Follow the News Bengaluru channel on WhatsApp

മിന്നല്‍ മുരളി

ഡോ. കീര്‍ത്തി പ്രഭ

മിന്നല്‍ മുരളി കണ്ടു കഴിഞ്ഞപ്പോള്‍ ശരിക്കും അദ്ഭുതപ്പെട്ടത് ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, ടോവിനോ തോമസ്, ഫെമിന ജോര്‍ജ് എന്നിവരെയോര്‍ത്താണ്. അവര്‍ തന്നെയാണ് ഈ സിനിമയെ മലയാളത്തിലെ മിന്നും സിനിമയാക്കുന്നതിലും ഈ സിനിമ ഇത്രയധികം ചര്‍ച്ചയാക്കുന്നതിലും പ്രധാന പങ്കു വഹിച്ചത് എന്ന് പറയാതെ വയ്യ.

പ്രേക്ഷകര്‍ക്ക് ടോവിനോയിലുള്ള പ്രതീക്ഷയെ ഒട്ടും മങ്ങലേല്‍പ്പിക്കാത്ത മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷെ നമ്മുടെ വില്ലന്‍ ഗുരു സോമസുന്ദരം സിനിമയുടെ ഗതി സ്വന്തം കൈക്കുള്ളില്‍ മുറുകെ പിടിച്ചു ഈ സിനിമ ഞാനിങ്ങെടുക്കുവാ എന്നും പറഞ്ഞ് വല്ലാതെയങ്ങ് ഭ്രമപ്പെടുത്തിക്കളഞ്ഞു. ഇത് ഒരു അതിമാനുഷിക ചിത്രമാണ്. അതുകൊണ്ട് തന്നെ ലോജികും റിയലിസവും ഒന്നും ചികയേണ്ട കാര്യമില്ല.

നിഷ്‌കളങ്കനായ സാധാരണ മനുഷ്യനെയും ഒരു നാടിനെ രക്ഷിക്കാന്‍ തന്നില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സവിശേഷ ഊര്‍ജഗുണത്തെ സര്‍വ ശക്തിയോടെ തന്നിലേക്ക് ആവാഹിക്കുന്ന അതിമാനുഷികനെയും ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷനും ടോവിനോ ചെയ്യുന്നത് കാണാന്‍ എന്തൊരു ചന്തമാണ്. അയാള്‍ സങ്കീര്‍ണതകളില്‍ പോലും കോമഡി പറയുന്ന സില്ലി മനുഷ്യനാണ് പലപ്പോഴും. അയാള്‍ക്കും പ്രണയനൈരാശ്യമുണ്ട്. ഒരു ഘട്ടത്തില്‍ പ്രണയത്തകര്‍ച്ചയില്‍ പിരിമുറുക്കത്തിലാകുന്ന അയാള്‍ അതിനെ ഏറ്റവും സരസമായി അതിജീവിക്കുന്നുണ്ട്. നേരെ മറിച്ച് ഷിബുവിന്റെ പ്രണയം ഉഷ എന്ന് അയാളെ സ്വീകരിക്കാന്‍ തയ്യാറല്ല എന്ന് പറയുന്നുവോ അന്ന് വയലന്റ് ആയി മാറാവുന്ന ഒരു വികാരം മാത്രമാണ്. അത് പ്രണയമെന്ന പേരില്‍ ഗ്ലോറിഫൈ ചെയ്യേണ്ടതല്ല. അജു വര്‍ഗീസിന് തന്റെ പ്രതിഭയെ കൂടുതല്‍ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ലഭിക്കട്ടെ.

നായികയെ ആക്രമിക്കുന്ന വില്ലന്‍, പറന്ന് വന്ന് അവളെ രക്ഷിക്കുന്ന നായകന്‍ ഇങ്ങനെയുള്ള സ്ഥിരം സീനുകള്‍ ഇല്ല സിനിമയില്‍. അവളുടെതായ ഒരു സ്‌പേസ്, കൃത്യമായ ലക്ഷ്യങ്ങള്‍, സ്വയരക്ഷയ്ക്കായി ആരെയെങ്കിലും കാത്തു നില്‍ക്കാതെ നായകനെ പോലെ തന്നെ ഉപദ്രവിക്കുന്നവര്‍ക്ക് രണ്ടു പൊട്ടിക്കാന്‍ കെല്‍പുള്ളവള്‍ ഇങ്ങനെയും നായിക കഥാപാത്രങ്ങളെ സൃഷ്ടിക്കാം എന്ന് ബേസില്‍ ജോസഫ് മുമ്പും കാണിച്ചു തന്നിട്ടുണ്ട്. നായകന്റെ നിഴലായി, അവന്റെ തണലില്ലെങ്കില്‍ തനിക്ക് സുരക്ഷിതമായൊരു ജീവിതമില്ല എന്ന് അരക്കെട്ടുറപ്പിക്കുന്ന നായികമാരെ കണ്ടു പരിചയിച്ച നമ്മുടെ മുന്നില്‍ ബേസില്‍ തുറന്നു വെക്കുന്നത് പ്രശംസനീയമായ മാറ്റത്തിന്റെ ദൃശ്യങ്ങളാണ്.

