കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിജയം കണ്ടത് അന്നം തരുന്ന കര്‍ഷകന്റെ പോരാട്ട വീര്യം

ജോമോൻ സ്റ്റീഫൻ

ഇന്ത്യൻ കർഷകരുടെ ഐതിഹാസിക പോരാട്ടത്തിനൊടുവിൽ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പതിനാലു മാസത്തിലധികം നീണ്ടു നിന്ന, എഴുനൂറിലധികം കർഷകരുടെ ജീവൻ ബലികൊടുത്തുകൊണ്ട് രണ്ടും കല്പിച്ചു ഉജ്ജ്വല സമരം നടത്തിയ, ജീവന്റെ വിലയുള്ള, പ്രതിസന്ധിയിൽ തളരാത്ത പോരാട്ടത്തിന്റെ വിജയമെന്ന് കർഷക സംഘടനകൾ.

ഗുരുനാനാക്ക് ജന്മ ദിനത്തിലാണ്, രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി സുപ്രധാന പ്രഖ്യാപനം നടത്തിയത്. ബിൽ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാൻ ഗുരുനാനാക്ക് ജന്മദിനം തന്നെ തെരെഞ്ഞെടുത്തതിലെ കൗശലം ചർച്ചയായിട്ടുണ്ട്. പഞ്ചാബ് തെരെഞ്ഞെടുപ്പിനു മാസങ്ങൾ ബാക്കി നിൽക്കെ സമരത്തിന് മുന്നിൽ നിൽക്കുന്ന സിഖ് ജനവിഭാഗങ്ങളെ കൈയ്യിലെടുക്കാനാണ് മോദിജി ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു
ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടി

2020 സെപ്റ്റംബറിൽ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്നാണ് മോഡി ആവശ്യപ്പെട്ടത്. എന്നാൽ പാർലമെന്റിനെ നോക്കുകുത്തിയാക്കി വലിയ ബഹളങ്ങൾക്കു ഒടുവിൽ എടുത്ത തീരുമാനത്തിൽനിന്നും പിന്നോട്ട് പോകുന്നത് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടിയാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നു. ബി.ജെ.പി കേന്ദ്രങ്ങളുടെ കണക്കുകൂട്ടലുകൾക്കു വിരുദ്ധമായി കർഷക സമരം ആളിപടർന്നതും വരാൻ പോകുന്ന പഞ്ചാബ്, യു.പി. തെരെഞ്ഞെടുപ്പിൽ ഗണ്യമായി ബാധിക്കും എന്ന തിരിച്ചറിവും സംഘപരിവാർ കേന്ദ്രങ്ങളെ പുനർ ചിന്തനത്തിനു പ്രേരിപ്പിച്ചു. പരിവാർ ബുദ്ധികേന്ദ്രമായ ആർ.എസ്.എസ്. കർഷക സമരം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി തെരെഞ്ഞെടുപ്പിൽ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി.

ഏഴു വർഷത്തെ ബി.ജെ.പിയുടെയും പ്രധാന മന്ത്രി മോദിയുടെയും ഭരണ കാലയളവിൽ ഉണ്ടായ കനത്ത തിരിച്ചടിയാണ് കർഷക ബിൽ പിൻവലിക്കാനുള്ള തീരുമാനം എന്നതിൽ സംശയമില്ല.

കാർഷിക ബില്ലിന്റെയും സമരത്തിന്റെയും നാൾവഴികൾ
 • 2020 സെപ്തംബറിൽ പാർലമെന്റിൽ വിവാദ ബിൽ അവതരിപ്പിച്ചു.
 • സെപ്റ്റംബർ 17 നു കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധം ആരംഭിച്ചു.
 • പഞ്ചാബിൽ ട്രെയിൻ തടഞ്ഞുകൊണ്ടാണ് കർഷകർ സമരം തുടങ്ങിയത്.
 • നിയമത്തിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു.
 • സെപ്തംബർ 28ന് ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ കർഷക പ്രക്ഷോഭം.
 • 2020 ഒക്ടോബർ-ഡൽഹി അതിർത്തികളിലേക്ക് സമര ഭടന്മാർ എത്തിച്ചേർന്നു. സിംഗു, ഗാസിപുർ, ഷാജഹാൻപുർ എന്നി സ്ഥലങ്ങളിൽ കേന്ദ്രികരിച്ചും സംഘടിച്ചും കർഷകർ പ്രതിഷേധം തുടങ്ങി. പിന്നീട് നിരവധിയായ സമര പോരാട്ടങ്ങൾക്കാണ് ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടന്നത്.
 • ഒക്ടോബർ 11ന്, കേന്ദ്ര സർക്കാർ വിളിച്ച ചർച്ച കർഷകർ ബഹിഷ്കരിച്ചു.
 • ഡിസംബർ എട്ടിന് 13 കർഷക സംഘനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി.
 • ഡിസംബർ 24ന് രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
 • ജനുവരി 26ന് ഡൽഹിയിലെ ചെങ്കോട്ടയിലേക്കു കർഷകരുടെ ട്രാക്ടർ മാർച്ച്.
 • ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നിരവധി അനിഷ്ട സംഭവങ്ങൾ.
 • 2021 ഓഗസ്റ്റ് 29ന് ഹരിയാനയിലെ കർണാലിൽ ഉണ്ടായ ലാത്തിച്ചാർജിൽ കർഷകൻ മരിച്ചു.
 • സുപിം കോടതിയുടെ ഇടപെടൽ
 • 2021 ഒക്‌ടോബർ മൂന്നിന് യു. പി യിലെ ലഖിംപൂർ ഖേരിയിൽ സമരം നടത്തുന്നവരുടെ ഇടയിലേക്ക് കാറുകൾ ഇടിച്ചു കയറ്റി, എട്ട് പേർ കൊല്ലപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയും കൂട്ടാളികളും അറസ്റ്റിൽ
 • 2021 നവംബർ 19 -കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
വിവാദ കാർഷിക ബില്ലുകൾ

തികഞ്ഞ ലാഘവത്തോടെയാണ് 2020 സെപ്റ്റംബർ മാസത്തിൽ മൂന്ന് ഓർഡിനൻസുകളാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.

 1. ഫാർമേർസ് എംപവർമെന്‍റ് ആൻഡ് എഗ്രിമെന്‍റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020
 2. ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബിൽ 2020
 3. എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെൻറ്) ആക്ട് 2020
 കാര്‍ഷിക ബില്ല്-കർഷകരുടെ എതിര്‍പ്പിന് കാരണം എന്ത്?

1. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങൾക്ക് അര്‍ഹമായ വില ഉറപ്പു വരുത്തുന്ന, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി)കള്‍ വഴിയാണ് ഇപ്പോൾ കര്‍ഷകര്‍ അവരുടെ കാർഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എ.പി.എം.സികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും, പിന്നീട് ഈ ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നതും ഈ കമ്മിറ്റി വഴിയാണ്.

ഫാർമേർസ് എംപവർമെന്‍റ് ആൻഡ് എഗ്രിമെന്‍റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020, നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ന്യായീകരണം.

എന്നാല്‍ എ.പി.എം.സികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിൽക്കാൻ പുതിയ വിപണി കണ്ടെത്തേണ്ടിവരും. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്, പക്ഷെ ഫലത്തിൽ അത് കോര്‍പ്പറേറ്റുകള്‍ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച്, കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ വാദിക്കുന്നത്.

2. ഫാർമേർസ് എംപവർമെന്‍റ് ആൻഡ് എഗ്രിമെന്‍റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020- ഈ ബില്ല് വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്നു.

സാധാരണക്കാരും ഗ്രാമീണരുമായ കര്‍ഷകർ കോര്‍പ്പറേറ്റുകളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ എത്രത്തോളം അവർക്കു മനസിലാകും അല്ലെങ്കിൽ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കും എന്ന ചോദ്യവും ആശങ്കയും ഉയരുന്നുണ്ട്. കൊടുക്കൽ വാങ്ങലിന്റെ ഭാഗമായി കോര്‍പ്പറേറ്റുകളുമായി
കരാറിലേര്‍പ്പെടുമ്പോള്‍ കടബാധ്യതയുണ്ടാകാന്‍ സാധ്യത ഉണ്ട്. നിയമപരമായ പ്രശ്‍നങ്ങളുടെ നൂലാമാലകളിൽ സാധാരണക്കാരായ കര്‍ഷകര്‍ ഏറ്റുമുട്ടേണ്ടത് വന്‍കിട കോര്‍പ്പറേറ്റുകളുമായാണ്.

ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അധ്വാനിക്കുന്ന കര്‍ഷകൻ വന്‍കിട വ്യവസായികളുമായി നിയമയുദ്ധത്തിനു പോകുക അസാധ്യം. ഈ ബില്ല് കർഷകന്റെ വില പേശൽ ശേഷി ഇല്ലാതാക്കും. അതോടെ കർഷക ഉത്പന്നങ്ങളുടെ താങ്ങുവിലയും ഇല്ലാതാകും.

ഇപ്പോഴത്തെ നിലയിൽ, മാര്‍ക്കറ്റില്‍ ഒരു കാര്‍ഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകും. എന്നാല്‍ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ പിന്നെയും കടക്കെണിയിലാകും.

3. കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെൻറ്) ആക്ട് 2020.

സ്റ്റോക്ക് ഹോള്‍ഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്‍റെ മറ്റൊരു അപാകതയായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് പരിധികളില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാം. ഇത് അവശ്യ ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പിന് ഇടനൽകും, വിലക്കയറ്റത്തിനും കാരണമാകും.

സമര നേതാക്കളുടെ പ്രതികരണങ്ങൾ

മോദിജിയുടെ പ്രഖ്യാപനങ്ങളെ പൊതുവിൽ സ്വാഗതം ചെയ്‌തെങ്കിലും കർഷക നേതാക്കൾക്ക് മോദിജിയുടെ വാക്കുകളെ പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. പഞ്ചാബ്, യു. പി. തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ വന്നപ്പോൾ എടുത്ത അടവ് മാത്രമെന്ന് പല നേതാക്കളും പറയുന്നു. പാർലമെന്റിൽ ചർച്ച ചെയ്തു വിവാദ ബില്ലുകൾ പിൻവലിക്കണം, കൂടാതെ രേഖമൂലമുള്ള ഉറപ്പും വേണ -കർഷക നേതാക്കൾ ആവർത്തിച്ച് പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ച നേതാക്കളായ രാകേഷ് ടിക്കായത്, ഹനാൻ മൊള്ള, വിജു കൃഷ്ണൻ, ബൽബീർ സിംഗ്, ഡോ. ദർശൻ പാൽ തുടങ്ങിയവർ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്‌തെങ്കിലും സമരം ഉടൻ പിൻവലിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്

ചരിത്ര വിജയമാണെന്നും കര്‍ഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കര്‍ഷകരുടെ സത്യഗ്രഹത്തിന് മുന്നില്‍ ധാര്‍ഷ്ട്യം തല കുനിച്ചുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഡൽഹിയിലെ പ്രതികൂല സാഹചര്യങ്ങളിൽ അവർ പതറിയില്ല. കൊടും ചൂടിനേയും മരം കോച്ചുന്ന തണുപ്പിനെയും കോവിഡ് ഭീഷണിയെയും, പട്ടിണിയേയും കർഷകർ അതിജീവിച്ചു. സി.പി.ഐ (എം) നേതാവ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

വരും ദിന പോരാട്ടങ്ങൾക്ക് ഊർജം പകരും

രാജ്യത്തു ബി.ജെ. പിക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നീക്കങ്ങൾക്കു ഊർജം പകരുന്ന സംഭവമായിട്ടാണ്, കാർഷിക ബില്ലുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോട് വിവിധ രാഷ്ടിയ നേതാക്കളുടെ പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത്. യു. പി, പഞ്ചാബ് തെരഞ്ഞെടുപ്പുകൾ കോൺഗ്രസിന് വളരെ നിർണായകമാണ്. രാഹുൽ, പ്രിയങ്ക ഗാന്ധിമാർ കർഷകരെ അനുകൂലിച്ചു രംഗത്ത് വന്നു കഴിഞ്ഞു.
വർഗ സമര പോരാട്ടത്തിന്റെ വിജയമായിട്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർഷക സമര വിജയത്തെക്കുറിച്ചു അഭിപ്രായപ്പെട്ടത്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,മുൻ യു.പി. മുഖ്യമന്തി അഖിലേഷ് സിംഗ് യാദവ്, തുടങ്ങി വിവിധ നേതാക്കൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു.

പഞ്ചാബ്, ഉത്തർ പ്രദേശ് നിയമ സഭ തെരഞ്ഞെടുപ്പുകൾ

ഒരു വര്‍ഷത്തിലേറെ നീണ്ട കര്‍ഷ സമരത്തില്‍ 750 ഓളം കര്‍ഷകരുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. ജനവികാരം എതിരാകുന്നെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍ സമരം പിന്‍വലിക്കാന്‍ തയാറായത്. പഞ്ചാബ്, ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകൾ വരും മാസങ്ങളിൽ നടക്കും. ഇവിടെയെല്ലാം ബി ജെ പിക്കു അടിപതറും എന്ന തിരിച്ചറിവാണ് മോഡി സർക്കാരിന്റെ കർഷക നിയമങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിന്റെ രഹസ്യം. കഴിഞ്ഞ മാസം നടന്ന ലോകസഭ, നിയമസഭ ഉപ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്കു അപ്രതീക്ഷിത തിരിച്ചടികൾ നേരിട്ടിരുന്നു.

 

കർഷകന്റെയും തൊഴിലാളി വർഗത്തിന്റെയും വിജയം

സി പി ഐ (എം) പോഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ കർഷക സമരത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പാർലമെന്റിൽ ബിൽ അവതരിപ്പിച്ച വേളയിൽ അന്നത്തെ എം. പിമാരായ എളമരം കരീം, കെ കെ രാഗേഷ് എന്നിവർ പാർലമെന്റിൽ കനത്ത പ്രതിഷേധം ഉയർത്തി. പിന്നീട് ഡൽഹി അതിർത്തികളിൽ നടന്ന കർഷക സമരത്തിൽ, സംയുക്ത കിസാൻ സഭ നേതാക്കളോട് സഹകരിച്ചുകൊണ്ടു പി. കൃഷ്ണപ്രസാദ്, ഹനൻമുള്ള, വിജു കൃഷ്ണൻ, വി. പി. സാനു എന്നിവർ നിർണായക സംഭാവന നൽകി. അഖിലേന്ത്യ കിസാൻ സഭയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ(എം ) കേന്ദ്ര കമ്മറ്റി അംഗവുമായ വിജു കൃഷ്ണൻ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ സഞ്ചരിച്ച് കർഷക പ്രക്ഷോഭത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച നേതാവാണ്.

തൊഴിലാളികൾക്ക് സംഘടിക്കാനും അവകാശങ്ങൾക്കായി ശബ്ദം ഉയർത്താനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെല്ലാം തകർത്തു തരിപ്പണമാക്കി കോർപറേറ്റുകൾക്ക് യഥേഷ്ടം തൊഴിലാളികളെ ഹയർ ആൻഡ്‌ ഫയർ മാതൃകയിൽ പിരിച്ചുവിടാൻ അനുവാദം നൽകുന്ന തൊഴിൽ നിയമങ്ങളുടെ ചുവടു പിടിച്ചാണ് കർഷക ബില്ലും നടപ്പാക്കാൻ കേന്ദ്ര ബി.ജെ.പി സർക്കാർ ഒരുങ്ങിയത്. പക്ഷെ കനത്ത ചെറുത്തുനിൽപ്പാണ് കേന്ദ്ര സർക്കാരിന് നേരിടേണ്ടി വന്നത്. സംഘടിത കർഷക-തൊഴിലാളി ഐക്യസമരത്തിൽ കേന്ദ്ര സർക്കാരിനും ബി.ജെ. പിക്കും കാലിടറി. ഇന്ത്യൻ സമര ചരിത്രത്തിൽ ഉജ്ജ്വല ഏടുകളാണ് കർഷകർ എഴുതി ചേർത്തത്.

രാജ്യത്തെ സമ്പദ്ഘടനയുടെ അഭിഭാജ്യ ഘടകമായ കാർഷിക മേഖലയെ കുത്തകൾക്കു അടിയറവു വെക്കുന്ന, സാധാരണക്കാരായ കർഷകരുടെയും പണിയെടുത്തു  ജീവിക്കുന്ന സാധാരണ ജനങ്ങളുടെയും ജീവിതഭാരം വർധിപ്പിക്കുന്ന ബില്ലിനെതിരെ ഉയർന്ന  ശക്തമായ ജനകീയ പ്രതിരോധവും സമരവും വരുംകാല പോരാട്ടങ്ങളിൽ ഊർജം പകരും എന്ന് ഉറപ്പാണ്. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിൽ നട്ടം തിരിഞ്ഞു നിൽക്കുന്ന ഇന്ത്യൻ ജനതയുടെ ചെറുത്തു നിൽപ്പിന്റെ കാലങ്ങളാണ് വരാനുള്ളത്. ഒപ്പം ജനദ്രോഹ നയങ്ങൾക്ക്, ഇന്ത്യൻ ജനത നൽകുന്ന കനത്ത താക്കിതും കൂടിയാണ് കർഷക ബില്ലിൽ നിന്നുള്ള പിന്മാറ്റം സൂചിപ്പിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.