ഡോ. ജെ. അലക്സാണ്ടര്‍ ഐ.എ.എസ്: വിടപറഞ്ഞത് സേവനമികവിന്റെയും ഭാഷാസൗഹൃദത്തിന്റെയും അപൂർവ മാതൃക 

വിഷ്ണുമംഗലം കുമാര്‍ 

അറിവ്, പദവി, സ്വാധീനം, സൗഹൃദം, സഹായസന്നദ്ധത എന്നീ സവിശേഷ സിദ്ധികളാല്‍ അരനൂറ്റാണ്ടിലേറെക്കാലം കര്‍ണാടക മലയാളികളില്‍ പ്രഥമ സ്ഥാനീയനായി പരിലസിച്ച വിശിഷ്ട വ്യക്തിത്വമായിരുന്നു ഇന്നലെ ബെംഗളുരുവില്‍ ഹൃദയ സ്തംഭനം മൂലം അന്തരിച്ച ഡോ. ജെ .അലക്സാണ്ടര്‍ ഐ.എ.എസ്. മുപ്പത്തിമൂന്ന് വര്‍ഷം ഉദ്യോഗസ്ഥനായും കാല്‍നൂറ്റാണ്ടോളം രാഷ്ടീയ സാമൂഹ്യ പ്രവര്‍ത്തകനായും താന്‍ സേവനമനുഷ്ഠിച്ച കര്‍ണാടകത്തിലെ ജനങ്ങള്‍ക്കും അദ്ദേഹം സ്വീകാര്യനും ആരാധ്യനുമായിരുന്നു. കന്നഡിഗരുടെയും മലയാളികളുടെയും ബഹുമാനം ഒരുപോലെ നേടി ഭാഷാസൗഹൃദത്തിന്റെ നെടുംതൂണായി നിന്ന് വിജയിച്ച മറ്റൊരാളില്ല. അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന് ഡോ. ജെ. അലക്സാണ്ടറെ വിശേഷിപ്പിക്കാം.

കേരളസമാജം നോർത്ത്‌ വെസ്റ്റ് ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന്

കൊല്ലം കണ്ടച്ചിറ മങ്ങാട് ഗ്രാമത്തിലെ ഒരു സാധാരണ കുടുംബാംഗമായ അലക്സാണ്ടര്‍ പഠനത്തില്‍ അതിസമര്‍ഥനായിരുന്നു. പ്രശസ്തമായ നിലയില്‍ എം .എ. പാസ്സായ ശേഷം കൊല്ലം ഫാത്തിമ മാത കോളേജില്‍ അധ്യാപകനായിരിക്കെ 1963 ലാണ് ഐ എ എസ് ലഭിക്കുന്നത്. കര്‍ണാടക കേഡറില്‍ മംഗലാപുരത്ത് സബ് കലക്ടറായി ആദ്യ നിയമനം. പിന്നീട് വിവിധ ജില്ലകളില്‍ കലക്ടറായി സേവനം. ചുരുങ്ങിയ കാലംകൊണ്ട് സമര്‍ഥനായ ഓഫീസറായി പേരെടുത്തു. വ്യത്യസ്ത വകുപ്പുകളില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും പടവുകള്‍ ചാടിക്കയറി. 1992 ല്‍ എസ്. ബംഗാരപ്പ മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്നു. ഡിഫാക്ടോ ചീഫ് മിനിസ്റ്റര്‍ എന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ അലക്സാണ്ടറെ വിശേഷിപ്പിച്ചിരുന്നത്. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതുപോലെ ബംഗാരപ്പയ്ക്കുവേണ്ടി സംസ്ഥാനത്തെ സുപ്രധാന ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചത് അലക്സാണ്ടറായിരുന്നു. അതിന്റെ പേരില്‍ പ്രതിയോഗികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല.

ലേഖകൻ്റെ പുസ്തക പ്രകാശന ചടങ്ങിനിടെ

ബെംഗളുരുവിലെ ഇന്ദിരാനഗറില്‍ സ്ഥിരതാമസമാക്കിയതോടെയാണ് നഗരത്തിലെ മലയാളിസമൂഹവുമായി അദ്ദേഹം കൂടുതല്‍ അടുത്തത്. നിരവധി മലയാളി സംഘടനകളുടെയും കൂട്ടായ്മയുടെയും രക്ഷാധികാരിയായി പ്രവര്‍ത്തിച്ച അലക്സാണ്ടര്‍ മലയാളികള്‍ക്ക് കന്നഡനാട്ടില്‍ പ്രശ്‌നങ്ങളില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. കന്നഡിഗരും മലയാളികളും തമ്മില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം നല്‍കിയ പിന്തുണ നിസ്തുലമാണ്. മനയല്ലി മലയാളം മാത്തനാഡുവ കന്നഡിഗരു നാവു (വീട്ടില്‍ മലയാളം സംസാരിക്കുന്ന കന്നഡിഗരാണ് ഞങ്ങള്‍) എന്നാണ് കന്നഡജനതയോട് അദ്ദേഹം പറഞ്ഞിരുന്നത്. മലയാളികളുടെ പൊതുയോഗങ്ങളിലും ആഘോഷപരിപാടികളിലും കന്നഡക്കാരായ വിശിഷ്ടാതിഥികളെ സാക്ഷിനിര്‍ത്തി പ്രസംഗിക്കുമ്പോള്‍ അദ്ദേഹം അക്കാര്യം ആവര്‍ത്തിച്ച് ഊന്നിപ്പറയാറുണ്ടായിരുന്നു.