ഇനി പറയേണ്ടത് കഥാപാത്രമിഴിവു കൊണ്ട് ഷിബുവിന്റെത് ദിവ്യപ്രണയമെന്ന് വാഴ്ത്തുന്ന പ്രവണതയെക്കുറിച്ചാണ് .പ്രണയവും നൈരാശ്യവും ക്രൂരമായ അക്രമങ്ങളില്‍ അവസാനിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്.അതൊന്നും പ്രണയമല്ല.യഥാര്‍ത്ഥത്തില്‍ പ്രണയം വളരെ മനോഹരമാണ്, ആ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വരികയോ എതിര്‍ കക്ഷിയുടെ ഭാഗത്ത് നിന്നും ഒരു ‘നോ’ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ആ സാഹചര്യങ്ങളെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ടെങ്കില്‍. പ്രണയത്തകര്‍ച്ചയില്‍ മാനസികമായി തളരുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും അവരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ജീവിതത്തിന്റെ ഒരു വലിയ ഭാഗം നിങ്ങള്‍ക്ക് നഷ്ടപ്പെടാനും ഇടയാക്കും. മാനസിക പിന്തുണയ്ക്ക് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെയോ ഡോക്ടറുടെയോ സഹായം തേടാവുന്നതാണ്.

മാനസിക പ്രയാസങ്ങള്‍ തുറന്നു സംസാരിക്കാനുള്ള ഇടങ്ങള്‍ നമ്മള്‍ തന്നെ ഉണ്ടാക്കി എടുക്കേണ്ടതാണ്. അങ്ങനെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തോടും പ്രണയത്തോടുള്ള ജയ്‌സന്റെ നിലപാടും ഷിബുവിന്റെ നിലപാടും തമ്മിലുള്ള വ്യത്യസ്തത തന്നെയാണ് അവരെ യഥാക്രമം നായകനും വില്ലനും ആക്കി തീര്‍ത്തത്. അതാണ് നമ്മള്‍ അവിടെ മനസ്സിലാക്കേണ്ടതും. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ സിനിമയില്‍ നിന്നും അനുകരിക്കുന്നത് മറ്റെന്തൊക്കെയോ ആണ്. അത്തരത്തിലുള്ള തെറ്റായ പൊതുബോധം, തെറ്റായ നായക സങ്കല്‍പ്പങ്ങള്‍, തെറ്റായ ആണ്‍ സങ്കല്പങ്ങള്‍,
സ്ത്രീവിരുദ്ധത ഇതൊക്കെ കുഞ്ഞുങ്ങളുടെ അടക്കം സമൂഹ മനസ്സുകളിലേക്ക് ഇന്‍ജക്ട് ചെയ്യുന്ന സിനിമകള്‍ നിരവധി ഉണ്ടായിട്ടുണ്ട്.

അത്തരം തെറ്റായ ചില ബോധ്യങ്ങള്‍ സമൂഹത്തിന്റെ ഉപബോധ മനസ്സില്‍ അടിയുറച്ച് പോയതുകൊണ്ടും മാനസിക ആരോഗ്യത്തിന് കാര്യമായ പരിഗണന കൊടുക്കാത്തതും ഇങ്ങനെ പല സങ്കീര്‍ണതകളും എങ്ങനെ തരണം ചെയ്യണമെന്ന് അറിയാത്തതും അമിതമായ കെട്ടുപാടുകളും ബാധ്യതകളും കുത്തിനിറച്ച ബന്ധങ്ങളില്‍ നിന്നും മാറി തുറന്ന ഊഷ്മളമായ ബന്ധങ്ങള്‍ സമൂഹത്തില്‍ ഉണ്ടാവാത്തതും ഒക്കെ കൊണ്ടാണ് സ്പിരിറ്റ് എന്ന സിനിമ കണ്ടിട്ടും അമിത മദ്യപാനികള്‍ പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കുന്നത്, പ്രണയഭീകരത ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ജയ്‌സന്റെ പ്രണയം ദിവ്യമല്ലാതാകുന്നതും ഷിബുവിന്റെ പ്രണയത്തെ ദിവ്യമായി ചര്‍ച്ച ചെയ്യുന്നതും. ഒരു പെണ്ണ് ‘നോ’ പറയുമ്പോള്‍ പുരുഷന്റെ ഉള്ളില്‍ ഉടലെടുക്കുന്ന ആണധികാര ചിന്ത, ആണ്‍ ഈഗോ ഇതൊക്കെ വാര്‍ത്തെടുക്കുന്നതില്‍ പല സിനിമകള്‍ക്കും എഴുത്തുകള്‍ക്കും ഒക്കെ പങ്കുണ്ട്. എല്ലാ കാര്യങ്ങളും സിനിമകണ്ട് അനുകരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. മറിച്ച് സമൂഹത്തില്‍ തെറ്റായ ചില പൊതുബോധ്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പലപ്പോഴും സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയെന്നല്ല ഏതൊരു ജനകീയ കലാരൂപവും അത് നിര്‍മിക്കപ്പെടുന്ന കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ മിക്ക സിനിമകളും ഭൂരിപക്ഷത്തിന്റെ ചിന്തകളെ തൃപ്തിപ്പെടുത്താനായി സാമൂഹിക അരക്ഷിതാവസ്ഥയെ മനപൂര്‍വം മുതെലെടുത്ത് സമൂഹത്തിന് അതില്‍ നിന്നും ഒരു മോചനം അസാധ്യമാക്കുന്ന തരത്തില്‍ വീണ്ടും വലിയ അരക്ഷിത ബോധത്തിലേക്ക് തള്ളിവിടാന്‍ ആണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്.

ഇന്നത്തെ സിനിമ കുറച്ചൊക്കെ മാറുന്നുണ്ട്. ആ മാറ്റത്തില്‍ തന്റേതായ പങ്ക് അടയാളപ്പെടുത്താന്‍ ബേസിലിനും കഴിഞ്ഞിട്ടുണ്ട്.

  ഡോ. കീര്‍ത്തി പ്രഭ

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.