Follow the News Bengaluru channel on WhatsApp

ഒമിക്രോണ്‍; അറിയേണ്ടതെല്ലാം..

ഡോ. കീര്‍ത്തി പ്രഭ

രണ്ടു വര്‍ഷത്തോളമായി കോവിഡ് മഹാമാരിയുമായിട്ടുള്ള പോരാട്ടത്തിലാണ് ലോകം. ലോക്ഡൗണ്‍, ക്വാറന്റൈന്‍, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയ വാക്കുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. നിരവധി തവണ ലോക്ഡൗണുകള്‍ വന്നുപോയി. പലരീതിയിലായി കോവിഡ് ഏല്‍പ്പിച്ച ഭീകരമായ ആഘാതത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ എല്ലാം ഒന്നെഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്നു എന്നൊരു തോന്നലുണ്ടായി തുടങ്ങിയിരുന്നു. ജനജീവിതം സാധാരണഗതിയിലേക്ക് പതിയെ നീങ്ങി തുടങ്ങുന്ന നേരത്താണ് ഒമിക്രോണ്‍ എന്ന പേര് നമ്മളെ എല്ലാം ഭയപ്പെടുത്താനായി ഇറങ്ങിത്തിരിച്ചത്. ഒമിക്രോണിനെ പറ്റി പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൂടുതലും അടിസ്ഥാനമില്ലാത്തതും ആളുകളില്‍ അനാവശ്യ ഭയം സൃഷ്ടിക്കുന്നതും ആണ്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും വാര്‍ത്തകള്‍ പലതും ജനങ്ങളില്‍ ജാഗ്രത ഉണ്ടാക്കുന്നതിലുപരി അവരെ ഭയപ്പെടുത്താന്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. എന്താണ് ഒമിക്രോണ്‍, അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്, അതിന്റെ തീവ്രതയും രോഗവ്യാപനശേഷിയും എപ്രകാരമാണ്, അതിനെതിരെയുള്ള പ്രതിരോധം എങ്ങനെയൊക്കെ ആകണം ഇക്കാര്യങ്ങളിലൂടെയൊക്കെ നമുക്കൊന്ന് സഞ്ചരിക്കാം.

എന്താണ് ഒമിക്രോണ്‍(Omicron)?

കൊറോണാ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍. ദക്ഷിണാഫ്രിക്കയില്‍ ആണ് ആദ്യമായി ഈ വകഭേദം കണ്ടെത്തുന്നത്. 2021 നവംബര്‍ 26 ന് ലോകാരോഗ്യസംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത് ‘വാരിയന്റ് ഓഫ് കണ്‍സേണ്‍'(Variant of concern) എന്നാണ്. ആശങ്കയുണ്ടാക്കുന്ന രൂപാന്തരമാണിത് എന്നാണ് അതിനര്‍ത്ഥം. ഒമിക്രോണിന് നിരവധി മ്യൂട്ടേഷനുകള്‍ ഉണ്ട് എന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

നിലവില്‍ ഒമിക്രോണിനെക്കുറിച്ചുള്ള അറിവ്

ദക്ഷിണാഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഗവേഷകര്‍ ഒമിക്രോണിനെ പറ്റിയും അതിന്റെ രോഗവ്യാപനശേഷിയെപ്പറ്റിയും അതിന്റെ രോഗതീവ്രതയെപ്പറ്റിയും പഠിക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

രോഗവ്യാപനശേഷി

ഒമിക്രോണിന്റെ രോഗവ്യാപനശേഷി ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതലാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഈ വേരിയന്റ് ബാധിച്ച ദക്ഷിണാഫ്രിക്കയിലെ പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റീവ് ആകുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു, എന്നാല്‍ ഇത് ഒമിക്രോണോ മറ്റ് ഘടകങ്ങളോ കാരണമാണോ എന്ന് മനസിലാക്കാന്‍ എപ്പിഡെമിയോളജിക്കല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രോഗത്തിന്റെ തീവ്രത

ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളുമായുള്ള അണുബാധയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ അണുബാധ കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നുണ്ട്.എന്നാല്‍ ഇത് സ്‌പെസിഫിക് ആയി ഒമിക്രോണ്‍ അണുബാധയുടെ ഫലമായാണോ എന്ന് സുവ്യക്തമല്ല.രോഗബാധിതരായ ആളുകളുടെ മൊത്തത്തിലുള്ള വര്‍ദ്ധന മൂലമാകാം എന്ന് പറയുന്നുണ്ട്.

ഒമിക്രോണുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നുമില്ല. തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധകള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു. ചെറുപ്പക്കാരില്‍ നേരിയ രോഗ ലക്ഷണങ്ങളാണ് ഉണ്ടായത്.ഒമിക്രോണ്‍ ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും നേരിയ രോഗലക്ഷണങ്ങളാണ് കാണപ്പെടുന്നത് എന്നുമാണ് സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതുവരെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത്.

‘മസിലുകള്‍ക്ക് വേദന, ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള നേരിയ രോഗമാണ് ഇത് കാണിക്കുന്നത്. ഇതുവരെ, രോഗം ബാധിച്ചവര്‍ക്ക് രുചിയോ മണമോ നഷ്ടപ്പെടുന്നില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി. അവര്‍ക്ക് ചെറിയ ചുമയുണ്ടാകാം. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നുമില്ല. രോഗം ബാധിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ വീട്ടില്‍ ചികിത്സയിലാണ്.’ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍ വുമണ്‍ ഏന്‍ജലിക് കൊറ്റ്‌സി പറയുന്നു.ഒമിക്രോണ്‍ രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിട്ടില്ലെന്നും വാക്‌സിനേഷന്‍ എടുത്തവരില്‍ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.അതേസമയം, കുത്തിവയ്പ് എടുക്കാത്തവരുടെ സ്ഥിതി വ്യത്യസ്തമായിരിക്കും.

എന്നാല്‍ ഒമിക്രോണിന്റെ തീവ്രത മനസ്സിലാക്കാന്‍ ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ എടുക്കും.അതുകൊണ്ട് തന്നെ ലോകമെമ്പാടും പ്രബലമായ ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെയുള്ള കോവിഡ്-19 ന്റെ എല്ലാ വകഭേദങ്ങളും,മറ്റു രോഗാവസ്ഥകളാലും ആരോഗ്യപരമായും ദുര്‍ബലരായ ആളുകള്‍ക്ക് ഗുരുതരമായ രോഗത്തിനോ മരണത്തിനോ കാരണമാകാം, അതിനാല്‍ പ്രതിരോധം എല്ലായ്‌പ്പോഴും പ്രധാനമാണ്.

മുമ്പ് കോവിഡ്-19 ബാധിച്ചവര്‍

ഒരിക്കല്‍ കോവിഡ്-19 ബാധിച്ചവര്‍ക്ക് ഒമിക്രോണുമായി വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്നാണ് പ്രാഥമിക പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതേപ്പറ്റി പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. വരും ആഴ്ചകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

നിലവിലുള്ള വാക്‌സിനുകള്‍

വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള നിലവിലുള്ള പ്രതിരോധ നടപടികള്‍ ഒമിക്രോണിനെതിരെ എത്രമാത്രം ഫലപ്രദമാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ ഉണ്ടാക്കുന്ന ഗുരുതരമായ രോഗങ്ങളും മരണങ്ങളും കുറയ്ക്കാന്‍ വാക്‌സിനുകള്‍ നിര്‍ണായകമാണ്. നിലവിലുള്ള വാക്‌സിനുകള്‍ ഗുരുതരമായ രോഗങ്ങള്‍ക്കും മരണത്തിന് എതിരെ ഫലപ്രദമാണ്.

നിലവിലെ ടെസ്റ്റുകള്‍

മറ്റു വകഭേദങ്ങള്‍ കണ്ടെത്തിയത് പോലെ തന്നെ ഒമിക്രോണ്‍ അണുബാധ കണ്ടെത്തുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന പിസിആര്‍ ടെസ്റ്റുകള്‍ തന്നെ ഉപയോഗിക്കാം. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് പോലെയുള്ള മറ്റുതരത്തിലുള്ള പരിശോധനകള്‍ക്ക് എന്തെങ്കിലും സാധ്യതകള്‍ ഉണ്ടോ എന്ന് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിലവിലെ ചികിത്സകള്‍

കോവിഡ്-19 മൂലം രോഗം ഗുരുതരമായവര്‍ക്ക് നിലവിലുള്ള ചികിത്സകള്‍ തന്നെ ഇപ്പൊഴും ഫലപ്രദമാണ്. എന്നാല്‍ ഒമിക്രോണ്‍ ജനിതകമാറ്റം കണക്കിലെടുത്തുകൊണ്ട് മറ്റു ചികിത്സകള്‍ എപ്പോഴും ഫലപ്രദമാണോ എന്ന് കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍

രാജ്യങ്ങള്‍ നിലവില്‍ നടപ്പിലാക്കുന്ന പൊതുജനാരോഗ്യ നടപടികള്‍ തുടരാനും ജനങ്ങള്‍ നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമായി തുടര്‍ന്ന് ജാഗ്രത പുലര്‍ത്താനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ഇതുവരെ നമ്മള്‍ തുടര്‍ന്നിരുന്ന മുന്‍കരുതലുകള്‍ തന്നെയാണ് ഇതിനും വേണ്ടത്. മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസറുകള്‍ ഉപയോഗിക്കല്‍ ഇവ തന്നെയാണ് പ്രതിരോധമാര്‍ഗങ്ങള്‍. ഒരു ഭീകര അന്തരീക്ഷത്തിന്റെ ആവശ്യമൊന്നുമില്ല. കോവിഡ്-19 നെ എങ്ങനെ നേരിട്ടോ അതുപോലെതന്നെ ഒമിക്രോണിനെയും നേരിടുക.

ലോക്ഡൗണില്‍ വരുത്തിയിട്ടുള്ള ഇളവുകളോടെ നമ്മളെല്ലാവരും കോവിഡ്-19 എന്നൊന്ന് ഇവിടെ ഉണ്ടായിരുന്നു എന്നത് മറന്ന മട്ടാണ്.കോവിഡ് പ്രതിരോധത്തിന് നമ്മള്‍ അവലംബിച്ചിട്ടുള്ള ശക്തമായ മാര്‍ഗങ്ങള്‍ ഇനിയും അതുപോലെ തുടരേണ്ടതുണ്ട്. ഒരു ചെറിയ ജാഗ്രതക്കുറവിന് പോലും ചിലപ്പോള്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക. ഇനിയും ഒരു അടച്ചുപൂട്ടല്‍ നേരിടാനുള്ള ത്രാണി നമ്മുടെ നാടിനും ജനങ്ങള്‍ക്കും ഇല്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.