സമരത്തിന്റെ ബാലപാഠങ്ങള്‍

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : അഞ്ച്  
🔵

യു .പി .സ്‌കൂളില്‍ ചേര്‍ന്ന് ഒരു മാസം തികയുന്നതിന് മുന്‍പേ ആ അത്ഭുതം കണ്ടു ! പഠിപ്പു മുടക്കിയ ഹൈസ്‌കൂളിലെ ചേട്ടന്മാര്‍ ജാഥയായി കുന്നിറങ്ങി റോഡിലേക്ക് നീങ്ങുകയാണ്. കുറേ മുതിര്‍ന്ന കുട്ടികള്‍ ഞങ്ങളുടെ ക്ലാസ്സിലേക്കും പാഞ്ഞു കയറി. ‘സമരാ ..പഠിപ്പു നിര്‍ത്തിക്കോളീ …’ ആകെ ബഹളം. അതിനിടയില്‍ ആരോ ലോങ്ങ് ബെല്ലടിച്ചു. കുളങ്ങര വീട് (വിഷ്ണുമംഗലം സ്‌കൂളിന് അങ്ങനെയും ഒരുപേരുണ്ട്) എല്‍. പി. സ്‌കൂളില്‍ പേടിച്ചു പഠിച്ച ഞാന്‍ വിദ്യാര്‍ത്ഥിസമരത്തിന്റെ സുഖവും സ്വാതന്ത്ര്യവും ആദ്യമായി അനുഭവിക്കുകയാണ്. ജാഥയുടെ മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നേതാക്കളെ പിന്നീട് മനസ്സിലായി (ഒരാള്‍ പില്‍കാലത്ത് സി പി എമ്മിന്റെ സമുന്നത നേതാവും മന്ത്രിയുമൊക്കെ ആയ എ. കെ.ബാലന്‍. മറ്റേയാള്‍ വി. പി. കുഞ്ഞികൃഷ്ണന്‍. അദ്ദേഹം നാദാപുരത്തെ ജന നായകനായി) ഞങ്ങളും ആവേശത്തോടെ ജാഥയില്‍ കയറി നിന്നു.

‘വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് ‘ ‘വിദ്യാര്‍ഥി സമരം സിന്ദാബാദ് ..’ ജാഥ കല്ലാച്ചിയിലേക്ക് നീങ്ങുകയാണ്. ‘ചേലാട്ട് അച്ചുതമേനോനെ ചേലില്ലാത്തത് ചെയ്താല് ചേലാട്ടേക്കു പറഞ്ഞുവിടും ! ‘ഞങ്ങളും മുഷ്ടി ചുരുട്ടി വിളിച്ചു ! വഴിവക്കിലെ ചെത്തു തെങ്ങുകളെ ഉന്നമിട്ട് മുതിര്‍ന്ന കുട്ടികള്‍ കല്ലെറിഞ്ഞു. കുടങ്ങള്‍ പൊട്ടി കള്ള് ധാരയായി താഴോട്ടോഴുകി. കുറ്റിപ്രം യു പിയിലും ഹൈസ്‌കൂളിലും ഞങ്ങളുടെ കാലത്ത് പഠിത്തത്തിനെക്കാള്‍ സമരമായിരുന്നു. കെ. എസ്. എഫും (പിന്നീട് എസ് എഫ് ഐ) കെ. എസ്. യുവും മാറി മാറി സമരം ചെയ്തു. സമരംമൂലം വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ടു എന്ന തോന്നല്‍ അന്നുമില്ല ഇന്നുമില്ല. സമരങ്ങളിലൂടെ പലതും തിരിച്ചറിയുകയായിരുന്നു.

കുറ്റിപ്രം യു പി. സ്കൂൾ. പഴയ ചിത്രം

സമരം ആഘോഷമായിരുന്നു. ഒന്‍പതിലും പത്തിലും പഠിക്കുമ്പോള്‍ എ. കെ. ബാലന്റെ അനുജന്‍ എ. കെ. ശ്രീധരന്റെ സീറ്റ് മുന്‍നിരയില്‍ എന്റെ തൊട്ടരികില്‍ ആയിരുന്നു. ശ്രീധരന്‍ നേതാവാണ്. സ്‌കൂള്‍ മുഴുവന്‍ അനുയായികള്‍ (ബാലനും കുഞ്ഞികൃഷ്ണനും സ്‌കൂള്‍ വിട്ടിരുന്നു) ശ്രീധരന് വെളിപാട് ഉണ്ടായാല്‍ അന്ന് സമരമാണ് !. ചിലപ്പോള്‍ വെളിപാട് ഞങ്ങള്‍ ഉണ്ടാക്കും. ഇളംചിരിയോടെ എന്റെ നോട്ടു ബുക്കില്‍ നിന്നും കടലാസ്സ് കീറിയെടുത്ത് നല്ല കൈയക്ഷരത്തില്‍ ശ്രീധരന്‍ എഴുതും ..’ .ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ അവര്‍കള്‍ക്ക് ….’ മെമ്മോറാണ്ടം എഴുതി ഒപ്പിട്ട് ശ്രീധരന്‍ അനുയായികളെയും കൂട്ടി ഹെഡ് മാസ്റ്റരുടെ ഓഫീസിലേക്ക് പോകും. അല്‍പം കഴിയുമ്പോള്‍ പ്യുണ്‍ ഗോപാലേട്ടന്‍ ലോങ്ങ് ബെല്ലടിക്കും ..അങ്ങിനെ എത്രയെത്ര സമരങ്ങള്‍ .

എ. കെ. ബാലൻ

സമരങ്ങള്‍ ജീവിതപാഠങ്ങളാണ്. വിദ്യാര്‍ഥിസമരം അനാവശ്യം എന്നു പറയുന്നത് തെറ്റ്. പഠനവും സമരവും ഒന്നിച്ചു ശീലിച്ചാലെ വിദ്യാര്‍ഥികള്‍ പ്രതികരണശേഷിയുള്ള പൗരന്മാരായി വളരൂ. ബെംഗളുരുവിലെ സ്വകാര്യ കമ്പനിയില്‍ ഒരു ദശകക്കാലം തൊഴില്‍സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എനിക്ക് സാധിച്ചത് സ്‌കൂള്‍കാലം മുതലെ സമര അനുഭവങ്ങള്‍ ഉള്ളതു കൊണ്ടുതന്നെയാണ്. അതൊക്കെ മധുരസ്മരണകളാണ്.

എ. കെ .ശ്രീധരന്‍ ബാങ്ക് ഉദ്യോഗസ്ഥനായി. ട്രേഡ് യുണിയന്‍ നേതാവായി നാടുവിട്ടതിനുശേഷം ശ്രീധരനെ കണ്ടിട്ടില്ല. ഇക്കഴിഞ്ഞ ദിവസം ഞാന്‍ ശ്രീധരനെ ഫോണില്‍ വിളിച്ചു. പഴയ സഹപാഠിയെ തിരിച്ചറിയാന്‍ ശ്രീധരന് അധികനേരം വേണ്ടിവന്നില്ല. എന്നാല്‍ അന്നത്തെ സഹപാഠിയാണ് പത്രപ്രവര്‍ത്തകനായ വിഷ്ണുമംഗലം കുമാര്‍ എന്ന കാര്യം ശ്രീധരന് അറിയുമായിരുന്നില്ല. എന്റെ പ്രവര്‍ത്തനമേഖല ബാംഗ്ലൂര്‍ ആയതുകൊണ്ടുകൂടിയാണ് ഞങ്ങള്‍ പരസ്പരം അറിയാതെ പോയത്. വടകര കോഓപറേറ്റിവ് ആശുപത്രിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് ശ്രീധരനിപ്പോള്‍. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും കണ്ടുമുട്ടാമെന്ന ധാരണയിലാണ് ഞങ്ങള്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. എ. കെ. ബാലനെ പല തവണ കണ്ടിരുന്നു. മന്ത്രി ആയിരിക്കെ അദ്ദേഹത്തിന് ബെംഗളുരുവില്‍ സ്വീകരണം നല്കിയിരുന്നു. ഞാന്‍ പ്രസിഡന്റ് ആയ ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍. വി .പി .കുഞ്ഞികൃഷ്ണനും ഉണ്ടായിരുന്നു. കുഞ്ഞികൃഷ്ണേട്ടനെ ഇടക്കിടെ കാണാറുണ്ട്.

കുറച്ച് ദിവസം മുമ്പ് വി. പിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ

ശ്രീധരനെ കാണുമ്പോള്‍ ചോദിക്കാന്‍ ചില ചോദ്യങ്ങള്‍ മനസ്സിലുണ്ട്. അഞ്ചു പതിറ്റാണ്ട് മുമ്പ് നല്ലശൈലിയില്‍ മലയാളം എഴുതിയിരുന്ന ശ്രീധരന്‍ സാഹിത്യത്തിലേക്കൊന്നും കടന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവവുമല്ല. ബാങ്ക് ഉദ്യോഗവുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കാലചക്രഗതിയില്‍ ഓരോ വ്യക്തിയും എന്തൊക്കെയൊ ആയിത്തീരുന്നു. അതാണല്ലോ ജീവിതം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീധരനാണ് എന്റെ മനസ്സിലുള്ളത്. വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്.. വിദ്യാര്‍ഥി സ്മരണ സിന്ദാബാദ്…
(തുടരും)

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy