Follow the News Bengaluru channel on WhatsApp

ആചാരമായി തീരുന്ന ചില സദാചാര രോഗങ്ങള്‍

പ്രതികരണം: ഡോ കീര്‍ത്തി പ്രഭ

ഒരു പെണ്ണിന്റെ കയ്യും തുടയും ഒക്കെ കണ്ടാല്‍ ഇങ്ങനെ ഇളകിമറിയുന്നത് കടുത്ത സൂക്കേട് അല്ലെങ്കില്‍ ഫ്രസ്‌ട്രേഷന്‍ തന്നെയാണ്. കൂട്ടുകാരിയോടൊത്ത് ബീച്ചിലിരുന്നു സംസാരിച്ചതിന് സദാചാര ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്കും നിരന്തര മാനസിക പീഡനങ്ങള്‍ക്കും ഇരയായി ആത്മഹത്യ ചെയ്ത ഒരു യുവാവിന്റെ കാര്യം നാം ഓര്‍ക്കുന്നുണ്ടോ? മലയാളിയുടെ ലൈംഗിക ദാരിദ്ര്യവും അസൂയയും മറ്റുള്ളവനിലേക്കുള്ള നാണം കേട്ട ഒളിഞ്ഞു നോട്ടവും ലൈംഗിക വൈകൃതങ്ങളുമെല്ലാം ഒരുപാടൊരുപാട് ചര്‍ച്ചയാക്കപ്പെട്ടതും ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതുമായ വിഷയമാണ്.

ഇതൊരു തരം മാനസിക രോഗവസ്ഥയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യം, സാക്ഷരത തുടങ്ങിയ കാര്യങ്ങളിലും ഒക്കെ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളും വസ്ത്രധാരണവും (പ്രത്യേകിച്ച് സ്ത്രീകളുടെ) ഒളിഞ്ഞു നോക്കപ്പെടുകയും സദാചാര ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യപ്പെടുന്നത് എന്തു കൊണ്ടാവും. പഠിക്കേണ്ട വിഷയമാണ്. ആ മാനസിക രോഗം പരിഹരിക്കപ്പെടേണ്ടതുമാണ്.

‘ബാംഗ്ലൂരില്‍ ആ ഡ്രസ്സ് ഇട്ട് നടന്നാല്‍ കുഴപ്പമില്ല. പക്ഷെ നാട്ടില്‍ ഇട്ട് നടക്കുമ്പോള്‍ ചുറ്റുപാട് നിന്നും വല്ലാത്ത നോട്ടമാണ് ‘ ഇത്തരം ഡയലോഗ് കേള്‍ക്കാത്തവരുണ്ടാവില്ല. ‘കേരളത്തിന്റെ സംസ്‌കാരം അങ്ങനെയാണ്, മാന്യമായ വസ്ത്രധാരണം ‘ഈ ഉത്തരവും പലര്‍ക്കും കിട്ടി ബോധിച്ചിട്ടുണ്ടാവും. സംസ്‌കാരം തേച്ചു മിനുക്കി ഒരു പൊടിമണ്ണ് പോലും പുരളാത്ത വസ്ത്രത്തിലും പുറംമോടിയിലും മാത്രം നിറഞ്ഞിരിക്കുന്ന ഒന്നാണ് എന്നുള്ള വികൃത ചിന്ത മലയാളികള്‍ ആദ്യം ഒന്ന് മാറ്റിപ്പിടിക്കണം. അതിന് കപട മാന്യത, കപട സംസ്‌കാരം എന്നൊക്കെ ആണ് പറയേണ്ടത്. സ്ത്രീകളുടെ വസ്ത്രധാരണം ആണ് നമ്മുടെ സംസ്‌കാരത്തെയും മതത്തെയും ഒക്കെ പൊട്ടിച്ചിതറാതെ കാത്തു സൂക്ഷിക്കുന്നത് എന്ന മട്ടിലാണ് ചിലരുടെ ദയനീയ രോദനങ്ങള്‍. വസ്ത്രങ്ങള്‍ക്കിടയിലൂടെ എവിടെയെങ്കിലും പെണ്‍ശരീരം കാണുന്നുണ്ടോ എന്നാണ് മലയാളി കണ്ണും കാതും കൂര്‍പ്പിച്ച്, പ്രോഡക്റ്റീവ് ആയി ചെലവഴിക്കേണ്ട സമയം വെറുതെ കളഞ്ഞ് കണ്ടു പിടിക്കാന്‍ നോക്കുന്നത്. അങ്ങ് ദൂരെ ഒരാള്‍ ബള്‍ബ് കണ്ടു പിടിച്ചപ്പോള്‍ മലയാളി ആ ബള്‍ബിന്റെ വെളിച്ചത്തില്‍ പെണ്ണിന്റെ കയ്യോ കാലൊ പുറത്ത് കാണുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ഇന്ത്യയില്‍ തന്നെ മറ്റിടങ്ങളില്‍ സദാചാര ആക്രമണങ്ങള്‍ ഇല്ലെന്നല്ല. പക്ഷെ സ്ത്രീപുരുഷ സൗഹൃദങ്ങളും പെണ്ണിന്റെ വസ്ത്രധാരണവും ചോദ്യം ചെയ്യപ്പെടുന്നതും അന്യനിലേക്കുള്ള ഒളിഞ്ഞു നോട്ടവും സദാചാര ഗുണ്ടായിസവും ഇത്ര അപകടകരമായ രീതിയില്‍ വ്യാപകമല്ല. കേരളത്തിലെ സദാചാര ഗുണ്ടായിസങ്ങളുടെ ചരിത്രം സദാചാര പോലീസിംഗിന്റെ ആക്രമണങ്ങള്‍ മാത്രമല്ല, മത വര്‍ഗീയ വാദികളുടെ ആക്രമണങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ്. പൊതു ഇടങ്ങളുടെയെല്ലാം ക്രമസമാധാന സംരക്ഷണവും അധികാരവും തങ്ങളുടെ ചുമതലയാണെന്ന നാട്യക്കാരാണ് ബഹുഭൂരിപക്ഷവും. സോ കാള്‍ഡ് ‘നാട്ടുകാരുടെ ‘ ഊഹാപോഹങ്ങളും ആരോപണങ്ങളും സംശയരോഗവും കാരണം ഒന്ന് ശ്വാസം വിടാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരും ജീവിതം അവസാനിപ്പിച്ചവരും ഏറെയാണ്.

ഇങ്ങനെ പെണ്ണിന്റെ വസ്ത്രധാരണവും സ്ത്രീ പുരുഷ ബന്ധങ്ങളും സംശയത്തോടെ മാത്രം നോക്കിക്കാണുന്ന സംശയ രോഗികളായ ആളുകള്‍ തിങ്ങി നിറഞ്ഞ നാട്ടില്‍ ബോധവല്‍ക്കരണം ഒക്കെ കൊടുക്കുന്നത് ഇപ്പോഴും കോമഡിയാണ്. രോഗികള്‍ക്കല്ല ഇവിടെ ചികിത്സയും ബോധവല്‍ക്കരണവും കൊടുക്കുന്നത്. രോഗികളാല്‍ മാനസികമായും ശരീരികമായും പീഡനങ്ങള്‍ അനുഭവിക്കുന്നവരെയാണ് ഇവിടെ ചികിത്സിക്കുന്നത്. ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കുക, വസ്ത്രധാരണം ശ്രദ്ധിക്കാനും രാത്രി പുറത്തിറങ്ങാതിരിക്കാനും പെണ്ണുങ്ങളെ ഉപദേശിക്കുക തുടങ്ങിയ മനോഹരമായ ആചാരങ്ങളാണ് ഇവിടെ കൊണ്ടാടുന്നത്. കുറ്റം ചെയ്യുന്നവര്‍ ആരാണോ അവരെ ബോധവല്‍ക്കരിക്കാന്‍ ആര്‍ക്കും സമയമില്ല. ആരും മെനക്കെടുന്നുമില്ല. കുറ്റക്കാരെ എന്നും എപ്പോഴും സ്വതന്ത്രരായി പറന്നു നടക്കാന്‍ അനുവദിക്കുന്ന ആ ബോധമില്ലായ്മയുടെ ഉറവിടം കണ്ടെത്തി അതില്‍ നിന്ന് വേണം ചികിത്സ തുടങ്ങാന്‍.

പ്രാകൃത അടിമ-ഉടമ സമ്പ്രദായവും ജന്മി കുടിയാന്‍ വ്യവസ്ഥയും ഇല്ലാതായി എന്ന് പറയുമ്പോഴും അതിന്റെയൊക്കെ നാറുന്ന അവശിഷ്ടങ്ങള്‍ ആണധികാര വ്യവസ്ഥയിലും പാരമ്പര്യ വാദികളിലും ഒക്കെ ഒളിഞ്ഞും മറഞ്ഞും ശേഷിക്കുന്നുണ്ട്. ഉത്പാദനോപാദികളുടെ ഉടമസ്ഥാവകാശം ഉടമവര്‍ഗം കയ്യടക്കി വെക്കുകയും അടിമകള്‍ ഉത്പാദന ഉപകരണങ്ങള്‍ മാത്രമായി തീരുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ കുടുംബ വ്യവസ്ഥകളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഒന്നും തിരിച്ചു പറയാത്തവര്‍,അല്ലെങ്കില്‍ ഒന്ന് ശബ്ദമുയര്‍ത്തി സംസാരിക്കുമ്പോളേക്കും തളര്‍ന്നു പോവുന്നവര്‍, തന്റെ കീഴിലാണ് ഇവര്‍ അല്ലെങ്കില്‍ താന്‍ ഇവരുടെ അധികാരിയാണ് എന്ന് നമുക്ക് തോന്നുന്നവര്‍, ഇങ്ങനെയുള്ളവരോടു കയര്‍ക്കാനും അവരുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനും അവരില്‍ അധികാരം സ്ഥാപിക്കാനും ഒക്കെ നമ്മള്‍ ശ്രമിക്കും.എന്തിന്, ഞാന്‍ എല്ലാം മുഖത്ത് നോക്കി പറയും എന്ന് പറയുന്നവര്‍ പോലും തന്റെ മുന്നിലുള്ളവരുടെ പ്രിവിലജ് നോക്കിയിട്ടേ അയാളുടെ തലക്കേറി നിരങ്ങുള്ളൂ.മാനസികമായും ശാരീരികമായും ബലത്തില്‍ കുറഞ്ഞവരുടെ നേര്‍ക്ക് മാത്രമേ നമ്മള്‍ പരാക്രമവും കൊണ്ട് ചെല്ലുകയുള്ളു എന്ന് സാരം.

മാറുമറക്കാന്‍ സമരം നടത്തിയവര്‍ ഇന്ന് ശരീരം തുറന്നു കാണിക്കാന്‍ സമരം നടത്തുകയാണോ എന്ന് ചോദിക്കുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. തന്റെ ശരീരത്തിന് മേല്‍ തനിക്ക് അവകാശവും സ്വാതന്ത്ര്യവും വേണം എന്ന് ആവശ്യപ്പെടുന്ന ഒരു സമരം ആയിട്ട് അതിനെ കാണാന്‍ നിങ്ങളെന്നാണ് പഠിക്കുക. അതു തന്നെയാണ് ഇന്നും നടക്കുന്നത്. പെണ്ണിന്റെ ശരീരത്തിന് മേലുള്ള അവകാശം അവള്‍ക്ക് മാത്രമായിരിക്കണം. മാറു മറക്കല്‍ സമരത്തിലേക്ക് നയിച്ചതും സ്ത്രീയുടെ മാറിടം ഒരു ലൈംഗിക വസ്തുവാണ്, സ്ത്രീ ഒരു ലൈംഗിക ഉപകാരണമാണ് എന്ന പുരുഷാധിപത്യബോധം തന്നെയാണ്. ആ ബോധത്തിനെതിരെയാണ് ആ സമരം ഉണ്ടായതും. ഇന്നും സ്ത്രീയെ വെറും ഉപഭോഗവസ്തുവായി പുരുഷന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണങ്ങളായി കാണുന്നതിന് എതിരെ തന്നെയാണ് പലരീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നത്.എന്തിനെതിരെയാണ് സമരം നടന്നത്, നടക്കുന്നത് എന്ന് പോലും പലര്‍ക്കും അറിയില്ല.

ഒരു പെണ്ണ് ബിക്കിനിയിട്ട ഫോട്ടോയ്ക്ക് താഴെ തെറിവിളികളും വേശ്യാവിളികളുമായി കമന്റിട്ട് നടക്കുന്നവര്‍ ഒരു പുരുഷന്‍ മസിലുകള്‍ ഉരുട്ടിക്കയറ്റി ശരീരം പ്രദര്‍ശിപ്പിക്കുമ്പോള്‍ അയാളുടെ അര്‍പ്പണ മനോഭാവത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും കമെന്റുകളിടും. ഐ എഫ് എഫ് കെ വേദിയില്‍ വന്ന റിമകല്ലിങ്കലിന്റെ വേഷം മാന്യമല്ല എന്ന് അഭിപ്രായപ്പെടുന്ന മാന്യസദാചാര സഹോദരങ്ങളുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെ. മലയാളിയുടെ നാണം കെട്ട ഒളിഞ്ഞു നോട്ടവും കപട മാന്യതയും കാപട്യം കുത്തിനിറച്ച സംസ്‌കാരവും റിമ എന്ന വ്യക്തിയെ കാണുന്നില്ല. അവര്‍ക്ക് അതിനു കഴിയുന്നില്ല. പെണ്ണ് എന്ന് പറഞ്ഞാല്‍ വെറും ശരീരം മാത്രമാണ് ഇത്തരം ഫ്രോഡുകള്‍ക്ക്. എന്നാണ് ഇവര്‍ക്കൊക്കെ സംസ്‌കാരം എന്തെന്നും മാന്യത എന്തെന്നും തിരിച്ചറിയാനാവുക.

സ്ത്രീ ജീവിത കാലം മുഴുവന്‍ ലൈംഗിക ബാധ്യതയും പേറി പേടിച്ച് അടങ്ങി ഒതുങ്ങി ജീവിക്കേണ്ട അവസ്ഥ ആര് കാരണം ആണുണ്ടാവുന്നത്? കാരണക്കാരെ നിങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കൂ, സ്ത്രീയെയല്ല.
മാറു മറക്കാനോ മാറു കാണിക്കാനോ ഉള്ള സമരം ഒന്നുമല്ല നടക്കുന്നതും നടന്നതും എന്ന് ഇനിയെങ്കിലും മനസിലാക്കൂ. സ്വന്തം ശരീരത്തിന് മേലുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണ്. അതവള്‍ക്ക് വിട്ടുകൊടുത്ത് ഉടമ-ജന്മി മനോഭാവം വെടിഞ്ഞു ജീവിക്കാന്‍ ശ്രമിക്കൂ.

പെണ്ണിന്റെ വസ്ത്രത്തെ പറ്റി ഇത്രയേറെ എല്ലാവരും ആകുലരാവുന്നത് എന്തിനാണെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ആലോചിക്കുമ്പോള്‍ ചെന്നെത്തുന്നത് അടിമത്തവും ജന്മിത്തവും നിലനിന്നിരുന്ന അന്തകാലത്തേക്കാണ്. ആണാഹന്ത/പാട്രിയാര്‍കിയല്‍ ബോധം അതിന്റെ ഒരു കഷ്ണം തന്നെയാണ്. അല്പവസ്ത്രധാരിയായ പെണ്ണ് സംസ്‌കാരം കളഞ്ഞു കുളിക്കുമോ, അവളെ കാണുന്ന ആണുങ്ങള്‍ വഴിതെറ്റിപ്പോകുമോ തുടങ്ങിയ നിഷ്‌കളങ്കമായ ആശങ്കകളാണ് നിങ്ങള്‍ക്ക് എങ്കില്‍ കഷ്ടം തന്നെ. പെണ്ണിനെ ലൈംഗിക വസ്തുവായി മാത്രം അല്ലാതെ ഈ ലോകത്തിന്റെ അര്‍ധ പാതിയായ ജനവിഭാഗമായി കാണാന്‍ നിങ്ങള്‍ക്ക് കഴിയാത്തത് ആരുടെ കുറ്റമാണ് എന്ന് ഒന്ന് ചിന്തിക്കൂ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.