അക്യാബ് തുറമുഖത്തെ കപ്പല്‍

-മുഹമ്മദ് കുനിങ്ങാടിന്റെ കഥകള്‍

‘തെരുവിൽ കണ്ടത്’

കഥ :  3

അക്യാബ് തുറമുഖത്തെ കപ്പല്‍

മരണശയ്യയില്‍ സ്വസ്ഥതയുണ്ടാകണമെന്ന എന്നത്തെയുമൊരാഗ്രഹം മായിനാജിക്ക് അവസാന നാളുകളില്‍ ലഭിക്കാതെ പോയതെന്തുകൊണ്ടാണെന്ന് അയാള്‍ക്കും അയാളുടെ കാലശേഷം മറ്റൊരാള്‍ക്കും ഇന്നുവരെ ബോധ്യമായിട്ടില്ല. സൗമ്യവും സരസവുമായ അയാളുടെ സാന്നിദ്ധ്യം കുട്ടിക്കാലം മുതല്‍ക്കേ തറവാട്ടിന്റെ ഐശ്വര്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കച്ചവടസാമാജ്യം മുഴുവന്‍ വിട്ടെറിഞ്ഞ് വലിയ ഹാജിയാല്‍ നാടണയുമ്പോള്‍ മോയിന് നന്നേ ചെറിയ പ്രായമായിരുന്നു. യുദ്ധവിമാനങ്ങള്‍ ബോംബിംഗിനായെത്തുന്നതിന്റെ മുന്നറിയിപ്പറിയിക്കുന്ന സൈറണ്‍ മുഴങ്ങുന്നതും, അത് കേട്ട മാത്രയില്‍ ഭൂമിക്കടിയില്‍ പണിത തുരങ്കങ്ങളിലേയ്ക്ക് ജീവനും കൊണ്ട് അഭയം തേടി ഒളിയ്ക്കുന്നതും രോമം എഴുന്നുനില്‍ക്കുന്ന വികാരവായ്‌പോടെ കേട്ടുനിന്നതോര്‍മ്മയാണിന്നും. രക്ഷയില്ലാതെ കാളവണ്ടിയിലും കാല്‍നടയായും മറ്റും നാടണയാനുള്ള ജീവന്‍ മരണപോരാട്ടത്തിന്റെ കഥ പറഞ്ഞുകേട്ട ഓര്‍മ്മയില്‍ എന്നും മായിനാജി വിനായന്വിതനായി.

ശത്രുസൈന്യത്തിന്റെ ബോംബുവര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ചേതനയറ്റ മനുഷ്യശരീരങ്ങളും ചത്തൊടുങ്ങിയ വളര്‍ത്തുമൃഗങ്ങളും യുദ്ധത്തിന്റെ അപൂര്‍വ്വമായ ഇടവേളകളില്‍ ഒന്നായിക്കൂട്ടിയിട്ട് മണ്ണെണ്ണയും പെട്രോളും നിറച്ച ടാങ്കുകളില്‍ നിന്നും നനച്ചെടുത്ത് തീകൊളുത്തി സ്ഥലം വിട്ടോടുന്ന പട്ടാളക്കാരുടെ ചങ്കുറപ്പ് ഒരുള്‍ക്കിടിലത്തോടെയായിരുന്നു അവര്‍ വിവരിച്ചിരുന്നത്. ഇന്ധനം തീര്‍ന്ന് തീയണഞ്ഞ് പാതിവെന്ത മൃതദേഹങ്ങളുടെ ചീഞ്ഞ ഗന്ധം അന്തരീക്ഷമാകെ ആഞ്ഞുവീശിയിരുന്നു.

അക്യാബില്‍ നിന്നും തുറമുഖത്തണിഞ്ഞ അവസാനത്തെ കപ്പലില്‍ കയറുന്നതിനിടയില്‍ നഷ്ടപ്പെട്ട സഹയാത്രികരെയും വഴിമധ്യേ അന്ത്യശ്വാസം വലിച്ച കൂടപ്പിറപ്പുകളെയും ഓര്‍ത്തെടുത്തു പറയുമ്പോള്‍ ഓരോ യാത്രക്കാരനും പൊട്ടിക്കരയുകയായിരുന്നുവെന്ന് ഒപ്പം തിരിച്ചെത്തിയവരില്‍ ചിലര്‍ പറഞ്ഞു. ദുരന്തമേതുമേല്‍ക്കാതെ രക്ഷപ്പെട്ടത് വലിയ ഹാജ്യാരുടെ ദാനധര്‍മ്മങ്ങളുടെ കരുത്തൊന്നുകൊണ്ട് മാത്രമാണെന്നത് നാട്ടിലെ ഇന്നത്തെയും
സംസാരവിഷയമാണ്.

ബര്‍മ്മയിലെ വ്യാപരം കൊണ്ട് ഒരു പ്രദേശം മുഴുവന്‍ സമ്പന്നമാക്കിയ മഹാമനുഷ്യന്റെ മകനായി പിറന്നതില്‍പ്പരം അഭിമാനിക്കാന്‍ മറ്റൊന്നും മായിനാജിക്ക് ആവശ്യമില്ലായിരുന്നു. അങ്ങിനെയൊരാവശ്യം ഇല്ലാതിരുന്നിട്ടുകൂടി കണ്ണെത്താദൂരത്തോളമുള്ള പറമ്പും പാടവും സഹോദരങ്ങളെ പോലെ തന്നെ തന്നിലും അനന്തരാവാകാശമായറ്റു വീണിരുന്നെങ്കിലും തനിക്ക് കൈമാറാന്‍ സന്തതികളില്ലാതെ പോയത് മൗന നൊമ്പരമായെന്നും മായിനാജിയുടെ കൂടെയുണ്ടായിരുന്നു.

മധ്യവയസ്സ് പിന്നിട്ടപ്പോഴാണ് എടാകൂടം പോലൊരു എയിഡഡ് സ്‌കൂള്‍ തലയില്‍ വന്നുവീണത്. അതില്‍ വലിയ പുലിവാലാവുമെന്ന് നിനച്ചേതേയില്ല. നാടിന്റെ ഭാരം മുഴുവന്‍ തലയില്‍ പേറുന്ന പൗരമുഖ്യനായ ജ്യേഷ്ഠനും സങ്കല്പത്തിനപ്പുറമുള്ള പരിഷ്‌ക്കാരങ്ങള്‍ ആര്‍ജ്ജിച്ച് ആളുകളുടെ ആദരം നേടിയ മറ്റൊരു കൂടപ്പിറപ്പും കൂടിയുണ്ടെങ്കിലും അത്തരം ഒരു വയ്യാവേലിയും സ്വീകരിക്കാന്‍ ഒരിക്കലും മായനാജി തയ്യാറായിരുന്നില്ല. പിന്നാക്കം നിന്നിരുന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ധിഷണശാലിയും ഭാവനാ സമ്പന്നനുമായൊരാള്‍ വകുപ്പു മന്ത്രിയായപ്പോഴായിരുന്നു സ്‌കൂള്‍ അനുവദിച്ചുകിട്ടിയത്. കുടുംബസ്വത്തില്‍ പുരാതനമായ ഒരു എല്‍.പി. സ്‌കൂള്‍ നേരത്തേയുണ്ടായിരുന്നു. അത് അപ്‌ഗ്രേഡ്
ചെയ്യാനുള്ള ശ്രമത്തിലാണ്. ദാ പിടിച്ചൊന്നും പറഞ്ഞ് പുതിയൊ രെണ്ണം അനുവദിച്ചത്. ആവശ്യമായ സ്ഥലവും സംവിധാനവുമില്ലാതെ സ്‌കൂളിന് കച്ചകെട്ടിയിറങ്ങിയ ചേട്ടന്റെ മകന്‍ ശട്ടം കെട്ടി പിന്നാലെ വന്നപ്പോഴേ ശരിയാവൂല്ലബുവേ, നിയ്യതങ്ങ് വിട്ടേക്ക്, എനക്കങ്ങനെ ബയ്യാവേലിക്കൊന്നും ആവൂല്ല.

