പൂമണികണ്ണന്റെ പുനർജ്ജന്മം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
-സതീഷ് തോട്ടശ്ശേരി

 

മുപ്പത്തിയാറ്          

പൂമണികണ്ണന്റെ പുനർജ്ജന്മം

മുത്തശ്ശി അവനെ പൂമണി കണ്ണന്‍ എന്ന് വിളിച്ചിരുന്ന കാലം. രാവേറെ ചെന്നാലും അവനെ തൊട്ടിയില്‍ കിടത്തി ആട്ടി ആട്ടി അമ്മയുടെ കൈ കുഴയും. പിന്നെ തൊട്ടി വിടര്‍ത്തി നോക്കുമ്പോള്‍ പൂമണി കണ്ണുകള്‍ ഒന്ന് കൂടി തുറന്ന് ചിരിച്ചു കൊണ്ട് അമ്മയെ നോക്കി കിടക്കുകയാകും കണ്ണന്‍. അപ്പോഴാണ് അമ്മ സഹികെട്ട് ‘ബാക്കിയുള്ളവര്‍ക്കും ഉറങ്ങണ്ടേ, പൂഴാം കണ്ണന്‍കിടന്നു ചിരിക്കണ കണ്ടില്ലേ’ എന്ന് അര്‍ധരാത്രിക്ക് നിലവിളിക്കുക. അങ്ങിനെയാണ്മുത്തശ്ശിയുടെ പൂമണി കണ്ണന്‍ ഞങ്ങടെ പൂഴാം കണ്ണനായത്.

സംഭവം നടക്കുന്നത് കണ്ണന്‍ നടക്കാന്‍ തുടങ്ങിയ കാലത്താണ്. ഉമ്പായി കുടിമാറേണ്ട സമയമായെങ്കിലും അന്ന് മാറിയിട്ടില്ലെന്നു മാത്രമല്ല ആ കാര്യത്തില്‍ ഒരു വല്ലാത്ത ആക്രാന്തവും ഉള്ള കാലമായിരുന്നു. എന്താച്ചാല്‍ കാപ്പി പൊടിയും, ചെന്നിനായകവും ഒന്നും ഫലം കാണാതെ ചങ്കും കുപ്പയില പറിച്ചു കൊണ്ടുവരാന്‍ അമ്മ എന്നെ അടുത്ത വീട്ടിലേക്കു ഓടിക്കുമായിരുന്നു എന്നതു കൊണ്ട് തന്നെ. കണ്ണന്‍ കാലത്ത് ഉണര്‍ന്ന്, ഊത്ത വറ്റാത്ത വായുമായി നേരെ വന്നു സെറ്റില്‍ ചെയ്യുന്നത് കിഴക്കേ കോലായിലെ അര മതിലില്‍ ഇളവെയില്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശിയുടെ മടിയിലായിരിക്കും. കുറച്ചു നേരം മുത്തി മടിയിലെ സ്‌നേഹച്ചൂട് തട്ടിയാലെ കണ്ണന്റെ ദിവസങ്ങളിലെ ദിനാചര്യാ വണ്ടി സ്റ്റാര്‍ട്ടാവുകയുള്ളൂ.

അതിനിടക്ക് കുറെ കഥ പറച്ചിലും കോഴികള്‍ക്ക് പൊടിയരി ഇട്ടുകൊടുക്കലും ഒക്കെ നടക്കും. കാലത്തെ പരിപാടികളൊക്കെ കഴിഞ്ഞു കളിച്ചു നടക്കുമ്പോഴായിരിക്കും മുത്തശ്ശന്‍ ‘പോയി സെഞ്ചി നെറച്ചിട്ടു വാടാ’ എന്ന് പെരക്കുക. ച്ചാല്‍, പോയി കഞ്ഞി കുടിക്കെടാ ന്ന്. അപ്പോള്‍ ഞാന്‍ ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ നേരം അവനും പിന്നാലെ വരാന്‍ തുടങ്ങും.അന്നത്തെ കാലത്ത് ഉറിയില്‍ തൈരുചട്ടി അടച്ചു വെക്കുന്ന ഒരു മരത്തിന്റെ മൂടി അനാഥമായി അടുക്കളയില്‍ കിടന്നിരുന്നു. അതാണ് ഇഷ്ടന്റെ പുസ്തകം. മിക്കവാറും ഒരു നിക്കര്‍ മാത്രമായിരിക്കും വേഷം. കഴുത്തില്‍ ഒരു നേരിയ സ്വര്‍ണമാലയും കാതില്‍ തൂക്കു കടുക്കനും ഉണ്ടായിരുന്നു. ഈ അറ്റയറിലാണ് സ്‌കൂളിലേക്കുള്ള പുറപ്പാട്. അമ്മ പിടിച്ചു വലിച്ചു വീട്ടിലേക്കു കേറ്റും. അപ്പോള്‍ പതിവുള്ള ഒരു അലറലും ചീയലും കുറച്ചുനേരം തുടരും. പിന്നെയും വിക്രമാദിത്യ വേതാളം പോലെമുത്തശ്ശിയുടെമടിയിലോ ഒക്കത്തോ തൂങ്ങും.

മഴ പെയ്ത് തോര്‍ന്ന ഒരു വൈകുന്നേരം പൂമണികണ്ണന്‍ ആരും കാണാതെ തൈര് ചട്ടിയുടെ മൂടി പുസ്തകം പോലെ കയ്യില്‍ പിടിച്ചു ഒരു ട്രൗസറും കേറ്റി സ്‌റ്റൈലില്‍ പടിയിറങ്ങി പോയി. വരമ്പത്തു
പശുവിനെ മേച്ചു നിന്നിരുന്ന പൊന്നുച്ചാമി കണ്ണനെ ഏറ്റി കൊണ്ട് വന്നപ്പോഴാണ് കഥയുടെ ചുരുള്‍നിവര്‍ന്നത്. പടിയിറങ്ങി ഒറ്റയ്ക്ക് വരമ്പില്‍ കൂടി നടക്കുന്ന ചെക്കന്റെ തല മാത്രമേ ഞാറു വളര്‍ന്ന പച്ചക്കണ്ടങ്ങള്‍ക്കു മീതെ പൊന്നു ചാമിക്ക് ആദ്യഘട്ടത്തില്‍ ഗോചരമായുള്ളൂ. പിന്നെ പെട്ടെന്ന് തല അപ്രത്യക്ഷമായത്രേ. അപകടം മണത്ത പൊന്നുച്ചാമി പശുവിനെ വിട്ട് ഓടിവന്നു. അദ്ദേഹം അവിടെ കണ്ടത് കഴായയിലെ വെള്ളത്തില്‍ വീണ കണ്ണന്‍ കൈകാലിട്ടടിച്ചു വെള്ളം കുടിക്കുന്നതാണ്.

വായിലും മൂക്കിലും വെള്ളം കയറിയ കണ്ണന്റെ കയ്യിലെ മരമൂടി പുസ്തകം അപ്പോഴും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നത്രെ. അങ്ങിനെ നനഞ്ഞ കോഴിയെ പോലെ രണ്ടാം ജന്മവുമായി വന്ന പൂഴാംകണ്ണന്റെ നനഞ്ഞ തുണിയെല്ലാം മാറ്റി, കുറച്ചു നേരം അടുപ്പിന്റെ അരികത്തിരുത്തി ചൂടാക്കി. അമ്പലപ്പുഴ കണ്ണന് പാല്പായസം പോലെ കണ്ണന്റെ ഇഷ്ട പാനീയമായിരുന്ന പാലും വെള്ളം ഒരിടങ്ങഴി ഉണ്ടാക്കി മുത്തശ്ശി അവനു നേദിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.