Follow the News Bengaluru channel on WhatsApp

സ്മാർട്ടായ കലാലയ കാലം

-മുഹമ്മദ് കുനിങ്ങാടിന്റെ കഥകള്‍

സ്മാർട്ടായ കലാലയ കാലം

തിരക്കൊഴിഞ്ഞ റിസർവേഷൻ കമ്പാർട്ട്മെന്റിന്റെ ജനൽക്കമ്പികൾക്കിടയിലൂടെ അയാൾ പറഞ്ഞു “കുഞ്ഞാളെ വണ്ടി കോഴിക്കോട് നിന്ന് മാറിക്കഴിയുമ്പോൾ സൂക്ഷിക്കണേ, അന്റെ കൂട്ടുകാരി അവിടെയുണ്ടെന്ന് വിളിച്ച് ഒറപ്പ് വരുത്തി ഒന്നിച്ച് പോകണേ’

അയാളുടെ ശബ്ദത്തിന്റെ ആശങ്ക തിരിച്ചറിഞ്ഞതുകൊണ്ടാകണം അവൾ വരുംന്ന് പറഞ്ഞാൽ വന്നോളണമെന്നൊന്നും ഒറപ്പില്ല. ബാക്പാക്ക് സീറ്റിൽ വെച്ച് ജനലിനടുത്ത് വന്ന് അവൾ പറഞ്ഞു. അത്രത സ്ഥിരതയുള്ള കുട്ടിയൊന്നുമല്ല ബാപ്പച്ചീ.

തനിച്ച് മംഗളൂരുവരെയൊക്കെ പോകാനുള്ള കരുത്ത് സ്വയം നേടിയെന്ന് അയാളെ ബോധ്യപ്പെടുത്താൻ മകളുടെ സംസാരത്തിന് സാധ്യമായിരുന്നു.

പ്ലാറ്റ് ഫോമിൽ നിന്ന് ജനലിനകത്തുകൂടെ മകളോട് സംസാരിക്കുന്ന അയാളെ എനിക്ക് കാണാൻ കഴിയില്ലായിരുന്നു. സൈഡ് ബെർത്തിലായിരുന്ന ഞാൻ ആ കുട്ടിയുടെ ഓരോ ചലനവും പൂർണ്ണമായും കാണുകയായിരുന്നു. തന്നെയുമല്ല അവൾ തന്റെ ബാപ്പയുടെ അടുത്തേക്ക് വരുമ്പോൾ വിലപിടിച്ച പെർഫ്യൂമിന്റെ സുഗന്ധം എന്നിലേക്ക് പകരുന്നുണ്ടായിരുന്നു. അത് മനസിനെ പ്രസാദിപ്പിക്കുന്നതായിരുന്നു. ബാപ്പച്ചീ മെല്ലെ പറഞ്ഞാൽ പോരെ എന്തിനാണ് ഇത്ര ഉച്ചത്തിൽ പറേണത് ജനലിനകത്തേക്ക് മുഖം നീട്ടി കുസൃതിച്ചിരിയോടെയുള്ള അവളുടെ ചോദ്യം അയാളിൽ വാത്സല്യം നിറക്കുന്നുണ്ടായിരുന്നു. അയാളുടെ സംസാരം എത്ര ഒച്ചത്തിലായിരുന്നു എന്ന് ഞാൻ ഓർത്തത് അപ്പോഴായിരുന്നു.

കുട്ടിത്തം പൂർണ്ണമായി മാറിയിട്ടില്ലാത്ത ആ പെൺകുട്ടി കാഴ്ചയിൽ നല്ല അഴകുണ്ടായിരുന്നു. ആകർഷണീയമായ ശരീരചലനങ്ങളും സമൃദ്ധമായ ദേഹപ്രകൃതിയും ആരാലും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. വശ്യമായ അവളുടെ കൈ വിരലുകൾ സ്മാർട്ട്ഫോണിൽ ചടുലതയോടെ സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു.

സൈഡ് ബർത്തിൽ അലസമായി കിടന്നിരുന്ന എന്നെ അവളുടെ സാന്നിദ്ധ്യം തെല്ലൊന്ന് അസ്വസ്ഥനാക്കാൻ തുടങ്ങിയിരുന്നു. അലക്ഷ്യമായിക്കിടന്ന കാശ്മീർ ഷാൾ ഒന്നുകൂടി വലിച്ച് ശരീരത്തിലിട്ട് അരിച്ചു കയറുന്ന ആ പ്രഭാതത്തണുപ്പിനെ സുഖമുള്ള ഒരനുഭവമാക്കാൻ ശ്രമിക്കുന്നതിനിടയിലും അവളുടെ സൗന്ദര്യത്തിന്റെ പാർശ്വവീക്ഷണം നോക്കി ആസ്വദിക്കുവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും എനിക്കവളുടെ ബാപ്പയോടുള്ള ഈർഷ്യ അവസാനിച്ചിരുന്നില്ല. എന്തിനാണയാൾ ഈ കുട്ടിയെ തനിയെ ഇങ്ങനെ വിടുന്നു. അവളുടെ കൂട്ടുകാരിയുടെ അടുത്ത് വരെ പോയി ആ ട്രെയിനിൽ കയറുന്നത് വരെ അയാൾക്ക് കൂടെ പോകാമായിരുന്നില്ലേ, പോകാതിരിക്കാൻ മാത്രം എന്ത് മല മറിക്കുന്ന കാര്യമാണ് അയാൾക്കുള്ളത്?

ചൂളം വിളിയോടെ വണ്ടി സ്റ്റേഷനിൽ നിന്ന് മെല്ലെ നീങ്ങിതുടങ്ങിയതോടെ അയാൾക്ക് കൈവീശി ബായ് പറഞ്ഞ് തന്റെ മൊബൈലിൽ തകൃതിയായി സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു അവൾ. മുഖത്ത് മന്ദഹാസമായും നീരസമായും പ്രതിഷേധമായും അതിന്റെ പ്രതിഫലനങ്ങൾ ദൃശ്യമായിരുന്നു. കവിൾ തുടുക്കുന്നതും മുഖം ചുകക്കുന്നതും പെട്ടെന്നുതന്നെ വിളറി ആശയറ്റുപോകുന്നതും മാറി മാറിമറയുന്നത് അവളുടെ ആകർഷണത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു.

ട്രെയിനിന്റെ വേഗത കൂടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അടുത്ത കമ്പാർട്ടുമെന്റുകളിലേതോ ഒന്നിൽ നിന്ന് നടന്നുനീങ്ങി അവൻ എത്തിയത്. ടൊവീനോയുടെയോ പുതിയ ചാർളിയുടെയോ ചെത്തിമിനിക്കിയ മുറ്റിയ താടിയും അരുകുകൾ ഷേപ്പ് ചെയ്ത തലമുടിയുള്ള സുമുഖനായ കാണാൻ നല്ല ചന്തമുള്ള ആ പയ്യൻ വന്ന് ചേർത്ത് പിടിച്ച് ആവേശത്തോടെ അവളെ ചുംബിച്ചുകൊണ്ടിരുന്നു. അവന്റെ കരവലയത്തിനുള്ളിൽ അവൾ വളരെ സുരക്ഷിതത്വമനുഭവിക്കുന്നുണ്ടെന്ന് മറ്റുള്ളവർക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

സഹയാത്രികരുടെ സാന്നിദ്ധ്യം അവരെ ഒന്നിനും അധീരരാക്കിയിരുന്നില്ല. വളരെക്കാലം ഒന്നിച്ചു താമസിക്കുകയും പ്രണയാതുരമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തവരെപ്പോലെ ആഹ്ളാദകരമായ അവരുടെ ഇടപഴകൽ കാണുമ്പോൾ മനസ്സ് മന്ത്രിച്ചു. പിന്നെന്തിനായിരുന്നു അവളുടെ ബാപ്പ ഇത്രയധികം ബേജാറായിരുന്നത്. വഴിയിൽ നിന്ന് കൂട്ടുകാരിയെ കിട്ടിയില്ലെങ്കിൽ മകളുടെ യാത്ര ദുരിതമാകുമോയെന്ന് ഭയപ്പെട്ടിരുന്നത്.

അവർ നല്ല ജോഡികളായിരുന്നു. മെയ്ഡ് ഫോർ ഈച്ച് അദർ. നിറത്തിലും രൂപത്തിലും, പ്രായത്തിലുമതെ. ഇപ്പോൾ അവളുടെ സ്മാർട്ട് ഫോണിന് പൂർണ്ണ വിശ്രമമായിരുന്നു എന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവന്റെ കൗബോയ് ട്രൗസേഴ്സം കടുത്ത ചുകപ്പ് നിറമുള്ള ടീ ഷർട്ടിനും ഇണങ്ങുന്ന മസ്കൂലർ ബോഡി ദൃഡതയുള്ളതായിരുന്നു. കരുത്തുള്ള കൈത്തണ്ടയിൽ അവളുടെ കൈ വിരലുകൾ ഒരു തൂവൽസ്പർശം പോലെ താളം പിടിക്കുന്നത് തെല്ലൊര സഹ്യതയോടെയെങ്കിലും വീക്ഷിച്ചുകൊണ്ടിരുന്നു.

അവളുടെ ബാഗും അവന്റെ ലഗേജുമൊക്കെ സ്വയം തൂക്കിയെടുത്തുകൊണ്ട് തികഞ്ഞ ഉത്തരവാദിത്വത്തോടെ അവളുടെ കരങ്ങൾ പിടിച്ച് സ്റ്റേഷനിലിറങ്ങി അടുത്ത ട്രെയിനിനടുത്തേക്ക് ദൃതിയിൽ അവർ നടന്നകലുമ്പോൾ ന്യൂജൻ കാലത്തെ പ്രായോഗിക ജീവിതം ഭാവനകൾപ്പുറമുള്ള സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു എന്ന് തോന്നിപ്പോകുന്ന വിധമായിരുന്നു.

 

മക്കളെയൊക്കെ നല്ല നിലയിൽ വിദ്യാഭ്യാസം നൽകി വളർത്തണമെന്നതായിരുന്നു ആഗ്രഹം. സമ്പത്തിന്റെ വലിയൊരു കൂമ്പാരം എടുത്ത് കൊടുക്കാനൊന്നും കയ്യിലില്ലെന്നുള്ളത് മാത്രമല്ലല്ലോ പ്രതിസന്ധി. വരുന്ന തലമുറ കൂടി പുരോഗതിയിലെത്തണമെങ്കിൽ
സാങ്കേതിക രംഗങ്ങളിൽ മികവുള്ളവ നമ്മുടെ കുട്ടികൾക്ക് തന്നെ സ്വയത്തമാകണമല്ലോ. അപ്പോഴെല്ലാം മനസ്സിൽ പഴയ ആ ട്രെയിൻ അനുഭവം ഒരു വില്ലനായ് മുന്നിൽ പ്രതിബന്ധമായി വന്നുനിൽക്കും. അതിന്റെ പരിണിതി ട്രാജഡിയിലോ അതോ കോമഡിയിലോ പര്യവസാനിച്ചതെന്ന് മനസ്സിൽ എന്നും ജിജ്ഞാസയായി തന്നെ അവ ശേഷിച്ചിരുന്നുവെന്നത് നേര്. എന്റെ ഈ ആശങ്കകൾ ഭാര്യയോടുപോലും തുറന്നുപറയാൻ ഒരിക്കലും എനിക്കു കഴിഞ്ഞിരുന്നില്ല.- യൂ ആർ സോ കൺസർവേറ്റീവ്’ എന്ന അവളുടെ മറുപടി എന്നെ എത്രമാത്രം കൊച്ചാക്കാതിരിക്കില്ല!

റസിഡൻഷ്യൽ ഏരിയയിൽ തുടങ്ങിയ സൂപ്പർ മാർക്കറ്റിൽ സമീപ പ്രദേശത്തെ ആളുകളുടെയെല്ലാം സഹവാസ കേന്ദ്രമാണ്. കൈപിടിച്ചു കടയിലെത്തുന്ന ചെറിയ പ്രായത്തിൽ കൊച്ചുവർത്ത മാനം പറഞ്ഞുതുടങ്ങുന്ന നാൾ മുതൽ ആരംഭിക്കുന്ന സമ്പർക്കം അവരുമായുള്ള ആത്മബന്ധമാണ് ഊട്ടിയുറപ്പിച്ചിരിക്കുന്നത്. അവരുടെ പരിവർത്തനങ്ങളോരോന്നും മനസ്സിലാക്കാനും അതുൾക്കൊള്ളാനും നമ്മളെ പരിശീലിപ്പിക്കുന്നു. കാലത്തെയെന്നും കാലത്തിനൊപ്പമെത്താൻ അതെന്നെ പ്രാപ്തനാക്കിയിരുന്നു. ന്യൂജൻ കാലത്തെ രുചിയും അഭിരുചിയും നന്നായറിയാൻ അതൊരു ഹേതുവായിരുന്നു.

അത്രയൊന്നും കൗതുകം തോന്നിക്കാത്ത കുട്ടിയുടെ കൈപിടിച്ചെത്തിയ യുവതിയെ ആകർഷകമാക്കിയിരുന്നത് ഇളം തത്തമ്മപ്പച്ചനിറമുള്ള ചുരീദാർ ബോട്ടത്തിന്റെ സുതാര്യതയ്ക്കുള്ളിലുള്ള മാർദ്ദവവും മനോഹരവുമായ ശരീരഭാഗങ്ങൾ മനസ്സിൽ പതിഞ്ഞത് കൊണ്ടായിരുന്നു. മേലോട്ട് മേലോട്ട് കണ്ണ് ചലിച്ച് ദൃഷ്ടിയുടക്കിയത് പരസ്പരം കണ്ണുകളിലാണ്. കണ്ണും കണ്ണും തമ്മിൽ ഓർത്തെടുക്കാൻ പറ്റാത്ത എന്നാൽ അവഗണിക്കാൻ കഴിയാത്ത ഗാഡബന്ധത്തിന്റെ തെളിമയിലെത്താത്ത ഒരമ്പരപ്പ്! ഞങ്ങളുടെ പരസ്പരമുടക്കിയ കണ്ണുകൾ പിന്തിരിയാൻ അയാളുടെ സാന്നിദ്ധ്യത്തിനേ കഴിഞ്ഞിരുന്നുള്ളൂ. ഇല്ല, അയാളെ ഞാനൊരിക്കലും കണ്ടിട്ടില്ലെന്നെനിക്കുറച്ച വിശ്വാസമുണ്ട്. അതവളുടെ കുട്ടിയുടെ പിതാവും അവളുടെ ഭർത്താവുമാണെന്നതിൽ സംശയമില്ല. അവർ തമ്മിൽ നന്നേ ചേർച്ചയില്ലെന്നത് നമ്മുടെ ഒരു നിഗമനമാണ്. അയാളുടെ പദവിയും യോഗ്യതയും പ്രതാപമുള്ളതാണെന്നതാകാം മാനദണ്ഡമായിരിക്കുന്നത്.

പുതുതായി പണിതീർന്ന ലക്ഷ്വറി പാർപ്പിട സമുച്ചയത്തിൽ അടുത്തിടെ വീടുവാങ്ങിയവരായിരുന്നു അവർ, യു എസിൽ നല്ല പ്രാക്ടീസുള്ള ഡോക്ടറാണയാൾ. ഐ.ടി. പ്രൊഫഷണലായ ഭാര്യയും അവിടെ തന്നെ ജോലി ചെയ്യുന്നു.

കുറച്ചുനാളുകൾക്ക് ശേഷം വീണ്ടുമവർ ഷോപ്പിംഗിനെത്തിയിരിക്കുന്നു. സ്വന്തം ഡ്രൈവ് ചെയ്തായിരുന്നു അവർ വന്നത്. കുട്ടിയുടെ കൈപിടിച്ച് വളരെ സ്വതന്ത്രമായാണ് ഷോപ്പിംഗ് ചെയ്യുന്നത്.

വിദേശ നിർമ്മിത സോസുകളും സ്നാക്സകളും തെരഞ്ഞെടുത്ത് ട്രോളിയിലിടുന്നതിനിടയിലും എന്റെ സാന്നിദ്ധ്യത്തിനായി ആ കണ്ണുകൾ പരതുന്നതായി എനിക്ക് തോന്നിയിരുന്നു. പരിചയം ഭാവിച്ച് ഞാൻ അടുത്തേക്ക് ചെന്ന് വിഷ് ചെയ്തു. ഔപചാരിക കുശലങ്ങൾക്കൊടുവിൽ കോളേജിലേക്കുള്ള യാത്രയിലുള്ള ഏതാനും മണിക്കൂറുകൾ മാത്രമെങ്കിലും മനസ്സിൽ അസ്വസ്ത
തകൾ എന്നന്നേക്കുമായവശേഷിച്ച ആ കൊച്ചുമിടുക്കി പഴയ പ്രതാപത്തിൽ എന്റെ മുന്നിൽ!

ആകർഷണീയവും ആകാര സൗകുമാര്യവുമുള്ള പഴയകൗബോയ് ഫ്രണ്ട് മറ്റൊരു സെലിബ്രിറ്റിയെ സ്വയം വരിച്ച് യുവ ഹൃദയങ്ങളുടെ ആവേശമായെന്ന കാര്യം അവൾ പറയുമ്പോൾ കണ്ണുനിറഞ്ഞിരുന്നു. അവരൊന്നിച്ച് തിമിർത്താടിയ സുന്ദരനിമിഷങ്ങൾ പൂർണ്ണമായി മുന്നിൽ അനാവരണം ചെയ്യുന്നതായി അവൾക്കനുഭവപ്പെടുന്നുണ്ടെന്ന് ഭാവങ്ങളിൽ മിന്നിമറയുന്നുണ്ട്. അരുതായിരുന്നുവെന്ന കുറ്റബോധത്തിന് അപ്പോൾ അത്രയൊന്നും പ്രസക്തിയുണ്ടായിരുന്നില്ലെങ്കിലും സമർപ്പിച്ച ജീവിതം നെയ്തെടുത്ത സങ്കല്പങ്ങൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞ ആഘാതം താങ്ങാവുന്നതിനുമപ്പുറമായിരുന്നു.

വിധിയെ പഴിചാരി രക്ഷപ്പെടാനുള്ള കൗശലം എന്നുമവനുണ്ടായിരുന്നു എന്നവളോർത്തു. ഉയരങ്ങളെത്ര താണ്ടിയാലും മനസ്സിന്റെ ഏതെങ്കിലുമൊരു കോണിൽ വെറുക്കാനാവാതെ
മറക്കാനൊക്കാതെ താനുണ്ടാവുമെന്നവൾ ന്യായമായും വിശ്വസിച്ചിരുന്നു. സ്വാഭാവികമായൊരു ലയിച്ചുചേരലായിരുന്നു അതെന്നതായിരുന്നു അങ്ങിനെ വിശ്വസിക്കാനുള്ള ഒരേയൊരു കാരണം.

അകലങ്ങളിരുന്ന് അയാളുടെ ജീവിതത്തിന്റെ വർണ്ണപ്പകിട്ടുകൾ അറിയണമെന്നവളാഗ്രഹിച്ചത് ആകാംക്ഷകൾ ക്കൊണ്ടുമാത്രമായിരുന്നു. അവനുപോലും നന്മകൾ നേരുന്നൊരു മനസ്സ് പടച്ചവൻ നല്കിയത് വലിയൊരനുഗ്രഹമായി എന്നും മനസ്സിന്റെ കുളിരേകുന്നു.

അവനോ അതോ അവളോ കാരണക്കാരാരാണെന്നറിയില്ല. പൊതുവേദിയിൽ പരസ്പരം കടിച്ചുകീറുകയാണ്. വഴിവിട്ട ജീവിതം നിയന്ത്രണരേഖകൾ ലംഘിക്കുമ്പോൾ ആടിയുലയുന്ന ജീവിതങ്ങൾ ഉപജീവനമാക്കുന്ന മാഫിയകളെ മാത്രം കുറ്റം പറയാനാകില്ലല്ലോ. അവന്റെ കുടുംബജീവിതത്തകർച്ചയുടെ നിറംപിടിപ്പിച്ച വാർത്തകൾ തകർത്തത് അവനെയാണെന്നവൾക്ക് തോന്നിയിരുന്നു. കരുത്തുറ്റ മറ്റൊരു കരങ്ങളിൽ അവൾ സെലിബ്രിറ്റിയായി വാഴാനുള്ള അനന്തസാധ്യതകൾ മുന്നിൽ തുറന്നുകിടക്കുകയാണെന്ന് ഉത്തമ വിശ്വാസത്തോടെയായിരുന്നു തീരുമാനമെടുത്തിരുന്നത്.

അവരുടെ പതനത്തിന്റെ അനിവാര്യതയിൽ ആനന്ദം കണ്ടെത്താൻ ഇപ്പോഴെങ്കിലും കഴിയുന്നുണ്ടോ, അത് പോര അതിനപ്പുറമുള്ള പതനം അവനർഹിക്കുന്നുവെന്ന തോന്നലിൽ അങ്ങിനെത്തന്നെ കിട്ടണമെന്ന നിർവൃതിയടയുകയാണോ എന്നോമറ്റോ ഉള്ളഒരു ചോദ്യം എന്നിൽനിന്നുണ്ടാവുമോ എന്ന് വ്യാകുലപ്പെട്ടിട്ടെന്നപോലെ അവൾ ദൃതിയിൽ ബില്ലിംഗ് കൗണ്ടറുകളിലൊന്നിനെ ലക്ഷ്യംവെച്ച് വേഗത്തിൽ നടന്നുപോവുകയായിരുന്നു.🔴


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.