Follow the News Bengaluru channel on WhatsApp

മുഖംമൂടികൾ വാഴുന്ന ലോകത്തിൽ

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിനാല്

ലോകകാഴ്ചകളിലേക്ക് കണ്ണ് തുറന്ന് വച്ച ക്യാമറയുമായി, സഞ്ചാരത്തിന്റെ ലോകത്തേക്ക് മലയാളിയെ നയിച്ച, സന്തോഷ്‌ ജോർജ് കുളങ്ങര ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ സംസാരിക്കുകയാണ്.

“നമ്മൾ ഇന്ത്യക്കാർ പൊതുവെ, അഥിതികളായി എവിടെയെങ്കിലും എത്തുമ്പോൾ, അവിടെ നിന്നും ചായയോടൊപ്പം രുചികരമായ എന്തെങ്കിലും പലഹാരം ലഭിച്ചു എന്ന് കരുതുക. അത് നമുക്ക് എത്ര ഇഷ്ടപെട്ടാലും വീണ്ടുമൊന്നു ചോദിച്ചു വാങ്ങിക്കഴിക്കാൻ നാം ശ്രമിക്കാറില്ല. ആതിഥേയർ നിർബന്ധിക്കുമ്പോൾ പോലും “വേണ്ടാ, മതി’ എന്ന മറുപടിയായിരിക്കും പറയുക. നമുക്ക് സ്വഭാവികമായി തോന്നുന്ന പല വികാരങ്ങളേയും പ്രകടിപ്പിക്കാതെ മറ്റെന്തൊക്കയോ ആണ് നാം പ്രദർശിപ്പിക്കാറുള്ളത്. എന്നാൽ പാശ്ചാത്യർ അങ്ങനെയല്ല. അവരാണ് നമ്മുടെ സ്ഥാനത്തെങ്കിൽ ‘എനിക്കത് നന്നായി ഇഷ്ടപ്പെട്ടു ഒരെണ്ണം കൂടി തരു’ എന്ന് പറഞ്ഞ് വീണ്ടും വാങ്ങിക്കഴിക്കും. അവൻ തനിക്കുണ്ടായ വികാരം സത്യസന്ധമായി പ്രകടിപ്പിക്കുന്നു. നാമത് മൂടിവെച്ച് മറ്റെന്തോ പ്രകടിപ്പിക്കുന്നു.” അദ്ദേഹം പറഞ്ഞു നിർത്തി. ആലോചിക്കുമ്പോൾ ആ വാക്കുകൾ വസ്തുതാപരമാണെന്ന് കാണാം.

സമ്പൂർണ്ണ മുൻവിധിയോടെ പശ്ചാത്യസംസ്കാരത്തെ എതിർക്കുന്നതാണ് നമ്മുടെ രീതി. രാജ്യത്തിനു വെളിയിൽനിന്നുമുള്ള പെരുമാറ്റ രീതികൾ നമ്മുടേതിനൊപ്പം മെച്ചപ്പെട്ടതല്ല എന്ന സങ്കൽപ്പമാണ് നമുക്കുള്ളത്. വസ്ത്രധാരണത്തിലും, കുടുംബബന്ധങ്ങളിലും ജീവനത്തിന്റെ മറ്റ് മൂല്യങ്ങളിലും ഇത് പ്രകടമാണ്. (മറ്റ് രാജ്യങ്ങളിലുള്ളവർക്കും സമാനമായ ചിന്തയാണ് നമ്മെപ്പറ്റിയുള്ളത് എന്നത് ഇതിന്റെ മറ്റൊരുവശമാണ്). എന്നാൽ വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, സാമൂഹ്യ ഉത്തരവാദിത്ത നിർവഹണം തുടങ്ങിയ സൂചകങ്ങൾ കണക്കിലെടുക്കുമ്പോൾ പശ്ചാത്യരിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ടെന്നു കാണാം. ഒരു വ്യക്തി തന്നോടുതന്നെ പുലർത്തേണ്ട സത്യസന്ധതയുടെ കാര്യം വരുമ്പോൾ നമുക്ക് വളരെയേറെ പഠിക്കാനുണ്ട്.

സദാചാരത്തിന്റെയും, മാന്യതയുടെയും മര്യാദയുടെയും, മുഖംമൂടികളാണ് നമുക്ക് ചുറ്റും. സമൂഹം നിർവചിക്കുംവിധം നല്ലവനാകാനുള്ള ശ്രമം, അതല്ലങ്കിൽ മറ്റൊരാളെ സംതൃപ്തിപ്പെടുത്താനുള്ള സ്വക്രമീകരണം. അങ്ങനെ സ്വതാല്പര്യങ്ങൾക്കും ചിന്തകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന മനുഷ്യർ. ഉള്ളിലുള്ളത് മറച്ചുവച്ച് വെളിയിൽ മറ്റൊന്ന് പ്രദർശിപ്പിക്കുന്നവർ അല്ലങ്കിൽ അങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെട്ടവർ അങ്ങനെയുള്ളവർ നിറഞ്ഞ സമൂഹത്തിലാണ് നമ്മുടെ ജീവിതം.

നിങ്ങളും മുഖംമൂടി അണിയാറുണ്ടോ? വെറുതെയൊന്നു പരീക്ഷിച്ചു നോക്കാം. ഇഷ്ടമല്ലാത്ത എന്തിനെങ്കിലും സാക്ഷിയാകേണ്ടി വരുമ്പോൾ ഇഷ്ടക്കേടുകൾ പുറത്തു കാണിക്കാതെ “എന്താ രസം” എന്ന മുഖഭാവത്തോടെ നിൽക്കാറുണ്ടോ ? നിങ്ങൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അതിലുള്ള താല്പര്യമില്ലായ്മ തുറന്ന് പറയുന്നതിന് പകരം “സാരമില്ല ഇത്തവണത്തേക്ക് ഇങ്ങനെ പോകട്ടെ” എന്ന് ചിന്തിച്ച് ആ ആവശ്യത്തിന് വഴങ്ങി കൊടുക്കാറുണ്ടോ. നിശ്ചയമായും “No” പറയേണ്ട സാഹചര്യത്തിൽ മറ്റൊരാൾ എന്ത് കരുതും എന്ന് കരുതി സ്വന്തം അഭിപ്രായം “ത്യാഗം ” ചെയ്യാറുണ്ടോ? ഈ “എന്ത് രസവും”, “സാരമില്ല”യും “ത്യാഗവുമാണ്” നിങ്ങളുടെ മുഖംമൂടി.

യാഥാർഥ്യങ്ങൾ മറച്ചുവച്ച് സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനുള്ള കുടിലബുദ്ധി, (ചതിയെന്നോ വഞ്ചനയെന്നോ ഇതിനെ ലളിതമായി പറയാം.) നമ്മുടെ പ്രതികരണം മറ്റൊരാൾക്ക്‌ വേദന ഉണ്ടാക്കിയാലോ എന്നുള്ള ഭീതി, സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള ധൈര്യമില്ലായ്മ എന്നിങ്ങനെ മൂന്ന് പ്രധാന കാരണങ്ങളാണ് യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കാതെ മറ്റൊന്ന് പ്രകടിപ്പിക്കാൻ വഴിയൊരുക്കുന്നത്. കാരണം ഇവയിൽ എന്തായാലും മറ്റുള്ളവരെ സംതൃപ്തരാക്കുന്നതിനായി സ്വന്തം വികാരങ്ങളെയും അഭിപ്രായങ്ങളെയും മറച്ചു വയ്ക്കുന്നത് ആത്മവഞ്ചനയാണ്. ആത്മ വഞ്ചകരായ നിരവധി ആളുകൾ കൂടിച്ചേരുമ്പോൾ അത് സ്വയംവഞ്ചിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വഴിതെളിക്കുന്നു. അങ്ങനെ പരസ്പരം വഞ്ചിച്ച് ജീവിക്കുന്നതിൽ എന്താണുള്ളത്. നാമണിയുന്ന മുഖംമുടികൾ സമയത്തിന്റെ ചലനങ്ങൾക്കൊപ്പം നമ്മുടെ മാനസീകാരോഗ്യത്തെ പ്രക്ഷുബ്ധമാക്കും. നമ്മെ കൂടുതൽ പരിക്ഷീണിതരും സ്വയം നഷ്ടപെടുന്നവരുമാക്കും. അങ്ങനെ ജീവിതത്തിന്റെ സന്തോഷങ്ങളാകെ ഇല്ലാതെയാകും. അഭിനയിച്ച് അഭിനയിച്ച് ഒടുവിൽ അനുഭവങ്ങൾ പകരുന്ന യഥാർഥ അനുഭൂതിയെന്തെന്നറിയാതെ യാന്ത്രികരായി പോകും. നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടും.

അത്തരത്തിലുള്ള ഒരു ദുരവസ്ഥക്കും വഴിയോരുക്കാതെ സ്വന്തം വികാരങ്ങളോടും അഭിപ്രായങ്ങളോടും നീതി പുലർത്തുക. ആത്മവഞ്ചനക്ക് വിധേയരാകാതെ വികാരങ്ങൾ/അഭിപ്രായങ്ങൾ സത്യസന്ധമായി പ്രകടിപ്പിക്കുക. ഒരുപക്ഷേ നിങ്ങളുടെ അഭിപ്രായങ്ങൾ എപ്പോഴും അംഗീകരിക്കപ്പെടണമെന്നില്ല, പക്ഷെ അത് പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ല. ക്രൂരമായ വാക്കുകൾക്കൊണ്ട് മുറിപ്പെടുത്താതെ, ഒരു ബന്ധങ്ങളെയും നഷ്ടപ്പെടുത്താതെ നമുക്ക് നമ്മെത്തന്നെ വെളിപ്പെടുത്തി ജീവിക്കാനാകും, അങ്ങനെ ജീവിക്കണമെന്ന് നാം തീരുമാനിക്കുന്ന നിമിഷം മുതൽ മാത്രം.

സ്വന്തം മുഖംമുടി വലിച്ചെറിയാൻ, ആത്മവഞ്ചന കൂടാതെ ജീവിക്കാൻ ഇന്ന്, ഇപ്പോൾ തന്നെ തീരുമാനമെടുക്കു… 🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.