Follow the News Bengaluru channel on WhatsApp

കപടസംസ്‌കാര നിര്‍മിതികള്‍ക്കുമേല്‍ ചിന്തേരിടുന്ന ചുരുളി

ഡോ.കീർത്തി പ്രഭ

ചുരുളി ഏതോ വൃത്തികെട്ട സംസ്കാരശൂന്യരുടെ രാജ്യത്തെ കഥയാണ് എന്ന് തോന്നുന്നത് ഒരു എ ക്ലാസ് കപടതയല്ലേ? നമ്മുടെ സോഷ്യൽമീഡിയ കമന്റ് ബോക്‌സുകൾ നോക്കിയാൽ അവിടെ ചുരുളിയില്ലേ? തങ്ങൾക്കാണ് പരമാധികാരം എന്ന പൊതുബോധം വളർത്തിവലുതാക്കിയ ആൺപടകൾ കാട്ടിക്കൂട്ടുന്ന ആഭാസങ്ങളും അതിക്രമങ്ങളും കൺമുന്നിൽ ദിവസവും നടക്കുന്ന കാഴ്ചകളല്ലേ? സ്ത്രീകളുടെ ലൈംഗിക അവയവങ്ങളെ മുൻനിർത്തിയുള്ള തെറിവാക്കുകൾ പറഞ്ഞ് അധികാരഗർവ്വിനാൽ പുളകിതരാകുന്ന ആണധികാരമുഖങ്ങൾ ഏതോ അജ്ഞാത ദ്വീപിലെ കാഴ്ചകളാണ് എന്ന് പറയുന്നത് എന്തൊരു കപടവാദമാണ്. തലയിൽ മൂടിയ കപടമാന്യതയുടെ മുണ്ട് ചുരുളിയെത്തുമ്പോൾ അഴിച്ചു കളയുന്ന ഷാജീവനും ആന്റണിയും നമുക്കിടയിലുള്ളവർ തന്നെയല്ലേ. തെറി പറയാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്നാണ് പലരും ചുരുളിയെ കണ്ണടച്ച് വിമർശിക്കുന്നത്. ചുരുളിയെ സപ്പോർട്ട് ചെയ്യുന്നവർ തെറിവിളിയെ സപ്പോർട്ട് ചെയ്യുന്നവരാണ് എന്ന മുൻധാരണ വേറെയും.

യഥാർത്ഥത്തിൽ ചുരുളി പറയുന്നത് എന്താണ് എന്ന് യാതൊന്നും മനസ്സിലാക്കാത്ത വിമർശനങ്ങൾ ആയിട്ടാണ് ഈ ‘തെറി പടം’ വിമർശനങ്ങളെ മനസ്സിലാക്കിയത്. “സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ സിനിമ എടുത്തു കൂടെ” എന്ന് ചോദ്യങ്ങളുമുണ്ട്. ഒരു സിനിമ എങ്ങനെ എടുക്കണം എന്നുള്ളത് അതിൻറെ സൃഷ്ടാവിന്റെ തീരുമാനമാണ്. അത് എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടാകേണ്ടത് കാഴ്ചക്കാരനും. ശരിയാണ് ചുരുളി മനസ്സിലാക്കാൻ കുറച്ച് അധികം ചിന്തിക്കേണ്ടി വരും. ചിലപ്പോൾ ഒന്നോ രണ്ടോ തവണ സിനിമ ഇരുന്ന് കാണേണ്ടതായും വരും. അത്ര എളുപ്പത്തിൽ ചുരുളി പിടിതരില്ല. അങ്ങനെ എളുപ്പത്തിൽ എല്ലാം മനസ്സിലാക്കേണ്ട എന്ന്  സംവിധായകനും വിചാരിച്ചുകാണും. എന്തിനും ഏതിനും എളുപ്പവഴി തെരഞ്ഞെടുക്കുന്ന നമുക്ക് ഒരു സിനിമ കണ്ട് ഏറ്റവും ലളിതമായി അത് മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ ഉള്ള അമർഷം ‘തെറി’ വിമർശകരിൽ പ്രകടമാണ്. ചാലഞ്ചസ് ഏറ്റെടുക്കാൻ നമുക്ക് വയ്യേ..? സിനിമയെടുക്കുന്നെങ്കിൽ എടുത്തോ പക്ഷേ എല്ലാ കാര്യങ്ങളും ഒരു വളച്ചൊടിക്കലും ഇല്ലാതെ നേരിട്ട് ഞങ്ങൾക്ക് സ്പൂൺഫീഡ് ചെയ്തു തരണം, ഞങ്ങളെ കൊണ്ട് ഇരുന്നു ചിന്തിക്കാനൊന്നും വയ്യ.ഗഹനമായ ചിന്ത ആവശ്യമുള്ള ഒരു കാര്യത്തെ പറ്റി മനസ്സിലാക്കാനോ അതിനെ പറ്റി ചിന്തിക്കാനോ മെനക്കെടാതെ ഇത്രയധികം അലസൻമാരായി നമ്മൾ മാറിയത് എന്തുകൊണ്ടാവും.

