Follow the News Bengaluru channel on WhatsApp

ആ നിമിഷങ്ങൾ

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം പത്തൊമ്പത്

കഴുത്തിന്റെ ഇടതുഭാഗത്ത്‌ മുറുകി കിടക്കുന്ന കുരുക്ക്, ഉന്തി നിൽക്കുന്ന കണ്ണുകൾ, തൂങ്ങിയാടുന്ന ഒരു ശരീരം. കടവായിലൂടെ നുരയും പതയും, കഴുത്തിനു ചുറ്റിലും നഖം കൊണ്ട് മാന്തിപറിച്ച മുറിവുകൾ, ഉള്ളിലെ വിഷത്തെ വെളിയിൽ തള്ളാൻ പരിശ്രമിച്ച് തോറ്റ് തണുത്തു പോയ ശരീരം. കൈത്തണ്ടയിൽ തുറന്നിട്ടിരിക്കുന്ന രക്തവാതിൽ, മുറിഞ്ഞ ഞരമ്പിലൂടെ ഒഴുകിപരന്ന ചോരയിൽ വെപ്രാളചിത്രങ്ങൾ വരച്ച്, ഉടലാസകലം മരണത്തിന്റെ ചെന്നീർ പരത്തി, ഉയിർവിട്ട മറ്റൊരു ശവം. സ്വന്തം ഇച്ഛയാൽ പാതിവഴിയിൽ ജീവിതം ഉപേക്ഷിച്ചു പോയവരുടെ മരണചിത്രങ്ങൾ ഒന്നും തന്നെ സൗകുമാര്യമേറിയതല്ല. ആശാന്തമായ ജീവിതത്തിനൊടുവിൽ ആശാന്തമായ മരണം.

അത്രയേറേ ജീവിതത്തെ വെറുത്തിട്ടാണോ ആളുകൾ ആത്മഹത്യ ചെയ്യുന്നത്. അല്ല. വിഭ്രാന്തമായ ഏതോ നിമിഷങ്ങളിലെ ചോദനയാണത്. ചിന്തയുടെ ശിഖിരങ്ങളിൽ കൂടുകൂട്ടാത്ത, ആലോചനയുടെ പൊത്തുകളിൽ കുളിരുതേടാത്ത വാലിളക്കിപക്ഷി. അതിന്റെ ചലനങ്ങൾ ചിറകിന്റെ താളത്തിലല്ല അപ്പപ്പോൾ വീശുന്ന കാറ്റിന്റെ ഗതിയിലാണ്. ഉയരുന്ന കാറ്റിനനുസരിച്ച് അത് ഉയരത്തിൽ പായും, കാറ്റൊന്ന് ശമിച്ചാൽ താഴേക്ക് കൂപ്പുകുത്തും. ജീവിതത്തെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്ത മനുഷ്യർ ആരും തന്നെയില്ല. അതിന് ശ്രമിക്കുന്നവരൊക്കെ ആ ഉദ്യമത്തിൽ ഓരോ ചുവടുകളായി മുന്നേറുന്നു. ചിലർ ഇടയ്ക്കുവച്ചു പിന്മാറുന്നു. മറ്റു ചിലർ ശ്രമിച്ചുനോക്കാൻ മിനക്കേടാതെ പരാജയത്തെ പുൽകുന്നു. അങ്ങനെയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നത്.

ആത്മഹത്യാപ്രവണത ചികിത്സകൊണ്ട് മാറ്റേണ്ട ഒരു രോഗമാണ്. അതിന് ആധുനിക മനഃശാസ്ത്രം കൃത്യമായ മാർഗങ്ങൾ പങ്കു വയ്ക്കുന്നുമുണ്ട്. എന്നാൽ നാം കേൾക്കുന്ന ആത്മഹത്യകളിൽ 99 ശതമാനവും ആത്മഹത്യാപ്രവണത ഉള്ളവരുടേതല്ല. അവയെല്ലാം നിസാരവും പെട്ടന്നുണ്ടാകുന്നതുമായ കാരണങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചവരുടേതാണ്. സാമ്പത്തീക ബാധ്യതകളും, പ്രണയ നൈരാശ്യവും, കുടുംബത്തിൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും എന്നു വേണ്ട, വിഷാദരോഗം വരെ ആത്മഹത്യക്ക് കാരണമാകുന്നുണ്ട്. ജീവിതത്തിന്റെ അവസാനമെന്നോ ഒരിക്കലും പരിഹരിക്കാൻ കഴിയാത്തതെന്നോ കണക്കാക്കാവുന്നവയല്ല ഇവയൊന്നും. ഒരൽപ്പം മനസുവച്ചാൽ മറികടക്കാവുന്ന, ചെറിയ ശ്രമങ്ങളിലൂടെ മൂഡോന്ന് മാറ്റിയെടുക്കാൻ ശ്രമിച്ചാൽ പരിഹരിക്കാൻ കഴിയുന്നവയാണ്. എന്നാൽ പലപ്പോഴും അതിന് മിനക്കേടാതെ ആളുകൾ ഒരുതുണ്ട് കയറിലോ അൽപ്പം വിഷത്തിലോ കൈത്തണ്ടയിൽ ആഴത്തിൽ പതിയുന്ന മുറിവിലോ അഭയം തേടുന്നു. ജീവിതത്തിന്റെ മരത്തിൽ നിന്നും പഴുക്കാത്ത ഒരില കൂടി അടർന്നു വീഴുന്നു.

സ്വന്തം മരണത്തെക്കുറിച്ച് ആലോചിക്കാത്തവരും ആത്മഹത്യ ചെയ്താലെന്താ എന്ന് ചിന്തിക്കാത്തവരും വളരേ കുറവായിരിക്കും. എന്തും ചിന്തിച്ചെടുക്കാൻ പ്രാപ്തമായ മനുഷ്യ തലച്ചോർ സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാൻ പാടില്ലന്ന് നിബന്ധനവെയ്ക്കാനാവില്ലലോ. കൗതുകം എന്നതിനപ്പുറം പ്രാധാന്യം കൊടുക്കേണ്ടതൊന്നും അത്തരം ചിന്തകളിൽ ഇല്ലതാനും. ആ ആലോചനകളുടെ അതിർത്തികടന്ന് പോകുന്ന ദുർബലമായ ഏതോ നിമിഷത്തിലാണ് ഒരാൾ ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്നത്. അതിനുള്ള കാരണങ്ങൾ സ്വജീവിതത്തിൽ നിന്നും കണ്ടെത്തുകയും ചെയ്യും. വിഭ്രാന്തമായ *ആ നിമിഷങ്ങളെ* കൃത്യമായി നേരിടാൻ കഴിഞ്ഞാൽ ബാക്കിയാകുന്നത് ജീവിതത്തിൽ ഇനിയും അനുഭവിക്കാനുള്ള വസന്തങ്ങളാണ്. പല മാർഗങ്ങളിലൂടെ ഇത് സാധ്യമാണ്. മറ്റാരോടെങ്കിലും സംസാരിക്കാൻ ശ്രമിക്കുക എന്നതാണ് അതിനുള്ള ആദ്യമാർഗം. സംസാരത്തിൽ ചിലവഴിക്കുന്ന സമയത്തിനിടക്ക് തലച്ചോർ ആത്മഹത്യപ്രേരണകളുടെ വേരറുക്കും. മറ്റ് ചിന്തകളിലേക്ക് സ്വയം വ്യാപരിക്കും… ജീവന്റെ സ്വപ്‌നങ്ങൾ വീണ്ടും തളിർക്കും…

പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്യാൻ മുതിരുന്നവർ ആഗ്രഹിക്കുന്നത് *തന്നെ വിട്ടുപോയ അയാളോട്/അവളോട്‌* സംസാരിക്കണം എന്നാകും. അങ്ങനെയൊരു തുറന്ന സംസാരം നടക്കാത്തതുകൊണ്ടാണ് വേദനജനകമായ വിരഹം ഉണ്ടാകുന്നത്. അങ്ങനെയുള്ള ഒരാളോട് സംസാരിക്കണമെന്ന് കരുതുന്നത് എത്ര അയുക്തിപരമാണെന്ന് മനസിലാക്കാമല്ലോ. അത്തരം അയുക്തിയുടെ നിഴൽ വീഴാതെയാണ് സംസാരിക്കാൻ ആളെ കണ്ടെത്തേണ്ടത്. .
അത് ഏറ്റവും അടുത്ത സുഹൃത്തോ മനസിനോട് ചേർന്നു നിൽക്കുന്ന ഒരാളോ ആകണമെന്ന് നിർബന്ധമില്ല. അൽപ്പ സമയം സംസാരിക്കാൻ ആരെങ്കിലും ഉണ്ടാകുക എന്നതാണ് പ്രധാനം. മൊബൈൽ ഫോണും മറ്റ്‌ വാർത്താവിനിമയ സംവിധാനങ്ങളും സുലഭമായ ഈ കാലത്ത് അതത്ര ബുദ്ധിമുട്ടേറിയതല്ല. സമയത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികൾ മറികടന്ന് നമുക്കായി ഒരാളെ കണ്ടുപിടിക്കാൻ ഉറപ്പായും കഴിയും. അവരോടു സംസാരിക്കുക. അതിന് കഴിയുന്നില്ലങ്കിൽ കൗൺസിലിങ്‌ വിദഗ്ധരുമായി ബന്ധപ്പെടാം. അതിനും കഴിയുന്നില്ലെങ്കിൽ ‘ദിശ’ പോലെ ജനങ്ങളുടെ മാനസീക ആരോഗ്യം ഉറപ്പ് വരുത്താൻ സർക്കാർ ആരംഭിച്ച ഹെല്പ് ലൈൻ നമ്പറുകളിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കാം. അങ്ങനെ ഒന്നടഞ്ഞാൽ മറ്റൊന്നിലേക്ക് പോകാൻ കഴിയും വിധം ഒരായിരം വാതിലുകൾ നമുക്ക് മുന്നിലുണ്ട്. അവയിലൊന്നിൽ നമുക്കായുള്ള സഹായം കാത്തിരിക്കുന്നു. ആ സഹായം നേടി ജീവിതത്തെ മുന്നോട്ട് നയിക്കുക. ‘ആ നിമിഷങ്ങളെ’ അതിജീവിക്കാൻ പരിശീലിക്കുക.

ചെറിയ നിരാശകൾക്ക് ജീവിതം അവസാനിപ്പിക്കുന്നവരുടെതായിരുന്നെകിൽ ഈ ലോകത്ത് ശവങ്ങൾ മാത്രമേ ബാക്കിയാകുകയുള്ളൂ. ഇത് പോരാടുന്നവരുടെയും നിരന്തരം മുന്നേറുന്നവരുടെയും ലോകമാണ്. പരാജയത്തിന്റെ കൈപ്പുനീർ കുടിച്ച് വിജയത്തിന്റെ അമൃത് സ്വന്തമാക്കുന്നവരുടെ ലോകം. നിരാശകളുടേയും പരാജയങ്ങളുടേയും മുതുകിൽ ചവിട്ടി വിജയത്തിന്റെ കൈലാസത്തിലേറുക.

ചാഞ്ചാട്ടങ്ങളുടെ ആ നിമിഷങ്ങളെ മറികടക്കുക.

“ചേതത്തിൽ വീഴാ മനോധൈര്യമുള്ളവർ, കൂരമ്പിനമ്പുമോ കളഭം”
(തോൽവി മനോധര്യമുള്ളവരെ തളർത്തുന്നില്ല, അമ്പിന് ആനയെ വീഴ്ത്താൻ കഴിയില്ലല്ലോ)

-തിരുകുറൽ

🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.