പത്ത് എം.ടി. കഥകളുടെ ചലച്ചിത്രാവിഷ്‌ക്കാരവുമായി നെറ്റ്ഫ്ലിക്സ്; ചിത്രങ്ങളൊരുക്കുന്നത് പ്രിയദര്‍ശന്‍, ജയരാജ്, ലിജോ ജോസ് പല്ലിശ്ശേരി, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണ്‍ അടക്കമുള്ള സംവിധായകര്‍

-ഡോ. കീർത്തി പ്രഭ

ചെറുകഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയും മനുഷ്യാവസ്ഥയുടെ സങ്കീര്‍ണതകള്‍ രേഖപ്പെടുത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം. ടി വാസുദേവന്‍ നായരുടെ പത്തോളം കഥകള്‍ അടങ്ങിയ ആന്തോളജി ഒരുക്കുകയാണ് നെറ്റ്ഫ്ലിക്സ് ഒ.ടി.ടി പ്ലാറ്റ്ഫോം മലയാളത്തിലെ പ്രഗത്ഭരായ സംവിധായകന്‍മാരിലൂടെ.

എം.ടി എന്ന രണ്ടക്ഷരം മലയാള സാഹിത്യത്തില്‍ ഒരു കടല്‍ സൃഷ്ടിച്ച പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ ഓരോ രചനയും കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതികളുടെ പ്രതിഫലനമാണ്. തകരുന്ന നായര്‍ തറവാടുകളിലെ വൈകാരികതയും മരുമക്കത്തായവും ജന്മിത്വവും പ്രണയവും നൈരാശ്യവും ദാരിദ്ര്യവും എല്ലാം പ്രതിപാദിക്കുന്ന കേരളത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇടങ്ങള്‍. ലാളിത്യമുള്ള ആശയങ്ങളും സുന്ദരമായ ഭാഷയും അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രയാണ്.

നെറ്റ്ഫ്‌ലിക്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമീലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന പത്ത് കഥകളുടെ തിരക്കഥകള്‍ ഒരുക്കുന്നതും എം.ടി. തന്നെയാണ്. ഒന്നിലധികം സംവിധായകരുടെ സിനിമകളുടെ ഒരു കൂട്ടായ്മയാണ് ആന്തോളജി. വ്യത്യസ്തങ്ങളായ കഥയും, കഥാപാത്രങ്ങളും സിനിമയെന്ന കൂട്ടായ്മയിലൂടെ സംഗമിക്കുന്ന ദൃശ്യവിരുന്ന്. പഞ്ചാഗ്‌നിയും നഖക്ഷതങ്ങളും വൈശാലിയും വടക്കന്‍ വീരഗാഥയും പെരുന്തച്ചനും സുകൃതവും പരിണയവും ജാനകിക്കുട്ടിയും തീര്‍ഥാടനവും പഴശ്ശിരാജയും ആസ്വാദകഹൃദയങ്ങളിലേക്ക് പടര്‍ത്തിയ അതേ അനുഭൂതി നുകരാന്‍ ഒരിക്കല്‍ കൂടി നമുക്ക് ഒരുങ്ങാം. ഹൃദയങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍, ശാന്തികൃഷ്ണ, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരടങ്ങുന്ന അഭിനേതാക്കളാണ്.

ജയരാജ്, പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, ലിജോ ജോസ് പെല്ലിശ്ശേരി, സന്തോഷ് ശിവന്‍, മഹേഷ് നാരായണ്‍ തുടങ്ങിയവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. എം.ടിയുടെ മകള്‍ അശ്വതി വി നായര്‍ സിനിമകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും ഒരു സിനിമ സംവിധാനം ചെയ്തു കൊണ്ടും ഈ ദൃശ്യശൃംഖലയുടെ ഭാഗമാകുന്നു.

6 സിനിമകളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ജയരാജ് (കഥ:സ്വര്‍ഗം തുറക്കുന്ന സമയം),അശ്വതി വി നായര്‍ (കഥ:വില്‍പന),സന്തോഷ് ശിവന്‍ (കഥ:അഭയം തേടി വീണ്ടും), പ്രിയദര്‍ശന്‍ (കഥ:ശിലാലിഖിതം), രതീഷ് അമ്പാട്ട് (കഥ:കടല്‍ക്കാറ്റ്), ശ്യാമപ്രസാദ് (കഥ:കാഴ്ച) എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് പൂര്‍ത്തിയായത്.

ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. അശ്വതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത് ആസിഫ് അലിയും മധുബാലയുമാണ്. ഹിന്ദി അഭിനേതാവ് ഉജ്വന്‍ ചോപ്രയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന്തോഷ് ശിവന്‍ ഒരുക്കുന്ന ചിത്രത്തില്‍ സിദ്ദിഖാണ് നായകന്‍. ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ പാര്‍വതിയും നരെയ്‌നും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയദര്‍ശന്‍ ചിത്രത്തില്‍ ബിജുമേനോനും ശാന്തികൃഷ്ണയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എം.ടിയുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത് 1969ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓളവും തീരവും. പൂര്‍ണ്ണമായും സ്റ്റുഡിയോക്ക് വെളിയില്‍ ചിത്രീകരിച്ച ആദ്യ മലയാളചലച്ചിത്രമാണിത്. ഈ സിനിമ വീണ്ടും ചിത്രീകരിക്കാന്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുങ്ങുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. കടു ഗണ്ണാവ-ഒരു യാത്രക്കുറിപ്പ് എന്ന എം.ടിയുടെ ജീവിതവുമായി ഏറെ ബന്ധമുള്ള കൃതിയെ സിനിമയാക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്.

