Follow the News Bengaluru channel on WhatsApp

മുട്ടുമടക്കിച്ച കര്‍ഷകശൗര്യം

സുരേഷ് കോടൂർ

സ്വതന്ത്ര ഇന്ത്യ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തവും ജനകീയവും ഐതിഹാസികവുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് വിവാദമായ കാര്‍ഷിക കരിനിയമങ്ങൾ പി൯വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആവേശകരമായ വിജയം കൈവരിച്ചത്. ഇന്ത്യ൯ കാര്‍ഷികമേഖലയെ ഒന്നാകെ സ്വന്തം കോർപറേറ്റ് താല്‍പര്യങ്ങള്‍ക്ക്‌ തീറെഴുതിക്കൊടുക്കാനുള്ള ഒരു സ്വേച്ഛാധിപതിപത്യ ഭരണത്തിന്റെ ഹുങ്കിനെയാണ് കര്‍ഷകരുടെ കരളുറപ്പ് തകര്‍ത്തു തരിപ്പണമാക്കിയത്‌. അതിജീവനം തന്നെ വെല്ലുവിളിയായ ഒരു സന്ധിയിൽ ചെറുത്തുനിൽപ്പിന്റെ പോരാട്ടവഴി തേടിയ ഒരു ജനതയുടെ പ്രതിരോധവും പ്രത്യാക്രമണവും ഭരണവര്‍ഗത്തെ മുട്ടികുത്തിച്ച ഒരു ചരിത്ര സന്ദര്‍ഭം കൂടിയാണ് കാര്‍ഷിക സമരത്തിന്റെ ഈ വിജയ നിമിഷം. വിവരണാതീതമായ തരത്തിലുള്ള കൊടിയ മര്‍ദ്ധനങ്ങളും, അടിച്ചമര്‍ത്തലുകളും, ഭീഷണികളും, പ്രതിബന്ധങ്ങളും, പ്രലോഭനങ്ങളും ഒക്കെ നേരിടെണ്ടിവന്നിട്ടും തെല്ലും പതറാതെ ഒരു വര്‍ഷത്തിലേറെക്കാലം കര്‍ഷകരും അവര്‍ക്ക് ശക്തമായ പിന്തുണയുമായി അണിനിരന്ന പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരു ഫാസിസ്റ്റ് ഭരണകൂടത്തോട് ഏറ്റുമുട്ടി വിജയിപ്പിച്ച ഈ ഐതിഹാസിക സഹനസമരം സമാനമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ ഉയർന്നുവരേണ്ട ജനകീയ സമരങ്ങള്‍ക്കുള്ള മാതൃകയും പ്രചോദനവും പ്രതീക്ഷയുമാണ് നല്‍കുന്നത്.

സമരത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും എല്ലാവിധ കുത്സിത ശ്രമങ്ങളും കര്‍ഷകരുടെ അസാമാന്യമായ സമരവീര്യത്തിനു മുന്നിൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു എന്നതാണ് സത്യം. അവസാനം മാപ്പിരന്നു കീഴടങ്ങുമ്പോഴും പക്ഷേ കാര്‍ഷിക നിയമങ്ങളുടെ ജനവിരുദ്ധത അംഗീകരിക്കാനല്ല മറിച്ച് നിയമങ്ങളുടെ ‘ഗുണം’ ഒരു വിഭാഗം കര്‍ഷകര്‍ക്ക് തിരിച്ചറിയാ൯ കഴിയാതെപോയതിനെ പഴിചാരി തോല്‍വിയുടെ ജാള്യം മറയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത് എന്നത് ഏറെ പരിഹാസ്യമാണ്. സമരത്തെ തകര്‍ക്കാ൯ സര്‍ക്കാർ പയറ്റാത്ത അടവുകളില്ല എന്നത് ഒരു രഹസ്യമേ അല്ല. ജനാധിപത്യത്തിന്‍റെ എല്ലാ നൈതികതയേയും ചവിട്ടിയരക്കും വിധം നീചമായിരുന്നു കര്‍ഷകരോടുള്ള മോഡിസര്‍ക്കാരിന്റെ സമീപനം. സമരം ചെയ്യുന്നത് കര്‍ഷകരല്ല മറിച്ച് സര്‍ക്കാരിനെ എതിര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ശിഥില ശക്തികളാണ് എന്നതായിരുന്നു മോഡി ഉള്‍പ്പെടെയുള്ളവരുടെ ഭാഷ്യം. “നിങ്ങളെ പാഠം പഠിപ്പിക്കാ൯ രണ്ടു മിനുറ്റിന്റെ ആവശ്യമേ ഉള്ള” എന്ന് കര്‍ഷകര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തിയ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര പ്രധാനമന്ത്രിയുടെ ഇഷ്ടഭാജനമായി ഇപ്പോഴും മന്ത്രിസഭയിൽ തടരുന്നു. മിശ്രയുടെ മക൯ സമരത്തിലേര്‍പ്പെട്ടിരുന്ന കര്‍ഷകരെ വെടിയുതിർത്തും വാഹനമിടിച്ചും കൊലപ്പെടുത്തിയിട്ടും മോഡി അയാള്‍ക്ക് നേരെ ഒരു ചെറുവിരൽ പോലും അനക്കുകയുണ്ടായില്ല. സുപ്രീംകോടതിയുടെ കര്‍ശനമായ ഇടപെടൽ ഇല്ലായിരുന്നെങ്കില്‍ കൊലയാളി ഇന്നും സ്വതന്ത്രമായി വിഹരിച്ചേനെ. അതുകൊണ്ട് മോഡി ഇപ്പോൾ വഴിക്കുന്ന കര്‍ഷകപ്രേമം മാപ്പിരക്കുന്ന മാരീചന്റെ കാപട്യമല്ലാതെ മറ്റൊന്നുമല്ലെന്ന് മറ്റാരേക്കാളും തിരിച്ചറിയുന്നത്‌ കര്‍ഷകർ തന്നെ ആയിരിക്കും.

