Follow the News Bengaluru channel on WhatsApp

നല്ല വാക്ക്

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിമൂന്ന്

ആരോടെങ്കിലും സംസാരിക്കുമ്പോൾ രണ്ട് നല്ലവാക്കുകൾ പറയാൻ കഴിയാത്തവരാണ് മലയാളികളെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?. ഇംഗ്ലീഷുകാരന് “I am looking forward to meet u” എന്നോ “l will miss you”എന്നോ സ്നേഹപൂർവമായി പറയാൻ കഴിയുമ്പോൾ സ്വന്തം ഭാഷയിൽ അത്തരം പ്രയോഗങ്ങൾ കിട്ടാതെ ബുദ്ധിമുട്ടിയിട്ടുണ്ടോ? ഔദ്യോഗിക ബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന നിരവധി മനോഹര പ്രയോഗങ്ങൾ മറ്റു ഭാഷകളിൽ ഉള്ളപ്പോൾ അതിന്റെ അഭാവം നമുക്കില്ലേ എന്ന സംശയം തോന്നിയിട്ടുണ്ടോ?. ഒരു വ്യക്തിയെന്ന നിലയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കതീതമായി നമ്മുടെ ഭാഷാപ്രയോഗങ്ങളിൽ തന്നെ അത്തരം വാക്കുകളുടെ ഉപയോഗം വളരേ പരിമിതമാണന്ന് തോന്നിയിട്ടുണ്ടോ?

ഉണ്ടായിരിക്കണം.

സത്യം പറയുക, പ്രിയമായത് പറയുക, അപ്രിയ സത്യം പറയാതെയിരിക്കുക എന്നൊക്കെയാണ് തത്വമെങ്കിലും, പ്രിയമാകുന്നത് പറയാൻ നമുക്ക് സാമാന്യമായി മടിയാണ്. അത് പറയാനുള്ള പ്രവണത കേരളീയ സമൂഹത്തിൽ പൊതുവെ കാണാറില്ല. നമ്മുടെ പൊതു സംസ്കാരത്തിന്റെ ഭാഗമായി അത്തരം ഉപചാരങ്ങൾക്ക് സ്ഥാനമില്ല. അതേ കാരണം കൊണ്ടാണ് നമ്മുടെ ദൈനംദിന ഭാഷാപ്രയോഗങ്ങളിൽ മധുരകരമായ അത്തരം വാക്കുകൾ കാണാൻ കഴിയാത്തത്. നല്ല വാക്കുകളിലല്ല, നല്ല പ്രവർത്തികളിൽ വിശ്വസിക്കുന്നവരാണ് മലയാളികളെന്ന് ആലങ്കാരികമായി പറയാമെങ്കിലും നല്ല വാക്കുകളുടെ പ്രാധാന്യം ഇല്ലാതെയാക്കാൻ ആ ഒഴികഴിവ്‌ മതിയാവില്ല. നല്ല പ്രവർത്തി മാത്രമല്ല നല്ല വാക്കും, നല്ല പെരുമാറ്റവും നല്ല പ്രദർശനവും ആവശ്യമായ ലോകമാണ് ചുറ്റുമുള്ളത്. അവിടെ പിൻതള്ളപ്പെട്ടു പോകാതെയിരിക്കണമെങ്കിൽ നല്ല വാക്കുകളുടെ മാന്ത്രികരാകാൻ പരിശീലിച്ചേ മതിയാകു.

രഞ്ജിപണിക്കർ തിരക്കഥയും സംഭാഷണവും രചിച്ച്, രഞ്ജിത്തോ, ഷാജി കൈലാസോ സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് സ്വന്തം ജീവിതമെന്നും, അതിൽ സുരേഷ്ഗോപിയെപ്പോലെ ആവേശം കൊളളുന്ന നായകനാണ് താനെന്നുമുള്ള ഉൾബോധം പേറുന്നവരാണ് ഭൂരിപക്ഷം മലയാളി പുരുഷന്മാരും കുറെയധികം സ്ത്രീകളും. അതിൽ യുവാക്കളും മധ്യവയസ്കരും വൃദ്ധരും ഉൾപ്പെടും. അവരുടെ സംഭാഷണങ്ങളിലും പെരുമാറ്റത്തിലും ചിന്തകളിലും അത് കാണാൻ കഴിയും. അവരുടെ വീടിനുള്ളിലും, പൊതുവിടത്തും തൊഴിൽ സ്ഥലങ്ങളിലും അത് വെളിപ്പെടുകയും ചെയ്യും. ഈ മനോഭാവം ഉള്ളവരാണ് നല്ല വാക്കിന്റെ ഏറ്റവും വലിയ ശത്രുക്കൾ. എപ്പോഴും തർക്കിച്ച് ജയിക്കാനും, കാര്യകാരണ സഹിതം സംസാരിക്കാനും, സ്വന്തം ആശയങ്ങൾ ശക്തമായ ഭാഷയിൽ അവതരിപ്പിക്കാനും കഴിയുന്നുണ്ട് എന്നതാണ് പലപ്പോഴും ഇവരുടെ ഏറ്റവും വലിയ ഗുണം. സ്വന്തം ഭാഗം ന്യായീകരിക്കാൻ കഴിയുക അത്ര മോശം കാര്യമൊന്നുമല്ല. പക്ഷെ എപ്പോഴും സ്വന്തം ഭാഗം ന്യായീകരിക്കുന്നത് കൊണ്ട് എന്താണ് ഗുണം. ആർക്കാണ് നേട്ടമെന്ന് ചിന്തിക്കുമ്പോഴാണ് നല്ലവാക്കിന്റെ വില മനസിലാകുന്നത്. ശക്തമായ ഒരായിരം വാക്കുകൾക്ക് ചെയ്യാൻ കഴിയാത്തത് സൗമ്യമായ ഒരു വാചകത്തിന് ചെയ്യാൻ കഴിയും. ഒരു നൂറാവർത്തി വാദിച്ചാലും ജയിക്കാൻ കഴിയാത്ത തർക്കങ്ങൾ നല്ല കുറച്ചു വാക്കുകൾ കൊണ്ട് തീർക്കാൻ കഴിയും. കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ ജോലി സ്ഥലത്തും വീട്ടിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഇടയിലും ഇത് ശരിയാണെന്നു തെളിയിക്കുന്ന നിരവധി അനുഭവങ്ങൾ/സംഭവങ്ങൾ നമ്മുടെ മനോമുകുരത്തിൽ തെളിഞ്ഞു വരും.

വെറും തർക്കങ്ങളിൽ മാത്രമല്ല വ്യക്തി ബന്ധങ്ങളിലും പൊതു ജീവിതത്തിലും നല്ല വാക്കുകൾക്കുള്ള പ്രാധാന്യം വളരെയേറെയാണ്. മറ്റൊരാളെപ്രതി സ്വന്തം ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹവും കരുതലും അതേപടി പ്രകടിപ്പിക്കാൻ, രോഗികളോട് ആശ്വാസവാക്ക് പറയാൻ, ഒരാളെ കണ്ടുമുട്ടുമ്പോൾ സ്വാഗതമോതാൻ, പിരിയുമ്പോൾ ശുഭാശംസകൾ നേരാൻ അങ്ങനെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും നല്ല വാക്കുകളുടെ ആവശ്യമുണ്ട്. അവ പറയാൻ പഠിക്കുകയും സ്ഥിരമായി പറയുന്നത് ശീലമാക്കുകയും വേണം.

നാം എത്ര മഹത്തായ പ്രവർത്തികൾ ചെയ്താലും മാന്യതയോടും പക്വതയോടും സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ ചെയ്തു തീർത്ത മഹത്തരമായ എല്ലാ കാര്യങ്ങളും വൃഥാവിലാകും. എത്ര ആത്മാർഥമായി പരിശ്രമിച്ചാലും അത് വെളിപ്പെടുത്തുന്ന വാക്കുകൾ പറയാൻ കഴിയുന്നില്ലെങ്കിൽ എല്ലാ പരിശ്രമങ്ങളും വെറുതെയാകും. ഓരോ നല്ല നിമിഷങ്ങളെയും നമുക്ക് ഓർത്തു വയ്ക്കാനാകുന്നത് അത് നൽകുന്ന കാഴ്ചകളിലൂടെ മാത്രമല്ല കാതിലൂടെ കരളിലെത്തുന്ന വാക്കുകളിൽ കൂടിയാണ്. അതുകൊണ്ട് നല്ലവാക്കുകളെ പുണരാൻ പഠിക്കുക.

അധരചർവണം നടത്തി സ്വാർത്ഥതയെ പുൽകണമെന്നോ, അധരസേവയിലൂടെ സ്തുതിപാടണമെന്നോ അല്ല നല്ലവാക്കിനെ പുണരണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അത് വികാരങ്ങളുടെ ആത്മാർത്ഥമായ ബഹിസ്ഫുരണമാകണം. തർക്ക വിതർക്കങ്ങളുടെ മുറിവുകളേൽക്കാതിരിക്കാനുള്ള പടച്ചട്ടയാകണം. ഒരു സാമൂഹ്യ ജീവിയെന്ന നിലയിൽ പരസ്പരം നാം പുലർത്തേണ്ട മര്യാദക്കളുടെ വാഹകരാകണം ആവശ്യമെങ്കിൽ എല്ലാം നഷ്ടപെട്ടന്ന നിരാശയിൽ ഇരിക്കുന്ന ഒരാൾക്ക് പ്രതീക്ഷയുടെ നറുദീപമാകണം.

“എനിക്ക് നിന്നെ കാണണമെന്നുണ്ട്,” “സൂക്ഷിച്ചുപോകു”, “എല്ലാം ശരിയാകും”, “അസുഖമൊക്കെ മാറി പെട്ടന്ന് തിരിച്ചു വരണം”, “വീണ്ടും ഉടനെ തന്നെ കാണണം കേട്ടോ”, “അങ്ങനെ ചെയ്തേക്കാം”, “താങ്കൾ പറഞ്ഞത് ശരിയാണ്” “എല്ലാം പറഞ്ഞ പോലെ”, “നല്ലോണം സൂക്ഷിക്കണം”, “ആരോഗ്യമൊക്കെ ഒന്ന് ശ്രദ്ധിച്ചോളു”. “കണ്ടതിൽ വളരേ സന്തോഷം”, ‘വീണ്ടും കാണാം” “അത് നല്ല ആശയമാണല്ലോ” എന്നിങ്ങനെ നാം വളരെ അപൂർവമായി മാത്രം ഉപയോഗിക്കാറുള്ള വാക്കുകൾ ഒരു മന്ത്രം പോലെ മന:പാഠമാക്കുക. അവ അതാത് അവസരങ്ങളിൽ ആവർത്തിച്ച് ഉപയോഗിക്കുന്നത് ശീലമാക്കുക. മനോഹരമായ അത്തരം വാക്കുകളിലൂടെ ഈ ലോകത്തെ നമുക്ക് കൂടുതൽ സുന്ദരമാക്കാം.

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.