സമ്മര്‍ദ്ദങ്ങള്‍ക്കൂടിയപ്പോള്‍ വ്യക്തമായ നിബന്ധനകള്‍ക്കൊടുവില്‍ സ്‌കൂളെടുക്കാമെന്ന് മായിനാജി നിശ്ചയിച്ചതിനുപിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മക്കളില്ലാത്ത ഞമ്മക്ക് കൊറേ മക്കളെ കിട്ടൂലെ,  ങ്ങളയ്യുസ്കൂളെടുക്കീന്‍- വൈദ്യുതിയില്ലാതെ ഇരുട്ട് മൂടിയ രാത്രിയുടെ തണുപ്പേകുന്ന ഏകാന്തതയില്‍ ചേര്‍ന്നിരുന്ന് അവളത് പറയുമ്പോള്‍ തള്ളിക്കളയാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴുമല്ലേ ആഗ്രഹങ്ങളെ മറനീക്കി പുറത്തു കാട്ടാന്‍ കെട്ട്യോള് ശ്രമിക്കാറുള്ളൂ എന്നയാളോര്‍ത്തു.

സ്‌കൂളിന്റെ കെട്ടിടങ്ങളെല്ലാം കാശ് മുടക്കി പണിതൊപ്പിച്ചത് സ്‌കൂളിന്റെ ഓരേയൊരുടമസ്ഥനും മാനേജരുമായ മായിനാജി തന്നെയായിരുന്നു. അധ്യാപകരെ നിയമിക്കുമ്പോള്‍ അന്നൊക്കെ കുറച്ചേ ക്യാഷ് കിട്ടുമായിരുന്നുള്ളൂ. അതൊന്നും ഒരിക്കലും മാനേജരുടെ കൈയില്‍ വന്നില്ല. എച്ച്. എമ്മിനെ നിയമിച്ചത് അന്നത്തെ എം.എല്‍.എ യായിരുന്നു. അതിന്റെ കാശ് നമ്മുടെ കൈയില്‍ വരില്ലെന്നുപറഞ്ഞതും അബു തന്നെ. സമുദായ സംഘടനയില്‍ നല്ല പിടിപാടുള്ളയാളും ബന്ധുവും കൂടിയായിരുന്ന എം.എല്‍.എ ആദരണീയനായിരുന്നു.

സെന്റിന് രണ്ടും മൂന്നും ലക്ഷം വിലയുള്ള രണ്ടേക്കര്‍ സ്ഥലമാ സ്‌കൂളിനായി മുടങ്ങിക്കിടക്കുന്നത്. അതാരും കാണുന്നില്ല. അധ്യാപക നിയമനത്തിന് ഇപ്പോള്‍ കുറച്ച് കാശൊക്കെ ലഭിക്കുന്നുണ്ട്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കോ ഗതാഗത സംവിധാനങ്ങളൊരു ക്കുന്നതിനോ കാലകാലങ്ങളിലായി മറ്റൊന്നും കിട്ടുന്നില്ലെന്നത് മറ്റാര്‍ക്കൊട്ടറിയുന്നുമില്ല. മുട്ടയിടുന്ന കോഴിക്കല്ലേ മൂലത്തിന്റെ വേദനയറിയൂ അയാള്‍ നെടുവീര്‍പ്പിട്ടു.

മക്കളില്ലാത്ത ദു:ഖം ഏറ്റവുമനുഭവിക്കുക മരണമടുക്കുമ്പോഴാണെന്ന് അപ്പോഴാണറിയുന്നത്. അവള്‍ക്കതൊന്നുമറിയേണ്ടിവന്നില്ലല്ലോ താനുണ്ടായിരുന്നല്ലോ. വിട്ടേച്ചു പോന്ന സമ്പത്ത് ആര്‍ക്കാകും ലഭിക്കുകയെന്ന കാര്യത്തില്‍ തെല്ലും സന്ദേഹമില്ല. കൃത്യമായ മത നിയമങ്ങള്‍ രേഖപ്പെട്ടുകിടക്കുന്നു. താനായൊന്നും സമ്പാദിച്ചു വെച്ചിട്ടില്ല. അങ്ങിനെയൊരു നിയമത്തിന്റെ പരിരക്ഷയിലാണ് പിതാവിന്റെ സമ്പത്തില്‍ സഹോദരങ്ങളും താനും അര്‍ഹരായത് തന്നെ. മക്കളില്ലാത്ത തന്റെയും അവകാശം ദൈവനിര്‍ദ്ദേശമെന്താണൊ അതുതന്നെ പുലരണം, അതേ പുലരാവു എന്നത് നിര്‍ബന്ധമാണെന്നയാള്‍ ആണയിട്ടു പറഞ്ഞു, കാരണം ശ്വാശ്വതമായൊരു മരണാനന്തര ജീവിതമാണ് മോക്ഷമെന്ന വിശ്വാസമായിരുന്നു ജീവിതലക്ഷ്യം.

പൊതുവിദ്യാഭ്യാസത്തെ സമുദ്ധരിക്കാനുള്ള ശ്രമം മാറിമാറിവരുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കാറുണ്ടെന്നത് നേര്. വകുപ്പിലെ താപ്പാനകള്‍ക്ക് മണികെട്ടാന്‍ ആര്‍ക്കുകഴിയും. ആധിയുള്ളാരു വാര്‍ദ്ധക്യമല്ലാതെ മറ്റെന്താണീ വിദ്യാലയം സമ്മാനിച്ച
തെന്ന് മായിനാജി പലവുരു മനോഗതം ചെയ്തു.

കുറേ നാളത്തെ ഗള്‍ഫ് ജീവിതം കഴിഞ്ഞെത്തിയ സമീര്‍ സുമുഖനും ആരോഗ്യവാനുമായിരുന്നു. സാമുദായിക രാഷ്ട്രീയത്തിലൊക്കെ കണ്ണുള്ള അബു വിന്റെ മകനാണവന്‍. കുട്ടിപ്പാവടയും അടിവസ്ത്രം പോലെ നേര്‍ത്തതും ഇറുങ്ങിയതുമായ മേല്‍വസ്ത്രത്തിനുമടിയില്‍ ഒതുക്കിയ മാംസളമായ ശരീരഭാഗങ്ങള്‍ കൊതിപ്പിക്കുന്ന മാദകത്വത്തോടെ മുന്നിലകപ്പെട്ടപ്പോള്‍ കൂട്ടുകാരനോട് സമീര്‍ ആശങ്കപ്പെട്ടു ഈ റഷ്യ എന്നാല്‍ കമ്മ്യൂണിസ്റ്റ് രാജ്യല്ലേടാ? കട്ടനും പരിപ്പുവടയും കൊടുത്തു വളര്‍ത്തിയ പാര്‍ട്ടിയെ ഇത്രയങ്ങ്
സമൃദ്ധമായുള്‍ക്കൊള്ളാന്‍ സമീറിന് കഴിഞ്ഞില്ല. ദുബായിയില്‍ നിന്ന് അബുദാബിയിലേക്ക് കള്ള ടാക്‌സി ഓടിക്കലായിരുന്നു പണി. പത്ത് പതിനഞ്ചുവര്‍ഷം തട്ടിപ്പും തരികിടയുമായി അവിടെ ഒരൊറ്റ നില്‍പ്പായിരുന്നു. കല്യാണമൊന്നും കഴിച്ചിരുന്നില്ലെന്നത് സൗഭാഗ്യമായെന്നവന് തോന്നി. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും നല്‍കിയ സ്വാതന്തമാസ്വദിച്ച് കണ്ണഞ്ചിപ്പിക്കുന്ന ദുബായ് ഫ്രീ പോര്‍ട്ടിലെത്തിയ തുടുതുടുത്ത റഷ്യന്‍ സുന്ദരികള്‍ക്ക് തങ്ങളുടെ മേനിയഴക് വമ്പിച്ച മൂല്യമുള്ളാരു വില്പനച്ചരക്കാണെന്ന്
പഠിപ്പിച്ചുകൊടുത്തവരില്‍ പ്രഥമനായിരുന്നു അവനെന്നത് വീമ്പുപറച്ചില്‍ മാത്രമായിരുന്നില്ല. തകര്‍ച്ചയുടെ വക്കിലെത്തിയ വ്യാപാരകേന്ദ്രത്തെ ഉദ്ദീപിക്കുന്ന തള്ളിക്കയറ്റമായിരുന്നു റഷ്യന്‍ തരുണികള്‍ കൂട്ടത്തോടെ അവിടെയെത്തിയതില്‍ പിന്നെ സംഭവിച്ചത്. റീടെയില്‍ ഷോപ്പുകളില്‍ ഹോള്‍സെയിലായി കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന ആദ്യഘട്ടത്തിനൊടുവില്‍ നായിഫ് റോഡിലെ ഫന്തക്കുകളില്‍* അധികമൊന്നും ഭാരിച്ച ചെലവില്ലാതെ അറേബ്യന്‍ രാക്കഥകളാസ്വദിച്ച് അടിച്ച് പൊളിച്ചൊരു ജീവിതം തുടരാന്‍ മലയാളികളടക്കം ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ റഷ്യന്‍ ഭാഷപോലും ഹൃദിസ്ഥാക്കിയത് ദിവസങ്ങള്‍ കൊണ്ടായിരുന്നു.

