Follow the News Bengaluru channel on WhatsApp

മാർജ്ജാര നിഷ്കാസനം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

ചേറൂരില്‍ ഉണ്ണിയമ്മ ജനറേഷന്റെ നാലാമത്തെയും അവസാനത്തെയും പ്രൊഡക്ഷന്‍ ‘കുഞ്ചാവ ദി ഗ്രേറ്റ്’ കോമഡി ത്രില്ലറിന്റെ റിലീസിന് ഏകദേശം ഒരു മാസം മുമ്പാണെന്നു തോന്നുന്നു ആ മാര്‍ജ്ജാരന്‍ കുട്ടി വീട്ടിലെത്തിയത്. കൈകാലുകള്‍ ശോഷിച്ച, മെലിഞ്ഞു നീണ്ട, വാരിയെല്ലുകള്‍ തൊലിപ്പുറമേ കാണാവുന്ന ഒരു കൂട്ടിപ്പൂശകന്‍. ഞങ്ങളതിന് കൊത്തവരക്ക നാഗേഷ് എന്ന് പേരിട്ടു. അങ്ങിനെ അവശനും, നിരാലംബനും, അസ്ഥികൂട ഗാത്രനുമായി വന്ന മാര്‍ജ്ജാരന്‍ കുട്ടിക്ക് ഒരു ചാള തല കൊടുത്തു കൊണ്ട് ബ്രോ നമ്പര്‍ ത്രീ കുട്ടി കാശീന്‍ബാവ അവനെ വീട്ടിലെ മെമ്പറാക്കി. ഏകദേശം ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജന്തു അന്നത്തെ കാശിന്‍ബാവയെ പോലെ കോഴക്കട്ട പരുവത്തില്‍ ഒന്നുരുണ്ടു. ആരോഗ്യം വീണ്ടു കിട്ടിയപ്പോള്‍ അവന്‍ തനി സ്വഭാവം കാണിച്ചു തുടങ്ങി.

പാത്രങ്ങളുടെ മൂടി തുറന്നു ശാപ്പാടടിക്കുക, അടുക്കളയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുക, ഞങ്ങളുടെ രാത്രി ഉറക്കത്തില്‍ പുതപ്പില്‍ നുഴഞ്ഞുകയറി കാലില്‍ മാന്തുക, കടിക്കുക തുടങ്ങിയ കുരുത്തക്കേടുകള്‍. ഉണ്ണിയമ്മയുടെ രണ്ടുമൂന്നു സാരികള്‍ സ്‌നേഹപ്രകടനമെന്ന വ്യാജേന ജന്തു മാന്തി പൊളിച്ചു. കാശീന്‍ബാവയുടെ ഒരു ട്രൗസര്‍ പപ്പടവട്ടത്തില്‍ മാന്തിയും കടിച്ചും നാമാവശേഷമാക്കി. പൊറുതി മുട്ടിയപ്പോള്‍ അച്ഛന്‍ ജന്തുവിനെ ഫുട്‌ബോളാക്കി തുടങ്ങി. കണ്‍ വെട്ടത്തു കണ്ടാല്‍ അച്ഛന്‍ ചാക്കോള ട്രോഫിക്കു കളിക്കാന്‍ വരുന്ന മഫത് ലാല്‍ ടീമിലെ രഞ്ജിത്ത് ഥാപ്പയെപ്പോലെ നൃത്തം വെച്ചിട്ടാണെങ്കിലും എതിര്‍ പോസ്റ്റിലേക്ക് പെനാല്‍റ്റി കിക്കടിക്കുന്ന ആവേശത്തോടെ പൂശകനെ പൂശിത്തുടങ്ങി.

അങ്ങിനെയിരിക്കുന്ന കാലത്താണ് ‘കുഞ്ചാവ ദി ഗ്രേറ്റ്’ റിലീസിന് മേല്‍നോട്ടം വഹിക്കുവാന്‍ ഭാഗീരഥി അമ്മ തൃശൂരില്‍ ലാന്‍ഡ് ചെയ്യുന്നത്. അന്ന് മൂപ്പത്തിയാര്‍ക്കു എസ്‌കോര്‍ട് വന്നത് വലിയച്ഛനായിരുന്നു. ഈയുള്ളവന്‍ വിദ്യാര്‍ത്ഥി യുവജന നേതാവായിരുന്ന കാലമാകയാല്‍ അച്ഛന്റെ ഈസി ചെയറിനടുത്തുള്ള ജനല്‍ തിട്ടു മുഴുവന്‍ ജില്ല, സംസ്ഥാന കമ്മിറ്റികളുടെ മീറ്റിങ് അറിയിപ്പ് കാര്‍ഡുകള്‍, അന്ന് പാര്‍ട്ടി ആപ്പീസില്‍ നിന്നും ഓസില്‍ കിട്ടിയിരുന്ന മൂലധനം (ദാസ് ക്യാപ്പിറ്റല്‍) മാനിഫെസ്റ്റോ തുടങ്ങിയ പാര്‍ട്ടി സാഹിത്യങ്ങളും ഖോര്‍ക്കിയുടെ ‘അമ്മ’ തുടങ്ങിയ മറ്റു റഷ്യന്‍ ക്ലാസ്സിക്കുകളുമടങ്ങിയ പുസ്തക ശേഖരം കൊണ്ട് സമ്പന്നമായിരുന്നു. അത് കണ്ടിട്ട് വലിയച്ഛന്‍ എന്താടോ ഇത് പാര്‍ട്ടി ആപ്പീസ് പോലെയുണ്ടല്ലോടോ എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ട്. എന്തായാലും വലിയച്ഛന്‍ ഏതോ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ഒരു ഇടവേളയില്‍
ആണ് മാര്‍ജ്ജാരന്‍ കുട്ടി ജനലില്‍ ചാടിക്കേറി അഭ്യാസം കാണിക്കവെ വല്യച്ഛന്റെ കണ്ണട താഴെ വീണ് വിദ്യാര്‍ത്ഥി സമരത്തില്‍ ഏറുകൊണ്ട ആന വണ്ടിയുടെ ചില്ലു പോലെ ആയത്. അന്നേ ദിവസം തന്നെ ഭാഗീരഥി അമ്മയുടെ കാലിലെ തള്ള വിരല്‍ ചാള തലയാണെന്ന മിസണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പൂശകന്‍ കൊച്ചന്‍ കടിച്ചു കുടയുകയും സീന്‍ രക്തപങ്കിലമാവുകയും കൂടെ ചെയ്തപ്പോള്‍ പ്രശനം ഗുരുതരമായി.

കുരുത്തം കെട്ട ജന്തുവിനെ വീട്ടില്‍ നിന്നും നിഷ്‌കാസിതനാക്കാനുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ആ ദൗത്യം എന്നില്‍ നിക്ഷേപിക്കപ്പെട്ടു. ആപ്പീസില്‍ നിന്നും അച്ഛന്‍ വീട്ടിലെത്തിയ ഒരു സായന്തനത്തില്‍ ജന്തുവിനെ അതിന്റെ സ്വാഭാവിക പ്രതിഷേധങ്ങള്‍ വക വെക്കാതെ ഒരു ചാക്കിലാക്കി സൈക്കിളിന്റെ
കൊട്ടയിലിട്ട് മരുതൂര്‍ അമ്പലപ്പറമ്പില്‍ ആലിന്‍ചുവട്ടില്‍ കൊണ്ടുവിട്ടു. തിരിച്ചു വരുംവഴി വായനശാലയില്‍ കയറി സൗഹൃദ വെടിവട്ടമെല്ലാം കഴിഞ്ഞശേഷം വീട്ടിലെത്തിയപ്പോള്‍ വരവേറ്റത് സാക്ഷാല്‍ കൊത്തവരക്ക നാഗേഷായിരുന്നു. പിന്നെ അടുത്ത ഊഴം ബ്രോ നമ്പര്‍ ടു ചൂരിക്കായിരുന്നു. പിറ്റേ ദിവസം നാടുകടത്തല്‍ ആവര്‍ത്തിക്കപ്പെട്ടു. ചൂരി കവലക്കാടന്‍ ഇടവഴി കടന്നുള്ള തെങ്ങിന്തോപ്പില്‍ അതിനെ കൊണ്ട് കളഞ്ഞു. പിറ്റേ ദിവസം കാലത്തു ഞങ്ങള്‍ ഉണരുന്നതിനു മുമ്പേ സാധനം കിലുക്കത്തിലെ മോഹന്‍ലാല്‍ കാട്ടില്‍ കൊണ്ടുവിട്ട രേവതി തിരിച്ചു വന്നു ഞാന്‍ ജ്യോതിയും കണ്ടില്ല കൂതിയും കണ്ടില്ല എന്ന് പറഞ്ഞപോലെ പൂശകന്‍ കരഞ്ഞോണ്ട് വാതില്‍ക്കല്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മടിയന്മാരാണെന്നും ജന്തുവിനെ നാടുകടത്താന്‍ ഉള്ള നിശ്ചയ ദാര്‍ഢ്യം ഇല്ലാത്തവരാണെന്നും ആരോപിച്ച അച്ഛന്‍ ദൗത്യം ഏറ്റെടുത്തു. അന്ന് ആപ്പീസില്‍ പോകുമ്പോള്‍ സൈക്കളിന്റെ കൊട്ടയില്‍ വീണ്ടും നാഗേഷ് പാക്ക് ചെയ്യപ്പെട്ടു. ചെമ്പൂക്കാവ് കേറ്റത്തില്‍ സൈക്കിള്‍ തള്ളിക്കയറ്റുന്ന സമയത്ത് അച്ഛന്‍ അതിനെ സൈക്കിള്‍ ഡ്രോപ്പ് ചെയ്തു. നിഷ്‌കാസന ദൗത്യത്തില്‍ അച്ഛന്‍ എന്നെയും ചൂരിയെയും മലര്‍ത്തിയടിച്ച സന്തോഷത്തില്‍ രണ്ടു പെഗ് എക്‌സ്ട്രാ അടിച്ചു വിജയം ആഘോഷിച്ചു. അന്ന് വൈകീട്ട് ഞങ്ങള്‍ ബാധ ഒഴിഞ്ഞതിന്റെ ദീര്‍ഘനിശ്വാസം വിട്ടു സമാധാനമായി കിടന്നുറങ്ങി. ദിവസം രണ്ടു കഴിഞ്ഞപ്പോള്‍ അതാ വരുന്നു പൂശകന്‍ ഒന്നും സംഭവിക്കാത്ത പോലെ. എവിടെയോ പോയി കരിക്കലത്തില്‍ തലയിട്ടപ്പോള്‍ പുരണ്ട കരിയും ചാരവുമൊക്കെ മുഖത്തും ദേഹത്തും പുരണ്ട് എന്തോക്കെയാ വിശേഷങ്ങള്‍ എന്ന്‌ ചോദിച്ച് അതി കാലത്തു തന്നെ.

രണ്ടു ദിവസം തെണ്ടിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ അവന്‍ അടുപ്പിന്‍ പള്ളയില്‍ അറക്കപ്പൊടി അടുപ്പിന്റെ തീയും കാഞ്ഞു കിടക്കുമ്പോഴാണ് അത് സംഭവിച്ചത്. തലേന്ന് അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന അടുപ്പത്തിരുന്ന കുക്കര്‍ ശീഈ….എന്ന് അത്യുച്ചത്തില്‍ ചീറിയപ്പോള്‍ ഇടം വലം നോക്കാതെ പേടിച്ചു മൂത്രോഴിച്ചു എണീറ്റോടിയ മാര്‍ജ്ജാരങ്കുട്ടിയെ പിന്നെ ഞങ്ങളാരും കണ്ടിട്ടില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.