ടാഗോറിന്റെ രചനകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആന്തോളജി സിനിമയാണ് ഇത്തരമൊരു സംരഭത്തിന് പ്രചോദനമായത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പോസ്റ്റ് മാസ്റ്റര്‍, മോനിഹാര,സംപതി തുടങ്ങിയ രവീന്ദ്രനാഥ ടാഗോറിന്റെ മൂന്ന് ചെറുകഥകളെ ആസ്പദമാക്കി 1961 ല്‍ സത്യജിത് റേ തീന്‍ കന്യ എന്ന ആന്തോളജി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

എം. ടി. യുടെ സിനിമകള്‍ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. നെറ്റിയില്‍ വാള്‍ കൊണ്ട് വെട്ടി ദേവീ വിഗ്രഹത്തിനു നേരെ രക്തം കാര്‍ക്കിച്ചു തുപ്പിയ ‘നിര്‍മാല്യം’ സിനിമയിലെ വെളിച്ചപ്പാട് ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും മലയാള സിനിമ ഇനിയും മുക്തമായിട്ടില്ല. മലയാളത്തിന്റേതായ സംഭാഷണ ശൈലികള്‍ ഇണക്കിച്ചേര്‍ത്ത് തിരക്കഥാരചനയില്‍ ഒരു സാംസ്‌കാരിക മാറ്റത്തിന് തുടക്കം കുറിച്ചത് എം.ടി. ആണ്. സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞിട്ടുണ്ട്– ‘ ഒരു സിനിമയെടുക്കണമെന്ന് പറയുമ്പോള്‍ ഉടനെയൊരു കഥയെഴുതി തരാമെന്ന് പറയുന്ന സ്വഭാവക്കാരനല്ല എം.ടി അദ്ദേഹത്തിന്റെ മനസ്സില്‍ സ്‌ട്രൈക്ക് ചെയ്യുന്ന, ഇന്‍സ്‌പെയര്‍ ചെയ്യുന്ന കഥകളേ അദ്ദേഹം എഴുതുകയുള്ളൂ. ഒരു വിഷയത്തെ ആസ്പദമാക്കി കഥകള്‍ ആവര്‍ത്തിക്കുകയില്ല. ഒരു സിനിമ എഴുതിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് ആളുകള്‍ക്ക് പുതിയതായി എന്തെങ്കിലും മനസ്സിലാക്കാന്‍ കഴിയണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളാണ്.’ അതുകൊണ്ട് തന്നെ എം.ടി എപ്പൊഴും വലിയൊരു പ്രതീക്ഷയാണ്.

23ാം വയസ്സിലെഴുതിയ ആദ്യ നോവലായ നാലുകെട്ടിന് 1958 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതുള്‍പ്പെടെ അദ്ദേഹത്തിന്റെ സൃഷ്ടികളെല്ലാം തന്നെ മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു. പത്മഭൂഷണ്‍, ജ്ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

സാഹിത്യ ജീവിതം പോലെ അദ്ദേഹത്തിന്റെ സിനിമാ ജീവിതവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൈവച്ച മേഖലകളിലെല്ലാം പകരം വെക്കാനാവാത്ത സാന്നിദ്ധ്യമായിട്ടുണ്ട് എം. ടി. തന്റെ മുറപ്പെണ്ണ് എന്ന കൃതിക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് ചലച്ചിത്ര ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. പിന്നീട് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളത്തിന്റെ മാണിക്യങ്ങളായ അമ്പതിലേറെ സിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നിവ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. ‘നിര്‍മ്മാല്യം’ എന്ന ചിത്രം 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. അതു കൂടാതെ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പൊഴിതാ വള്ളുവനാടന്‍ ശൈലികള്‍ കൊണ്ട് വായനക്കാരെ കോരിത്തരിപ്പിച്ച എം.ടി വാസുദേവന്‍ നായരുടെ ഭാവനയില്‍ വിരിഞ്ഞ 10 കഥകള്‍ ഒരേസമയം ചലചിത്രങ്ങളാകാന്‍ ഒരുങ്ങുകയാണ്. കൈവച്ച മേഖലകളിലെല്ലാം അതുല്യമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ കഥകള്‍ കഴിവുറ്റ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് സിനിമകളാക്കുമ്പോള്‍ തലമുറകള്‍ക്കായി കാത്തുവച്ച നക്ഷത്ര സമാനമായ വിരുന്നാവും അത്. ആര്‍ പി എസ് ജി ഗ്രൂപ്പ് നിര്‍മിക്കുന്ന സിനിമകള്‍ നെറ്റ്ഫ്ലിക്സില്‍ അവതരിപ്പിക്കുന്നത് കമല്‍ഹാസനാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy