർന്നോരെന്താ വയസ്സ് കാലത്ത് മല കേറാന്‍ പോവാണോ?”

കണ്ടമുത്തന്‍ ചുണ്ടിലെ ബീഡിയെടുത്ത് വിരലുകള്‍ക്കിടയിൽ വെച്ച് വലുക്കെ ചിരിച്ചു. പിന്നെ വേഗത്തിൽ നടന്നു പോയി

“അപ്പാപ്പാ നമ്മള് അപ്പൊ കാവിലിക്കല്ലേ പോണത്”? ഷാജിക്കും സംശയമായി.

“പോണ വഴീലാണ്ട ചെക്കാ നായാടിപ്പാറ. അതും നോക്കീട്ട് പുക്വാലോ”

ഷാജി അനുസരണയോടെ തലയാട്ടി. അടുത്ത അരനാഴിക ദൂരം പിന്നെ വര്‍ക്കി വേഗത്തിലായിരുന്നു. അയാള്‍ക്ക് പുതിയ ഒരു ഉഷാറ് കിട്ടിയതുപോലെ. ഷാജി പോലും അപ്പാപ്പന്റെ ഒപ്പമെത്താ൯ പാടുപെട്ടു. നായാടിമലയുടെ അടിവാരത്തിലെത്തിയിട്ടേ വര്‍ക്കി നിന്നുള്ളൂ.

മണ്ണടിഞ്ഞു കിടന്ന നടപ്പാതയും പാതയുടെ വലത്ത് ഭാഗത്ത് നായാടിമാലയുടെ താഴ്വാരവും അലിഞ്ഞൊന്നാവുന്ന ഇടത്ത് കുന്തിച്ചിരുന്ന് വര്‍ക്കി കിതപ്പ് മാറ്റി. വീണ്ടും ഷാജി വെള്ളക്കുപ്പിയെടുത്ത് അപ്പാപ്പന്റെ കയ്യില്‍ വെച്ചു കൊടുത്തു. മൺപാത കാവിലേക്കു വീണ്ടും നേരെ നീണ്ടുകിടന്നു. വഴികാട്ടി ബോര്‍ഡിൽ ആയിത്തക്കാളിക്കാവിലേക്ക് നേരെ ഒരു കിലോമീറ്റർ എന്നെഴുതിയത് നോക്കി ഷാജി ചോദിച്ചു.

“അപ്പാപ്പാ ഇനി ഒരു കിലോമീറ്റർ കൂടി നടന്നാ മതി.”

“ഈ മലേടെ മോളില് ഒരു പാറണ്ടടാ. അതാണ്‌ നായാടിപ്പാറ. ഞാനത് ഒന്ന് കണ്ടിട്ട് വെക്കം വരാ. നീയ്യ്‌ അയ്‌ മരത്തിന്‍റെ ചായ്പ്പില് കുത്തിരുന്നോ”.

ഷാജിയെ അവിടെ തനിച്ചാക്കി വര്‍ക്കി മലയുടെ മടിയിലേക്ക് കാലുയർത്തി വെച്ചു.
യഥാര്‍ത്ഥത്തിൽ മല എന്നൊന്നും വിളിക്കാ൯ പറ്റില്ല നായാടിമലയെ. ഒരു വലിയ കുന്നെന്ന് വേണമെങ്കിൽ വിളിക്കാം. നായാടിക്കുന്ന് എന്നോ മറ്റോ. എങ്കിലും അന്നാട്ടുകാര്‍ക്ക്‌ അത് എത്രയോ തലമുറകളായി നായാടിമല തന്നെയാണ്. ഇലഞ്ഞിയും കാഞ്ഞിരവും കരിവീട്ടിയും ഒക്കെ ഇപ്പോഴും മാനത്തോളം പടര്‍ന്നു നില്‍ക്കുന്ന കുന്നിൽ കരിന്തേളുകൾ മേയുന്ന കരിമ്പാറകളും വാശിയോടെ വളരുന്നുണ്ടെന്ന് പഴമക്കാർ പറയും. മല താഴേക്ക് ചെരിഞ്ഞിറങ്ങി ആയിത്തക്കാളിക്കാവിലേക്കുള്ള വഴിയിലേക്ക് ചേരാറാവുമ്പോൾ നായാടിമലക്ക് നാടിന്റെ രൂപമാവും. കാടിന്‍റെ രൗദ്രഭാവം മാറി സൗമ്യതയോടെ കുറ്റിച്ചെടികളുടെ തലപ്പുകൾ വിനീതമാവും. ഒരിക്കൽ ആളനക്കമില്ലാതെ ഭയപ്പെടുത്തി തലയുയര്‍ത്തി നിന്നിരുന്ന നായാടിമലയിലിപ്പോൾ പക്ഷെ വിറകൊടിക്കാനും, പറങ്കിമാങ്ങ പെറുക്കാനും കയറുന്നവർ വെടുപ്പാക്കിയ നടവഴികൾ ഏറെ ഉണ്ട്. എങ്കിലും ഇലകൾ മഞ്ഞച്ച പറങ്കിമാവുകളും ഉണങ്ങിവരണ്ട കുറ്റിച്ചെടികളുടെ ഇരുട്ട് കലര്‍ന്ന തവിട്ടും നായാടിമലക്ക് ഒറ്റപ്പെടലിന്‍റെ കനത്ത മൗനം ചാർത്തുന്നുണ്ട്. മലയുടെ ഏറ്റവും ഉയരത്തിലുള്ള ഒറ്റക്കല്ലിലുള്ള കറുത്ത പെരുംപാറയാണ് നായാടിപ്പാറ. കൂരിരുട്ടി മഴവരുന്ന സമയങ്ങളില്‍ കാർമേഘവും നായാടിപ്പാറയും അതിരുപിരിയുന്നത് എവിടെയെന്നു പോലും തിരിച്ചറിയാന്‍ കഴിയില്ല.