ശ്രീനാരായണഗുരുവിന്റെ ആരാധകനായിരുന്നു അലക്സാണ്ടര്‍. കൊല്ലം ശ്രീനാരായണ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ ബിരുദപഠനം. ഗുരു അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പ്രസംഗിക്കുമ്പോള്‍ നാരായണ സൂക്തങ്ങളും തത്വചിന്തകളും പതിവായി ഉദ്ധരിക്കും. അലക്സാണ്ടറുടെ സാഹിത്യാവബോധവും അസൂയാര്‍ഹമായിരുന്നു. ദീര്‍ഘകാലം സ്ഥിരതാമസം കര്‍ണാടകത്തിലായിട്ടും പ്രധാന പ്രവര്‍ത്തനവും സഹവര്‍ത്തിത്വവും കന്നഡിഗരോടൊപ്പമായിട്ടും ചെറുപ്പത്തില്‍ ഹൃദ്വിസ്ഥമാക്കിയ കുമാരനാശാന്റെയും വള്ളത്തോളിന്റെയുമൊക്ക കവിതകള്‍ പ്രസംഗത്തിനിടയില്‍ അദ്ദേഹം സ്ഫുടതയോടെ ചൊല്ലുമ്പോള്‍ അത് കേട്ടിരിക്കുന്ന മലയാളികള്‍ കോരിത്തരിക്കാറുണ്ടായിരുന്നു. അതുപോലെ ഷേക്സ്പിയറെയും ഷെല്ലിയെയും മറ്റും പറ്റി അനര്‍ഗളം സംസാരിക്കുകയും അവരുടെ കവിതകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് ഉദ്ധരിക്കുകയും ചെയ്യും.

നല്ലൊരു ഗായകന്‍ കൂടിയായിരുന്നു അലക്സാണ്ടര്‍. പഴയ സിനിമാഗാനങ്ങള്‍ അദ്ദേഹം വേദികളില്‍ മനോഹരമായി ആലപിക്കാറുണ്ടായിരുന്നു. 1996 – ല്‍ ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച ഉടനെത്തന്നെ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1999 -ല്‍ ഭാരതിനഗര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു ജയിച്ച് നിയമസഭത്തിലെത്തുകയും എസ്.എം. കൃഷ്ണ മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. രാഷ്ട്രീയത്തിന് പുറമെ വിദ്യാഭ്യാസ സാമുഹ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ട് പ്രവര്‍ത്തന മേഖല കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലെ ചില പ്രമുഖ പ്രൊഫഷനല്‍ കോളെജുകളില്‍ ഉപദേശകനായും രക്ഷാധികാരിയായുമൊക്കെ അദ്ദേഹമുണ്ടായിരുന്നു.

പത്‌നി ഡെല്‍ഫിന്‍ മരണമടഞ്ഞത് ഏതാനും മാസം മുമ്പാണ്. ആ വിയോഗം അലക്സാണ്ടറെ മാനസികമായി തളര്‍ത്തുകയും അദ്ദേഹം ഒറ്റപ്പെടലിലേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളാണ്. ജോസ് അലക്സാണ്ടറും ജോണ്‍സന്‍ അലക്സാണ്ടറും. അറുപത്തൊമ്പതാം വയസില്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റ് എടുത്ത അലക്സാണ്ടര്‍ അന്ത്യനിമിഷം വരെ കര്‍മ്മനിരതനായിരുന്നു.

വിടപറഞ്ഞത് കർണാടകത്തിൽ മലയാളികളുടെ അത്താണിയായി ദീർഘകാലം  നിലകൊണ്ട ഉജ്ജ്വല വ്യക്തിത്വമാണ്‌. ഡോ. അലക്‌സാണ്ടറുടെ വിയോഗം അനേകലക്ഷം വരുന്ന കർണാടക മലയാളികൾക്ക്‌ നികത്താനാവാത്ത നഷ്ടമാണ്.

🟡

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy