Follow the News Bengaluru channel on WhatsApp

കൂകിപ്പായും തീവണ്ടി

-മുഹമ്മദ് കുനിങ്ങാടിന്റെ കഥകള്‍

‘തെരുവിൽ കണ്ടത്’

കഥ :  4

കൂകിപ്പായും തീവണ്ടി

പുല്ലാണേ… പുല്ലാണേ… പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ്….!
മുഷ്ടിചുരുട്ടി ആകാശത്തേക്കു കൈ ഉയര്‍ത്തി പോലീസ് സ്റ്റേഷന് മുന്നില്‍ വിദ്യാര്‍ത്ഥൈക്യം സിന്ദാബാദ് വിളികള്‍ക്ക് ശേഷം പോലീസുകാരെ അത്രയൊന്നും ഭയമുണ്ടായിരുന്നില്ല. എങ്കിലും റെയില്‍വേ പോലീസിനെ അങ്ങിനെയായിരുന്നില്ല. അവരെ കഠിനമായ ഹൃദയമിടിപ്പോടെയാണ് ഇന്നും ഞാന്‍ അഭിമുഖീകരിക്കുന്നത്.

കൊച്ചുന്നാളിലെ തീവണ്ടിയാത്രയ്ക്ക് ഒത്തിരി ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആ ഒരു അനുഭവം പകര്‍ന്നുതരാനാകണം കൊച്ചുകൊച്ചു യാത്രകളാണെങ്കിലും അച്ഛൻ ട്രെയിന്‍ തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. ആസ്വാദ്യമധുരമായിരുന്നു അച്ഛനുമൊന്നിച്ചുള്ള ഓരോ ട്രെയിന്‍ യാത്രകളും. സമൂഹവുമായുള്ള നമ്മുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കാനുതകുന്ന ലളിതമായ ഒരു കാല്‍വെപ്പായിരുന്നു അതെന്ന് കാലങ്ങള്‍ക്ക് ശേഷം തിരിച്ചറിയുന്നു. വലിയ ഡോക്ടറോ സയന്റിസ്റ്റോ ആകാനായിരുന്നില്ല അച്ഛന്‍ ഒരിക്കലും ഞങ്ങളോട് കല്പിച്ചിരുന്നത്. നല്ല ഒരു മനുഷ്യനാകാനായിരുന്നു.

നമുക്കഭിമുഖമായും സമീപത്തും ഇരിപ്പുറപ്പിച്ച സഹയാത്രക്കാര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ത മതജാതിയില്‍പ്പെട്ടവരുമായിരിക്കും. അവരുടെ ശീലങ്ങളും അഭിരുചികളും വൈരുധ്യങ്ങളുമായിരിക്കും. സമൂഹത്തില്‍ അവരുടെ സ്ഥാനമാനങ്ങളും അങ്ങിനെത്തന്നെയാകാം. വിവേചനമില്ലാതെ അവരൊക്കെയുമായി നാം ഇടപെടുമ്പോള്‍ ബഹുസ്വര സമൂഹത്തിലെ വിശാലമായ സൗഹൃദം സ്വായത്തമാക്കുന്നു. യാത്രയിലുടനീളം സംശയ നിവൃത്തിക്ക് ഒരിക്കലും അച്ഛൻ വൈമുഖ്യം കാണിച്ചിരുന്നില്ല. തന്നെയുമല്ല അതൊക്കെ വിശദീകരിച്ചു തരാന്‍ നല്ല ആവേശവുമായിരുന്നു എന്ന് ഞാനോര്‍ക്കുന്നു. ബോഗിയുടെ ജനലിന് മുകളിലായി ചുകന്ന അക്ഷരങ്ങള്‍ സാഹസപ്പെട്ട് ഞാന്‍ വായിക്കുന്നത് ചെറിയ കൗതുകത്തോടെയാണ് അച്ഛന്‍ ശ്രദ്ധിച്ചിരുന്നതെന്നെനിക്ക് മനസ്സിലായിരുന്നു. ‘ടു. സ്റ്റോപ്പ്….ട്രെയിന്‍.. പുള്‍ ചെയിന്‍’ എന്ന് വായിച്ച് കഴിഞ്ഞപ്പോഴും എനിക്കൊന്നും മനസ്സിലായിരുന്നില്ല. എന്റെ മുഖത്തും കണ്ണിലും പടര്‍ന്ന ജിജ്ഞാസ അഭിമുഖമായി ഇരുന്ന അച്ഛൻ നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ടാവണം.

