Follow the News Bengaluru channel on WhatsApp

ദൈവവുമായി ഒരു കൂടിക്കാഴ്ച

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

കാലത്തു കുളിയും കഴിഞ്ഞ് അഞ്ചാറ്‌ ഇഡ്ഡ്ലി വറക്കാതെ അരച്ച നല്ല മളകു ചമ്മന്തി പപ്പടം കാച്ചിയ എണ്ണയൊഴിച്ചു ചാലിച്ചതിൽ മുക്കി സെഞ്ചി നിറച്ചു. മേമ്പൊടിക്ക് ഒരു ചായയും കുടിച്ചു. ശേഷം ഒരു വിൽസിനു തീ കൊളുത്തി വീടിന്റെ ഉമ്മറത്തെ വരാന്തയിലുള്ള തൊലി ഉരിഞ്ഞു പോയ പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു രണ്ടു പൊഹ വിടുമ്പോഴാണ് പടിപ്പെരക്കപ്പുറത്തു കൊളപ്പെര ജാനു വലിയമ്മയുടെ വരിക്ക പ്ലാവിൽനിന്ന്‌ കൂഴച്ചക്ക വീഴുന്ന ശബ്ദം പോലെ”പൊത്തോ” ന്നൊരു ചെത്തം കേട്ടത്.

എണീറ്റു നോക്കിയപ്പോൾ ഒരു യു. എഫ്. ഓ ലാൻഡ് ചെയ്തതായി കണ്ടു. വണ്ടി സൈഡ് ആക്കി ഒരാൾ ഡോർ തുറന്നു നിലം തൊട്ടു. ആശാൻ പടി തുറന്നു പടിപ്പെര കടന്നു നീളത്തിൽ പാകിയ കരിങ്കൽ നടവഴിയിൽ കൂടി നടന്നടുത്തു. ആജാനബാഹു. വേഷം കണ്ടിട്ട് അയിലൂർകാരനാകാൻ വഴിയില്ല. ആകെ മൊത്തം ഒരു വടക്കൻ സ്വാമിയാരുടെ മട്ടുണ്ട്. വെണ്ണക്കൽ ശിൽപം പോലൊരു സാധനം. കാവി മുണ്ടും കാഷായ കുപ്പായവും. നീട്ടി വളർത്തിയ വെഞ്ചാമരൻ താടി. കഴുത്തിൽ എമണ്ടക്കൻ രുദ്രാക്ഷ മാല. ഇടത്തെ തോളിലൊരു തുണിസഞ്ചി. കണ്ടപാടെ എണീച്ചുനിക്കാൻ തോന്നി. വലിച്ചുകൊണ്ടിരുന്ന ധൂമക്കുറ്റി ഞാൻ നടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ചു ദൂരെക്കെറ്റി വിട്ടു. തോട്ടശ്ശേരിക്കാർ അവരുടെ വീട്ടുകാർ വരുമ്പോൾ മാത്രം ക്ഷണിക്കുന്ന പോലെ അപ്രത്തെ തൊലി പോകാത്ത കസേര ചൂണ്ടി “വെരിൻ, വെരിൻ, ഇരിക്കിൻ” എന്ന് സാമാന്യ മര്യാദക്ക് ക്ഷണിച്ചു. മൂപ്പര് കാലിലെ വി. കെ. സി ചെരുപ്പ് നടക്കല്ലിൽ ഊരിയിട്ട് വരാന്തയിലേക്ക് കണ്ണ് പായിച്ചു. കിണ്ടിയും വെള്ളവും തെരയുകയാണെന്ന വസ്തുത എന്റെ ആറാമിന്ദ്രിയം ചെകിട്ടിൽ കുശു കുശുത്തു.

“സാമീ അതൊക്കെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ജീർണ്ണതകളാണെന്നു” ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പുരുളങ്കായ കടിച്ച പല്ലുവേദനക്കാരനെ പോലെ ഒരു വളിച്ച ചിരിയും ചിരിച്ചു കസേരയിൽ ഇരുന്നു.

“ആരണ് മനസിലായില്യാ”ന്നു ഞാൻ.

“ദൈവം” ന്നു ഒറ്റ വാക്കിൽ അദ്യേം.

