Follow the News Bengaluru channel on WhatsApp

ഒരു കല്യാണയാത്ര

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
സതീഷ് തോട്ടശ്ശേരി

അയിലൂര്‍ പുഴപ്പാലം മുതല്‍ തെണ്ട മുത്തന്റെ ആസ്ഥാനം വരെ ഒരു കയറു പിടിക്കുക. എന്നിട്ട് മുത്തനെ കേന്ദ്രബിന്ദുവാക്കി ഒരു വൃത്തം വരയ്ക്കുക. പിന്നെ അതേ കയറുകൊണ്ട് കേന്ദ്രബിന്ദുമുതല്‍ അത്രയും ദൂരം പടിഞ്ഞാട്ട് അളക്കുക. അത് വൃത്തത്തെ രണ്ടായി ഭാഗിക്കും. അപ്പോള്‍ കിട്ടുന്ന താഴത്തെ അര്‍ദ്ധ വൃത്തം. അതാണ് ഞങ്ങളുടെ തോട്ടശ്ശേരി. എത്ര കൃത്യമായി അടയാളപ്പെടുത്തി അല്ലെ? പൊറ്റെക്കാടിന് അതിരാണിപ്പാടത്തെയും, മുകുന്ദന് മയ്യഴിയെയും, ഖാദറിന് തൃക്കോട്ടൂരിനെയും ചരിത്രത്തിലാക്കാന്‍ വര്‍ഷങ്ങളുടെ തപസ്യ വേണ്ടിവന്നു. നമ്മള്‍ക്ക് തോട്ടശ്ശേരിയെ അടയാളപ്പെടുത്താന്‍ ഒരു മിനിറ്റും. ഇത് കാണിച്ചു തരുന്നത് ഞങ്ങളുടെ ഇട്ടാവട്ടത്തിലെ അനുഭവ ദാരിദ്ര്യത്തെയും, ജീവിതത്തെ അതിന്റെതായ അര്‍ത്ഥത്തില്‍ അറിയുവാനും ആസ്വദിക്കുവാനുമുള്ള വിവേകരാഹിത്യത്തെയുമാണ്. ജനിച്ച നാടിന്റെ ചരിത്രവും വര്‍ത്തമാനവും പഠിക്കാന്‍ സാധിക്കാതെ ഉപജീവനത്തിന് വേണ്ടി പലായനം ചെയ്ത ഹതഭാഗ്യര്‍ക്ക് ഇങ്ങിനെ വൃഥാ നെടുവീര്‍പ്പിട്ടു മുണ്ടാണ്ടിരിക്കാനല്ലേ കഴിയൂ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ തെറ്റി. കഥകള്‍ കേട്ടും പറഞ്ഞുമാണ് സമൂഹം വളരുന്നത്. അതില്‍ കുറെ യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാകാം. കുറെ നുണകള്‍, അതിശയോക്തികള്‍, പൊടിപ്പുകള്‍,തൊങ്ങലുകള്‍ ഒക്കെ ഉണ്ടാകും. അങ്ങിനെ പുതിയ കഥകള്‍ ഉണ്ടാകും. വിഷയം ഈ കഥകള്‍ എവിടെയെങ്കിലും രേഖപ്പെടുത്തിയില്ലെങ്കില്‍ അതെല്ലാം വരും തലമുറയ്ക്ക് നഷ്ടമാവില്ലേ എന്നതാണ്. വായുവും, ജലവും, ഭൂമിയും, കടലും, ആകാശവും, കഥകളും അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് മാത്രം ഓര്‍മ്മപ്പെടുത്തി കൊണ്ട് കഥയിലേക്ക് വരാം.

ഓരോ വള്ളികള്‍ തോളിലേക്കു പോയി പുറകില്‍ ഇന്റു മാര്‍ക്കോടെ വീണ്ടും ട്രൗസറിന്റെ പുറകില്‍ ചേരുന്ന തരത്തില്‍, ഒരു കാരണത്താലും ഊരിപ്പോകാത്ത ഒരു ടൈപ്പ് ട്രൗസര്‍ ഞങ്ങളുടെ കുട്ടി ക്കാലത്തുണ്ടായിരുന്നു. വാര്‍ ടൗസര്‍, വള്ളിസൗസര്‍ എന്നൊക്കെ അന്നത്തെ പിള്ളേര് പറയും. ഇപ്പോള്‍ കാര്യം പിടികിട്ടിക്കാണുമല്ലോ. ചൂരി ബ്രോ അതെല്ലാം ഇട്ടു വിലസുന്ന കാലത്തായിരുന്നു ഞങ്ങളുടെ രമണി ചെറിയമ്മയുടെ കല്യാണം നടന്നത്. ആ കല്യാണയാത്രയുടെ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്നു.

എന്റെ കുട്ടിക്കാലത്ത് കേശവന്‍ ശിഷ്യപ്പെട്ടതു പോലെ മുത്തശ്ശന്റെ എല്ലാകാലത്തും ശിഷ്യപ്പെട്ട ഒരാളുണ്ടായിരിന്നു. കൂട്ടങ്ങാഞ്ഞിരത്തെ മണിയന്‍ നായര്. ദിവസവും പ്രഭാതസവാരിയുടെ ഭാഗമായി വീട്ടില്‍ വന്നു മുത്തശ്ശന്റെ ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കും. ചായയും ചിലപ്പോള്‍ ബ്രേക്ഫാസ്റ്റും കഴിഞ്ഞു ബീഡിവലിയും ബെടക്കൂസു വര്‍ത്തമാനവും കഴിഞ്ഞേ മുപ്പൂര്‍ സ്‌കൂട്ടാവൂ. എനിക്കും ചൂരിക്കും പൊറാട്ടന്‍ കളിപ്പാട്ടു പഠിപ്പിച്ചു തരും. ഗുരുവായൂരോക്കെ പോയി വരുമ്പോള്‍ കളി ചെണ്ട, ചൊയ്യം, ഗുരുവായൂരപ്പന്‍ മോതിരം എന്നിവയൊക്കെ കൊണ്ടുവന്നു തന്നിട്ടുണ്ട്. എന്നാലും മൂപ്പരെ മണിയ മുത്തശ്ശന്‍ എന്ന് വിളിക്കാന്‍ പറയുമ്പോള്‍ ഞങ്ങള്‍ക്കൊരു ഇദായിരുന്നു.

അന്ന് കല്യാണ ദിവസം ഞങ്ങളും കുളിച്ചു കുപ്പായമിട്ട് ഗുരുവായൂര്‍ക്കു പോകാന്‍ തയ്യാറായി നിന്നു. മണിയെളേച്ഛന്‍ ലീവില്‍ വന്ന സമയമായിരുന്നു. അദ്ദേഹം കല്യാണത്തിന് വരുന്നില്ലെന്ന് പറഞ്ഞു. എന്നാലും കല്യാണപ്പാര്‍ട്ടിയുടെ കൂടെ റോഡ് വരെ വന്നു. നേരം ഇനിയും വെളുത്തിട്ടില്ല. കാറില്‍ കേറാന്‍ നേരത്താണ് ഞങ്ങള്‍ കാര്‍ യാത്രയില്‍ ശര്‍ദ്ദിക്കുമെന്നറിയാവുന്ന മണിയന്‍ നായര്‍ ചന്ദ്രഹാസമിളക്കിയത്.

‘എവടെക്കണ്ട ഈ പിള്ളര്? ശര്‍ദ്ദിച്ചു വണ്ടി വൃത്തികേടാക്കാനോ’ എന്ന് പറഞ്ഞു രണ്ടിനെയും പിടിച്ചിറക്കി. സങ്കടം കൊണ്ട് ഞാന്‍ മണിയെളേച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പക്ഷെ ചൂരി അവന്റെ ചേറൂരെ കിട്ടത്തരം പുറത്തെടുത്തു. അവന്‍ ഓടി അപ്പുറത്തെ ഡോറില്‍ കൂടെ കേറി തങ്കോച്ഛേമയുടെ മടിയില്‍ കേറി ഇരുന്നു. മണിയന്‍ നായര്‍ അവന്റെ കയ്യില്‍ പിടിച്ചു താഴെയിറക്കുന്ന പിടിവലി നടക്കുമ്പോ അവന്‍ ഒറ്റ കാച്ചാണ് ‘പോടാ മേടേ’ ന്ന്. തലേ ദിവസം ചൂരിയെ മന്നത്തു കൊണ്ടുപോയി അവിടത്തെ രാജിയെളേച്ഛന്റെ ഭൂതഗണങ്ങളെ വിളിക്കാന്‍ മണിയെളേച്ഛന്‍ പഠിപ്പിച്ച പേര് അവന്‍ പരീക്ഷിച്ചതായിരുന്നു. പിടിവലിക്കിടയില്‍ തങ്കോച്ഛേമയുടെ തിരുപ്പന്‍ പുട്ടപ്പ് മുല്ലപ്പൂവടക്കം ചൂരിയുടെ കയ്യില്‍ വന്നതും കൂടെ കണ്ടപ്പോള്‍
കരഞ്ഞു കൊണ്ടിരുന്ന ഞാനും മറ്റുള്ളവരുടെ പൊട്ടിച്ചിരിയില്‍ ചേര്‍ന്നു.

അങ്ങിനെ അന്ന് ചൂരി ജയിച്ചു. മണിയന്‍ നായര്‍ തോറ്റു. കല്യാണം കഴിഞ്ഞു സംഘം തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ അവരെ വരവേല്‍ക്കാന്‍ പടിക്കലെ വീട്ടിന്റെ മുമ്പില്‍ നിന്നിരുന്നു. അന്ന് വധൂവരന്മാര്‍ക്കു മുന്നേ ശര്‍ദ്ദിച്ചു കുതിര്‍ന്ന വാര്‍ ട്രൗസര്‍ അഴിച്ചു നാണം മറക്കാന്‍ വള്ളി കഴുത്തിലിട്ടു ട്രൗസര്‍ മുന്നില്‍ ഞാത്തി ഇട്ട് അവശനായി നടന്നു
വരുന്ന ചൂരിയുടെ മൂര്‍ത്ത രൂപം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.