Follow the News Bengaluru channel on WhatsApp

വാത്സല്യത്തിന്റെ നിറകുടം

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മൂന്ന് 
🔵

ചെറുപ്പത്തില്‍ ഈ കുറിപ്പുകാരന് സ്‌നേഹവാത്സല്യങ്ങള്‍ നിര്‍ലോഭം ലഭിച്ചത് അച്ചാച്ചന്‍ എന്നുവിളിച്ചിരുന്ന അമ്മയുടെ അച്ഛനില്‍ നിന്നും മന്ദി ഇളയമ്മയില്‍ നിന്നുമാണ്. അമ്മ ഉള്‍പ്പെടെ ആറുമക്കള്‍ പറക്കമുറ്റും മുമ്പ് അമ്മമ്മ ഈ ലോകം വിട്ടുപോയിരുന്നു. അച്ചാച്ചന്‍ പിന്നീട് വിവാഹം കഴിച്ചില്ല. അച്ചാച്ചന്റെ വകയിലുള്ള പെങ്ങളാണ് മന്ദി ഇളയമ്മ. അഞ്ചു പ്രസവിച്ചിട്ട് അഞ്ചും നഷ്ടമായതിനാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ തിരുവെള്ളൂരിലെ ബന്ധുവീട്ടില്‍ സഹായിയായി കഴിയുമ്പോഴായിരുന്നു അമ്മമ്മയുടെ മരണം. അപ്പോള്‍ തറവാട്ടിലേക്കുവന്ന ഇളയമ്മ പിന്നെ മടങ്ങിപ്പോയില്ല. വീട്ടുകാരിയായി തറവാട്ടില്‍ നിന്നു. (സ്ത്രീ,തീ ,മെഴുകുതിരി എന്ന പുസ്തകത്തില്‍ ഞാനവരെക്കുറിച്ച് എഴുതിയിട്ടുണ്ട്).