മലയുടെ ഏറ്റവും ഉച്ചിയിലുള്ള നായാടിപ്പാറയുടെ വേരിനോട് ചേര്‍ന്ന് ഉണ്ടെന്ന് അപ്പ൯ പറഞ്ഞിട്ടുള്ള ഇലഞ്ഞിയായിരുന്നു വര്‍ക്കിയുടെ ലക്ഷ്യസ്ഥാനം. പെട്ടെന്ന് ചെറുപ്പമായതുപോലെയാണ് വര്‍ക്കി ആ ഉയരങ്ങളിലേക്ക് ഓടിക്കയറാ൯ തുടങ്ങിയത്. മുകളിലെക്കെത്തുന്തോറും ഇരുട്ടിന് കനം വെച്ചു വന്നു. മലയില്‍ നേരത്തെ നേരമിരുട്ടി. പടര്‍ന്നുനില്‍ക്കുന്ന തൊട്ടാവാടികളുടെ മുള്ളുകൾകൊണ്ട് വര്‍ക്കിയുടെ കാല്‍വണ്ണകളിൽ ചോരപൊടിഞ്ഞു. ചെരുപ്പിടാത്ത പരുപരുത്ത പാദങ്ങളിൽ കല്ലുകൾ വരഞ്ഞു. വര്‍ക്കി പക്ഷെ ഒരു വേദനയും അറിഞ്ഞില്ല. ബാധ കയറിയതുപോലെ അയാൾ മുകളിലേക്ക് മാത്രം നോക്കി കൈകൾ കാറ്റുപോലെ വീശിനടന്നു. നായാടിപ്പാറയുടെ അടിവാരമെത്തിയപ്പോഴാണ് വര്‍ക്കി ആ നടത്തം നിര്‍ത്തിയത്.

നാലാനക്ക് വലുപ്പത്തില്‍ കറുകറുത്ത ഒറ്റക്കല്ല് അയാള്‍ക്ക്‌ മു൯പിൽ ഭീമാകാരം പൂണ്ടുനിന്നു. മാനത്തേക്ക് മുട്ടാന്‍ ഓങ്ങി നില്‍ക്കുന്ന കരിമ്പ൯പാറ വര്‍ക്കി ശ്വാസമില്ലാതെ കണ്ണുനിറയെ കണ്ടു. അപ്പന്റെ കഥകളിലെ നായാടിപ്പാറ വര്‍ക്കിക്ക് മുമ്പിൽ വിശ്വരൂപം കാട്ടി. വര്‍ക്കി എത്രനേരം അങ്ങനെ ഒരേ നില്‍പ്പിൽ പാറയെ കണ്ടുനിന്നു എന്ന് നിശ്ചയമില്ല. പിന്നെ താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ അപ്പാപ്പന്റെ വിരലുകള്‍ തഴുകുന്നതുപോലെ ചുളിഞ്ഞ കൈകൾ കൊണ്ട് ആ കൂര്‍ത്ത കല്ലുകളിൽ പതുക്കെ തലോടാ൯ തുടങ്ങി. അപ്പാപ്പന്റെ കാലുകൾ തൊട്ടു വന്ദിക്കുന്ന കണക്ക് അയാൾ പാറയിൽ തൊട്ട്  ഇരുകൈകളും തന്റെ കണ്ണിനോടു ചേര്‍ത്തു. അല്പം കുനിഞ്ഞ് കരിമ്പാറയിൽ മുഖം ചേര്‍ത്തുവെച്ച് കമഴ്ന്നു കിടന്ന് ഭ്രാന്തനെപ്പോലെ വര്‍ക്കി അപ്പാപ്പനെ പുണര്‍ന്നു. ഇടക്ക് അയാൾ അപ്പാപ്പന്‍റെ പേരുപറഞ്ഞ് ഉറക്കെ വിളിച്ചു. കരിമ്പാറ ഇരുളിന്‍റെ സ്വകാര്യതയിൽ വര്‍ക്കിയോട് സംസാരിച്ചു തുടങ്ങിയിരുന്നു. അപ്പന്‍റെ കഥകളിലെ അപ്പാപ്പന്റെ ദുരന്തങ്ങളുടെ നേരുമുഴുവ൯ വര്‍ക്കി നേരിട്ട് ചോദിച്ചറിഞ്ഞു. നേരമേറെ കഴിഞ്ഞ് പതുക്കെ എഴുന്നേറ്റ് വര്‍ക്കി ചുറ്റും നോക്കി. ഇലഞ്ഞിയെ തൊട്ട് തൊഴുകണം. വര്‍ക്കി തന്റെ പുണ്യമരത്തെ തേടി അവിടെയൊക്കെ പരതി നടന്നു. അപ്പന് തെറ്റിയിട്ടില്ല. അപ്പ൯ പറഞ്ഞ അടയാളങ്ങൾ കൃത്യമായിരുന്നു. അപ്പന്‍ മറഞ്ഞിട്ട് എത്രയോ വര്‍ഷങ്ങളായിട്ടും വര്‍ക്കി ഒന്നും മറന്നിരുന്നില്ല. അതവിടെ തന്നെയുണ്ട്‌.

രണ്ടാള്‍ വട്ടത്തിൽ വണ്ണമുള്ള ഇലഞ്ഞി മുകൾ കാണാത്തവിധം ഒറ്റത്തടിയായി മാനവും കടന്നു പോയിരിക്കുന്നു. പിന്നെ അങ്ങ് ദൂരെ കുടനിവർത്തി വെച്ചതുപോലെ അത് വിരിഞ്ഞു നില്‍ക്കുന്നു. മണ്ണിലേക്ക് തൊടുന്ന വിരലുകൾപോലെ വള്ളികൾ താഴേക്ക് തൂങ്ങിക്കിടന്നിരുന്നു. ആ വള്ളികളുടെ സ്പര്‍ശനത്തിൽ വര്‍ക്കിയുടെ വിരലുകൾ വിറകൊണ്ടു. വര്‍ക്കിയുടെ സ്പര്‍ശമറിഞ്ഞെന്നവണ്ണം മരം കാറ്റത്ത് വല്ലാതെ ഇളകിയാടി. ആ മല മുഴുവന്‍ തന്‍റെ വരവിനായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി അയാള്‍ക്ക്‌. ഒരുപാടുനേരം വര്‍ക്കി ആ ഇലഞ്ഞിമരത്തെ തഴുകി നിന്നു. ഇലഞ്ഞിയുടെ സിരകളിലോക്കെ ഒഴുകി നടന്നിരുന്ന അപ്പാപ്പനുമായി വര്‍ക്കി ഉറക്കെ വിശേഷങ്ങൾ പങ്കുവെച്ചു. തോമയുടെ താല്ലൂക്കാപ്പീസിലെ ശിപായി ജോലിയെക്കുറിച്ച് അപ്പാപ്പനോട് അഭിമാനം കൊണ്ടു. അപ്പാപ്പ൯ എല്ലാം കേള്‍ക്കുന്നുണ്ടെന്ന് വര്‍ക്കിക്ക് ബോധ്യമായിരുന്നു. ഇലഞ്ഞിയിൽ ചേര്‍ന്നുനിന്ന് മതിവരുവോളം വര്‍ക്കി അപ്പാപ്പനെ ആശ്ലേഷിക്കവെ ഇളം തണുത്ത കാറ്റായി പുറത്തുവന്ന് അപ്പാപ്പ൯ വര്‍ക്കിയെ വാത്സല്യത്തോടെ തഴുകി. ആ കാട് മുഴുവന്‍ വര്‍ക്കിയെ ഏറെനേരം താലോലിച്ചു. പിന്നെ എപ്പോഴോ താഴെ ഒറ്റയ്ക്ക് കാത്തുനില്‍ക്കുന്ന ഷാജിയെ കുറിച്ച് വലിയ മുഴക്കത്തോടെ മുകളിലെ കൊമ്പൊടിച്ച് കാറ്റിനുകൊടുത്ത് വര്‍ക്കിയെ ഓര്‍മിപ്പിച്ചതും അപ്പാപ്പനായിരുന്നു.

“എനിക്ക് ഒരു കാര്യം കൂടി ചെയ്യാനുണ്ട്” മരത്തിനു മുകളിലേക്ക് നോക്കി ഉറക്കെ വര്‍ക്കി അപ്പാപ്പനോട് മാത്രമായി രഹസ്യം പറഞ്ഞു. പിന്നെ ആ കരിമ്പാറക്ക് മുകളിലേക്ക് വര്‍ക്കി വലിഞ്ഞു കയറാ൯ തുടങ്ങി. ഇരുട്ടിന്റെ കനപ്പിലും അയാള്‍ക്ക്‌ പാറയിലെ ചെറിയ കുനിപ്പുകൾ പോലും ഏറെ പരിചിതമായി തോന്നി. ഉരുണ്ടുണങ്ങിയ പാറയുടെ കൂര്‍ത്ത നഖങ്ങൾ വര്‍ക്കിയുടെ കാല്‍മുട്ടുകളിൽ ആഴത്തിലിറങ്ങുന്നുണ്ടായിരുന്നു. കൈമുട്ടുകളിലെ തൊലി നിരങ്ങി നീങ്ങി പാറയുടെ സിരകളിലേക്ക് ഊര്‍ന്നുപോയിരുന്നു. താടിയെല്ലുകള്‍ ചിലപ്പോൾ പാറയോട് കൂട്ടിയിടിച്ചിരുന്നു. വര്‍ക്കി പക്ഷേ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. നായാടിപ്പാറയുടെ ഉച്ചിയിൽ കാല്‍ചവിട്ടുമ്പോൾ വര്‍ക്കി നല്ലോണം വിറയ്ക്കുന്നുണ്ടായിരുന്നു. പാറക്ക് മുകളിൽ രണ്ടുകാലിൽ ഉറച്ച് നില്‍ക്കാ൯ വര്‍ക്കി അല്പം സമയമെടുത്തു. പിന്നെ പെട്ടെന്ന് പതഞ്ഞുവന്ന ആവേശത്തിൽ ദിക്കുകൾ കീറിമുറിക്കുന്ന ഉച്ചത്തിൽ അയാൾ കൂവിവിളിച്ചു. താഴെ എല്ലാം ഇരുട്ടില്‍ മുങ്ങിയിരുന്നു. ലോകം കീഴടക്കിയ ആവേശത്തില്‍ വര്‍ക്കി സ്വയം മറന്ന് ഭ്രാന്തമായി മുട്ടുത്തിയിരുന്ന് പാറയെ പ്രണയിച്ചു. നായാടിപ്പാറയുടെ മുകളിലെ വര്‍ക്കിയുടെ കാല്‍ച്ചുവട്ടിൽ താഴെ ഭൂമി എത്രയോ ചെറുതായി വീണു കിടന്നു.

അങ്ങ് ദൂരെ താഴെ വര്‍ക്കി നടന്നുവന്ന മൺപാതയിലെ തെരുവുവിളക്കുകൾ അവിടവിടെയായി മിന്നി നിന്നിരുന്നു. വലത്ത് ദൂരെ ആയിത്തക്കാളിക്കാവിലെ എണ്ണ വിളക്കുകളുടെ പ്രകാശവും വര്‍ക്കിയിലേക്ക് എത്തിയിരുന്നു. ലോകത്തിന് മുകളിലെന്നപോലെ നെഞ്ചു വിരിച്ചു കൈകള്‍ വിടര്‍ത്തി പെരുവിരലുകളിൽ ഊന്നിനിന്ന് വര്‍ക്കി ഉള്ളതിലുമേറെ പൊക്കമുണ്ടാക്കി അലറി വിളിച്ചു

“വല്ല്യമ്പ്രാനേയ്…. വല്യമ്പ്രാട്ട്യേയ്…. നാഴ്യാരി മുക്കാലേ..”

വര്‍ക്കിയുടെ ശബ്ദം മലയിലാകെ മുഴങ്ങി അനേകങ്ങളായി വര്‍ക്കിയിലേക്ക് തന്നെ തിരിച്ചുവന്നു. കാടുമുഴുവന്‍ വര്‍ക്കിയെ നിരവധി തവണ ഏറ്റുപറഞ്ഞു. വാശിയോടെ വര്‍ക്കി പിന്നെയും പിന്നെയും തൊണ്ടപൊട്ടി വിളിച്ചുകൂവി. ഒരു നാട് മുഴുവന്‍ കേള്‍ക്കാ൯ പാകത്തിൽ വര്‍ക്കിയുടെ ശബ്ദം ദൂരെ ഗ്രാമത്തിലെ നാല് ദിക്കുകളിലുമുള്ള ഏഴു ദേശങ്ങളിലേക്കും കാറ്റ് കൂടെക്കൊണ്ടുപോയി. അരിയും മുളകും പുളിയും എണ്ണയും മുക്കാപ്പണവുമായി കാറ്റ് തിരിച്ചുവരുന്നത് നോക്കി വര്‍ക്കി ആ കരിമ്പാറയുടെ ഒത്ത മുകളിൽ കണ്ണെടുക്കാതെ കാത്തുനിന്നു.

താഴെ ഒറ്റയ്ക്ക് കാത്തിരുന്ന് ഉറങ്ങിപ്പോയ ഷാജി ഉണര്‍ന്നത് പക്ഷെ അങ്ങ് ദൂരെ മലയുടെ മുകളിൽ വര്‍ക്കിയുടെ ദയനീയമായ നിലവിളി കേട്ടായിരുന്നു. രണ്ടു പ്രാവശ്യം തന്‍റെ അപ്പാപ്പന്റെ നിലവിളി ഷാജി കേട്ടു. പിന്നെ എങ്ങും നിശ്ശബ്ദത കനത്തു. കാറ്റുപോലും അനങ്ങാതെ നിന്നു. മുന്നില്‍ മല കനമുള്ള ഇരുട്ടായി. അവന്‍ അപ്പാപ്പനെ തേടി ആ ഇരുട്ടിലേക്ക് കാലെടുത്തു  വെച്ചു.

⏹️
രാവിലെ പടിക്കല്‍ കിടന്ന പത്രം എടുക്കാ൯ ചെന്നപ്പോഴാണ് ഓടിക്കിതച്ച് ബലരാമന്‍ അതുവഴി വന്നത്. അവന്‍ എന്‍റെ മുന്നിലെത്തിയപ്പോൾ നിന്നു. അവന് ശ്വാസം തിരിച്ചു കിട്ടാ൯ നേരമെടുത്തു. പിന്നെ ശ്വാസം വിടാതെ ഒരേ നില്‍പ്പിൽ മുഴുവ൯ പറഞ്ഞു.

“നാരായണേട്ടന്‍ കേട്ടോ? ഇന്നലെ രാത്രി നമ്മടെ നായാടിമലേല് ഒരാളെ പോലീസ് വെടിവെച്ചു കൊന്നൂത്രെ. മാവോയിസ്റ്റ് ആണെന്നാ പറയണ് കേക്കണ്. കൂടെള്ള ചെറ്യേ ഒരു ചെക്കനെ ജീവനോടെ കിട്ടീട്ട്ണ്ടത്രേ.  അവടെ ഒക്കെ പോലീസാ ഇപ്പൊ”

എന്റെ പ്രതികരണത്തിന് കാക്കാതെ ബലരാമ൯ വീണ്ടും മുന്നോട്ട് ഓടി. പരിഭ്രമിക്കാനുള്ള വര്‍ത്തമാനം ആണല്ലോ കേട്ടത് എന്ന തിരിച്ചറിവിൽ ഞാന്‍ പത്രവും കയ്യിൽ തൂക്കി അവ൯ പോയ ദിക്കിലേക്ക് കണ്ണയച്ച് അതേ നില്‍പ്പ് നിന്നു. മാവോവാദികളുടെ സാന്നിദ്ധ്യം വടക്ക് ചരളിക്കോട൯ മലകളിലെ ഉൾക്കാടുകളിൽ കണ്ടെന്ന് പോലീസ് സംശയിക്കുന്നു എന്ന് രണ്ടു ദിവസം മുന്‍പത്തെ പത്രത്തിലുണ്ടായിരുന്നു. നായാടിമല കയറി കനാല്‍ വരമ്പിലൂടെ ചരളിക്കോട൯മലയിലെ വടക്ക് ഭാഗത്തെ കാടുകൾ ലക്ഷ്യമാക്കി കുറെ ബൂട്ടിട്ട പട്ടാളക്കാർ പോയിട്ടുണ്ടെന്ന് ആപ്പീസിൽ ആരോ പറയുന്നതും കേട്ടിരുന്നു. എന്നാലും അവർ നായാടിമലയിൽ ഉണ്ടായിരുന്നു എന്ന അറിവില്‍ ഉള്ളിലെവിടെയോ ഒരു വിറയൽ കയറി. എന്തോ അപകടം തൊട്ടരികിൽ എത്തിയിരിക്കുന്നു എന്ന ഒരു പേടി ആരോ ഉള്ളിൽ പറയുന്നതുപോലെ. മാവോയിസ്റ്റുകൾ എന്ന് എനിക്ക് കേട്ടറിവേ ഉള്ളൂ. ഇന്നുവരെ കണ്ടറിവില്ല. പത്രത്തിന്റെ മുന്‍പേജുകളിൽ വെടികൊണ്ട് കിടക്കുന്ന ശരീരങ്ങളായി മാത്രമേ ഇതുവരെ ഞാ൯ അവരെ കണ്ടിട്ടുള്ളൂ.

കുട്ടിക്കാലത്ത് എനിക്ക് നക്സലുകള്‍ എന്ന് കേള്‍ക്കുന്നത് പേടിയായിരുന്നു. ഇപ്പഴത്തെ മാവോയിസ്റ്റുകളുടെ മുന്‍ഗാമികളായിരുന്നോ നക്സലുകൾ എന്ന് എനിക്ക് വലിയ നിശ്ചയം പോര. അച്ഛ൯ ഒരിക്കൽ രാത്രി വീടിന്റെ വരാന്തയിലിരുന്ന് അകലെയെവിടെയോ ഏതോ ഗ്രാമത്തിൽ ഒരു നായര്‍ ജന്മിയെ നക്സലെന്നു വിളിച്ചവർ കൂട്ടംചേര്‍ന്ന് കൊന്നതിനെ കുറിച്ച് അമ്മയോട് രഹസ്യമായി പറയുന്നത് കേട്ടതായിരുന്നു എന്‍റെ പേടിയുടെ തുടക്കം. ഞാ൯ ഉറങ്ങാതെ കിടക്കുകയായിരുന്നു. അച്ഛ൯ നേരിട്ട് കണ്ടിരുന്നത്രേ അതിരാവിലെ എങ്ങോട്ടോ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നതുപോലെ ഇരുള്‍ കട്ടപിടിച്ച ഇടവഴിയിലൂടെ ധൃതിപിടിച്ച് അവർ നടന്നു പോകുന്നത്. പിന്നെയാണത്രേ ലോകമറിഞ്ഞത് നാടിനെ അടക്കി ഭരിച്ച ഒരു ജന്മിനായരുടെ തലയറുത്ത് പടിപ്പുരയിൽ വെച്ച വിവരം. പിന്നീട് പല രാത്രികളിലും ആരൊക്കെയോ വീട്ടിൽ വന്ന് എന്‍റെ തല കൊയ്തെടുക്കുന്നത്  ഞാന്‍ പേടിസ്വപ്നം കണ്ടിട്ടുണ്ട്. അവര്‍ കെട്ടവരെ മാത്രമേ കൊല്ലുകയുള്ളൂ എന്നൊക്കെ അന്ന് അച്ഛ൯ സമാധിനിപ്പിച്ചിട്ടും എന്റെ പേടി വഴിമാറാ൯ വിസമ്മതിച്ചിരുന്നു. അയിത്തക്കാരെ വഴിനടക്കാ൯ അനുവദിക്കാതിരുന്ന നായരെന്നും, അനുസരിക്കാതെ കൂരയിലൊളിച്ചവളുടെ മുലമുറിച്ച നായരെന്നും ഒക്കെ മരിച്ചയാളെ കുറിച്ച് പിന്നെ എപ്പോഴോ കേട്ടിരുന്നു. കയറിയ പേടി പക്ഷെ ഒരിക്കലും തിരിച്ചിറങ്ങി പോയില്ല. ഉള്ളിലെവിടെയോ ഘനീഭവിച്ചിരുന്ന ഭയം ഇപ്പോൾ വീണ്ടും നായാടിമാലയിലെ കരിന്തേളായി ഉള്ളിലിഴയാ൯ തുടങ്ങി. ഇവരെന്തിനാണിപ്പോൾ നായാടിമല കയറി വീടിനടുത്തെത്തിയിരിക്കുന്നത് എന്ന അകാരണമായ ഒരു ആന്തൽ എന്നിൽ പടര്‍ന്നു.

ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് ആരും നായാടിമല ഭാഗത്തേക്ക് പോയിരുന്നില്ല. വിജനമായി കിടന്നിരുന്ന കാട്ട്പ്രദേശത്ത് വലിയവർ തന്നെ അധികമാരും വഴി നടന്നിരുന്നുമില്ല. വൈദ്യുതി വിളക്കുകള്‍ എത്തിയിട്ടില്ലാതിരുന്ന കാലത്ത് ആയിത്തക്കാളിക്കാവിലേക്ക് തൊഴാ൯ പോകുന്നവര്‍ രാത്രി ഏഴിനുമു൯പ് അന്നൊക്കെ തിരിച്ചെത്തിയിരുന്നു. അര്‍ദ്ധരാത്രി അതുവഴി പോയ അന്യനാട്ടുകാർ നായാടിപ്പാറക്ക് മുകളിൽ നിന്ന് നിലവിളി ശബ്ദം കേട്ട കഥകൾ വീടുകളിലൊക്കെ പറഞ്ഞു പരന്നിരുന്നു. മുന്‍പേതന്നെ വെളിച്ചമില്ലാത്ത നാട്ടുവഴികളിൽ മാടനും, മുനിയും കൊള്ളിപ്പിശാചും കണ്ഡാകര്‍ണനും തുടങ്ങി എണ്ണമറ്റ ദുർദേവതകൾ രാത്രികളിൽ അലഞ്ഞ് നടന്നിരുന്ന ഞങ്ങളുടെ നാട്ടിൽ നായാടിമലയിലെ നിലവിളി പുതിയ പേടികള്‍ക്ക് വിത്തിറക്കി. ഇടയ്ക്കിടെ കനാൽ വെള്ളത്തിൽ പൊന്തി ഒഴുകുന്ന പ്രേതങ്ങൾ ഇവരിലാരുടെ കൈക്രിയയാണെന്ന കാര്യത്തിൽ തര്‍ക്കങ്ങളും പതിവായിരുന്നു. അങ്ങനെ നായാടിമല ഏറെകാലം ദുരൂഹതയുടെ ഇരുൾ പുതച്ച് നാടിന് ദുശ്ശകുനമായി ഞങ്ങളെ പേടിപ്പിച്ച് പിടിതരാതെ നിന്നു. അതൊക്കെ എന്‍റെ കുട്ടിക്കാലം. പിന്നെ പിന്നെ ആളുകള്‍ വിറകൊടിക്കാനും പറങ്കിമാങ്ങ പെറുക്കാനുമൊക്കെ മല കയറി തുടങ്ങി. തെരുവുവിളക്കുകള്‍ കത്തിത്തുടങ്ങിയതിനു ശേഷം നിലവിളി ശബ്ദം കേള്‍ക്കാതെയായി. പിന്നെ നായാടിമല പേടിപ്പെടുത്താതെയായി. എങ്കിലും അതൊരു ശകുനപ്പിഴയായി നാടിനെ അലട്ടുന്നുണ്ടെന്ന് പ്രായമുള്ളവർ തലകുലുക്കിയിരുന്നു.

മുത്തശ്ശി ജീവിച്ചിരുന്ന കാലത്ത് ആയിത്തക്കാളിക്കാവിൽ നിവേദിച്ച പായസം വാങ്ങാന്‍ എല്ലാ ചൊവ്വാഴ്ചകളിലും ഞാനും കൂടെ പോകുമായിരുന്നു. അങ്ങനെ ഒരു നടത്തത്തിനിടയിലാണ് നായാടിമലയുടെ കഥ മുത്തശ്ശി അടക്കിയ ശബ്ദത്തില്‍ എന്നിലേക്ക് പകര്‍ന്നത്. മുത്തശ്ശിയോട് ഇതൊക്കെ മുത്തശ്ശിയുടെ അമ്മ പറഞ്ഞതാണത്രെ. മലയുടെ മറുവശത്തെ ചരിവിൽ നായാടികള്‍ പാര്‍ത്തിരുന്നുവെന്നും അങ്ങനെയാണ് മലക്ക് ആ പേര് കിട്ടിയതെന്നും അന്ന് മുത്തശ്ശി പറഞ്ഞു കിട്ടിയ അറിവാണ്. അവര്‍ക്ക് പകല്‍ വെളിച്ചത്തിൽ ഇപ്പുറത്തെ നാട്ടുവഴികളിൽ പ്രവേശനമില്ലായിരുന്നെന്നും, കണ്ണില്‍പെട്ടാൽ ഭഗവതിയുടെ നേരെയോ തട്ടകത്തിലെ ഭഗവതിയുടെ മക്കള്‍ക്ക്‌ നേരെയോ കണ്ണോടുകണ്ണ് നോക്കാതെ കുനിഞ്ഞു നില്‍ക്കണമെന്നുമായിരുന്നു ചട്ടമെന്നും മുത്തശ്ശിയുടെ കഥയുടെ ആമുഖത്തിലെവിടെയോ ആണ് പറഞ്ഞുവെച്ചത്. എന്നാലും അവരെ ദേശക്കാര്‍ ഒരിക്കലും പട്ടിണിക്കിട്ടിരുന്നില്ലെന്നതും കൂട്ടിച്ചേര്‍ക്കാ൯ മുത്തശ്ശി മറന്നിരുന്നില്ല.

ആഴ്ചയിലൊരു ദിവസം അവരില്‍ മൂത്തവ൯ കരിമ്പാറയുടെ മുകളിൽ കയറി കൂകി വിളിക്കുമായിരുന്നുവത്രേ.

“വല്ല്യമ്പ്രാനേയ്…. വല്യമ്പ്രാട്ട്യേയ്…. നാഴ്യാരി മുക്കാലേ..”
ആ വിളികേട്ടാല്‍ ദേശക്കാർ അരിയും മുളകും പുളിയും എണ്ണയും മുക്കാല്‍പണവും മലയുടെ താഴ്വാരത്തിൽ കൊണ്ടുവന്നിടും. മരിച്ചവരുടെ വസ്ത്രങ്ങളും വക്കുപൊട്ടിയ പാത്രങ്ങളും ചിലപ്പോൾ കൂട്ടത്തില്‍ കൂടുന്നത് കുട്ടിയായിരുന്ന മുത്തശ്ശി കണ്ടിട്ടുണ്ടത്രെ. രാത്രിയുടെ ഇരുട്ടിൽ ആളൊഴിഞ്ഞ നേരത്തേ മലയുടെ ഇപ്പുറം താണ്ടി അതൊക്കെ എടുത്തുകൊണ്ടുപോകാ൯ അവര്‍ക്ക് അനുവാദമുള്ളൂ. ആരെയും കാണാതെ ആരുടേയും കണ്ണിൽ പെടാതെ അർദ്ധരാത്രി അങ്ങനെ ഇപ്പുറം വരാ൯ മാടനേയും മുനിയേയും ഒന്നും പേടിയില്ലാത്ത അവര്‍ക്കെ വയ്ക്കൂ എന്നാണ് ആരെങ്കിലും സാധനങ്ങളൊക്കെ എടുത്തോണ്ട് പോയാലോ എന്ന എന്റെ ചോദ്യത്തിന് അന്ന് മുത്തശ്ശി മറുപടി പറഞ്ഞത്. അമ്മയൊക്കെ വലുതായപ്പോഴേക്കും അവര്‍ വീടിന്റെ പടിക്കൽ വന്നു തുടങ്ങിയെന്ന് മുത്തശ്ശി തന്നെയാണ് അല്പം നീരസത്തോടെ പറഞ്ഞിരുന്നത്. അമ്മ അകലെ പടിപ്പുരക്ക് പുറത്ത് അരിയും സാധനങ്ങളും വെക്കുമ്പോൾ കറുത്ത സഞ്ചിയും തോളത്തിട്ടു വരുന്നയാള്‍ അല്പം മാറി നില്‍ക്കും. അമ്മ എല്ലാം നിലത്ത് വെച്ച് പിന്നോട്ട് മാറി പടിപ്പുരവാതിൽ അടയ്ക്കുമ്പോൾ അയാള്‍ എല്ലാം വാരിക്കൂട്ടി സഞ്ചിക്കകത്തിട്ട് കെട്ടി തോളത്തിടും. പിന്നെ ഉറക്കെ എന്‍റെയും, പേടിച്ച് മുത്തശ്ശിയുടെ കാലിൽചുറ്റി മറഞ്ഞ് നില്‍ക്കുന്ന ഓപ്പോളുടേയും പേര് പറഞ്ഞ് ഉറക്കെ പ്രാകാ൯ തുടങ്ങും. ഞങ്ങള്‍ക്ക് നല്ലത് വരാനാണത്രേ അയാളെക്കൊണ്ട് പ്രാകിക്കുന്നത്. എന്നാലും അയാൾ പടിപ്പുരക്ക് പുറത്തുവരെ വരുന്നത് മുത്തശ്ശിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.

“ഇവറ്റകളൊന്നും ഒരുകാലത്ത് ആ മലക്കിപ്പുറം ചവിട്ടില്ലായിരുന്നു. ചവിട്ടാന്‍ ധൈര്യം കാട്ടിയ ഒരുത്തനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയ ഒരു കാലണ്ടാര്‍ന്നു. ഇപ്പൊ എന്ത് വേണെങ്കിലും ആവാന്നായി. ആരേം പേടീല്ലാന്നായി. മുപ്പതടി അപ്പറത്ത് മാറി നിക്കണ്ടവനാ കണ്ടില്ലേ നമ്മളെ കണ്ടിട്ടും ഇപ്പൊ ദൂരം മാറാണ്ടെ അവടത്തന്നെ നിക്കണേ” തിരിച്ചുള്ള മുത്തശ്ശിയുടെ പ്രാക്ക് പടിക്കല്‍ വരെ കേള്‍ക്കും. പിന്നെ പിന്നെ അയാള്‍ വരാതായി. മുത്തശ്ശിയും ഓര്‍മയായി.

കെട്ടിത്തൂക്കിയ കഥയും പലതവണ ആയിത്തക്കാളിക്കാവിലേക്കുള്ള യാത്രകള്‍ക്കിടയിൽ തന്നെയാണ് മുത്തശ്ശി പറഞ്ഞിരുന്നത്.

നായാടിമലക്കപ്പുറത്ത് നിന്ന് ഒരു ചോരത്തിളപ്പുകാര൯ മല ഇറങ്ങി ഇപ്പുറം വന്ന് അഹമ്മതി കാട്ടിയത്രെ. അവന്‍ ഭഗവതികാവിലെത്തി ക്ഷേത്രക്കുളത്തിൽ നീന്തിക്കുളിച്ചു. ഭാഗ്യത്തിന് റാന്തല്‍ വിളക്കുമായി അര്‍ദ്ധരാത്രി അതുവഴി വന്ന ശുപ്ര൯ എമ്പ്രാന്തിരീടെ കണ്ണിലാ അവ൯ പെട്ടതെന്നു പറയുമ്പോള്‍ മുത്തശി ഉറക്കെ തലയാട്ടി ചിരിക്കും. അര്‍ദ്ധരാത്രി കഴിഞ്ഞു മൂക്കത്തെ മാതുമ്മേടെ പത്തായപ്പെര വീട്ടിൽപ്പോയിട്ടുള്ള വരവായിരുന്നൂത്രേ എമ്പ്രാന്തിരി എന്ന് അല്പം ശൃംഗാരം കലര്‍ത്തിയുള്ള മുത്തശ്ശിയുടെ വിസ്താരം കാണേണ്ട കാഴ്ച തന്നെയായിരുന്നു. എമ്പ്രാന്തിരി വിളിച്ചു കൂവി ആളെ കൂട്ടിയതും കരിവീട്ടിപോലെ കരുത്തുള്ള ധിക്കാരിയെ ദേശക്കൂട്ടക്കാർ ചേര്‍ന്ന് തല്ലിക്കൊന്നു നായാടിപ്പാറയുടെ മുകളിലെ ഇലഞ്ഞി മരത്തിൽ കെട്ടിത്തൂക്കിയതും മുത്തശ്ശി നേരിൽ കണ്ടതുപോലെ വിവരിക്കും. അതോടെ ആ കൂട്ടരൊക്കെ പേടിച്ച് അവിടം വിട്ട് പോയെന്നും, മാര്‍ഗംകൂടി  മതം മാറി ക്രിസ്ത്യാനികളായി അന്യനാട്ടിലെവിടെയോ താമസമായെന്നും ഒക്കെ മുത്തശ്ശിക്ക് ആരൊക്കെയോ പറഞ്ഞുകേട്ട അറിവായിരുന്നു. അയിത്തക്കാര്‍ കുളിച്ച് അശുദ്ധമാക്കിയത് കൊണ്ടാണത്രേ ഭദ്രകാളിക്കാവിന് ആയിത്തക്കാളിക്കാവ് എന്ന് പേര് മാറിയത്. പിന്നെപ്പോഴോ ആയിത്തക്കാളി പുറത്തെക്കാവിലെ പ്രതിഷ്ഠയായി മാറി ഇരുന്നെന്നും കാളിയുടെ സഹോദരി ശാന്തമൂർത്തി അകത്തേക്കാവിൽ ഭഗവതിചൈതന്യമായി കുടിയിരുന്നു എന്നും ഐതിഹ്യം.

ഇടക്കെപ്പഴോ ആലോചനകള്‍ മുറിഞ്ഞ എന്‍റെ കണ്ണുകൾ ഞാനറിയാതെ വടക്കിലെ ചായ്പ്പിനപ്പുറത്തെ തുളസിത്തറയെ കണ്ടുമടങ്ങി. മുത്തശ്ശി അറിഞ്ഞോ ആവോ ഇന്നലെ രാത്രി നായാടിമാലയിൽ വീണ്ടും ചോര വീണത്‌.

ബലരാമ൯ കൊണ്ടുവന്ന വാര്‍ത്തയിൽ അന്നത്തെ പത്രവാര്‍ത്തകൾ മുങ്ങിപ്പോയിരുന്നു. നിവർത്താത്ത പത്രം അതേപോലെ ഉമ്മറക്കോലായിലിട്ടു. ഇനി പത്രം വായിക്കാ൯ നിന്നാൽ ആപ്പീസിൽ വൈകും. അതുമല്ല ഇന്ന് ഉച്ചക്ക് അല്പം നേരത്തെ ആപ്പീസിൽ നിന്നിറങ്ങി ബാങ്കിലും പോകേണ്ടതുണ്ട്. ഇളയവളുടെ കരുതൽ ശേഖരത്തിലേക്കായി ഇന്നലെ വാങ്ങിയതൊക്കെ ഇന്നുതന്നെ ലോക്കറിൽ വെക്കണം എന്ന് രാത്രി കൂടെക്കൂടെ ലക്ഷ്മി ഓര്‍മിപ്പിച്ചിരുന്നു. രാവിലെ നായാടിമലയിലെ വര്‍ത്തമാനം കൂടി കേട്ടപ്പോൾ ഒട്ടും അമാന്തിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നി.

എന്നിട്ടും ആപ്പീസിലെത്തുമ്പോള്‍ അല്പം വൈകി. പടി കയറിയപ്പോൾ തന്നെ പതിവില്ലാതെ എല്ലാവരും സൂപ്രണ്ടിന്റെ മുറിയുടെ വാതിൽക്കൽ കൂടി നില്‍ക്കുന്നതാണ്  കണ്ടത്.

“സാറ് അറിഞ്ഞില്ലേ? സാറിന്റെ നാട്ടിലല്ലേ നടന്നിരിക്കണത്”.

പുറത്തേക്കിറങ്ങി വന്ന ക്ലാര്‍ക്ക് ശിവരാമ൯ ചോദിച്ചു.

“എന്ത്? മാവോയിസ്റ്റിന്റെ കാര്യാണോ?”

“അതന്നെ. മരിച്ചത് ആരാന്ന് അറിഞ്ഞോ?”

“ഇല്ല. ആളെ തിരിച്ചറിഞ്ഞോ?”

“നമ്മടെ ശിപായി തോമടെ അപ്പനാത്രേ അത്. അയാള്‍ ഇന്നലെ ആ ഭാഗത്ത്‌ ഏതോ ക്ഷേത്രത്തിലിക്ക് പോയിരുന്നൂന്ന് പറയ്‌ണ് ണ്ട്. കൃസ്ത്യാനി എപ്പഴാവോ ക്ഷേത്രത്തിലൊക്കെ പോവാ൯ തൊടങ്ങ്യേ. എന്ത് പറയ്‌ണോ ആവോ. ആര്‍ക്കറിയാ”

“തോമടപ്പനോ?! അതിന് അയാള് മാവോയിസ്റ്റാ?” ശിവരാമനിൽ നിന്ന് കേട്ടത് എനിക്ക് ഒട്ടും വിശ്വാസമായില്ല.

“ആ…”

ശിവരാമനും വിശ്വാസമായിട്ടില്ലെന്ന് എനിക്ക് തോന്നി.

സൂപ്രണ്ടിന്റെ മുറിയിൽ പോലീസിന്‍റെ വാര്‍ത്താസമ്മേളനം കാണുകയായിരുന്നു എല്ലാവരും. ചാനലുകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി സൂപ്രണ്ട് സാർ ഏറ്റവും ലേറ്റസ്റ്റ് ബ്രേകിംഗ് ന്യൂസിനായി തിരഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്ന വര്‍ക്കിയെന്ന ഒരു പ്രധാനിയെ ആണത്രേ പോലീസ് വെടിവെച്ചത്. അയാള്‍ ഇങ്ങോട്ട് ആക്രമിച്ചപ്പോൾ തിരിച്ച് വെടിവെക്കുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് വിശദീകരിക്കുന്നുണ്ടായിരുന്നു. അക്രമിയില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളും ക്യാമറകള്‍ക്ക് മുന്‍പിൽ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിരുന്നു. മുപ്പതുണ്ടകൾ വര്‍ക്കിയുടെ ശരീരത്തിൽ തുളച്ചു കയറിയതായി സ്ക്രോളിങ്ങ് ന്യൂസ്‌ അടിയിൽ എഴുതി വന്നു. മലകയറി പോവുന്ന വര്‍ക്കിയെ താ൯ കണ്ടെന്നും അയാളുടെ തോളിൽ എന്തോ തോക്കുപോലുള്ള സാധനം തൂക്കി ഇട്ടിട്ടുണ്ടായിരുന്നെന്നും ഒരു കണ്ടമുത്ത൯ എന്ന നാട്ടുകാരന്‍ സാക്ഷിമൊഴി കൊടുത്തിട്ടുണ്ടെന്ന് ഏതോ പത്രക്കാരന്റെ ചോദ്യത്തിനുത്തരമായി പോലീസ് സൂപ്രണ്ട് മറുപടി പറയുന്നതും കേട്ടു. സ്ക്രീനില്‍ വാര്‍ത്ത മാറിയപ്പോൾ മെല്ലെ റജിസ്റ്ററിൽ ഒപ്പിട്ട് ഞാ൯ എന്റെ ഇരിപ്പിടത്തിലേക്ക് നടന്നു. ഷര്‍ട്ട്‌ പോക്കറ്റിൽ ലോക്കറിന്റെ ചാവി ഉണ്ടെന്ന്  ഒരിക്കല്‍ കൂടി തപ്പിനോക്കി ഉറപ്പു വരുത്തി പതിവിലുമധികം പ്രസാദത്തോടെ ഫയലുകൾ തുറക്കാ൯ തുടങ്ങിയപ്പോഴാണ് സൂപ്രണ്ട് വീണ്ടും വിളിപ്പിച്ചത്.

അകത്ത് ചെന്നപ്പോള്‍ സൂപ്രണ്ട് ഫോണിലായിരുന്നു. ഇരിക്കാന്‍ ആംഗ്യം കാട്ടിയപ്പോള്‍ എതിരിലുള്ള കസേരയിൽ ഞാനിരുന്നു. ഫോണിലെ സംഭാഷണത്തിനിടയില്‍ സൂപ്രണ്ടിന്‍റെ മാറിവരുന്ന മുഖഭാവങ്ങളില്‍നിന്ന്‍ അപ്പുറത്തുനിന്നു വരുന്നത് സമാധാനിക്കാനുള്ളതൊന്നുമാവില്ലെന്ന് ഞാന്‍ ഊഹിച്ചെടുത്തു.

ഫോണ്‍ കട്ട് ചെയ്ത് തൂവാല കൊണ്ട് മുഖം തുടച്ച് സൂപ്രണ്ട് സാർ എന്നെ നോക്കി.

“നാരായണന്‍ നായരെ, നമ്മുടെ തോമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് വര്‍ക്കിയെ ഒളിപ്പിച്ചതിന്റെ പേരിലാണത്രെ. നായര് ഒരു കാര്യം ചെയ്തോളൂ. തോമയുടെ സസ്പെന്‍ഷ൯ ഓര്‍ഡർ റെഡിയാക്കിക്കോളൂ. ഉച്ചക്ക് മുന്‍പ് തന്നെ വേണം”

ശരിയെന്ന് തലകുലുക്കി ഞാ൯ ധൃതിയിൽ സീറ്റിലേക്ക് നടന്നു. അല്പം നേരത്തെ ഇറങ്ങി ബാങ്കിൽ പോകാനുള്ളതാണ്. ഉച്ചക്ക് മുന്‍പ് ഓര്‍ഡർ റെഡിയാക്കി ഒപ്പിടീക്കണം. കീബോര്‍ഡിലെ അക്ഷരങ്ങളിൽ എന്റെ വിരലുകള്‍ പതിവിലും വേഗത്തിൽ ഓടിത്തുടങ്ങി. സസ്പെന്‍ഷ൯ ലെറ്ററിലെ  അക്ഷരങ്ങള്‍ കമ്പ്യൂട്ടർസ്ക്രീനിൽ തെളിഞ്ഞു തുടങ്ങിയപ്പോൾ എന്റെ മുഖത്തും കാരണമില്ലാതെ ഒരു മുത്തശ്ശിച്ചിരി നുരഞ്ഞു.

📝

സുരേഷ് കോടൂര്‍ 

പാലക്കാട് സ്വദേശി. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും അമേരിക്കയിലെ ഫീനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദവും നേടി. ഭാഭ അണുശക്തി കേന്ദ്രത്തില്‍ ആണവ ശാസ്ത്രജ്ഞനായും അമേരിക്കയിലെ എ.ടി ആന്റ് ടി, സണ്‍ മൈക്രോസിസ്റ്റംസ് എന്നിവയിലുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി ഐ.ടി കമ്പനികളില്‍ എക്സിക്യുട്ടീവ്‌ മാനേജ്മെന്റ് തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡ്വിന്‍ ടെക്‌നോളജീസ് എന്ന ഐ.ടി. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. സജീവ രാഷ്ടീയ സാംസ്‌കാരിക പ്രവര്‍ത്തകനും, പ്രഭാഷകനും, കഥാകൃത്തും കൂടിയാണ്. ബെംഗളൂരുവില്‍ സ്ഥിരതാമസം. കൃതികള്‍: മേലേടത്തേക്ക് ഒരു അതിഥി (കഥകള്‍), പ്രക്ഷുബ്ധം ഈ വര്‍ത്തമാനം (ലേഖനങ്ങള്‍).

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.