സമരം ചെയ്യുന്നവര്‍ ഖാലിസ്ഥാനി ഭീകരരും മാവോയിസ്റ്റുകളുമൊക്കെയാണെന്നും, എ.കെ.47 അടക്കമുള്ള ആയുധങ്ങള്‍ അവർ കൈവശം വെച്ചിരിക്കുകയാണെന്നുമൊക്കെയുള്ള പച്ചക്കള്ളം പ്രചരിപ്പിച്ചത് ബി.ജെ.പിയുടെ മന്ത്രിമാരും, ജനപ്രതിനിധികളും, വക്താക്കളും ഒക്കെയായിരുന്നു. സമരം ചെയ്യുന്നത് കര്‍ഷകരുടെ വേഷമിട്ട ഗുണ്ടകളും ജിഹാദികളും ആണെന്ന് ആരോപിച്ചത് ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി അടക്കമുള്ളവർ തന്നെ ആണ്. ഇത്തരം പ്രചരണങ്ങളും അധിക്ഷേപങ്ങളും നടത്തിയവരുടെ കൂട്ടത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പോലെയുള്ള ഉന്നത നേതാക്കൾ പോലും ഉണ്ടായിരുന്നു എന്നത് ബി.ജെ.പി. കര്‍ഷക സമരത്തെ പൊളിക്കാ൯ നടത്തിയ ആസൂത്രിതമായ ശ്രമങ്ങള്‍ ഏതറ്റം വരെ പോയിരുന്നു എന്നതാണ് തെളിയിച്ചത്. സമരക്കാരെ ‘തുക്ടെ തുക്ടെ കൂട്ടം’ എന്ന് വിശേഷിപ്പിച്ചതാകട്ടെ ബി.ജെ.പിയുടെ മുന്‍ ബീഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോഡിയാണ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആരോപിച്ചത് സമരം നടത്തുന്നത് കര്‍ഷകരല്ലെന്നും കർഷകസമരത്തിൽ നുഴഞ്ഞു കയറിയിരിക്കുന്ന ഇടതു തീവ്രവാദികളും മാവോയിസ്റ്റുകളും ഒക്കെയാണ് എന്നുമാണ്. കര്‍ഷകരെ അപമാനിക്കുന്നതിൽ മുന്‍മന്ത്രി രവിശങ്കര്‍ പ്രസാദും ഒട്ടും പിന്നിലായിരുന്നില്ല. സമരത്തിനു പിന്നില്‍ കര്‍ഷകരല്ല ചൈനയും പാകിസ്ഥാനും ആണെന്ന് പറഞ്ഞത് മറ്റൊരു കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ ആയിരുന്നു. ധനിക കര്‍ഷകരാണ് സമരത്തിന് പിന്നിലെന്ന് പ്രചരിപ്പിച്ച് കര്‍ഷകര്‍ക്കിടയിൽ ഭിന്നിപ്പുണ്ടാക്കാ൯ കുടില തന്ത്രങ്ങള്‍ പയറ്റിയും, ചാരന്മാരെ ഇറക്കി സമരത്തിനിടയിൽ കലാപം സൃഷ്ടിക്കാ൯ നോക്കിയും, കര്‍ഷകരെ വെടിവെച്ചുകൊല്ലാ൯ പോലും ആക്രോശിച്ചും, പോലീസിനെ ഉപയോഗിച്ച് കൊടിയ മര്‍ദ്ധനങ്ങൾ അഴിച്ചുവിട്ടും, പിന്തുണയ്ക്കുന്ന പൊതുസമൂഹത്തെ ‘ടൂള്‍ക്കിറ്റ്’ പോലുള്ള കള്ളക്കേസുകളിൽ കുടുക്കി ജയിലിലടച്ചും സര്‍ക്കാർ സമരത്തെ തല്ലിക്കെടുത്താ൯ നടത്തിയ ശ്രമങ്ങൾ മറക്കാനാവാത്തതാണ്. ഇവരെയൊന്നും ഒരിക്കല്‍പോലും തിരുത്താ൯ പ്രധാനമന്തി തയ്യാറായില്ല എന്ന് മാത്രമല്ല കഴിയാവുന്ന രീതിയിലൊക്കെ പ്രോൽസാഹിപ്പിക്കുകയുമായിരുന്നു മോഡി. കര്‍ഷകരുടെ ആത്മവീര്യം ഒന്നുമാത്രമാണ് സമരത്തെ ഏതുവിധേനയും പോളിക്കാം എന്ന മോഡിയുടെ വ്യാമോഹത്തെ തകർത്തത്. ഇപ്പോള്‍ കര്‍ഷകക്കൂട്ടായ്മയുടെ ശൌര്യത്തിനുമുന്നില്‍ മുട്ടുമടക്കിക്കൊണ്ട് തങ്ങൾ പറഞ്ഞതെല്ലാം കല്ലുവെച്ച നുണകളായിരുന്നു എന്ന് മോഡിക്ക് തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. രാജ്യത്തിന്റെ നന്മയ്ക്കായാണ് നിയമങ്ങൾ പിന്‍വലിക്കുന്നത് എന്ന് പറയുന്നത്തിലൂടെ മോഡി ഫലത്തിൽ ഈ നിയമങ്ങൾ രാജ്യതാൽപര്യങ്ങള്‍ക്ക് എതിരായിരുന്നു എന്ന് സമ്മതിക്കുകയാണ് ചെയ്തത്.

നിരാശരായ ഭക്തഭൂതഗണങ്ങൾ പ്രചരിപ്പിക്കാ൯ ശ്രമിക്കുന്നതുപോലെ മോഡിയുടെ തിരിച്ചറിവല്ല മറിച്ച് കര്‍ഷകരുടെ പോരാട്ടവീര്യമാണ് ജനവിരുദ്ധ നിയമങ്ങളെ ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞത്‌ എന്നത് രാജ്യം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. കര്‍ഷകർ സമരം ചെയ്യുന്നത് അവര്‍ക്ക് മാത്രം വേണ്ടിയല്ല മൊത്തം ജനങ്ങള്‍ക്കും വേണ്ടിയാണെന്നുള്ള വസ്തുതയാണ് സമരത്തിന് അഭൂതപൂര്‍വമായ രാജ്യവ്യാപക പിന്തുണ നേടിക്കൊടുത്തത്. കര്‍ഷകരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഈ സമരങ്ങൾ ഉയര്‍ത്തിക്കൊണ്ടു വന്നത്. സര്‍ക്കാർ പുതിയതായി പാസാക്കിയ കര്‍ഷക ബില്ലുകൾ കര്‍ഷകരെ മാത്രമല്ല ഈ രാജ്യത്തെ സാമാന്യ ജനങളുടെ ജീവിതത്തെയും, നമ്മുടെ ഭക്ഷ്യസുരക്ഷയെയും, ജനാധിപത്യ അവകാശങ്ങളേയും, രാജ്യത്തിന്‍റെ ഭാവിയെത്തന്നെയും ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് എല്ലാ വിഭാഗം ജനങ്ങളും ആളിക്കത്തുന്ന കർഷകരുടെ പ്രതിരോധസമരത്തിന് പിന്തുണ നല്‍കിയതും, രാജ്യവ്യാപകമായിത്തന്നെ സര്‍ക്കാരിനെതിരെയുള്ള വികാരത്തെ ആവേശകരമായ ജനകീയ സമരരൂപങ്ങളാക്കി ഉയർത്തിക്കൊണ്ടുവന്നതും. ആ സര്‍ക്കാർ വിരുദ്ധ വികാരം ഉപതെരുഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന്റെ രൂപത്തിൽ തങ്ങളുടെ അധികാരത്തിന് ഭീഷണിയായി ഭീമാകാരം പൂണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് മോഡിയുടെ ഇപ്പോഴത്തെ വീണ്ടുവിചാരത്തിന് ഇടയാക്കിയത് എന്നത് വളരെ വ്യക്തമാണ്. വരാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഈ ജനരോഷം സുനാമി കണക്കെ അലയടിക്കുമെന്ന് ബി.ജെ.പി.നേതൃത്വം ഭയപ്പെടുന്നു. ഉയരുന്ന ഇന്ധനവിലയും, കര്‍ഷകസമരവും ഈ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ കനത്ത പരാജയത്തിന് കാരണമാവുമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വങ്ങളും ആര്‍.എസ്.എസ്സും. ഒരുപോലെ വേവലാതിപ്പെടുന്നു. ഈ പരിഭ്രാന്തിയാണ് മോഡിയോട് കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാ൯ നിര്‍ബന്ധിപ്പിക്കുന്നതിന് ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വങ്ങളെ പ്രേരിപ്പിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കാ൯ മോഡി സ്വയം തീരുമാനിച്ചു എന്ന് കരുതാ൯ വയ്യ. സംസ്ഥാനങ്ങളിലെ ബി.ജെ.പി. നേതൃത്വങ്ങള്‍ തങ്ങളുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതിൽ പരിഭ്രാന്തരായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഹരിയാനയിലും പഞ്ചാബിലും ബി.ജെ.പി. എന്ന് പറഞ്ഞ് പുറത്തിറങ്ങാ൯ പോലും കഴിയാത്ത അവസ്ഥ അവരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. യു.പി.യിലും ഇതിന്റെ അലയൊലികള്‍ ആഞ്ഞടിക്കുന്നുണ്ട്. തങ്ങള്‍ക്ക് അധികാരം നഷ്ടമാകുന്ന ഒരു അവസ്ഥ വന്നാൽ ഇവര്‍ മോഡിയെത്തന്നെ ചവറ്റുകുട്ടയിൽ എറിയാനും മടിക്കില്ല എന്ന്‍ ഒരു പക്ഷെ ഏറ്റവും നന്നായി അറിയുന്നത് മോഡിക്ക് തന്നെ ആയിരിക്കും. അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുകയാണെങ്കിൽ 2024ല്‍ തന്റെ കാര്യം പരുങ്ങലിലാവുമെന്നു മോഡിക്ക് അറിയാം. പ്രധാനമന്ത്രി ആവുന്നത് പോയിട്ട്, തിരഞ്ഞെടുപ്പില്‍ പാര്‍ടിയെ നയിക്കാനുള്ള അവസരം പോലും മോഡിക്ക് നഷ്ടപ്പെട്ടേക്കാം. പാര്‍ട്ടിക്ക് തിരിച്ച് അധികാരം നേടിത്തരാനുള്ള മോഡിയുടെ കഴിവില്‍ ഇടിവ് തട്ടിയെന്ന തിരച്ചറിയുന്ന നിമിഷം മോഡിയെ ഒതുക്കാ൯ ഒരു മടിയും ബി.ജെ.പി.യുടെ സത്രപുകള്‍ക്ക് ഉണ്ടാവാനിടയില്ല. അദ്വാനിയുടെ അനുഭവം അധികം ദൂരത്തല്ലാതെ മോഡിയെയും കാത്തിരിക്കുന്നു എന്നത് ആദ്യം അങ്കലാപ്പിലാക്കുന്നത് മോഡിയെത്തന്നെയാണ്. കാര്‍ഷിക നിയമങ്ങൾ പി൯വലിച്ചതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ‘അന്ധഭക്തർ’ തന്നെയാണ് മോഡിക്ക് നേരെ ശാപവാക്കുകള്‍ ചൊരിയുന്നതിനും രോഷം കൊള്ളുന്നതിനും മോഡി രാജിവെക്കണമെന്നുപോലും അലറിവിളിക്കുന്നതിനും മുന്നിട്ടിറങ്ങിയത് എന്നത് ഇതിന്റെ സൂചനയാണ്. പാർടിക്കുള്ളിലെ ഈ രോഷം വളര്‍ന്ന് രാക്ഷസരൂപമാര്‍ന്ന് മോഡിയെത്തന്നെ വിഴുങ്ങാ൯ ഏറെ താമസമുണ്ടാവില്ല. ഈ ഭയമാണ് ഇപ്പോള്‍ മോഡിയെ കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാനും ഇന്ധനനികുതി നാമമാത്രമായെങ്കിലും കുറയ്ക്കാനും ഒക്കെ നിര്‍ബന്ധിതനാക്കിയത്. സംസ്ഥാനങ്ങളില്‍ ബി.ജെ.പി.അധികാരം നിലനിര്‍ത്തിയാൽ മാത്രമേ തനിക്ക് പാര്‍ട്ടിയിലെ അനിഷേധ്യനെന്ന തന്റെ ഏകാച്ഛത്രാധിപതി സ്ഥാനം ഇളക്കം തട്ടാതെ കാത്ത് സൂക്ഷിക്കാ൯ കഴിയൂ എന്ന തത്രപ്പാടാണ് മോഡിയുടെ ഈ പിന്മാറ്റം. 2024ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വമാണ് മോഡിക്ക് പ്രധാനം. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ബി.ജെ.പി.യുടെ തോല്‍വി മോഡിയുടെ ഈ മോഹത്തിന് തിരിച്ചടിയാവാം എന്ന് മോഡി തിരിച്ചറിയുന്നുണ്ട്. ഒരു പക്ഷെ കര്‍ഷകശൌര്യത്തിനു മുന്നിലെ മോഡിയുടെ ഈ കീഴടങ്ങല്‍ മോഡിഭരണത്തിന്റെ അന്ത്യത്തിന്റെ ആരംഭവവുമാവാം.

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾ കാര്‍ഷിക നിയമങ്ങളെ പിന്‍വലിപ്പിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് നിസ്തര്‍ക്കമാണ്. ഈ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകാവുന്ന തരത്തിൽ ജനവികാരത്തെ മോഡിക്കെതിരാക്കുന്നതിൽ കര്‍ഷകസമരം വഹിച്ച പങ്കാകട്ടെ സുപ്രധാനവുമാണ്‌. കര്‍ഷകസമരത്തിന്റെ അഭാവത്തില്‍ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ബി.ജെ.പി.ക്കോ തന്‍റെ പാര്‍ടിയിലെ നിലയെക്കുറിച്ച് മോഡിക്കോ ആശങ്കപ്പെടേണ്ടി വരില്ലായിരുന്നു. അതുകൊണ്ടുതന്നെ കാര്‍ഷികനിയമങ്ങൾ പിന്‍വലിക്കുക എന്നത് മോഡിയുടെ അജണ്ടയുടെ അയലത്തുപോലും കാണുകയുമില്ലായിരുന്നു. അതായത് കര്‍ഷകസമരം ബി.ജെ.പി. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ കളി കാര്യമാവുകയും അവരുടെ അധികാരത്തിന് ഭീഷണി ഉയർത്തുന്ന നിലയിലേക്ക് വളര്‍ന്ന് ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു എന്ന വെല്ലുവിളിയാണ് മോഡിയെ പിന്മാറാ൯ നിര്‍ബന്ധിതനാക്കിയത് എന്നര്‍ത്ഥം. കര്‍ഷകസമരം ശക്തമായി തുടരാന്‍ അനുവദിച്ചാൽ അത് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ തകര്‍ച്ചയിലേക്കും ചോദ്യചെയ്യപ്പെടാത്ത നേതാവെന്ന മോഡിയുടെ പ്രതിച്ഛായയുടെ തകര്‍ച്ചയിലേക്കും ആണ് നയിക്കുക എന്ന് മോഡിയോടു ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലൊ. നോട്ടുനിരോധനമെന്ന ഹിമാലയ൯ വങ്കത്തവും, കോവിഡ് നേരിടുന്നതിൽ വന്ന ഭീമമായ വീഴ്ചയടക്കമുള്ള ഭരണപരാജയങ്ങളും ഒക്കെ മോഡി എന്ന ഏകച്ഛത്രാധിപതിയുടെ ഇമേജിന് ഏറെ മങ്ങൽ ഏല്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തോല്‍വി അതിന് ഇനിയും ആക്കം കൂട്ടും. മോഡിക്ക് ഒരു പക്ഷെ അപമാനിതനായി പാര്‍ടിനേതൃത്വത്തിൽ നിന്നുതന്നെ ഇറങ്ങിപ്പോകേണ്ടി വന്നേക്കും. ഇത്തരമോരവസ്ഥ ഏതു വിധേനയും ഒഴിവാക്കലാണ് ഇപ്പോഴത്തെ മോഡിയുടെ പ്രധാന ആവശ്യം. തന്റെ നിലനില്‍പ്പ്‌ തന്നെയാണ് മോഡിക്ക് പ്രധാനം. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന മോഡിയുടെ പദ്ധതിയും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് പ്രസക്തമാണ്. ഇടക്കുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒഴിവാക്കുകയായിരുന്നു അതിലൂടെ മോഡി ലക്ഷ്യമിട്ടത്. അങ്ങനെ ഇന്ന് നേരിടുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ കഴിയുമെന്ന് മോഡി കണക്കുകൂട്ടിയിരുന്നു. ആ പദ്ധതി മോഡി ആസൂത്രണം ചെയ്തതുപോലെ 2019ല്‍ നടപ്പിലായിരുന്നെങ്കിൽ ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പകളിലെ ജനരോഷത്തെ മോഡിക്ക് ഭയക്കേണ്ടിവരില്ലായിരുന്നു. കര്‍ഷകസമരത്തെ അടിച്ചമര്‍ത്താ൯ മോഡിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വരില്ലായിരുന്നു. ജനാധിപത്യത്തിനും ജനങ്ങള്‍ക്കും എതിരെയുള്ള ഭരണകൂടത്തിന്‍റെ നയങ്ങള്‍ക്കെതിരെ വോട്ടെന്ന വജ്രായുധം പ്രയോഗിക്കാനുള്ള അവസരം ജനങ്ങള്‍ക്കും നഷ്ടമാവുമായിരുന്നു. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന മോഡിയുടെ ആശയത്തിന്റെ പിന്നിലെ ഗൂഢലക്ഷ്യത്തെ തുറന്നുകാട്ടാ൯ കൂടി കാര്‍ഷികസമരം അങ്ങനെ ഒരു അവസരമായി. ജനവികാരങ്ങളെ കൂസാതെ, തിരഞ്ഞെടുപ്പുകളെ ഭയക്കാതെ, അഞ്ചുവര്‍ഷക്കാലം തന്നിഷ്ടപ്രകാരം ഭരിക്കുന്നതിനുള്ള ലൈസന്‍സ് ലഭികാനുള്ള കുറുക്കുവഴി തേടലായിരുന്നു ഈ കുതന്ത്രം എന്നത് വീണ്ടും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

കര്‍ഷക സമരത്തിന്റെ വിജയം തീര്‍ച്ചയായും വലിയ പ്രതീക്ഷകളാണ് രാജ്യത്തെ ജനാധിപത്യ ശക്തികള്‍ക്ക് നല്‍കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളേയും, ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങളേയും ചവിട്ടിമെതിക്കുന്ന ഭരണകൂടത്തിനു നേരെ കൂടുതൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയര്‍ന്നുവരാ൯ കര്‍ഷകസമരം പ്രചോദനമാവും. ഇപ്പോഴത്തെ കര്‍ഷകസമരം തന്നെ ഒരു സുപ്രഭാതത്തിൽ ഉയർന്നുവന്നതായിരുന്നില്ല. 2020 നവംബര്‍ 26ന് ഡല്‍ഹിയുടെ അതിര്‍ത്തിയിൽ സമരകാഹളം മുഴക്കി കര്‍ഷകർ ഒത്തുചേരുന്നതിനു മുന്‍പുതന്നെ കര്‍ഷകസമരങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിവിധ രൂപങ്ങളിൽ അരങ്ങേറിയിരുന്നു. അഖിലേന്ത്യാ കിസാ൯ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ 2018ല്‍ നടന്ന കര്‍ഷകമാര്‍ച്ചിൽ എഴുപതിനായിരത്തോളം കര്‍ഷകരാണ് അണിനിരന്നിരുന്നത്. അതുപോലെ രാജസ്ഥാനിലും ഹരിയാനയിലും ബീഹാറിലും പഞാബിലും ആന്ധ്രയിലും തെലുങ്കാനയിലും ഒക്കെ കര്‍ഷക ആത്മഹത്യക്കെതിരെയും കര്‍ഷകരുടെ ആവശ്യങ്ങൾ ഉയര്‍ത്തിയും വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നിരുന്നു. ഇങ്ങനെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി സമരമുഖത്തുള്ള അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് സംയുക്ത കിസാ൯ മോർച്ചയായി ഒരുമിച്ച് ഡല്‍ഹിയിലെ കര്‍ഷക സമരത്തെ നയിച്ചത്. സമരത്തെ ശക്തമായി പിന്തുണച്ച രാഷ്ട്രീയപാര്‍ടികൾ നേരിട്ടുള്ള പങ്കാളിത്തത്തിൽ നിന്ന് മാറിനിന്നു എന്ന് പറയുമ്പോള്‍ തന്നെ സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന, കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും സമരതന്ത്രങ്ങൾ മെനയുന്നതിലും പ്രധാന പങ്ക് വഹിച്ച അഖിലേന്ത്യ കിസാ൯ സഭ എന്ന കര്‍ഷക സംഘടന സി.പി.ഐ.(എം)ന്റെ കര്‍ഷക സംഘടനയാണ് എന്നത് കാണാതിരുന്നു കൂടാ. രാകേഷ് ടിക്കായത്, ഡോ.ദര്‍ശ൯ പാൽ, ബല്‍ബീർ സിംഗ് രാജെവാൾ തുടങ്ങിയവരോടൊപ്പം സമരത്തിനു നേതൃത്വം കൊടുത്ത  ഹന൯ മുള്ള, അശോക്‌ ദാവളെ, കൃഷ്ണപ്രസാദ്, വിജൂ കൃഷ്ണ൯ തുടങ്ങിയവരൊക്കെ തന്നെ ഇടത് രാഷ്ട്രീയ നേതാക്കളുമാണ്.