പരസ്പരം ആനന്ദത്തിനും ആസ്വാദനത്തിനും നിര്‍ലോഭമായി പങ്കുവെച്ച രതി ഒരു നാടിന്റെ സാമ്പത്തികത്തകര്‍ച്ചയില്‍ കരകേറാനുള്ള ഉപാധിയാണെന്നു പഠിപ്പിച്ച ഗുരുവര്യനാണ് താനെന്ന് ഊറ്റം കൊള്ളുന്ന പരുവത്തിലെത്തിയിരുന്നു സമീര്‍. തറവാടിന്റെ യശസ്സ് കളങ്കപ്പെടുത്തി നാട്ടുകാരെക്കൊണ്ട് തറവാടിനെ പറയിപ്പിക്കുന്നതില്‍ മനം നൊന്ത് അബു മരിക്കുമ്പോള്‍ ശാപമത്രയുമവന്റെമേലായിരുന്നു. വണ്ടിച്ചെക്ക് കേസില്‍ അകത്തായി നാട്ടിലെത്തിയ അവന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തട്ടിയെടുക്കാന്‍ ശട്ടം കെട്ടിയതാണ് പുതിയ നീക്കമെന്നറിഞ്ഞു. കുതന്ത്രങ്ങളുടെ ആശാന്‍ സാലിയും സമുദായാനുകൂല്യത്തില്‍ പ്രധാനാധ്യാപകനായ അവുള്ള മാഷും കള്ളരേഖകളുണ്ടാക്കി സ്‌കൂള്‍ തട്ടിയെടുക്കുമെന്ന ഭീഷണി ഭാര്യയുടെ വിയോഗത്തോടെ ഏറെയഭിമുഖീകരിക്കേണ്ടി വന്നുവെന്നതാണ് മായനാജിയുടെ അവസാനകാലത്തെ അസ്വസ്ഥതയ്ക്ക് കാരണമായത്.

ശര്‍വാണിപ്പള്ളിയിലെ മുന്നിലെ സഫ്ഫില്‍** ഒരു ഗതികിട്ടാ പ്രേതം കണക്കെ അവുള്ള മാഷ് നിസ്‌കരിക്കുന്നത് അന്‍വര്‍ കാണുന്നത് ഒരത്യുഷ്ണത്തിലാണ്. മരുഭൂമി ചുട്ടുപൊള്ളുന്ന ഇത്തരുണത്തിലാണ് വിസിറ്റ് വിസയില്‍ ആളുകളെ വരുത്തേണ്ടതെന്ന് അന്‍വര്‍ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

