Follow the News Bengaluru channel on WhatsApp

നഗരവാരിധി നടുവില്‍ നാം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഒന്ന്

നഗരവാരിധി നടുവില്‍ നാം

സ്വപ്നങ്ങളുടെ നഗരമാണ് ബാംഗ്ലൂര്‍. നിലനില്‍പ്പിന്റെ.., പ്രതീക്ഷകളുടെ.., ആകാശക്കോട്ടകളുടെ… അങ്ങനെ അങ്ങനെ ലുബ്ദവും അപരിമേയവുമായ നിരവധി സ്വപ്നഭാണ്ഡങ്ങളും പേറിയാണ് ഈ മഹാനഗരത്തിലേക്ക് എല്ലാവരുമെത്തുന്നത്. ഇവിടുത്തെ ജീവിതം തങ്ങളുടെ വിധിയെ മാറ്റുമെന്നും ജീവിതത്തെ കൂടുതല്‍ ഈഷ്‌ളമാക്കുമെന്നും ഇവിടേക്ക് കടന്നെത്തുന്ന ഓരോരുത്തരും വിശ്വസിക്കുന്നു. അവരില്‍ ഉപരിവിദ്യാഭ്യാസത്തിനായി എത്തുന്ന ടീനേജര്‍ മുതല്‍ കോര്‍പ്പറേറ്റ് തിമിംഗലങ്ങളും ശാന്തമായി പെന്‍ഷന്‍ ജീവിതം കഴിച്ചുകൂട്ടാനെത്തുന്ന വയോവൃദ്ധരുമുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം ഈ നഗരം തന്റെ അളവില്ലാ കലവറ തുറന്ന് ആവശുമുള്ളതും ഒരുപക്ഷെ അതില്‍ കൂടുതലും നല്‍കുന്നു. എന്നാല്‍ പ്രതീക്ഷകളുടെ പൂര്‍ത്തിയിലേക്കുള്ള ഈ യാത്ര അത്ര സുഖകരമല്ല. മനക്ലേശങ്ങളുടെ,വിടാതെ പിന്തുടരുന്ന വേദനയുടെ അനുഭവങ്ങള്‍ ഒരിക്കലെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടാകും.

Photo Credit : Bangalore 247

തിരക്കേറിയ ഓഫീസ് ജീവിതം, മുടങ്ങാതെ ഉച്ചക്കോ വൈകുന്നേരമോ വയറും മനവും നിറയ്ക്കുന്ന കുഷ്‌കയും കബാബും, രുചിഭേദങ്ങളില്‍ എരിവും പുളിയും സന്നിവേശിപ്പിക്കുന്ന ഗോപിമഞ്ചൂരി, കുറഞ്ഞ വിലയില്‍ സിരകളില്‍ ലഹരി നിറയ്ക്കുന്ന എം.ആര്‍.പി ഷോപ്പുകള്‍, അങ്ങനെ ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായ നിമിഷങ്ങളില്‍ എപ്പോഴോ ആകും അകാരണമായി മനസ് ചാഞ്ചാടി തുടങ്ങുന്നത്. ഒരു ഉള്‍വലിവ്, ഹൃദയത്തിലെവിടയോ ചെറിയൊരു നോവ്, കണ്ണുകള്‍ക്ക് മീതെ നിരാശയുടെ മൂടുപടം. ചുണ്ടിലെത്തി ഉടക്കി നില്‍ക്കുന്ന വാക്കുകള്‍ അങ്ങനെ നാമറിയാതെ പതിയെ പതിയെ വിഷാദം നമ്മില്‍ പിടിമുറുക്കും. അപൂര്‍ണ്ണരാണെന്ന തോന്നല്‍ ഉള്ളില്‍ ഉരുണ്ടുകയറും. ഇങ്ങനെ കഷ്ടപെടുന്നതൊക്കെ എന്തിനെന്ന് തോന്നിതുടങ്ങും. വിശേഷിച്ച് കാരണമെന്തെങ്കിലും ഉണ്ടായിട്ടാകണമെന്നില്ല, വെറുതെ അങ്ങ് തോന്നിതുടങ്ങുകയാണ്. പ്രതീക്ഷകളുടെ ഈ മഹാ നഗരത്തില്‍ നാമാകെ ഒറ്റപ്പെട്ടതുപോലെ തോന്നും. എന്താ നിങ്ങള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലേ?

തീര്‍ച്ചയായുമുണ്ടാകും.
ഏകാന്തതയുടെ ഈ നിമിഷങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന് ഓര്‍മ്മപ്പെടുത്താനാണ് ഈ കുറിപ്പ്. ഇപ്പോള്‍ അല്ലങ്കില്‍ സമീപ ഭാവിയില്‍ എപ്പോഴെങ്കിലും സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇത് ആശ്വാസമാകുമെന്ന് കരുതുന്നു.

ഒറ്റപ്പെടല്‍ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കുക എന്നതാണ്. അതിന് കുറച്ചു സമയത്തെക്കെങ്കിലും മൊബൈലില്‍ നിന്നും വെളിയില്‍ വരണം. അടുത്ത് എവിടെങ്കിലുമുള്ള പാര്‍ക്കിലേക്കോ ഭക്ഷണശാലയിലക്കോ സന്ദര്‍ശനമാകാം. അവിടെ നിങ്ങളുടെ സംഭാഷണ പരിധിയില്‍ വന്നിരിക്കുന്ന അപരിചിതനോട് ഒരു ഹലോ പറയാം. മലയാളി ആണെന്ന് തോന്നുന്നവരോട് നാട്ടില്‍ എവിടയാണെന്ന് ചോദിക്കാം പതുക്കെ ഒരു കൊച്ചുവര്‍ത്തമാനത്തിനുള്ള സാധൃത കണ്ടെത്താം. ആയിരക്കണക്കിന് നല്ല സൗഹൃദങ്ങള്‍ സൃഷ്ടിച്ച നഗരമാണിത്. ഒരുപക്ഷെ നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്തിനെയാകും ഈ കൊച്ചുവര്‍ത്തമാനത്തിലൂടെ നിങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്.

Photo Credit : Bangalore 247

ഇടവിട്ടുണ്ടാകുന്ന ഏകാന്തത നിങ്ങള്‍ മാത്രം അനുഭവിക്കുന്ന ഒരു പ്രശ്‌നമല്ലെന്നു മനസിലാക്കുന്നത് അതിനെ നേരിടാന്‍ വലിയ സഹായമാകും. മറ്റുള്ളവര്‍ക്ക് ഉണ്ടാകാറുള്ളത് പോലെ തനിക്കും ഏകാന്തത ഒരു പ്രശ്‌നമായി അനുഭവപെടുന്നെന്നും അതില്‍ നിന്നും പുറത്ത് കടക്കേണ്ടത് ആവശ്യമാണെന്നും ഉപബോധമനസിനെ ബോധിപ്പിക്കുന്നതിലൂടെ മനസ് സ്വയം അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ തുടങ്ങും. എല്ലാ ദിവസവും അല്‍പ്പ സമയം നടക്കാന്‍ പോകുകയോ ജിമ്മില്‍ ചിലവഴിക്കുകയോ ചെയ്യുക, അല്‍പ്പ സമയം കണ്ടെത്തി പഴയ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു സംസാരിക്കുക, മാതാപിതാക്കളോടും മറ്റ് കുടുംബാംഗങ്ങളോടും കൂടുതല്‍ സമയം സംസാരിക്കുക, ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കുകയോ വാങ്ങികഴിക്കുകയോ ചെയുക എന്നിവയൊക്കെ പരിഗണിക്കാവുന്ന മാര്‍ഗങ്ങളാണ്.

Photo Credit : Bangalore 247

ട്രെക്കിംഗ്/അഡ്വന്‍ജര്‍/സോഷ്യല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇവിടെയുണ്ട്. Bangalore Trekking Club, I volunteer, Youth hostels, Association of India, Say Trees എന്നിവ ഉദാഹരണങ്ങളാണ്. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ അംഗത്വമെടുത്താല്‍ അവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിലൂടെ വിരസത വളരെ വേഗം മറികടക്കാം.

നിങ്ങളൊരു സിനിമാ സ്‌നേഹിയാണെങ്കില്‍ ബഡ്ജറ്റിന് അനുസരിച്ചുള്ള ഒരു തിയറ്റര്‍ കണ്ടെത്തി അവിടെ സിനിമ കാണാന്‍ പോകുക. ഒപ്പം സിനിമാകാണാന്‍ എത്തുന്നവരോട് സംസാരിക്കാന്‍ ശ്രമിക്കുക.

എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നും പിന്‍വലിയാന്‍ തോന്നലുണ്ടാകുന്നത് ഏകാന്തതയുടെ ഇത്തരം ദിവസങ്ങളില്‍ സാധാരണയാണ്. അത് മനസിലാകുകയും കൂടുതല്‍ സക്രിയമായ പെരുമാറ്റങ്ങളിലൂടെ അതിനെ ഒഴിവാകാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. മാനത്ത് ഉരുണ്ടുകയറുന്ന കാര്‍മേഘം പോലെയാണ് വിരസത, ചെറുതായൊന്നു ചാറിയാല്‍, കാറ്റൊന്നും മാറി വീശിയാല്‍, മേഘം മാറുകയും വീണ്ടും സൂര്യന്‍ പ്രഭചൊരിയുകയും ചെയും. ഒറ്റപ്പെടലും അങ്ങനെയാണ്. ക്ഷമയോടെയുള്ള അല്‍പ്പം സമയം മതി സ്വപ്പങ്ങളുടെ ഈ നഗരത്തില്‍ നിങ്ങളുടെ വിജയസൂുര്യന്‍ വീണ്ടും പ്രകാശിച്ചു തുടങ്ങും.

അമ്പലങ്ങള്‍, പള്ളികള്‍, മലയാളി അസോസിയേഷന്‍, മലയാളി സമാജം എന്നിങ്ങനെ പഴയകാല ബാംഗ്‌ളൂര്‍ മല്ലൂസിന് ഒഴിവു സമയങ്ങള്‍ ആനന്ദകരമാക്കാന്‍ പല മാര്‍ഗങ്ങളും ഉണ്ടായിരുന്നു. പക്ഷെ അവയില്‍ ഭൂരിഭാഗവും പഴയ മുറയുടെ കൈകളിലാണ്. എന്നാല്‍ പുതുതലമുറ പുതിയ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിലും അത് മുന്നോട്ട് കൊണ്ടു പോകുന്നതിലും ഒട്ടും പിന്നിലല്ല. ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്‌സ്, ബാംഗ്ലൂര്‍ മലയാളീസ് സോണ്‍ എന്നീ പേരുകളില്‍ വളരെ വിപുലമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന പ്രസ്ഥാനങ്ങളെ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കണ്ടെത്താം. അവയില്‍ സജീവമാകാന്‍ ശ്രമിക്കുക വഴി നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാനാകും.

(തുടരും)

🔵
അജി മാത്യൂ കോളൂത്ര
അടൂർ സ്വദേശി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥൻ. പ്രചോദനാത്മകരമായ ആറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഡി.സി. ബുക്സ് മൂന്ന് ഭാഗങ്ങളായി പുറത്തിറക്കിയ പോസിറ്റീവ് ബിരിയാണി എന്ന പുസ്തകം ഏറെ ശ്രദ്ധേയം. സ്വയം അറിയാം സ്വയം വളരാം, കുളം കര, കിളിത്തട്ട് എന്നിവ മറ്റു രചനകൾ. സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മോട്ടിമേഷൻ ക്ലാസുകൾ തടഞ്ഞുന്നു. ആനുകാലികങ്ങളിൽ പ്രചോദനപരമായ ലേഖനങ്ങൾ എഴുതാറുണ്ട്.
ഇമെയിൽ : ajimathew13@gmail.com
വിളിക്കാം : 9289479767

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Aji Mathew says

    Thanks

Leave A Reply

Your email address will not be published.