നൂറു കണക്കിന് കര്‍ഷകർ രക്തസാക്ഷികളായ ഈ ഐതിഹാസികമായ സമരം ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ സുവര്‍ണലിപികളിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും എന്നതില്‍ സംശയമേതുമില്ല. കോരിച്ചൊരിയുന്ന മഴയ്ക്കും, കോച്ചുന്ന തണുപ്പിനും, വേനലിലെ പൊള്ളുന്ന ചൂടിനും ഒന്നും തകര്‍ക്കാ൯ കഴിയാഞ്ഞ സമരവീര്യവുമായി നിരത്തിലും പറമ്പിലും ഷെഡ്ഡുകളിലും ജീവിച്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന കര്‍ഷകർ കാണിച്ച മാതൃക ജനകീയ സമരങ്ങള്‍ക്ക് എന്നും വഴികാട്ടിയായി ഉയര്‍ന്നുനില്‍ക്കും. കഠിനമായ കാലാവസ്ഥയിൽ ആരോഗ്യം തകർന്നും, പോലീസ് മർദ്ധനങ്ങളിൽ ശരീരം നുറുങ്ങിയും ഒക്കെ ജീവ൯ വെടിഞ്ഞ തങ്ങളുടെ സഹോദരങ്ങളുടെ സ്മരണകള്‍ മുറുകെപ്പിടിച്ച് ഒരിക്കലും പിന്തിരിയാതെ പതിനായിരക്കണക്കിന് സാധാരണ കര്‍ഷകർ തങ്ങളുടെ ലക്‌ഷ്യം നേടുന്നതുവരെ മനസ്സുറപ്പോടെ സമരമുഖത്തുണ്ടായിരുന്നു എന്ന വസ്തുത ആരെയും ആവേശഭരിതരാക്കും. അടിച്ചമര്‍ത്തപ്പെട്ടവർ അധികാരത്തിനുനേരെ സംഘടിതരായ അത്യന്തം ത്യാഗപൂര്‍ണമായ, സമാധാനപരമായ, ആവേശോജ്വലമായ ഒരു സമരം എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്തുമ്പോൾ ആ വിജയം ഇന്ത്യ൯ ജനാധിപത്യത്തിന് നല്‍കുന്ന പുതിയ ഉണർവും ഊര്‍ജവും അളവറ്റതാണ്. ചരിത്രത്തില്‍ ഒരു ഏകാധിപതിയും ജനരോഷത്തിനുമുന്നില്‍ മുട്ടുമടക്കാതിരുന്നിട്ടില്ലെന്നുള്ള ഓര്‍മിപ്പിക്കൽ കൂടിയാണ് ഈ ഐതിഹാസിക വിജയം.

-സുരേഷ് കോടൂര്‍
ഇടതുപക്ഷ നിരീക്ഷകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍. പുരോഗമന കലാ -സാഹിത്യ സംഘം ബെംഗളൂരു ഘടകത്തിന്റെ അധ്യക്ഷന്‍

 

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് സുരേഷ് കോടൂർ എഴുതിയ ലേഖനങ്ങൾ വായിക്കാം :

കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍

കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍- രണ്ടാം ഭാഗം

 

അപകടത്തിലാവുന്ന ഭക്ഷ്യ സുരക്ഷ – കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍- അവസാന ഭാഗം

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.