തേരട്ട പോലെ നീണ്ട്, വളഞ്ഞ് പുളഞ്ഞ് ഇഴഞ്ഞും കുതിച്ചും കിതച്ചും അന്തരീക്ഷത്തെ കീറി മുറിച്ച് പായുന്ന ഈ തീവണ്ടിയെ പിടിച്ച് നിര്‍ത്താനുള്ള ശക്തി തൂങ്ങി നില്‍ക്കുന്ന ചങ്ങലയ്ക്കണ്ടോ..? അച്ചന്റെ വിവരണങ്ങള്‍ക്കൊടുവിലും അവശേഷിക്കുന്നസംശയങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ തീവണ്ടിയുടെ ചെയിന്‍ വലിക്കണമെന്നും കുതിച്ചുപായുന്ന തീവണ്ടിയെ തളയ്ക്കണമെന്നും ഒരു മോഹം മായാതെ മനസ്സില്‍ ഇടം നേടിയിരുന്നു.

അതിനിടയില്‍ തന്നെ എഴുതിവെച്ച മുന്നറിയിപ്പ് ശ്രദ്ധയില്‍പെടുത്തിയതും അച്ഛന്‍. അത് വായിച്ചെടുക്കാനുള്ള സാക്ഷരത അന്നെനിക്കുണ്ടായിരുന്നില്ലല്ലോ! തക്കതായ കാരണവും അനിവാര്യമായ സാഹചര്യങ്ങളിലും മാത്രം വിനിയോഗിക്കാനുള്ളതാണതെന്ന് വിശദീകരിച്ചു തന്നു. അല്ലെങ്കില്‍ പെനാല്‍റ്റിയും, തടവും ലഭിക്കാനുള്ള സാധ്യതയും അതില്‍ ആലേഖനം ചെയ്തിരുന്നു. പെട്ടന്നൊന്നും സാധ്യമാകുന്ന ഒന്നല്ല ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുക എന്ന എന്റെ ആഗ്രഹമെന്ന് മനസ്സിലായെങ്കിലും ഹിമാലയാരോഹണമെന്ന ആഗ്രഹം പോലെ എന്നും മനസ്സില്‍ അത് നിലകൊണ്ടിരുന്നു.

ആകാശയാത്രയും റോഡ് ഗതാഗതവും ഉള്‍പ്പെടെ നിരവധി ബിസിനസ് യാത്രകള്‍ നിരന്തരം ചെയ്യേണ്ടിവരുന്ന ഔദ്യോഗിക ജീവിതത്തില്‍ ആവേശപൂര്‍വ്വം ഞാന്‍ ഇഷ്ടപ്പെടുന്നത് തീവണ്ടിയാത്രയായിരുന്നു. അച്ചനും അമ്മയും കൊച്ചനുജത്തിയും ഒന്നിച്ചുള്ള ഞങ്ങളുടെ ‘ഹാപ്പി ഫാമിലി’ യുടെ ഉല്ലാസ യാത്രകള്‍ ജീവിതത്തില്‍ നേടിക്കഴിഞ്ഞ ഒരു നൊസ്റ്റാള്‍ജിയ കൊണ്ടായിരിക്കാം അത്. സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍ ഒത്തിരിയേറ്റുവാങ്ങിയ അച്ഛൻ എന്ന മഹാത്ഭുതം ഞങ്ങളുടെയൊക്കെ റോള്‍ മോഡലായിരുന്നു. പ്രസാദാത്മകവും പുഞ്ചിരി തൂകുന്നതുമായ ആ മുഖകാന്തി അഭിമുഖീകരിക്കുന്നവര്‍ക്കു കൂടി മനശ്ശാന്തി നല്‍കുമായിരുന്നു. ഒന്നിച്ചുള്ള ഓരോ തീവണ്ടി യാത്രയിലും അച്ചന്റെ സവിശേഷത ഞാനാസ്വദിക്കുമായിരുന്നു. അസ്വസ്തരായി കരഞ്ഞ് വെപ്രാളം കാട്ടുന്ന പിഞ്ചുകുട്ടികള്‍ വരെ അച്ചനെ കാണുമ്പോള്‍ പുഞ്ചിരിച്ചാസ്വദിക്കുന്നതും അച്ചനിലേക്കിറങ്ങിവരുന്നതും അവരെ അച്ഛൻ തലോലിക്കുന്നതും അസാധ്യമായ ഒരു സാഹസമായേ എനിക്കെന്നെങ്കിലും നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്. എന്നോ നഷ്ടമായ ജീവിതാനന്ദത്തെ ഓരോ യാത്രയിലും സജീവമാക്കാനും കൊതിതീരാത്ത അവരോടൊന്നിച്ചുള്ള അനശ്വര ജീവിതാനുഭവങ്ങള്‍ വീണ്ടും വീണ്ടും അനുഭവിക്കാനും സമാന്തര പാളങ്ങളിലൂടെയുള്ള ഈ യാത്രകള്‍ സാധ്യമാക്കുന്നു.

കട്ടിക്കൂരിരുട്ടിനെ കീറിമുറിച്ച് വന്യമായ ഒരു ശബ്ദത്തോടെട്രെയിന്‍ കുതിച്ചുപായുകയാണ്. ദീര്‍ഘമായ ഒരു യാത്രയുടെ ആലസ്യത്തില്‍ നന്നായൊന്ന് മയങ്ങിപ്പോയിരുന്നു. ബോധമറ്റ് കിടക്കുന്ന സഹയാത്രികരുടെ ഉച്ചത്തിലുള്ള കൂര്‍ക്കം വലി മല്‍സരിച്ചുകൊണ്ടുള്ളതായി തോന്നിയിരുന്നു. നല്ല ഉറക്കമായിരുന്നെങ്കിലും ഞാന്‍മാത്രം കൂര്‍ക്കം വലിച്ചിരുന്നില്ലെന്നെനിക്കറിയാം കാരണം അത് കേള്‍ക്കാന്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നില്ലല്ലോ… നിങ്ങളാരും അന്നെന്റെ സഹയാത്രികരായിരുന്നുമില്ല…. ആശ്വാസം.

രക്ഷിക്കണേ… രക്ഷിക്കണേ…. ആദ്യമാദ്യം നേര്‍ത്ത ആശബ്ദം പിന്നീട് ശക്തമായി ചെവിയില്‍ പതിഞ്ഞു. അസ്വസ്ഥരായി ബര്‍ത്തില്‍ നിന്നും ഞാന്‍ ചാടിയിറങ്ങി. സഹായത്തിനായി കേഴുന്ന ഒരട്ടഹാസമല്ലേ അത്… എന്താണത്..?മനസ്സ് വ്യാകുലപ്പെട്ടു. രക്ഷിക്കാന്‍ നമ്മളാരാ… സമ്പന്നരായ ദമ്പതികള്‍ അവരുടെ ബര്‍ത്തില്‍ കിടന്നുകൊണ്ടുതന്നെ പറഞ്ഞു.

രക്ഷിക്കണേ എന്ന അവസാന വിളിയില്‍ എന്തുചെയ്യണമെന്നറിയാതെ പെട്ടെന്നെന്റെ മുന്നില്‍ തൂങ്ങിയാടുന്ന ചങ്ങല ഞാനാഞ്ഞു വലിച്ചു. ഒരു ഭീകര ഞരക്കത്തോടെ വണ്ടിയവിടെ നിന്നു. ചെയിന്‍ വലിച്ച തന്നെത്തേടി റെയില്‍വേ ഫോഴ്‌സ് കൂട്ടത്തോടെ വന്നണയുമെന്നും ജയിലിലടക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. അവര്‍ പക്ഷെ ട്രാക്കില്‍ നിന്നും മഞ്ഞ ബ്ലൗസും നീലപ്പാവാടയുമുടുത്ത ഒരു പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരാക്രമിയെ കീഴടക്കുകയായിരുന്നു. ആക്രമി ഒരൊറ്റക്കയ്യനും ക്രൂരനുമായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാമായിരുന്നു.

🟤


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.