Follow the News Bengaluru channel on WhatsApp

ഇങ്ങനെ പേടിച്ചാലെങ്ങനാ. . .

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിയൊന്ന്

“ആകാശത്തിൽ ഉയരെ പറക്കാൻ ആഗ്രഹമുള്ള ഒരു സുഹൃത്തെനിക്കുണ്ടായിരുന്നു, രണ്ടാം നിലയിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ ബോധം പോയി അവനിപ്പോൾ ആശുപത്രിയിലാണ്”

കേൾക്കുമ്പോൾ തമാശയാണന്ന് തോന്നാം  പക്ഷെ യഥാർത്ഥത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യമാണത്. ഒരുപക്ഷെ നമ്മിൽ പലർക്കും അങ്ങനെയൊരു സുഹൃത്തുണ്ടാകും. വലിയ കാര്യങ്ങൾ ചെയ്യണമെന്ന് സ്വപ്നം കാണുന്ന, എന്നാൽ അതിനുള്ളതോ അതിലേക്ക് നയിക്കുന്നതോ ആയ അവസരങ്ങൾ വരുമ്പോൾ അതിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന സുഹൃത്ത്. ചില പ്രത്യേക സാഹചര്യങ്ങളിൽ നാം തന്നെ അത്തരത്തിൽ പെരുമാറുന്നവരായിരിക്കും.

മനുഷ്യ മസ്തിഷ്ക്കത്തിന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ പൂർണ്ണതോതിൽ അപഗ്രഥിക്കാൻ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷെ പൊതുവായി മനുഷ്യൻ കടന്നു പോകാറുള്ള അനുഭവങ്ങളെ വേർതിരിച്ചു മനസിലാക്കാനും അവയെ വിശകലനം ചെയ്യാനും ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്കുണ്ടാകുന്ന ഭയങ്ങളെക്കുറിച്ചുള്ള പഠനം അത്തരത്തിൽ ഒന്നാണ്. അജ്ഞാതമായതിനോടുള്ള ഭയം, മാറ്റങ്ങളോടുള്ള ഭയം, വസ്തുക്കളോടോ ജീവികളോടോ ഉള്ള വിവിധതരം ഫോബിയകൾ തുടങ്ങിയവ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.

അജ്ഞാതമായതിനോടുള്ള ഭയത്തിന്റെതന്നെ വകഭേദമാണ് മാറ്റങ്ങളോടുള്ള ഭയം അഥവാ മെറ്റാതീസോഫോബിയ (metathesiophobia). ജീവിവർഗ്ഗങ്ങൾ പൊതുവെ മാറ്റങ്ങളോട് വിമുഖത കാട്ടുന്നവരാണ് എന്നിരിക്കിലും അര്ഹതയുള്ളവരുടെ അതിജീവനം പോലെയുള്ള സിദ്ധാന്തങ്ങളിലൂടെ ശാസ്ത്രം വിശദീകരിച്ചത് മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ കഴിവുള്ള ജീവി വർഗ്ഗങ്ങൾ മാറുന്നുവെന്നും അതുകൊണ്ട് അവയ്ക്ക് നിലനിൽക്കാനായി എന്നുമാണ്. മറ്റു ജീവിവർഗങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോൾ മനുഷ്യൻ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനം മാറ്റങ്ങളെ തനിക്കനുകൂലമാക്കി എടുക്കാനുള്ള അവന്റെ കഴിവാണ്.

മാറ്റങ്ങളെ ഭയക്കുമ്പോൾ യഥാർത്ഥത്തിൽ നാം ഭയക്കുന്നത് ആ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള അജ്ഞാതമായ വെല്ലുവിളികളെയാണ്. പുതിയ സ്ഥലത്തേക്ക് ജോലിക്കായി പോകുമ്പോൾ, മറ്റൊരു വീട്ടിലേക്ക് താമസം മാറുമ്പോൾ പുതിയ സാഹചര്യങ്ങളെ ജീവിതത്തിൽ നേരിടേണ്ടി വരുമ്പോഴൊക്കെ നാം ഭയക്കുന്നത് ആ സാഹചര്യങ്ങളിലൂടെ വരാൻ സാധ്യതയുള്ള അജ്ഞാതമായ അനുഭവങ്ങളെയാണ്. മാറ്റങ്ങളെ പ്രതിരോധിക്കാൻ മനസ് കൽപ്പിക്കുന്നത് ആ അനുഭവങ്ങളെ നേരിടാനുള്ള കരുത്ത് നമുക്കുണ്ടോ എന്നുള്ള ആശങ്കയിൽ നിന്നാണ്.

മാറ്റങ്ങളെ പൊതുവെ നിയന്ത്രിക്കാൻ കഴിയുന്നവയെന്നും നിയന്ത്രിക്കാൻ കഴിയാത്തവയ്യെന്നും രണ്ടായി തരം തിരിക്കാം. വിവാഹം കഴിക്കുന്നതും, പുതിയ വീട്ടിലേക്ക് താമസം മാറുന്നതും തുടങ്ങി ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത് മാറ്റി പുതിയ മൊബൈൽ ഫോൺ വാങ്ങുന്നത് വരെയുള്ള വ്യത്യസ്തങ്ങളായ പലതും ആദ്യത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇവയൊക്കെ ഒരുതരത്തില്ലങ്കിൽ മറ്റൊരു തരത്തിൽ വ്യക്തിക്ക് തന്റെ തീരുമാനങ്ങളിലൂടെ ഒഴിവാക്കാനോ നിയന്ത്രിക്കാനോ കഴിയുന്നവയാണ്. അങ്ങനെ കഴിയാത്തവയാണ് അനിയന്ത്രിതമായ മാറ്റങ്ങൾ. വ്യക്‌തിയുടെ തീരുമാനങ്ങൾക്കും താല്പര്യങ്ങൾക്കും അതീതമായി സംഭവിക്കുന്നവ. നാം കൂടുതൽ ആശങ്കാകുലരാകുന്നത് അത്തരം മാറ്റങ്ങളോടാണ്. ജോലിയിൽ ഉണ്ടാകുന്ന ട്രാൻസ്ഫർ, അപകടങ്ങൾ, ആകസ്മികമായി പിടിപെടുന്ന രോഗങ്ങൾ, സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന വലിയ മാറ്റങ്ങൾ അങ്ങനെ പലതും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ക്രിയാത്മക ചിന്ത മാത്രമാണ് മാറ്റങ്ങളോടുള്ള ഭയം ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നത്. മാറ്റം എത്ര ദുഷ്കരമായാലും ഞാനതിനെ സധൈര്യം നേരിടാൻ പോകുകയാണ് എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കലാണ് ഇതിന്റെ ആദ്യഘട്ടം. സമാധാനപൂർണ്ണമായ ജീവിതത്തെ തകർക്കാൻ വന്ന ദുഷ്പ്രഭുവായി മാറ്റങ്ങളെ വീക്ഷിക്കുന്നതിന് പകരമായി അത് നമുക്ക് പ്രദാനം ചെയ്യുന്ന പുതിയ അവസരങ്ങളെക്കുറിച്ചോർക്കുക. പുതിയ നാടിനെ മനസിലാക്കാൻ, പുതിയ സുഹൃത്തുക്കളെ സ്വന്തമാക്കാൻ, പുതിയൊരു ഭാഷ പഠിക്കാൻ, നാം ഇതുവരെ നേരിട്ടിട്ടില്ലാത്ത പുതിയ വെല്ലുവിളികൾ നേരിടാനുള്ള അവസരം നൽകാൻ എന്നിങ്ങനെ അസുലഭമായ പലതിനും സഹായിക്കുന്ന ഒന്നായി മാറ്റങ്ങളെ കാണുകയും അതിനെ ഉൾക്കൊള്ളുകയുമാണ് വേണ്ടത്.

വലിയ കാര്യങ്ങൾ ചെയ്യാനാഗ്രഹിച്ചിട്ട് അതിനുള്ള അവസരം വരുമ്പോൾ പേടിച്ചു പിന്മാറുന്ന സുഹൃത്തുക്കളേക്കുറിച്ച് ആരംഭത്തിൽ പറഞ്ഞിരുന്നല്ലോ. മാറ്റങ്ങളെ ഭയക്കുന്നവർ ആ വിഭാഗത്തിൽപ്പെടുന്നവരാണ്. വലിയ സ്വപ്നങ്ങൾ കാണാത്തവരായും വലിയ ആഗ്രഹങ്ങളെ താലോലിക്കാത്തവരായും ആരുമുണ്ടാകില്ല. പക്ഷെ അവരിൽ ഭൂരിപക്ഷവും അത്തരം ആഗ്രഹങ്ങളുടെ പകുതിപോലും സ്വന്തമാക്കുന്നില്ല. മാറ്റങ്ങളോട് മുഖം തിരിച്ചു നിൽക്കുന്നതാണ് അതിനുള്ള കാരണം. നേട്ടങ്ങളിലേക്കുള്ള ചുവടുകൾക്ക് നാം കൊടുക്കുന്ന നികുതിയാണ് മാറ്റങ്ങൾ സ്വീകരിക്കാനുള്ള മനസ്. അത് കൊടുക്കുകതന്നെ വേണം. പുതിയ തുടക്കത്തിനായി എന്തെങ്കിലും അവസാനിപ്പിക്കേണ്ടത് അനിവാര്യതയാണ്. അതിനാൽ ഇപ്പോഴിരിക്കുന്ന കൊമ്പുകളുടെ ബലത്തിലല്ല, സ്വന്തം ചിറകുകളുടെ കരുത്തിൽ നമുക്ക് ഉയരത്തിൽ പറക്കാം. ഹൃദയത്തിന്റെ വാതായാനങ്ങൾ തുറന്ന് പുതിയ അനുഭവങ്ങളെ വരവേൽക്കാം. നാവിന് നവ്യമായ രുചിനൽകി രസമുകുളങ്ങളെ ത്രസിപ്പിക്കാം. നിറമനസോടെ പ്രസന്ന ചിന്തകളോടെ മാറ്റങ്ങളെ വരവേൽക്കാം🟢

 

വാൽകഷ്ണം

ലോകം മുഴുവൻ യാത്ര ചെയ്യാനാണ് ആഗ്രഹമെന്നു പറഞ്ഞ ഒരു സുഹൃത്തെനിക്കുണ്ടായിരുന്നു. കേരളത്തിന്‌ വെളിയിലായിരിക്കും അടുത്ത ട്രാൻസ്ഫറെന്ന് കേട്ടിട്ട് അവനിപ്പോൾ രാജി കൊടുത്തിട്ടിരിക്കുകയാണ്”


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.