“ഇതൊക്കെ ബുദ്ധിജീവികൾക്കേ പറ്റുള്ളൂ നമ്മൾ പാവങ്ങൾ ആണ്” എന്ന് ഒരു വിഭാഗം. ചുരുളി ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ബുദ്ധിജീവിപ്പട്ടം നഷ്ടമാകും എന്ന് കരുതി ഒന്നും മനസ്സിലായില്ലെങ്കിലും ചുരുളി പൊളി എന്ന് പറയുന്നവരെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകൾ വേറെയും. കുറച്ചു ബുദ്ധിയും വിവേകവും വേണം, മെനക്കെട്ടിരുന്നു ചിന്തിക്കേണ്ടിവരും വേണമെങ്കിൽ ചുറ്റുമുള്ളവരുമായിട്ട് ചർച്ചയും ആവാം.
“ഓ,പിന്നെ….. ഒരു സിനിമ ചർച്ചചെയ്തുനേരം കളയാൻ ഒന്നും വയ്യ, ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുമ്പോഴാണ് ഒരു സിനിമ” ഇതുപോലുള്ള വർത്താനങ്ങളും കേൾക്കാം.

ആരോഗ്യകരമായ ചർച്ചകളും പുതിയ ചിന്തകളും കപട മാന്യതകളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുമ്പോൾ സാമൂഹികമായി നവീകരിക്കപ്പെടുകയും ജീവിതത്തെ ഏറ്റവും ശക്തമായും ലളിതമായും നേരിടാനുള്ള കഴിവ് നമ്മളിലേക്ക് അറിയാതെ കേറി കൂടുകയും ചെയ്യും. കാലാകാലങ്ങളായി നമ്മൾ കെട്ടിപ്പിടിച്ചു കൊണ്ടുനടന്നിരുന്ന സംസ്കാരം ഒരു വലിയ ശൂന്യതയായി അവശേഷിക്കും. ചുരുളിയിലെ തെറി ആണ് സംസ്കാര ശൂന്യതയായി പലരും എടുത്തു പറയുന്നത്. അതേ പ്രേക്ഷകർ തന്നെ ‘വെള്ളമടിച്ചു കോൺ തിരിഞ്ഞ് പാതിരാത്രി കേറി വരുമ്പോൾ കാലു മടക്കി തൊഴിക്കാനും,എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും’ എന്ന് തുടങ്ങുന്ന ലാലേട്ടന്റെ നരസിംഹത്തിലെ ഡയലോഗിലെ സംസ്കാരമില്ലായ്മ ഇന്നും തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നു. അതുപോലെയുള്ള പല സിനിമ ഡയലോഗുകളും നരസിംഹം ഇറങ്ങി 21 വർഷമായിട്ടും ഇന്നും വൻ കൈയ്യടികളോടെ സ്വീകരിക്കപ്പെടുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗമാണ്.

നമുക്കിനിയും പല കപട സങ്കൽപങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ല. അത് നേരത്തെ പറഞ്ഞതുപോലെ കൂടുതൽ ഇരുന്ന് ചിന്തിക്കാൻ മെനക്കെടാത്തതിന്റെ പ്രശ്നമാകാം.

ഒരു പ്രത്യേക സമയം വരെ നിഷ്കളങ്കരായ നന്മമരങ്ങളെന്നു തോന്നിപ്പിക്കുന്ന ഒരുകൂട്ടം മനുഷ്യർ ഒരു പാലം കടക്കുന്നതോടെ തെറിപ്പാട്ടുകൾ പാടുന്ന ആഭാസരായി മാറുന്ന കാഴ്ച ഈ ഭൂമിയിലെ മനുഷ്യർക്കിടയിലല്ലാതെ മറ്റേത് ഗ്രഹത്തിലാണ് കാണാനാവുക. ഏറ്റവും വിലപ്പെട്ടതെന്നു കരുതി കാത്തുസൂക്ഷിക്കുന്ന നമ്മുടെ സംസ്കാരത്തെ ചുരുളി എങ്ങനെ വ്രണപ്പെടുത്തുന്നു എന്നാണ് പറയുന്നത്?ഇതുതന്നെയാണ് നമ്മുടെ സംസ്കാരം എന്ന തുറന്നു പറച്ചിലല്ലേ ചുരുളി. നമ്മുടെ സംസ്കാരത്തിന്റെ കപടമായ മുഖം ഇത്ര പച്ചയായി തുറന്ന് കാണിക്കുമ്പോൾ സ്വാഭാവികമായും അമർഷമുണ്ടാവും.പിന്നെ A സർട്ടിഫിക്കറ്റ് കിട്ടിയ പടമാണ്. അതുകൊണ്ട് തന്നെ കുടുംബത്തോടെ ഇരുന്നു കാണാൻ പറ്റുന്നില്ലേ എന്ന് പറഞ്ഞ് കരയേണ്ട ആവശ്യം വരുന്നേയില്ല. ഇവിടെ എന്താണ് നടക്കുന്നത് എന്ന് മനസിലാക്കി തെറ്റും ശരിയും വേർതിരിച്ചറിയാനുള്ള വിവേകമുള്ളവർ കാണേണ്ടതാണ്. പിന്നെ A സർട്ടിഫിക്കറ്റ് കണ്ട് വേറെന്തൊക്കെയോ പ്രതീക്ഷിച്ച് അതൊന്നും ഇല്ലാത്തതിന്റെ അമർഷവും ചിലർ കാണിക്കുന്നുണ്ടോ എന്ന് തോന്നിപ്പോയി.അതുതന്നെയാണ് പറഞ്ഞത് ചില സങ്കൽപങ്ങൾ പൊളിച്ചെഴുതാൻ സമയമായി എന്ന്.

ജാഫർ ഇടുക്കി എന്ന നടൻ ഈയടുത്തെല്ലാം വിസ്മയിപ്പിച്ചിട്ടേയുള്ളൂ…..
ചെമ്പൻ വിനോദ് നമുക്ക്‌ തന്ന പ്രതീക്ഷകൾക്ക് ഒട്ടും മങ്ങലേൽപിക്കാതെ സിനിമ ലോകം കീഴടക്കുന്നു. നാഗരികരസമുള്ള കഥാപാത്രങ്ങളിലും പച്ചയായ നാടൻ കഥാപാത്രങ്ങളിലും അതിശയിപ്പിച്ചു ഇഴുകിച്ചേരുകയാണ് വിനയ് ഫോർട്ട്. ജോജുവും തിരുമ്മലുകാരിയായി അഭിനയിച്ച സ്ത്രീയുമൊക്കെ എന്തു മികവോടെയാണ് അവരുടെ വേഷങ്ങളിൽ തിളങ്ങുന്നത്.

” മനസ്സുകൊണ്ടെങ്കിലും ഒരു കൊലപാതകമോ ബലാത്സംഗമോ ചെയ്യാത്ത മനുഷ്യരുണ്ടാകുമോ?”. ഓരോ സംഭാഷണങ്ങളിലൂടെയും ഒരുവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ക്രൂരതകളെ പുറത്തേക്ക് എടുക്കുകയാണ് ചുരുളി ചെയ്യുന്നത്. തീവ്രമായ വയലൻസ് തീവ്രമായ ലൈംഗികത തീവ്രമായ മെയിൽ ഷോവനിസം ഇതൊക്കെയുള്ള സിനിമകൾ ഉണ്ടാവാറുണ്ട്. ഇവിടെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ തീവ്രമായ തെറിയാണ് തൻറെ സിനിമ ഉണ്ടാക്കാൻ ഉപയോഗിച്ചത്. പക്ഷേ മുകളിൽ പറഞ്ഞ പല തീവ്രതകളെക്കാൾ കൂടുതൽ എതിർപ്പ് ചുരുളിക്ക് നേരിടേണ്ടിവന്നു. ഒരുപക്ഷെ തങ്ങളുടെ സംസ്കാരത്തിൻറെ യഥാർത്ഥ മുഖം തുറന്നുകാട്ടിയതിന്റെ അമർഷം ആവാം ഇത്.

ഒരു ക്രിമിനലിനെ വേട്ടയാടാൻ ചുരുളിയിലേക്ക് പോകുന്ന ആൻറണിയും ഷാജീവനും അവിടെയെത്തുമ്പോൾ ചെയ്യുന്നത് ആ ക്രിമിനൽ ചെയ്തു എന്നു പറയുന്ന മോശപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഒരു പാലം കടന്നാൽ പോലീസും നിയമവും ഒന്നും ബാധിക്കാത്ത ചുരുളി. ആ പാലം കടന്നു കഴിയുമ്പോഴേക്കും ഉള്ളിന്റെയുള്ളിൽ ഏറ്റവും ആനന്ദപ്രദമായി തങ്ങൾ എങ്ങനെ ജീവിക്കാനാണോ ആഗ്രഹിക്കുന്നത് ആ രീതിയിൽ ഉള്ളവരായി മാറുന്നു. ആദ്യമൊന്നും ഷാജീവൻ അത്ര എക്സ്ട്രീം ആയിരുന്നില്ല. പക്ഷേ അവൻറെ ഉള്ളിലെ മെയിൽ ഈഗോയെ ചുറ്റുമുള്ളവർ ചൊറിഞ്ഞു ചൊറിഞ്ഞു അവസാനം ഷാജീവനും അങ്ങനെ ആയി മാറുന്നു. ഇത്തരത്തിലുള്ള വേട്ടയാടലും സഞ്ചാരവും ചാക്രികമായി തുടർന്നുകൊണ്ടേയിരിക്കുന്നു എന്നാണ് ചുരുളി പറയുന്നത്.

ഒരു സെലിബ്രിറ്റി പോസ്റ്റിന്റെ കമൻറ് ബോക്സ് പാലം കടന്ന് കഴിയുന്ന ചുരുളി ആണ്. എന്തൊക്കെ ആഭാസങ്ങൾ ആണ് അവിടെ എഴുതി കൂട്ടുന്നത് എന്ന് നമ്മൾ സ്ഥിരം കാണാറുണ്ടല്ലോ. പ്രത്യേകിച്ചും സ്ത്രീ സെലിബ്രിറ്റികളുടെ കമൻറ് ബോക്സിൽ.  അവിടെയൊന്നും സംസ്കാര ശൂന്യത കാണാത്തവർ ചുരുളി കണ്ടു കഴിയുമ്പോഴേക്കും സാംസ്കാരിക നായകന്മാർ ആയി മാറുകയാണ്. നമ്മുടെ ആൺകൂട്ടങ്ങൾ ഒരു സ്ത്രീയെ എങ്ങനെ വിലയിരുത്തുന്നു എന്നുള്ള യാഥാർത്ഥ്യം ലിജോ പറഞ്ഞു തരുന്നുണ്ട്.

വല്ലാത്തൊരു സിനിമയാണ് ചുരുളി, ലിജോ യാതൊരു മയവും ഇല്ലാത്ത സംവിധായകനും. മലയാളസിനിമയെ അത് ഇരുന്നു മയങ്ങുന്ന കംഫർട്ട് സോണിന്റെയും ബാലൻസിംഗിന്റെയും സുന്ദരസന്ധ്യാതീരത്തു നിന്നും യാതൊരു മയവുമില്ലാതെ പിടിച്ചു പുറത്തേക്കിടുകയാണയാൾ. ചിലപ്പോൾ ഇതുപോലെ പച്ചത്തെറികൾ കൊണ്ടേ അത് സാധിക്കുകയുള്ളൂ. അന്യായങ്ങൾ കൊണ്ട് വ്യവസ്ഥാപിതമായതും ഒരു കുന്നോളം കപട സദാചാര കെട്ടുപാടുകൾ കൊണ്ട് ബന്ധനസ്ഥമായതുമായ സാമൂഹിക വ്യവസ്ഥിതിയിൽ നിന്നും പുറത്തേക്ക് കടക്കുക നമ്മുടെ മനസ്സുകൾക്ക് എളുപ്പമല്ലാത്തത് കൊണ്ട് കാപട്യങ്ങൾ അടിത്തറ പാകിയ സാംസ്കാരിക വില്ലത്തരങ്ങളുടെ വാദങ്ങൾ കേട്ടുകൊണ്ടേയിരിക്കും.

⏹️⏹️


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.