അച്ചാച്ചന്‍

അമ്മയുടെ മൂത്ത സഹോദരിമാരെ വിവാഹം ചെയ്തയച്ചത് ദൂരെയാണ്. അമ്മയെ തറവാടിനടുത്തും .അച്ചാച്ചന്റെ മൂന്നു ആണ്മക്കളില്‍ മൂത്തയാള്‍ക്ക് പോസ്റ്റുമാനായി ജോലികിട്ടി. ഇളയവര്‍ നാടുവിട്ടുപോയി. തറവാട്ടില്‍ കുട്ടികളില്ല. അച്ചാച്ചനും ഇളയമ്മയും പോസ്റ്റുമാനായ അമ്മാമനും മാത്രം. ആ സന്ദര്‍ഭത്തിലാണ് എന്റെ ജനനം. ഇവനിവിടെ വളരട്ടെ എന്ന് അച്ചാച്ചന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ എതിര്‍ത്തില്ല. ജനസേവനവുമായി നടക്കുന്ന അച്ഛന് എപ്പോഴും തിരക്കായിരുന്നു. അങ്ങനെ അച്ചാച്ചന്റെയും ഇളയമ്മയുടെയും തണലില്‍ അമ്മയുടെ തറവാട്ടിലാണ് ഞാന്‍ വളര്‍ന്നത്. ഇടയ്ക്ക് അമ്മ വരും. വല്ലപ്പോഴും അച്ഛനും. കൃഷിക്കാരനായിരുന്നു അച്ചാച്ചന്‍. വലിയ തറവാട്ടുപറമ്പ്, രണ്ടുമൂന്നു നെല്‍പ്പാടങ്ങള്‍, അതിനടുത്ത് വയല്‍ നികത്തി പറമ്പാക്കിയ കുനി. അതൊക്കെ നോക്കിനടത്തുന്നത് അച്ചാച്ചനാണ്. മെലിഞ്ഞിട്ടാണെങ്കിലും ആരോഗ്യമുള്ള ശരീരം. മൂത്തമകന് ജോലിയുണ്ട്. ഇളയമക്കള്‍ മാസന്തോറും പണമയക്കും. അതുകൊണ്ടൊക്കെ ഒരുതരത്തില്‍ അച്ചാച്ചന്‍ സമ്പന്നനായിരുന്നു എന്നുപറയാം. എന്നെ സ്‌കൂളില്‍ ചേര്‍ത്തത് അച്ചാച്ചനാണ്. ആദ്യമായി സ്‌കൂളിലേക്ക് പോയ ദിവസം ചെറിയ മഴയുണ്ടായിരുന്നു. അച്ചാച്ചന്റെ തലക്കുടക്കീഴില്‍ നിന്ന് വയല്‍ കടന്ന് വെള്ളച്ചാലൊഴുകുന്ന ഇടവഴികള്‍ പിന്നിട്ട് നനഞ്ഞും തണുത്തുമാണ് അക്ഷരലോകത്തേക്കുള്ള യാത്ര തുടങ്ങിയത്. പുഴക്കരയിലുള്ള സ്‌കൂളിലേക്ക് തിരിയുന്ന മുക്കില്‍ ഒരു കടയുണ്ടായിരുന്നു.
തറവട്ടത്തെ കുഞ്ഞവുള്ളാപ്ലയുടെ അനാദി പ്പീടിക. കുഞ്ഞവുള്ളാപ്ല അച്ചാച്ചന്റെ ചങ്ങാതിയായിരുന്നു. ആദ്യത്തെ ദിവസം തന്നെ അച്ചാച്ചന്‍ അവിടെനിന്ന് നാരങ്ങാമിട്ടായി വാങ്ങിത്തന്നിരുന്നു. തറവാട്ടുപറമ്പ് വൃക്ഷസമൃദ്ധമായിരുന്നു. ധാരാളം തെങ്ങും കവുങ്ങും മാവും പ്ലാവും മറ്റുമരങ്ങളും. തെങ്ങുകയറ്റക്കാരന്‍ തയ്യുള്ളതില്‍ ചാത്തുവേട്ടന്‍ മാസത്തിലൊരിക്കല്‍ തെങ്ങുകയറാന്‍ വരും. അന്നാണ് എനിക്ക് ഇളനീര്‍ കിട്ടുന്ന ദിവസം. വീടിനു വലതുവശത്തെ തൊടിയിലുള്ള ചെന്തെങ്ങില്‍ നിന്നാണ് ഇളനീര്‍ ഇടുക. ഓരോ മാസവും ധാരാളം തേങ്ങയുണ്ടാകും. മുറ്റത്തു കൂട്ടിയിടുന്ന തേങ്ങകള്‍ പിന്നീട് അച്ചാച്ചനും ഇളയമ്മയും ചേര്‍ന്ന് അടുക്കളപ്പുരയുടെ മച്ചിലിടും. സഹായിയായി ഞാനും. പറമ്പില്‍ അച്ചാച്ചന്‍ കപ്പ,ചേന , ചേമ്പ്, വാഴ തുടങ്ങിയവയൊക്കെ കൃഷി ചെയ്യും .കുരുമുളകിന്റെയും അടയ്ക്കയുടെയും വിളവെടുപ്പ് ഓരോ സീസണിലാണ്. തെങ്ങു ഒഴികെയുളള മരങ്ങളിലെല്ലാം കുരുമുളക് വള്ളികള്‍ ഇടതൂര്‍ന്ന് പടര്‍ന്നുകയറിയിട്ടുണ്ടാവും. പാകമായ കുരുമുളക് പറിച്ച് മെതിച്ചെടുത്തശേഷം വെയിലത്തിട്ടുണക്കി പടിഞ്ഞാറ്റയിലെ പത്തായത്തില്‍ സൂക്ഷിക്കുന്നത് അച്ചാച്ചന്‍ തന്നെയാണ്. ഇവിടെയും സഹായിയായി ഞാനുണ്ടാകും.

കാശിന് അത്യാവശ്യം വന്നാലും മാര്‍ക്കറ്റ് വിലകൂടി നോക്കിയിട്ടേ അച്ചാച്ചന്‍ കുരുമുളക് വില്‍ക്കാറുണ്ടായിരുന്നുള്ളൂ. അടക്ക പറിക്കുന്നതും അച്ചാച്ചന്‍ തന്നെ. പയ്യെ പയ്യെ ഞാനും കവുങ്ങില്‍ കയറാന്‍ പഠിച്ചു.കവുങ്ങിന്‍ തലപ്പ് ആട്ടിയിളക്കി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി അടയ്ക്ക പറിക്കുന്ന വിദ്യയും ഞാന്‍ വശത്താക്കിയിരുന്നു. അടക്ക നാലുതരമുണ്ട് . മൂപ്പെത്താത്തത് (പൈങ്ങ), പഴുത്തത്, വെയിലത്തിട്ട് ഉണക്കുന്ന കൊട്ടടയ്ക്ക, വെളളത്തില്‍ കുതിര്‍ത്തിവെച്ച് തോട് ചീയിക്കുന്ന നീറ്റടയ്ക്ക എന്നിങ്ങനെ. പൈങ്ങയ്ക്കാണ് ഡിമാന്‍ഡ്. കുലയോടെ പറിച്ചെടുക്കുന്ന പൈങ്ങ ഞങ്ങള്‍ കോലായില്‍ വട്ടമിട്ടിരുന്ന് തൊലി പൊളിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അച്ചാച്ചന്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള കല്ലാച്ചി ടൗണില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകും. അടയ്ക്കയോ കുരുമുളകോ കൊണ്ടാണ് മിക്കപ്പോഴും ടൗണിലേക്കുള്ള യാത്ര. പോകുമ്പോള്‍ എന്നെയും കൂട്ടും. അടയ്ക്കയോ കുരുമുളകോ നിറച്ച സഞ്ചി ഞാനാണെടുക്കുക. വീട്ടില്‍ നിന്നും പരോനാണ്ടി മുക്കിലെത്തുന്നതുവരെ ചെങ്കുത്തായ, ഇരുവശത്തേയും ഉയരമുള്ള കൊള്ളുകളില്‍ കാട്ടുചെടികളും വള്ളികളും നിറഞ്ഞു ഇരുള്‍മൂടിയ ഇടവഴിയാണ്. മഴക്കാലത്ത് കൊള്ളില്‍ നിന്ന് ഉറവപൊട്ടി ഒലിച്ചിറങ്ങുന്ന വെളളം ഇടവഴിയില്‍ വഴുക്കലുണ്ടാക്കും. അച്ചാച്ചന്റെ പിറകെയാണ് എന്റെ നടത്തം.

കല്ലാച്ചി ടൗണിന്റെ തുടക്കത്തില്‍ ഇടതുഭാഗത്ത് തെല്ലുയരത്തിലായുള്ള പറമ്പത്ത് സൂപ്പിയുടെ മൊത്തവ്യാപാരക്കടയിലാണ് അച്ചാച്ചന്‍ ചരക്ക് വില്‍ക്കുക. അധികം വിലപേശലൊന്നുമില്ലാതെ സൂപ്പിയോട് പണം വാങ്ങി മടിയില്‍ തിരുകും. അവിടെ നിന്നിറങ്ങി ടൗണിലേക്ക് നടക്കുമ്പോള്‍ എന്റെ ഉള്ളില്‍ ലഡുപൊട്ടും!. ദയാനന്ദന്‍ ഡോക്ടറുടെ ആസ്പത്രിയും കഴിഞു ഇടതുവശത്തു കാണുന്ന ചെട്ട്യാന്റവിടെ അമ്മദിന്റെ ചായപ്പീടികയിലാണ് അച്ചാച്ചന്‍ ഇനി കയറുക എന്നെനിക്കറിയാം. അതാണ് പതിവ്. ‘രണ്ടു ചായ ‘മരബെഞ്ചിലിരുന്ന ഉടനെ അച്ചാച്ചന്‍ ഉറക്കെ പറയും. അച്ചാച്ചന്റെ അടുത്തോ എതിര്‍വശത്തോ ആണ് ഞാനിരിക്കുക. ചില്ലലമാരയില്‍ നിന്ന് പഴംപൊരി, ഉണ്ടാപ്പം, സുഖിയന്‍, പരിപ്പുവട തുടങ്ങിയ പലഹാരങ്ങള്‍ എന്നെനോക്കി ചിരിക്കുന്നതുപോലെ എനിക്കുതോന്നും. അച്ചാച്ചന്‍ ‘കടി’ പറയും എന്നെനിക്കുറപ്പാണ്. അത് ഏത്  പലഹാരമായിരിക്കും എന്നാണ് എന്റെ ആകാംക്ഷ.’രണ്ട് പയം പൊരീം !’. അച്ചാച്ചന്‍ അത് പറയുന്നതോടെ സന്തോഷമാകും. പലഹാരം എന്തായാലും എനിക്ക് ഇഷ്ടം. പഴംപൊരിയായാല്‍ പെരുത്തിഷ്ടം !.പഴംപൊരി ഞാന്‍ വേഗം തിന്നുതീര്‍ക്കും.  അച്ചാച്ചന്‍ ഒരു കഷണം കൂടി എനിക്കുതരും. അതും പതിവാണ്. അങ്ങനെ എത്ര തവണ എത്രയെത്ര പലഹാരങ്ങള്‍… അസുഖം ബാധിച്ച് അച്ചാച്ചന്‍ കുറെക്കാലം കിടപ്പിലായി. ടൗണിലേക്കുള്ള പോക്ക് അതിനുമുമ്പേ നിലച്ചിരുന്നു.

ഞാന്‍ പത്താം ക്ലാസ് പരീക്ഷയെഴുതി നില്‍ക്കുമ്പോഴാണ് അച്ചാച്ചന് അസുഖം മൂര്‍ച്ഛിച്ചത്. അച്ചാച്ചന്റെ കട്ടിലിനരികില്‍ ഞാന്‍ സദാസമയവും സ്ഥാനം പിടിച്ചു. അദ്ദേഹത്തെ പരിചരിച്ചു. അച്ചാച്ചന് വായില്‍ ക്യാന്‍സറാണെന്നു എനിക്കു പിന്നീടാണ് മനസ്സിലായത്. കവിളില്‍ ചെറിയ ദ്വാരമുണ്ടായി. അതില്‍ പുഴുക്കളെ കണ്ടു. അയല്‍പക്കത്തെ കൃഷ്ണന്‍ കമ്പോണ്ടര്‍ ദിവസവും രാവിലെ വന്ന് അച്ചാച്ചന്റെ മുഖം വൃത്തിയാക്കി മരുന്നുവെച്ചുകെട്ടും. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ക്യാന്‍സറിന് കാര്യമായ ചികിത്സയൊന്നുമില്ല. ഞാന്‍ എങ്ങോട്ടും പോകാതെ അച്ചാച്ചനെ പരിചരിച്ചുപോന്നു. ‘ഇനിക്ക് പൊരുത്തം കിട്ടും ‘അമ്മയും ഇളയമ്മയും ബന്ധുക്കളും പറയും. എന്താണ് പൊരുത്തം എന്ന് അന്നെനിക്കറിയില്ലായിരുന്നു. എന്റെ മനസ്സില്‍ സ്‌നേഹനിധിയായ എന്റെ പ്രിയപ്പെട്ട അച്ചാച്ചന്‍ മാത്രം. എന്റെ മടിയില്‍ തലവെച്ചാണ് അച്ചാച്ചന്‍ മരിച്ചത്. മരണം എന്ന സമസ്യയെപ്പറ്റി ഞാന്‍ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലം അറിഞ്ഞു ഏതാനും ദിവസങ്ങള്‍ക്കകമായിരുന്നു അച്ചാച്ചന്റെ മരണം. ഞാന്‍ കൊടിയ വിഷാദത്തിന്റെ, നഷ്ടബോധത്തിന്റെ ലോകത്തായിരുന്നു. റഗുലര്‍ കോളെജില്‍ ചേരാന്‍ കഴിയാതെ പോയതിന്റെ ഒരു കാരണം അച്ചാച്ചന്റെ മരണമാണ്. പക്ഷെ ആ സ്‌നേഹനിധിയുടെ പൊരുത്തംകൊണ്ടായിരിക്കാം പുത്തന്‍വഴിത്താരകളിലേക്ക് കടന്നുചെല്ലാനും വിജയം വരിക്കാനും എനിക്ക് സാധിച്ചത്. ജീവിതം എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി. എന്തൊക്കെയൊ ആക്കിത്തീര്‍ത്തു. ഇപ്പോള്‍ ജാതകത്താളില്‍ ജീവിതമെഴുതുന്ന ഞാനും ഒരു അച്ചാച്ചനാണ്. എന്റെ ഉള്ളിലെവിടെയൊ വഴികാട്ടിയായി, കാവലായി സ്‌നേഹനിധിയായ എന്റെ അച്ചാച്ചന്‍ ഉണ്ടായിരിക്കാം.
(തുടരും)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.