Follow the News Bengaluru channel on WhatsApp

ഒന്ന് രണ്ട് കള്ളക്കഥകള്‍

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി


ബാല്യത്തില്‍ എല്ലാവര്‍ക്കും കുഞ്ഞു മനസ്സില്‍ പേടി ഉണ്ടാക്കുന്ന കുറെസംഗതികള്‍ ഉണ്ടാകും . ചിലര്‍ക്ക് പട്ടിയെ, ചിലര്‍ക്ക് കൂറയെ, മറ്റു ചിലര്‍ക്ക് പ്രേതത്തെ, ആനയെ അങ്ങിനെ നീളുന്നു ആ പട്ടിക. എനിക്ക് പേടി കള്ളന്മാരെയായിരുന്നു. രാത്രിയുടെ ഏകാന്തതയില്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ ഗ്യാസ് പോകും. ചങ്കിനകത്ത് പല്ലാവൂരപ്പൂന്റെ ചെണ്ട മൊഴങ്ങും. കള്ളനാണോ ? കട്ടുകൊണ്ടുപോകാന്‍ വിലപ്പെട്ട സാധനങ്ങളൊന്നും വീട്ടിലുണ്ടായിട്ടല്ല. കള്ളന്റെ രൂപം മനസ്സില്‍ ഓര്‍ത്തിട്ടായിരുന്നു പേടി. കറുത്ത നിറവും, കപ്പട മീശയും, കള്ളന്റെ കയ്യിലെ കത്തിയും ഒക്കെയായിരുന്നു പേടിക്കുള്ള വകുപ്പുകള്‍.

ആദ്യമായിട്ട് ഒരു കള്ളനെ കാണുന്നത് മൂന്നിലോ നാലിലോ പഠിക്കുന്ന കാലത്താണ്. വാട്ടര്‍വര്‍ക്‌സിലെ വൈകുന്നേര കളികള്‍ തിമിര്‍ക്കുന്ന നേരത്താണ് അടുത്ത വീടുകളില്‍ നിന്നും ഒച്ചയും ബഹളവും കേട്ടത്. രാശേട്ടയുടെ കിളി ശബ്ദത്തിനു ഇത്രയ്ക്കു പിച്ചുണ്ടെന്നറിയുന്നതും അന്നാദ്യമായിട്ടായിരുന്നു. വലിയ വായില്‍ കള്ളന്‍ കള്ളന്‍ എന്ന് നിലവിളിച്ചുകൊണ്ടുള്ള മൂപ്പരുടെ ഓട്ടം ഇപ്പോഴും മനസ്സിലുണ്ട്. ഓട്ടത്തിനിടയില്‍ മുണ്ടൂരിപ്പോയതും കുറെ ഓടി മുണ്ടുപോയകാര്യം മനസ്സിലാക്കി തിരിച്ചു വന്നു മുണ്ടുടുക്കുന്ന സീനും. പിന്നെ അടുത്ത വീടുകളിലെ പെണ്‍പടയുംകള്ളനെ കാണാനുള്ള ഓട്ടത്തില്‍ പങ്കുചേര്‍ന്നു.

നേരം മോന്തി ആവാന്‍ പോകുന്നു. കള്ളനെ ആദ്യമായിട്ടൊന്നു കാണാന്‍ കിട്ടിയ അവസരം പാഴാക്കേണ്ടെന്നു വെച്ച് കൂട്ടത്തീന്നു മറാത്ത എക്‌സ്ട്രാ ഫിറ്റിങ് ചൂരിയെ പാറുകുട്ടിമുത്തിയെ ഏല്പിച്ചു ഞാനും വെച്ച് പിടിച്ചു. എല്ലാവരും ഒരേ ഒരു ലക്ഷ്യത്തിലേക്കു നീങ്ങി. അത് കൊളപ്പര വീട്ടിലെ തോട്ടമായിരുന്നു. അവിടെയാണ് ഒരു തെങ്ങില്‍ കള്ളനെ കെട്ടിയിട്ടിട്ടുള്ളത്.
സംഗതിയുടെ ഫ്ലാഷ് ബാക്ക് ഇങ്ങിനെ.

