Follow the News Bengaluru channel on WhatsApp

ഒരു കാഷ്വല്‍ലേബറുടെ പിരിച്ചുവിടലും പ്രത്യാഘാതവും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : ഇരുപത്തിമൂന്ന് 
🔵

ഒരു ദിവസം രാവിലെ ഞാന്‍ ഫാക്ടറിയില്‍ എത്തിയപ്പോള്‍ കറിയ എന്ന ബാലന്‍ ഗേറ്റിനു പുറത്ത് കരഞ്ഞുകൊണ്ട് എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വളരെ പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട അവന്‍ കാഷ്വല്‍ തൊഴിലാളി ആണ്. ഏതാനും മാസമായി അവിടെ ജോലി ചെയ്യുന്നുണ്ട്. ആ ആഴ്ച നൈറ്റ് ഷിഫ്റ്റിലാണ്. അവന്റെ അമ്മ ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലാണ്. അമ്മയെ പരിചരിക്കാന്‍ വേണ്ടി അവന്‍ മൂന്നുദിവസത്തെ ലീവിന് അപേക്ഷിച്ചിരുന്നു. ലീവ് കൊടുത്തില്ലെന്ന് മാത്രമല്ല, ഇന്നലെ രാത്രി സെക്യൂരിറ്റിക്കാര്‍ അവനെ അകത്ത് കയറ്റിയുമില്ല. രാത്രി മുഴുവന്‍ ഫാക്ടറിയ്ക്ക് പുറത്ത് ഉറക്കമിഴിച്ചിരുന്ന് അവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അന്വേഷിച്ചപ്പോള്‍ അവന്റെ പഞ്ചിങ് കാര്‍ഡ് ഇല്ല. അകത്ത് കയറ്റരുതെന്ന് മുകളില്‍ നിന്ന് ഓര്‍ഡര്‍ ഉണ്ടെന്ന് സെക്യൂരിക്കാരന്‍ പറഞ്ഞു. വര്‍ക്‌സ് മാനേജര്‍ എത്തിയിട്ടില്ല. ഫാക്ടറി ഗേറ്റിന് പുറത്ത് കാസ്റ്റ് അയേണ്‍ വെയിസ്റ്റ് കൂട്ടിയിട്ട് ഉറച്ചുപോയ വലിയൊരു കൂനയുണ്ട്.

മുഷിഞ്ഞ യൂണിഫോമിട്ട് അതിനു മുകളില്‍ കൂനിക്കൂടി ഇരിക്കുകയാണ് കറിയ. ദയനീയമായ ആ കാഴ്ച എന്നെ നൊമ്പരപ്പെടുത്തി. മുമ്പ് കീശയില്‍ ചുവപ്പു കൊടിയുണ്ടോടാ എന്ന് ചോദിച്ച കൊമ്പന്‍ മീശക്കാരന്‍ സക്കറിയാസ് ആണ് വര്‍ക്‌സ് മാനേജര്‍. യുണിയന്‍ സെക്രട്ടറിയായ ശേഷം അദ്ദേഹം എന്നോട് സംസാരിക്കാറില്ല. മുഖാമുഖം കണ്ടാല്‍ എന്തോ ഭയപ്പെടുന്നതുപോലെ സൂത്രത്തില്‍ ഒഴിഞ്ഞുമാറിക്കളയും. അദ്ദേഹം വന്നപ്പോള്‍ ഞാന്‍ ഈ പ്രശ്‌നത്തെപ്പറ്റി ചോദിച്ചു. അതൊന്നും എനിക്കറിയില്ല, ഡോണ്ട് ആസ്‌ക് മി എന്നുത്തരം നല്‍കി അദ്ദേഹം മാറിക്കളഞ്ഞു. അദ്ദേഹം പറഞ്ഞിട്ടാണ് പഞ്ചിങ് കാര്‍ഡ് എടുത്തുമാറ്റി കറിയയെ പറഞ്ഞുവിട്ടതെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. ഞാന്‍ വര്‍ക്‌സ് മാനേജര്‍ സക്കറിയാസിന്റെ പിറകെച്ചെന്ന് അല്പം മുഷിഞ്ഞുകൊണ്ട് അക്കാര്യം ചോദിച്ചു.അത് വലിയൊരു ആര്‍ഗ്യുമെന്റായി മാറി. എന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു. ഫാക്ടറിയിലുള്ള എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലാണ്. എനിക്കൊന്നുമറിയില്ല, യു പ്ലീസ് കോണ്‍ടാക്റ്റ് ജിഎം
എന്നുപറഞ്ഞു അദ്ദേഹം തടിതപ്പി.

അരിശം ഇരച്ചുകയറിയ ഞാന്‍ ദേഷ്യത്തോടെ ഒന്നാം നിലയിലുള്ള ജനറല്‍മാനേജരുടെ മുറിയിലേക്ക് കയറിച്ചെന്നു. അല്പം കയര്‍ത്താണ് സംസാരിച്ചത്. അതൊരു വാദപ്രതിവാദമായി മാറി. എന്റെ കൂടെ മറ്റു സഹപ്രവര്‍ത്തകരും എത്തി. എന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നു. കാഷ്വല്‍ തൊഴിലാളിയുടെ കാര്യത്തില്‍ യുണിയന്‍ ഇടപെടരുത് എന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. ഞാന്‍ അതു ഒരു മനുഷ്യത്വപ്രശ്‌നമായാണ് കണ്ടത്. ജനറല്‍ മനേജര്‍ വഴങ്ങിയില്ല. അദ്ദേഹം നിയമവശങ്ങള്‍ എടുത്തുകാട്ടി ഘോരഘോരം വാദിച്ചു. അതൊരു മനുഷ്യത്വ പ്രശ്‌നമായിക്കണ്ട് പാവപ്പെട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്നായിരുന്നു എന്റെ വാദം. മനുഷ്യത്വവും സഹതാപവും നോക്കി ഫാക്ടറി നടത്താനാവില്ലെന്ന് അദ്ദേഹം അറുത്തുമുറിച്ചു പറഞ്ഞപ്പോള്‍ എനിക്ക് അരിശം വര്‍ദ്ധിച്ചു. അന്തരീക്ഷം വഷളായി. ഞാന്‍ ഫസ്റ്റ് ഫ്‌ലോറിലുള്ള ഓഫിസിന്റെ വാതില്‍ക്കല്‍ വന്നുനിന്ന് മെഷീന്‍ഷോപ്പിലേക്ക് നോക്കി  ഒരു സിഗ്‌നല്‍ കാണിച്ചു. ആ നിമിഷം യന്ത്രങ്ങള്‍ നിലച്ചു. ഫാക്ടറി സ്തംഭിച്ചു. ടൂള്‍ ഡൗണ്‍ സ്ട്രൈക്ക് !!.ദേഷ്യം കൊണ്ട് വിറച്ചിരുന്ന ഞാന്‍ മെഷീന്‍ഷോപ്പിന്റെ മധ്യത്തില്‍ ഒരു സ്റ്റൂളിലിരുന്നു. ജിഎം ഓടിയെത്തി. അദ്ദേഹവുമായി വീണ്ടും വാഗ്ദ്വാദം. ഞാന്‍ പരിധിവിടുന്നു, കാഷ്വല്‍ ലേബറുടെ പ്രശ്‌നത്തിലിടപെടാന്‍ യൂണിയന് അവകാശമില്ല എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വാദം. ഞാന്‍ മനുഷ്യാവകാശപ്രശ്‌നമെന്നു പറഞ്ഞാണ് കറിയയ്ക്ക് വേണ്ടി വാദിച്ചത്. ടൂള്‍ഡൗണ്‍ സ്ട്രൈക്ക് നിയമവിരുദ്ധമാണെന്നും എന്റെ പേരില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും ഭീഷണിയുടെ സ്വരത്തില്‍  അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ കോപം  ഇരട്ടിച്ചു .. മുഷ്ടിചുരുട്ടി ഞാന്‍ അലറി: ‘വര്‍ക്കേഴ്‌സ് യുണിയന്‍ സിന്ദാബാദ്, ബേക്കേ ബേക്കു ന്യായ ബേക്കു !’. എല്ലാ തൊഴിലാളികളും അതേറ്റുവിളിച്ചപ്പോള്‍ ഫാക്ടറി പ്രകമ്പനം കൊണ്ടു. അപമാനിതനായ ജിഎം തലതാഴ്ത്തി ഓഫീസിലേക്ക് കയറിപ്പോയി.

മണിക്കൂറുകള്‍ രണ്ട് കടന്നുപോയി. ഞാന്‍ പുകയുന്ന അഗ്‌നിപര്‍വ്വതം പോലെ സ്റ്റൂളില്‍ തന്നെ ഇരിക്കുകയാണ്. ചെയര്‍മാന്‍ എത്തി. അദ്ദേഹത്തിന്റെ ഓഫിസില്‍ കൂടിക്കാഴ്ച ,ചര്‍ച്ച. അതൊരു പാവപ്പെട്ട തൊഴിലാളിയ്ക്ക് വേണ്ടിയുളള അവകാശ പോരാട്ടമായിരുന്നു. ഞാന്‍ ആ പ്രശ്‌നം ഉള്ളില്‍തട്ടുന്ന ഭാഷയില്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പെടുത്തി. മനുഷ്യത്വപരമായ സമീപനം ആവശ്യമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നിയമം തലനാരിഴ കീറി പരിശോധിച്ച് തടസ്സവാദം ഉന്നയിച്ചുകൊണ്ട് സൗഹൃദാന്തരീക്ഷം വഷളാക്കാനാണ് ജിഎം ശ്രമിക്കുന്നതെന്ന് ചെയര്‍മാനെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് സാധിച്ചു. അവസാനം മാനെജ്‌മെന്റ് വഴങ്ങി. കറിയയെ തിരിച്ചെടുത്തു. അവന്‍ എന്റെ പ്രിയശിഷ്യനായി. ജോലി സ്ഥിരപ്പെടുത്തി ഞാന്‍ അവനെ യുണിയനില്‍ ചേര്‍ത്തു. ഫാക്ടറി വിടുന്നത് വരെ കറിയ എന്റെ വിശ്വസ്തനായിരുന്നു. ദശകം മുന്നു കഴിഞ്ഞു. കറിയ ഇപ്പോള്‍ ആ ഫാക്ടറിയിലില്ല . എവിടെയാണെന്നറിയില്ല. ഫാക്ടറിയും യൂണിയനും വിട്ട് മറ്റൊരു മേഖലയിലേക്ക് കടന്നശേഷം കറിയയെ കണ്ടിട്ടില്ല.

പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഡിഎയും
സങ്കീര്‍ണ്ണമായ  ഒരു കരാറും
അടുത്ത ലക്കത്തിൽ വായിക്കാം..

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.