ജയ് ഭീം – ഇന്ത്യന്‍ ജാത്യാധികാരത്തെ വെല്ലുവിളിക്കുന്ന സിനിമ; ജി.പി. രാമചന്ദ്രന്‍

ബെംഗളൂരു: ആധുനിക മാധ്യമമായ സിനിമ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുമ്പോള്‍ തന്നെ മാറ്റങ്ങളുടെ പ്രേരക ശക്തിയാണെന്നും, ഇന്ത്യന്‍ ഫാസിസത്തിന്റെ സാംസ്‌കാരിക അടിത്തറയായ ജാത്യാധികാരത്തെ വെല്ലുവിളിക്കുന്ന സിനിമയാണെന്നതാണ് ജയ് ഭീമിന്റെ സവിശേഷതയെന്നും പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ജി പി രാമചന്ദ്രന്‍ പറഞ്ഞു. ജയ് ഭീം – സിനിമയിലെ ഇടിമുഴക്കം എന്ന വിഷയത്തെ ആധാരമാക്കി സി.പി.എ.സി ബെംഗളൂരു സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റക്ക് കാണുമ്പോള്‍ പോലും സിനിമ ഒരു സാമൂഹ്യ മാധ്യമമാണ്. മുതലാളിത്തത്തിന്റെ കലാ നിയമങ്ങള്‍ പാലിച്ചു കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണെങ്കിലും ജയ് ഭീം വേറിട്ടു നില്‍ക്കുന്ന സിനിമയാണ്. അതിലെ നായകനെ അതിമാനുഷനാക്കാന്‍ ശ്രമിക്കുന്നില്ല. സ്ത്രീ ശരീരത്തെ ആണ്‍കാഴ്ച്ചയുടെ രീതിയിലേക്ക് കൊണ്ടു വരുന്നില്ല. പല സിനിമകളിലും കണ്ടു വരുന്നപോലെ പോലീസിനെ ഗ്ലാമറൈസ് ചെയ്യുകയോ മഹത്വവല്‍ക്കരിക്കുകയോ ചെയ്യുന്നില്ല. മറിച്ച് പോലീസ് വാഴ്ചയും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നേര്‍ക്കുള്ള പോലീസ് സംവിധാനത്തിന്റെ അധികാരപ്രയോഗങ്ങളും ക്രൂരതകളും ജയ് ഭീം തുറന്നു കാണിക്കുന്നു. നായകന് വാണിജ്യ സിനിമകളില്‍ അനിവാര്യമായ പ്രണയവും വീരസാഹസികതയും ഈ ചിത്രത്തില്‍ ഇല്ല. എന്നിട്ടും ജയ് ഭീം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഇരകളാക്കുന്ന ഭരണകൂടഭീകരതയെ മനുഷ്യ മനസ്സില്‍ ഇടിമുഴക്കം ഉണ്ടാക്കും വിധത്തില്‍ ആവിഷ്‌ക്കരിക്കുന്നു എന്നതാണ് ജയ്ഭീമിന്റെ വിജയം.

ദ്രാവിഡ രാഷ്ട്രീയമാണ് കുറെക്കാലമായി തമിഴ് സിനിമകളില്‍ സ്വാധീനം ചെലുത്തിയിരുന്നത്. എം. കരുണാനിധി സംഭാഷണം എഴുതിയ വളരെ പ്രശസ്തമായ പരാശക്തി പോലുള്ള സിനിമകള്‍ ആ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. വെട്രി മാരന്റെ വടചെന്നൈ, ആടുകാലം, വിസാരണൈ, അസുരന്‍, പ. രഞ്ജിത്തിന്റെ കാല, കബാലി, സര്‍പ്പാട്ട് പരമ്പരയ്, തുടങ്ങിയ സിനിമകള്‍ തമിഴ് സിനിമയില്‍ വലിയ മാറ്റങ്ങളുടെ പാത തുറന്നു. ആ പരമ്പരയില്‍ ജ്ഞാനവേലിന്റെ ജയ് ഭീം, സിനിമയിലെ ഇടി മുഴക്കമായിത്തീര്‍ന്നു.

ലെഫ്റ്റ് വേര്‍ഡ് പ്രസിദ്ധീകരിച്ച ‘Listen to my case! When Women Approach the courts of Tamil Nadu’ (എന്റെ കേസ് ശ്രദ്ധിക്കുക! സ്ത്രീകള്‍ തമിഴ് നാട്ടിലെ കോടതികളെ സമീപിക്കുമ്പോള്‍) എന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ പുസ്തകത്തിലെ ഒരു അനുഭവ കഥയാണ് ജയ് ഭീമിന് ആധാരം.

അക്ഷരഭ്യാസമില്ലാത്ത, റേഷന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐ ഡി യോ ഇല്ലാത്ത, സ്വകാര്യ ജീവിതത്തിന് അവസരമില്ലാത്ത എന്തു ചെയ്താലും ആരും ചോദിക്കാനും പറയാനുമില്ലെന്ന് അറിയാവുന്ന കീഴാളരെ പോലീസ് ലോക്കപ്പിലെ ഭീകര മര്‍ദ്ദനത്തിലൂടെ ചെയ്യാത്ത കുറ്റം ചെയ്തു എന്ന് സമ്മതിപ്പിച്ച് ജയിലില്‍ ഇടുന്നത് തമിഴ്‌നാട്ടില്‍ സര്‍വ്വ സാധാരണമായിരുന്ന കാലത്ത് ആ നിരപരാധികള്‍ക്ക് നീതി ലഭ്യമാക്കാന്‍ സി പി എം പ്രവര്‍ത്തകരോടൊപ്പം തെരുവിലും അഭിഭാഷകന്‍ എന്ന നിലയില്‍ കോടതിയിലും പൊരുതിയ ചന്ദ്രുവിന്റെ സമര കഥ കൂടിയാണ് ജയ് ഭീം. (അത് കൊണ്ടാണ് ജയ് അംബേദ്കര്‍ എന്നാണ് ശീര്‍ഷകമെങ്കിലും ചെങ്കൊടിയും സി പി എം പ്രവര്‍ത്തകരും സിനിമയുടെ ഭാഗമായത്).

ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ് നടത്തിയ ക്രൂര മര്‍ദ്ദനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട രാജാക്കണ്ണ്, പോലീസ് ലോക്കപ്പില്‍ നിന്ന് ഒളിച്ചോടിയെന്ന് പോലീസ് ഭാഷ്യം ചമയ്ക്കുന്നു. തന്റെ ഭര്‍ത്താവിനെ പോലീസ് കൊല്ലാക്കൊല ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുള്ള രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതി (സിനിമയില്‍ സെങ്കനി) തനിക്ക് നീതി ലഭ്യമാക്കാന്‍ കമ്മപുരത്തെ സി പി എം പ്രവര്‍ത്തകനായ ഗോവിന്ദനെ സമീപിക്കുന്നു. ഇതിന് വേണ്ടി സി പി എം പ്രവര്‍ത്തകര്‍ നടത്തിയ സമരം ജില്ലാ കമ്മിറ്റിയും തുടര്‍ന്ന് സ്റ്റേറ്റ് കമ്മിറ്റിയും ഏറ്റെടുത്തതിന്റെ ഫലമാണ് ഹൈ ക്കോടതി അഭിഭാഷകനായ ചന്ദ്രു ഈ കേസ് ഏറ്റെടുത്തത്. കീഴാളരെ എഴുതാനും വായിക്കാനും പഠിപ്പിക്കാന്‍ സന്നദ്ധ സേവനം നടത്തുന്ന മൈത്ര എന്ന അദ്ധ്യാപികയാണ്, പാര്‍വ്വതിക്ക് സി പി എം പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിയത്. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി വരുന്നത് വരെ, ഉറച്ചു നിന്ന ദരിദ്രരില്‍ ദരിദ്രയായ പാര്‍വ്വതി ഒരു ഉജ്ജ്വല സ്ത്രീ മാതൃകയാണ്.

അഡ്വ.ചന്ദ്രു, ജസ്റ്റിസ് ചന്ദ്രുവായതിന് ശേഷമാണ് അദ്ദേഹത്തിന്റെ അനുഭവ കഥ പ്രസിദ്ധീകരിച്ചത്. പാര്‍വ്വതിക്ക് വേണ്ടി സൗജന്യമായാണ് ചന്ദ്രു കേസ് വാദിച്ചതെന്ന് മനസ്സിലാക്കിയ കോടതി, അന്ന് അദ്ദേഹത്തിന് സര്‍ക്കാര്‍ അഞ്ചായിരം രൂപ വക്കീല്‍ ഫീസായി നല്‍കണമെന്നും വിധി പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തുക അനുവദിച്ചു കിട്ടിയപ്പോള്‍ ആ തുക അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംഭാവനയായി അതിന്റെ ഭാരവാഹിയും സി പി എം നേതാവുമായ മൈഥിലി ശിവരാമന് നല്‍കുകയായിരുന്നു.

സിനിമയുടെ ആദ്യ ദൃശ്യം തന്നെ സംഭവത്തിന്റെ തീവ്രതയിലേക്ക് പ്രേക്ഷകരെ കൊണ്ടു പോകും വിധമായിരുന്നു ആവിഷ്‌ക്കരിച്ചത്. തങ്ങള്‍ക്ക് പങ്കില്ലാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തു വരുന്ന കീഴാളവിഭാഗക്കാരെ ജാതി ചോദിച്ചു വേര്‍തിരിച്ചു വീണ്ടും പുതിയ കേസില്‍ പ്രതികളാക്കാന്‍ കൊണ്ടു പോകുന്ന രംഗം ഇന്ത്യയിലെ ദളിത് സമൂഹം നേരിടുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്. കീഴാള ജീവിതത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സ്‌നേഹ വാത്സല്യ പ്രകടനങ്ങളും സിനിമക്ക് വിഷയമാക്കുന്ന അത്യപൂര്‍വ്വ കാഴ്ചയും ജയ് ഭീമിലുണ്ട്.

ജാത്യാഹങ്കാരത്തിന്റെയോ, പൗരാണിക ഹിന്ദുത്വത്തിന്റെയോ, മനുവാദത്തിന്റെയോ വര്‍ണ്ണാശ്രമ വ്യവസ്ഥയുടെയോ സംസ്‌കാരത്തിന്റെ തുടര്‍ച്ചയല്ല വേണ്ടതെന്നും, ഭരണഘടനയും നിയമവ്യവസ്ഥയും ഉപയോഗിച്ചു കൊണ്ട് ആധുനിക ഇന്ത്യക്ക് വേണ്ടി നില കൊള്ളുകയാണ് വേണ്ടതെന്നും മികച്ച ആവിഷ്‌കരത്തിലൂടെ പറയാന്‍ കഴിഞ്ഞതാണ് ജയ് ഭീമിന്റെ വിജയമെന്ന് ജി പി രാമചന്ദ്രന്‍ പറഞ്ഞു.

ജയ് ഭീമില്‍ ചെറിയ വേഷം ചെയ്ത, സി.പി,എ.സി, മദിരാശി കേരള സമാജം എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നടനും സംവിധായകനുമായ ഉദയ കുമാര്‍ ജയ്ഭീമിലെ അഭിനയ അനുഭവം പങ്കു വെക്കുകയും പ്രശസ്ത നടന്‍ പ്രകാശ് രാജിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നാടക-സാമൂഹ്യ പ്രവര്‍ത്തകനായ ലത്തീഫ്, അധ്യാപിക ഡോ.സുഹാസിനി, ആത്മന എന്ന ഹൃസ്വ ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിച്ച എ.കെ വത്സലന്‍, ബെംഗളൂരു പു.ക.സ പ്രസിഡന്റ് സുരേഷ് കോടൂര്‍, സെക്രട്ടറി സുദേവന്‍, എം എസ് ചന്ദ്രശേഖരന്‍, ശാന്തകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.പി.എ.സി പ്രസിഡന്റ് സി കുഞ്ഞപ്പന്‍ സ്വാഗതവും, സെക്രട്ടറി ഗിരീഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. ഡെന്നിസ് പോള്‍ അധ്യക്ഷത വഹിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.