എന്താണ്ടപ്പ വല്ല വട്ടുകേസുമാണോന്നു വിചാരിച്ചു മേന്തം മിഴിച്ചിരിക്കുമ്പൊ ആശാൻ ശങ്കരാടി കൈരേഖ കാട്ടിയപോലെ സഞ്ചിയിൽ നിന്നും ഐഡന്റിറ്റി കാർഡെടുത്തു നീട്ടി കാണിച്ചു. ഓ..ശിങ്കത്തെ കണ്ട നിർവൃതിയിൽ വീണ്ടും നമസ്കരിച്ചു തൊഴുതു. ആശാൻ ഹാപ്പിയായീന്നു തോന്നി. പിന്നെ ഇരിക്കാൻ തോന്നിയില്ല. അപ്പോഴേക്കും വന്നത് പിച്ചക്കാരനാണെന്ന ധാരണയിൽ ഉണ്ണിയമ്മ ഒരു നാഴിയിൽ കാൽഭാഗം അരിയും കൊണ്ട് വന്നു. തെറ്റിദ്ധാരണ മാറ്റി സാക്ഷാൽ ദൈവം തമ്പുരാനാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ലീഡർ കരുണാകരൻ ചിരിക്കുന്ന പോലെ ഒരു ചിരിയും പാസ്സാക്കി “പോടാ പ്രാന്താ” ന്നു പറഞ്ഞു അടുക്കളയിലേക്കു എബൗട്ടേൺ എടുത്തു നടന്നു പോയി.

ചായയോ കാപ്പിയോന്നു ചോദിച്ചപ്പോൾ ഭൂമിയിൽ നിന്നും ഒന്നും കഴിക്കുവാൻ നിർവാഹമില്ലെന്നു പറഞ്ഞു. മായമില്ലാത്ത ഒന്നും ഇവിടെ കിട്ടില്ലെന്ന്‌ അദ്ദേഹത്തിന് ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടത്രേ.
പിന്നെ നാട്ടു വർത്തമാന മദ്ധ്യേ അച്ഛൻ, മുത്തശ്ശൻ, മറ്റു പരേതരെ പറ്റിയൊക്കെ അന്വേഷിച്ചു. എല്ലാവർക്കും സുഖമാണെന്നും ഒരേ കോളനിയിലാണ് എല്ലാവരും താമസമെന്നും പറയുകയുണ്ടായി.
അപ്പോൾ കാനറാ ബാങ്ക് കുമാരേട്ട സൈക്കിൾ സ്റ്റാൻഡിലിട്ടു കേറി വന്നു. പതിവുപോലെ
പാലക്കാടൻ സ്റ്റൈലിൽ തല എടത്തോട്ടു രണ്ടു വട്ടം ആട്ടിയിട്ട്

“ഓ.. എപ്പ വന്ന്‌” എന്ന് ചോദിച്ചു.
അടുത്ത ചോദ്യം

“എത്രെണ്ട് ലീവ്”

അപ്പോഴാണ് സാമിയാരെ കണ്ടത്. “ആരണ് ” …കുമാരേട്ട.
നേര് പറഞ്ഞാൽ ഇനി വീണ്ടുമൊരു പ്രാന്തൻ വിളി താങ്ങാൻ പാങ്ങില്ലാത്തതു കൊണ്ട് ഒരു പരിചയക്കാരനാണെന്നു മാത്രം പറഞ്ഞു. കുമാരേട്ട ഒരു ചായക്ക്‌ സ്കോപ്പുണ്ടോന്നു നോക്കി
വീടകം പൂകി. വീണ്ടും ഞാനും ദൈവവും മാത്രം.
ആഗമനോദ്ദ്യേശം എന്താണെന്നു തിരക്കി. തെണ്ടമുത്തൻ സാറിന്റെ ദേശം സീക്രട്ട് ഏജന്റ് മായപ്പൻ വഴി ഒരു പരാതി കിട്ടിയത് നേരിട്ട്
അന്വേഷിക്കാൻ വന്നതാണെന്ന് ദൈവം. വിഷയം അയിലൂർ വാട്ടർ വർക്‌സ്. കാര്യക്കാരൻ നസ്രാണി ഏലിയാസ് അന്തോണിയുടെ സ്വർഗ്ഗാരോഹണ മുഖാമുഖം നടത്തിയപ്പോൾ കിട്ടിയ നടുക്കുന്ന വസ്തുതകൾ. ഏതായാലും തർക്ക വിഷയവുമായി ബന്ധപ്പെട്ട ഭൂമി ഒന്ന് സന്ദർശിക്കണമെന്നായി ദൈവം.

“ന്നാ താമസിക്കണ്ട പ്പൊ തന്നെ പൂവാംന്ന്” പറഞ്ഞു ഞങ്ങൾ യു .എഫ്‌.ഒയിൽ കയറി ടേക്ക് ഓഫും വാട്ടർ വർക്‌സിൽ ലാൻഡിങ്ങും നടത്തി. പടിക്കലെ വീടിന്റെ മുമ്പിൽ പൈപ്പ് കുറ്റിയിലിരുന്ന് ബീഡി വലിച്ചു കൊണ്ടിരുന്ന രാശേട്ട ഓടിവന്നു. ദൈവം തുണിസഞ്ചിയിൽ നിന്ന് ഒരു ഫയൽ പുറത്തെടുത്തു. വാട്ടർ വർക്‌സിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദ വിവരങ്ങളായിരുന്നു അതിൽ. പിന്നെ ഓൾഡ് ഫാഷൻഡ് ഫൗണ്ടൻ പേന ടോപ് ഊരി കയ്യിൽ പിടിച്ചു. എന്നോട് കമാന്നൊരു അക്ഷരം മിണ്ടരുതെന്നു ചുണ്ടത്തു വിരൽ വെച്ചുകൊണ്ട് രാശേട്ടയെ ഗൗരവത്തിൽ സത്യം മാത്രമേ ബോധിപ്പിക്കാവൂ എന്ന താക്കീതോടെ ഇന്റെരോഗേറ്റ്‌ ചെയ്തു.

ദൈവം: ” ഇവിടത്തെ ചുറ്റു
മതിൽ എവിടെ പോയി? ”

രാശേട്ട: “അത് ഇടിഞ്ഞു പോയി.”

ദൈവം : “എന്നാൽ അതിന്റെ അവശിഷ്ടങ്ങൾ? ”

രാശേട്ട: “അതുകൊണ്ടുപോയി X നായർ കക്കൂസ് കെട്ടി.”

ദൈവം: “അത് ശരിയാണോ? സർക്കാർ മുതലല്ലേ?”

രാശേട്ട: “അത് അയാളോട് തന്നെ ചോദിക്കണം”

ദൈവം: “അയാളെ വിളിക്കൂ.”

രാശേട്ട: “അയാൾ ചത്തുപോയിട്ടു പത്തു പതിനഞ്ചു കൊല്ലായി.”

ദൈവം: “ശരി ഞാൻ തിരിച്ചു പോയിട്ട് പൊക്കിക്കോളാം”

പിന്നെ ഫിക്സഡ് അസ്സറ്റുകളുടെ ലിസ്റ്റ് ഒരൊന്നായി വായിച്ചു. അവിടെ ഉണ്ടായിരുന്ന ബംഗ്ലാവിന്റെ ഇഷ്ടിക, കഴുക്കോൽ, പട്ടിക, ഓട് തുടങ്ങിയവ A നായർ, B നായർ, C നായർ, D നായർ തുടങ്ങിയവരുടെ കുളമുറി, വെറകുചാള, ചായ്പ്പ്‌, തൊഴുത്ത്, തുടങ്ങിയ നിർമ്മിതികളിൽ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും കൽപ്രിറ്റ്സ് എല്ലാരും ചത്തു പോയെന്നും രാശേട്ട മൊഴി നൽകി. ആരോപണ വിധേയമായവരിൽ ഒന്ന് രണ്ടു പേര് ഇപ്പഴും പയറുമണിപോലെ ജീവനോടെ സ്ഥലത്തുണ്ടെങ്കിലും പോലീസ് കോടതി കേസൊഴിവാക്കാനായി കള്ളം പറഞ്ഞു ദേശസ്നേഹം പ്രകടിപ്പിച്ചു. അങ്ങിനെ അകാല ചരമമടഞ്ഞ വാട്ടർവർക്‌സിന്റെ മഹസ്സർ തയ്യാറാക്കി, രാശേട്ടക്കു നന്ദി രേഖപ്പെടുത്തി ഹസ്തദാനം ചെയ്തു ദൈവം യു. എഫ്. ഓ യിൽ കയറി ആകാശത്തേക്ക് പറന്ന് പറന്ന് അപ്രത്യക്ഷമായി.

യാത്ര പറയുമ്പോൾ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. ഞാൻ ഈ കാര്യങ്ങൾ കൂടി എഴുതി വെക്കണമെന്നും അല്ലെങ്കിൽ ഇങ്ങനെയൊരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നതിനും അതിന്റെ വിധിവൈപരീത്യത്തിനും വേറെ രേഖകൾ ചരിത്രത്തിൽ ഉണ്ടാകാൻ വഴിയില്ലെന്നും.🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.