കുട്ടികൃഷ്ണേട്ടന്റെ കണ്ടം കൊയ്ത്തു കഴിഞ്ഞു കറ്റയും കൊണ്ട് അവസാനം പോയ രുക്കുവിന്റെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചുകൊണ്ട് ഓടിയതായിരുന്നു കള്ളന്‍. രുക്കു കറ്റക്കെട്ട് നിലത്തിട്ട് കള്ളനെ പൂരത്തെറിയും പറഞ്ഞു നിലവിളിച്ചുകൊണ്ട് ചേസ് ചയ്യുമ്പോള്‍ മാടിനെ മേച്ചുകൊണ്ട് അഞ്ചുമൂലക്കണ്ടവരമ്പില്‍ നിന്നിരുന്ന ചുക്രന്‍ ചെട്ടിയാര്‍ അലെര്‍ട് ആകുകയും മാടിനെ അവിടെ വിട്ട് കള്ളന്റെ വഴിയില്‍ തന്ത്രപരമായി ചാടിവീണു് കയ്യിലിരുന്ന മുടിയന്‍കോലുകൊണ്ടു കള്ളന്റെ തലയ്ക്കു തന്നെ ആഞ്ഞൊരു പൂശു പൂശുകയും ചെയ്തുവത്രേ. ആ അടിയില്‍ കള്ളന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുകയും ടോം ആന്‍ഡ് ജെറിയിലെ ടോം പൂച്ചയ്ക്ക് തലക്ക് ഗിമ്മു കിട്ടി ചെവിയില്‍ കൂടി കിളി പറക്കുമ്പോ ആശാന്‍ മൂക്കും കുത്തി വീഴുമ്പോലെ കള്ളന്‍ രണ്ടു വട്ടം ചുറ്റി ദേ കെടക്കണ് പഞ്ചകണ്ടത്തില്. അപ്പോഴേക്കും സ്‌പോട്ടിലെത്തിയ സ്ഥലത്തെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ വക്താവും തെണ്ടമുത്തന്റെ ചീഫ് സ്‌പൈയുമായ മായപ്പേട്ടനും സംഘവും കള്ളന്റെ പെരുമാറാന്‍ പറ്റുന്ന സ്ഥലത്തെല്ലാം കയറി സാമാന്യം ഭേദപ്പെട്ട നിലയില്‍ പെരുമാറി പരിപ്പെളക്കിയത്രേ. ശേഷം കള്ളന്റെ കൈ കെട്ടി ജാഥയായി കുട്ടികൃഷ്ണേട്ടടെ തെങ്ങില്‍ കൊണ്ട് കെട്ടി പൊതുദര്‍ശനത്തിനു വെച്ചപ്പോഴാണ് ഞങ്ങള്‍ തോട്ടശ്ശേരിക്കാര്‍ അബാലവൃദ്ധം അവിടെയെത്തുന്നത്.

അങ്ങിനെ അവിടെ എത്തി കള്ളനെ കണ്ട എനിക്ക് എന്നോട് തന്നെ പുച്ഛം. തോന്നി. ഇതാണോ ഞാന്‍ ഇതുവരെ പേടിച്ച കള്ളന്റെ രൂപം ഇതൊരുമാതിരി ഞാഞ്ഞൂല്‍ രൂപം. ഊതിയാല്‍ പറക്കുന്ന ജാതി. തല്ലുകൊണ്ട് കരഞ്ഞുകൊണ്ട് തേന്മാവിന്‍ കൊമ്പത്തു സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നപോലെപാലക്കാടന്‍ സ്ലാങ്ങില്‍ ‘അഴിച്ചു വിടീ ഏട്ടേ .. അഴിച്ചു വിടീ ഏട്ടേന്നു’ പറഞ്ഞു സപ്ത സ്വരങ്ങളിലും അകിറികൊണ്ടിരിക്കണ കള്ളനെ കണ്ടപ്പോ മനസ്സില്‍ സൂക്ഷിച്ച ഗൗരവതരമായ ഒരു വിഗ്രഹം തട്ടിപ്പൊട്ടിച്ചതില്‍ രണ്ടെണ്ണം അവന്റെ ചെപ്പക്കു പൊട്ടിക്കാനാണ് തോന്നിയത്. ഞാന്‍ ചെയ്യാന്‍ വിചാരിച്ച സാഹസം വേറൊരു സ്‌റ്റൈലില്‍ നടത്താന്‍ തീരുമാനിച്ച, അതായതു് കെട്ടഴിച്ചപ്പോള്‍ നടന്നു നീങ്ങുന്ന ഞാഞ്ഞൂലിനെ ഒന്ന് പൊറംകാലുകൊണ്ടു ചവിട്ടാന്‍ ഓടിയ രാശേട്ട തെങ്ങിന്‍ തടത്തിലെ ചേറില്‍ വഴുക്കി വീണു സീനുണ്ടാക്കിയത് എല്ലാര്‍ക്കും ചിരിച്ചു പിരിയാന്‍വഴി നല്‍കി.

അടുത്ത കള്ള കഥ സംഭവിക്കുന്നത് വൃശ്ചിക കാറ്റടിക്കുന്ന ഒരു ധനുമാസ രാവിലാണ്. എപ്പോഴോ ബഹളം കേട്ടുണര്‍ന്നപ്പോള്‍ മുത്തശ്ശന്‍ പെരക്ക് ചുറ്റും ഓടി നടന്ന് ജിമ്മി നായയെചീത്ത പറയുന്നതാണ് കേട്ടത്. അര്‍ധരാത്രിക്ക് നിര്‍ത്താതെ കുരച്ചുകൊണ്ടിരുന്ന ജിമ്മി നായയെ അവസാനം സഹി കെട്ടു കുത്തി നടക്കണ വടിയെടുത്ത് വീശി എറിഞ്ഞോടിക്കേണ്ടി വന്നു. കാലില്‍ ഏറുകൊണ്ട പാവം ജിമ്മിഅപ്പൊ ‘പൈ… പൈ..’ എന്ന് പറഞ്ഞതിന്റെ അര്‍ഥം ഈ ‘കെളവനോട് ഞാന്‍ എങ്ങിനെയാണ് കാര്യം പറഞ്ഞു മനസിലാക്കുക’ എന്നായിരുന്നു എന്ന് പിറ്റേന്ന് നീറ്റടക്ക ഇട്ടുവെച്ചിരുന്ന കുണ്ഡ്ളി തല്‍സ്ഥാനത്തു നിന്നും അപ്രത്യക്ഷമായതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടന്നപ്പോള്‍ മാത്രമാണ് ജനം അറിഞ്ഞത്.

തോട്ടത്തിലേക്ക് വെള്ളംതേകാന്‍ പതിവുപോലെ പെലച്ചക്ക് വന്ന ചാമി ‘എന്താത് ഏത്തക്കുണ്ടില് ഏത്തക്കൊട്ട മുങ്ങാത്തത്’ എന്ന് ആത്മഗതം ചെയ്ത് വേറൊരു ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയപ്പോഴാണ് നീറ്റടക്ക അടിച്ചു മാറ്റിയ അടക്ക കള്ളന്‍ കുണ്ഡ്ളി തല്ലി പൊട്ടിക്കാണ്ടെ ഭദ്രമായി ഏത്തക്കുണ്ടില്‍ കമഴ്ത്തി വെച്ചിട്ടു പോയതാണെന്ന് റിപ്പോര്‍ട് വന്നത്. മുത്തശ്ശന് ആദ്യമായി ജിമ്മിയെ അണ്ടര്‍ എസ്റ്റിമേറ്റ്ചെയ്തതില്‍ കുണ്ഠിതം തോന്നുകയും അന്ന് ബ്രെയ്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ യൂഷ്വല്‍ കോഴ്സായ ഇട്‌ളീസ് നാലെണ്ണത്തില്‍ നിന്നും ഒന്ന് കുറച്ചു കഴിക്കുകയും ആ ഒരെണ്ണം ജിമ്മിയുടെ കോട്ടയില്‍ കൂട്ടി കൊടുത്തു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.

അതേ രാത്രി തന്നെ സമാന സംഭവങ്ങള്‍ അയല്‍വക്കത്തെ നാരാണമാമടെ വീട്ടിലും ദേവകിമുത്തിടെ വീട്ടിലും അരങ്ങേറിയതായി പുനരന്വേഷണങ്ങളില്‍ അറിഞ്ഞു. എന്തിനു പറയണൂ ന്റെ കൃഷ്ണങ്കുട്ട്യേ… അത്തോട്ടശ്ശേരിയെ നടുക്കിയ അടക്കകള്ളനായിരുന്നൂന്നു പറഞ്ഞാപ്പോരേ.

പിന്നെ പറഞ്ഞു കേട്ട ഒരു കള്ളക്കഥ ആറ്റുപുറത്തു വീട്ടിലെ അമ്മിണി മുത്തിയുടെ വീട്ടില്‍ കള്ളന്‍ ഓടുപൊളിച്ചു കയറി ചോറ് കലത്തിലെ ശാപ്പാടടിച്ചിട്ട് കക്കാന്‍ ഒന്നും കിട്ടാത്തതില്‍ പ്രതിഷേധിച്ചു അതില്‍ തന്നെ ലണ്ടനടിച്ചുപോയ ഒന്നാണ്. ഇങ്ങിനെയും ഭാവനാ സമ്പന്നന്മാരായ കള്ളന്മാര്‍ ഉണ്ടെന്നത് അന്നത്തെ പുതിയ അറിവായിരുന്നു.

🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.