Follow the News Bengaluru channel on WhatsApp

ചതുരംഗം

കഥ 🟡അജി മാത്യൂ കോളൂത്ര

ഒരിക്കൽ ദൈവവും ചെകുത്താനും ചതുരംഗം കളിക്കാനിറങ്ങി. പാറിപ്പറക്കുന്ന മേഘങ്ങളുടെ തലോടലേറ്റ്, പർവതശിഖിരങ്ങളിലൂടെ അവർ താഴേക്കിറങ്ങി. മണ്ണിനെ ഇക്കിളികൂട്ടി, കല്ലുകളോട് കഥപറഞ്ഞൊഴുകുന്ന അരുവിക്കരികിൽ അവർ കളിക്കായി പലക ഉറപ്പിച്ചു. ഇലകളോട് കിന്നാരം പറഞ്ഞ്, മുളം തണ്ടുകളിൽ ചൂളം വിളിച്ച് പായുന്ന കാറ്റിനോട് വിശേഷങ്ങൾ ചൊല്ലി ദൈവവും , പുൽനാമ്പുകളിലെ തുഷാര ബിന്ദുക്കളിൽ മഴവിൽ വിരിയിച്ച്‌, മേഘപാളികൾക്കിടയിലൂടെ ഒളിഞ്ഞും പാത്തും എത്തിനോക്കുന്ന സൂര്യകിരണങ്ങളോട് സല്ലപിച്ച് ചെകുത്താനും കരുക്കൾ നിരത്തി.

പടയാളികൾ വാളേന്തി ശ്രദ്ധയോടെ നിന്നു. ആവനാഴിയിൽ അമ്പുകളുമായി തേരിന്റെ മുകളിൽ യോദ്ധാക്കൾ. ആനക്ക് നെറ്റിപ്പട്ടത്തിൽ യുദ്ധമുഴകൾ. രാജാവിന്റെ കാതിൽ പോരാട്ട തന്ത്രങ്ങൾ മന്ത്രിച്ച് മന്ത്രി. യുദ്ധം ആരംഭിക്കുകയായി.

“അങ്ങ് കിഴക്കെങ്ങോ, വേലികെട്ടി അതിർത്തി മറയ്ക്കാത്ത കുറേ രാജ്യങ്ങളുണ്ടന്ന് കേൾക്കുന്നല്ലോ” അരുവി കിലുകിലുങ്ങി

ദൈവം പടയാളിയെ രണ്ട് കളം മുന്നോട്ട് നീക്കി.

ചെകുത്താൻ കയ്യുയർത്തി,

മുള്ളു വേലികൾ, മതിലുകൾ, കാവൽപ്പുരകൾ. തോക്കേന്തി റോന്ത്‌ ചുറ്റുന്ന പട്ടാളക്കാർ, അതിർത്തികടക്കാൻ കാത്ത് നിന്ന് തണുപ്പേറ്റ് മരവിച്ച് മരിച്ച മനുഷ്യർ. അങ്ങനെ
അനേകം രൂപങ്ങൾ വെള്ളത്തിൽ പ്രതിഫലിച്ചു. കറുത്ത കളത്തിലെ കുതിര മുന്നോട്ട് കുതിച്ചു.

അരികിൽ നിൽക്കുന്ന മരത്തിൽ നിന്നും അരുവിയിലേക്കൊരില പാറിവീണു. അപ്പോൾ ജനിച്ച കുഞ്ഞ്, ദൂരെയെങ്ങോ വാകീറിക്കരഞ്ഞു. ദൈവം പുഞ്ചിരിച്ചു. വെള്ളത്തേരിന്റെ ചക്രങ്ങൾ മുന്നോട്ടുരുണ്ടു.

നിഗൂഢമായ ചിരിയോടെ ചെകുത്താൻ കണ്ണുകളിറുക്കി. ചുണ്ടുകൾക്കടിയിൽ ദ്രംഷ്ഠയിൽ ചോര കിനിഞ്ഞു. കാറ്റിൽ ഒരായിരം ആർത്തനാദങ്ങൾ പാറിവന്നു. കടൽത്തീരത്ത് മണ്ണിൽ മുഖം പൂഴ്ത്തി ഒരു ബാലന്റെ ശവശരീരം. കറുത്ത കളത്തിൽ പടപ്പുറപ്പാട്.

ആപത്തിൽ സഹായത്തിന്റെ ഒരു ഹസ്തം, വേദനയിൽ പുഞ്ചിരി നിറയ്ക്കുന്ന ഒരു മിത്രം,
വിശപ്പാർന്ന രൂപങ്ങൾക്ക് ഒരു നേരത്തേക്കെങ്കിലും അന്നം.

പടയാളികളും കുതിരകളും, തേരും,ആനയും വെളുത്ത കളത്തിലൂടെ മുന്നോട്ട്.

മനുഷ്യർ കൊന്നുതീർത്ത മനുഷ്യരുടെ ആത്മാക്കൾ അരുവിയിൽ പുനർജനിച്ചു. കാറ്റിന്റെ താളത്തിനൊപ്പം അവർ വിലാപങ്ങളുയർത്തി.

ഇനിയും മരിച്ചിട്ടില്ലാത്തവർ തങ്ങളുടെ ദുർവിധിയിൽ കണ്ണീർ ചൊരിഞ്ഞു.

പക, അക്രമങ്ങൾ, കലാപങ്ങൾ.

കിടമത്സരങ്ങൾ, അധിനിവേശങ്ങൾ, യുദ്ധം.

കൊന്നും ചത്തും കറുത്ത കളത്തിൽ ആളനക്കങ്ങൾ.

ദൈവം ആലോചനയിഴാഴ്ന്നു.

എപ്പോഴും നിശബ്ദനായ രാജാവ് വാ തുറന്ന് എന്തോ പറഞ്ഞു. ആരുമത് കേട്ടില്ല. ദൈവം മന്ത്രിയെ മുന്നോട്ട് നീക്കി. മേഘമറ നീക്കി സൂര്യൻ അല്പ നേരത്തേക്ക് റോന്തിനിറങ്ങി. കാലിനെ നടുവേ പിളർന്ന് വയറ്റിലേക്ക് കയറിയ ഇരുമ്പു ദണ്ഡുമായി ചോരയിൽ കുളിച്ച് അലറിക്കരയുന്ന പെണ്ണിന്റെ രൂപം അരുവിയിൽ പ്രതിബിംബിച്ചു . അവളുടെ രോദനം ദിക്കുകളിൽ തട്ടി പ്രതിധ്വനിച്ചു. ഒരായിരം പീഡകരുടെ അട്ടഹാസങ്ങൾ വാനിലുയർന്നു.

“ചെക്ക്മേറ്റ്‌” ചെകുത്താൻ കൂകി വിളിച്ചു.

മേഘങ്ങൾ സൂര്യനെ മൂടി…

അരുവി മൗനത്തെ പുൽകി.. .

കാറ്റ് ദൂരെയെങ്ങോ പോയ്‌ മറഞ്ഞു.

കളി അവസാനിപ്പിച്ച് ദൈവം എഴുന്നേറ്റു

🟤


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.