‘ആ ഹിമാറിനെ ശര്‍വാനിപ്പള്ളിക്കണ്ടിരുന്ന അന്‍വര്‍ പഴയ സഹപാഠികളോട് ചോദിച്ചു.  ആരാടാ ഓന് വിസ കൊടുത്തേ? മുക്രിക്കയുടെ കൊച്ചുമകനായ അന്‍വര്‍ ഗള്‍ഫിലെത്തിയതില്‍ പിന്നെ കച്ചവടത്തില്‍ അടിവെച്ചടിവെച്ചായിരുന്നു ഉയര്‍ച്ച. അതിനൊപ്പം പാര്‍ട്ടിയുടെ പ്രവാസി സംഘത്തിന്റെ തലപ്പൊത്തെത്താനും മിടുക്കുണ്ടായിരുന്നു. സബ്കയില്‍ കഫറ്റേരിയയില്‍ ബാര്‍വാലയായിട്ടായിരുന്നു അവുള്ള മാഷ് ആദ്യം ജോലി ചെയ്തിരുന്നത്.  അതുതന്നെ സാദിഖിന്റെ ഒരൗദാര്യമോ, പ്രതികാരമോ ആയിരുന്നു. പക്ഷപാതപരമായി മാറിമാറി മുഖത്തടിച്ച് ബെഞ്ചില്‍ കയറ്റി നിര്‍ത്തിയപ്പോള്‍ പ്രാര്‍ത്ഥനയോടൊപ്പം മനസ്സില്‍ കുറിച്ചിട്ട പ്രതികാരത്തിന്റെ സാക്ഷാത്ക്കാരം!

വിയര്‍ത്തൊലിച്ച് ഓഫീസിലെത്തി ചായയൊഴിച്ചു കൊടുക്കുമ്പോള്‍ ‘പാനി കോന്‍ ദേഗാ’ അന്‍വര്‍ ചോദിച്ചു.

വെളളം തന്റെ തന്ത കൊണ്ടത്തരുമോ എന്നാണതിനര്‍ത്ഥമെന്ന് ആരോ പറഞ്ഞറിഞ്ഞപ്പോഴാണ് ആ ജോലി വിട്ടതും വീണ്ടും സ്‌കൂളിലേക്ക് തന്നെ തിരികെ വന്നതെന്നുമാണ് നാട്ടില്‍ സംസാരം. വിരമിക്കുന്നതിന്റെ തൊട്ടുമുമ്പ് എച്ചെമ്മായ മാഷ് അവുള്ള കൃത്രിമമായുണ്ടാക്കിയ കള്ള രേഖയില്‍ ബലമായൊപ്പുവെപ്പിക്കാനുള്ള സമീറിന്റെയും സാലിയുടെയും ഗൂഡപദ്ധതിക്കൊരുനാള്‍ മുന്നേ പ്രാര്‍ത്ഥനയിലാണ്ട പ്രഭാതത്തണുപ്പില്‍ സമാധാനത്തിന്റെ മാലാഖമാര്‍ വിസ്മയിപ്പിക്കുന്ന സ്വര്‍ഗീയക്കാഴ്ചകളൊരുക്കി മൃദുലമായൂരിയെടുത്ത ആത്മാവുമായാകാശത്തേക്കോടിപ്പോകുമ്പോള്‍ സ്വര്‍ഗീയാരാമത്തിന്റെ സുഗന്ധം ഭൂമിയില്‍ പരന്നിരുന്നു.

മയ്യത്തുകട്ടിലില്‍ കിടത്തി, ചുമലിലേറ്റി ഏരിയേല്‍ പള്ളി ശ്മശാനത്തിലേക്ക് മയ്യത്തുമായി ‘തഹലീല്‍***’ ചൊല്ലി നടന്നു നീങ്ങവേ യു.പി സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ നിറകണ്ണുകളോടെ കുട്ടികളൊന്നടങ്കം അന്ത്യാജ്ഞലികളര്‍പ്പിക്കാന്‍ കാത്ത് നില്‍ക്കുകയായി
രുന്നു. മായിനാജിക്കൊന്ന് പ്രത്യഭിവാദനം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ പെട്ടന്നെന്തോ ഓര്‍ത്തത് പോലെ തന്റെ തള്ള വിരല്‍ കൈപിടിയിനുള്ളിലേക്ക് ഒന്നുകൂടി ശക്തമായൊതുക്കി നിര്‍ത്താന്‍ പാടുപെടുകയായിരുന്നു മൃതശരീരമപ്പോള്‍ ചെയ്തു കൊണ്ടിരുന്നത്.

🟣

*ഫന്തഖ് = ലോഡ്ജ്
**സഫ്ഫ്= പ്രാര്‍ത്ഥനക്ക് അണിചേരുന്നത്

***തഹലീല്‍ = ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കീര്‍ത്തനം,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy