Follow the News Bengaluru channel on WhatsApp

ഏത് ജാതിയിലും നിങ്ങൾക്കൊരു സവര്‍ണനെ കാണാന്‍ കഴിയും: ‘പുഴു’വിന്റെ സംവിധായിക രത്തീന സംസാരിക്കുന്നു

ടോക് ടൈം 

🟡

രത്തീന | ഡോ. കീർത്തി പ്രഭ

ജാതീയ ജീവിതത്തിന്റെ പച്ചയായ തുറന്നുകാട്ടലിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘പുഴു’ വിന്റെ സംവിധായിക രത്തീന പുഴു സംഭവിച്ചതിനെ കുറിച്ചും തൻ്റെ സിനിമാനുഭവങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും സംസാരിക്കുന്നു.

പുഴു കണ്ടപ്പോള്‍ മലയാളത്തിന് മമ്മൂട്ടിത്തം തിരിച്ചു കിട്ടിയ ഒരു പ്രതീതിയാണ് ഉണ്ടായത്.എണ്‍പതുകളിലെ അഭിനയ സമ്പത്തും തൊണ്ണൂറുകളിലെ അഭിനയകുതിപ്പും ഒരേ സമയം അധികാര ഭാവത്തിലേക്കും അടിയാള ഭാവത്തിലേക്കും ഇറങ്ങിച്ചെല്ലാനുള്ള അദ്ദേഹത്തിന്റെ വഴക്കവും എല്ലാം ഒന്നുകൂടി ഓര്‍മപ്പെടുത്തി പുഴു. അതിനെക്കുറിച്ച് എങ്ങനെയാണ് നോക്കികാണുന്നത്?

പ്രേക്ഷകര്‍ പുഴുവിലെ അദ്ദഹത്തിന്റെ അഭിനയത്തെ വളരെയധികം പ്രശംസിച്ചു കാണുമ്പൊള്‍ സന്തോഷമുണ്ട്. ഒരു മമ്മൂക്ക ഫാനും കൂടെയാണ് ഞാന്‍. അപ്പോള്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ മമ്മൂട്ടി എന്ന നടന്നാവിസ്മയത്തെ ഏറ്റവും നന്നായി അവതരിപ്പിക്കണം എന്ന് മാത്രമാണ് ഞാന്‍ ആദ്യം ചിന്തിക്കുക. ഇതുപോലെ ഒരു മമ്മൂക്കയെ നിങ്ങളെ പോലെ എനിക്കും കാണാന്‍ ആഗ്രഹമുണ്ട്. ആ ആഗ്രഹം നിറവേറ്റാന്‍ അവസരം പുഴുവിലൂടെ ഉണ്ടായി എന്നതില്‍ ഏറെ സന്തോഷം.

രത്തീന

മമ്മൂട്ടി എന്ന മഹാനടനെ രത്തീന എന്ന പുതുമുഖ സംവിധായിക മെരുക്കിയെടുത്ത വഴികളെക്കുറിച്ച് പറയാമോ?

ഒരുപാട് പുതുമുഖ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്ത് അവരുടെ പ്ലസും മൈനസും കണ്ട് എക്‌സ്പീരിയന്‍സ് ഉള്ളയാളാണ് മമ്മൂക്ക. താന്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് അദ്ദഹത്തിനു നല്ല വ്യക്തതയുമുണ്ട്. അദ്ദഹത്തിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി ഉത്തരം നമുക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആ കഥാപാത്രത്തെ അദ്ദേഹം മികവാക്കി തരും.

ബ്രാഹ്മണിത്തം എന്നത് സിനിമയില്‍ ജാതീയത വരച്ചു കാട്ടാനുള്ള ഒരു ടൂള്‍ ആയി ഉപയോഗിച്ചതാണോ, അതോ ബ്രാഹ്മണന്‍ എന്നൊരു പദവി ഇന്നത്തെ കേരള സമൂഹം ആഘോഷിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ?

ഇത് വളരെ വ്യക്തമായി ഒരു ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ള സിനിമയാണ്. കേരളവും ഇന്ത്യയിലാണ്. ഏത് ജാതിയിലും നിങ്ങൾക്കൊരു സവര്‍ണനെ കാണാന്‍ കഴിയും. നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയതില്‍ എന്താണ് പ്രചോദനം എന്ന് കുട്ടപ്പനോട് ചോദിക്കുന്ന ഒരു രംഗമുണ്ട്. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയിലാണ് എന്നതാണ് എന്റെ പ്രചോദനം എന്ന് അപ്പോള്‍ അദ്ദേഹം പറയുന്നുണ്ട്.

ആണ്‍ മേല്‍ക്കോയ്മയില്‍ തിളയ്ക്കുന്ന സിനിമയ്ക്കും സമൂഹത്തിനും ഒരു ആശ്വാസമായി സ്ത്രീ മുന്നേറ്റങ്ങളും LGBTQ മുന്നേറ്റങ്ങളും ഒക്കെ നടക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുപോകാന്‍ പരിശ്രമങ്ങളും നടക്കുന്നുണ്ട്. അന്തരം എന്ന മലയാള ചിത്രത്തിലൂടെ നവാഗത അഭിനേതാവിനുള്ള 2022 ലെ കേരള സംസ്ഥാന അവാര്‍ഡ് നേടുന്ന ആദ്യ ട്രാന്‍സ്-വുമണ്‍ നേഘ എസ് വരെ എത്തി നില്‍ക്കുന്നതിന്റെ ഒരു മാറ്റത്തെ എങ്ങനെയാണ് കാണുന്നത്?

മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളാണ്. ഇന്നത്തെ മാറ്റങ്ങള്‍ നാളെ ശീലങ്ങളായി മാറട്ടെ.

ബി ആര്‍ കുട്ടപ്പനും അതുയര്‍ത്തുന്ന രാഷ്ട്രീയ ചിന്തകളും വലിയ ചര്‍ച്ചയായിട്ടുണ്ട്. ചക്കരപ്പന്തല്‍ എന്ന ഒറ്റയാള്‍ നാടകം കാണാന്‍ ഇടയായതിലൂടെയാണ് അദ്ദേഹത്തിലേക്ക് എത്തിച്ചേര്‍ന്നത് എന്ന് കേട്ടു. ആ കഥയെന്താണ്? തക്ഷകന്‍ എന്ന നാടകം തന്നെ പുഴുവിനോട് കൂട്ടിച്ചര്‍ക്കാന്‍ എന്താണ് കാരണം?

പുഴുവിലേ പോലെ ജീവിതത്തിലും ഏകാംഗ നാടകം കളിക്കുന്നയാളാണ് അപ്പുണ്ണി ശശി. ചക്കരപ്പന്തലും ഏകാംഗ നാടകമാണ്. കഥാപാത്രത്തിന് അനുയോജ്യനായ ആളെന്ന നിലക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പുഴുവിലേ തക്ഷകന്‍ നാടകം സിനിമക്ക് വേണ്ടി എഴുതിയതാണ്. സിനിമ കണ്ടവര്‍ക്ക് അത് എങ്ങനെ സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

രത്തീനയുടെ സിനിമാ മോഹത്തിന്റെ തുടക്കവും അതിലൂടെയുള്ള യാത്രയും പുഴു വരെ എത്തിയതുമായ കഥ എന്താണ്? മുമ്പുണ്ടായ സിനിമ അനുഭവങ്ങള്‍ പുഴു സംവിധാനം ചെയ്യുമ്പോള്‍ എത്ര മാത്രം സഹായിച്ചിട്ടുണ്ട്?

10 വര്‍ഷം മുമ്പ് രേവതിയുടെ സഹ സംവിധായികയായിട്ടാണ് തുടക്കം. പിന്നീട് അസിസ്റ്റന്റ് ആര്‍ട് ഡയറക്ടറായും ജോലി. ചെയ്തു. അതിനു ശേഷം നിര്‍മാണ മേഖലയിലും ഒരു കൈ നോക്കി. പഠിക്കുന്ന കാലം മുതലേ സ്വപ്നം കണ്ടത് തിരക്കഥാകൃത്താവാനാണ്. അതിനു വേണ്ടി നന്നായി ശ്രമിക്കുകയും ചെയ്തിരുന്നു. രേവതിയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ആദ്യം ചാന്‍സ് കിട്ടിയത്. അവിടന്നാണ് തുടക്കം. പിന്നീട് പ്രൊഡക്ഷന്‍ മേഖലയിലേക്ക് എത്തി.
പല കാര്യങ്ങളെയും എങ്ങനെ സമീപിക്കണം എന്നുള്ള കഴിവ് എന്റെ സിനിമ അനുഭവങ്ങള്‍ തന്നെ നേടി തന്നിട്ടുള്ളതാണ്. പലപ്പോഴും അത് ഗുണം ചെയ്തിട്ടുണ്ട്.

ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന സിനിമ ചെയ്യുകയാണ് ഏറ്റവും സേഫ് ആയിട്ടുള്ള വഴി. രതീന അതില്‍ നിന്നും മാറി ചിന്തിച്ചത് എന്തു കൊണ്ടാണ്, അതും ആദ്യ സിനിമയില്‍ തന്നെ?

കഥ കേട്ടപ്പോള്‍ ഇത് സംഭവിക്കേണ്ട സിനിമയാണെന്ന് തോന്നി. ഈ സിനിമ ഒരവസരത്തിലും എനിക്ക് സേഫ് അല്ലെന്നു തോന്നിയിട്ടില്ല. എനിക്ക് ആ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടാവാം അത്. ഭൂരിപക്ഷം സംസാരിക്കുന്ന ഒരു സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലേ? അത് തന്നെയാവണം മറുത്തൊന്നും ചിന്തിക്കാതെ ഇതില്‍ ഞാന്‍ ഉറച്ചു നിന്നതും.

ഒരു സ്ത്രീ സിനിമ പ്രവര്‍ത്തകയുടെ സിനിമയിലൂടെയുള്ള യാത്ര നമ്മുടെ സമൂഹത്തില്‍ കുറച്ചധികം സാഹസികമാണ്. ആ ഒരു കോണില്‍ നിന്ന് സിനിമ പ്രവര്‍ത്തനത്തെ എങ്ങനെയാണ് കാണുന്നത്?

എപ്പഴും എല്ലാവരും നമ്മളെ സന്തോഷിപ്പിക്കുന്ന തരത്തിലാവില്ല പെരുമാറുന്നത് എന്നത് നമ്മള്‍ ഉള്‍ക്കൊള്ളണം. ഞാന്‍ ഒരു സ്ത്രീയാണ് എന്ന് ചിന്തിച്ചു എന്റെ യാത്രയുടെ ആക്കം സ്വയം കുറക്കാറില്ല. ഞാന്‍ സിനിമ ചെയ്യാനാണ് വന്നിരിക്കുന്നത് എന്നത് മാത്രമാണ് ഞാന്‍ എനിക്ക് നല്‍കുന്ന ഉറപ്പ്. അതല്ലാതെ മറ്റൊന്നും എന്റെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്താറില്ല.

വളരെ സ്വഭാവികമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച മറ്റ് അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തമായി ബി ആര്‍ കുട്ടപ്പനില്‍ ഒരു നാടകീയത ഉണ്ടായത് മനപ്പൂര്‍വമാണോ? അതോ ആ പെരുമാറ്റ രീതി ആണോ അദ്ദേഹത്തിന്റെ സ്വഭാവികത?

അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പന്‍ എന്ന കഥാപാത്രത്തിന്റെ പെരുമാറ്റരീതിയില്‍ ഒരു നാടകീയത ഉണ്ട്. അത് വരുമ്പോഴാണ് ആ കഥാപാത്രത്തിന് പൂര്‍ണത ഉണ്ടാവുന്നത്. കുട്ടപ്പന്‍ വളര്‍ന്നു വന്ന വഴികളും അനുഭവങ്ങളും ജാതീയമായി നേരിട്ട അധിക്ഷേപങ്ങളും ഒക്കെ സിനിമയില്‍ പറയുന്നുണ്ട്. ആ അനുഭവങ്ങള്‍ അദ്ദേഹത്തെ അങ്ങനെ ഒരാളാക്കി മാറ്റിയതാണ്. ആ സ്വഭാവം സവിശേഷതയാണ് കുട്ടപ്പന്‍ എന്ന കഥാപാത്രത്തിനുള്ളത്. സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നയാളല്ല കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് കുട്ടപ്പന്‍ വേറിട്ട് നില്‍ക്കുന്നത്.

ഡോ. കീര്‍ത്തി പ്രഭ

കസബയിലെ മമ്മൂക്കയുടെ സ്ത്രീവിരുദ്ധ സംഭാഷണവും അതിനെതിരെ പാര്‍വതിയുടെ പരാമര്‍ശവും എല്ലാം കഴിഞ്ഞ് അവരെ ഒന്നിച്ച് അഭിനയിപ്പിച്ചത് വളരെ യാദൃച്ഛികമായി സംഭവിച്ച കാര്യമാണോ, അതോ അങ്ങനൊരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചിരുന്നോ?

എല്ലാ സിനിമയിലെയും കാസ്റ്റിംഗ് പോലെത്തന്നെയാണ് ഇതിലേയും കാസ്റ്റിംഗ് നടന്നിട്ടുള്ളത്. അതല്ലാതെ മനപ്പൂര്‍വമായി ഒന്നും തന്നെ ചെയ്തിട്ടില്ല. മമ്മൂക്കയേയും പാര്‍വതിയെയും എനിക്ക് വ്യക്തിപരമായി അറിയാം. പാര്‍വതി പാര്‍വതിയുടെ നിലപാടും മമ്മൂക്ക മമ്മൂക്കയുടെ നിലപാടും പറഞ്ഞു. എന്ന് വച്ച് ഞങ്ങള്‍ ഒരു സിനിമയില്‍ ഇനി സഹകരിക്കില്ല എന്ന് ചിന്തിക്കുന്നവരല്ല അവര്‍ രണ്ടുപേരും.

നമ്മള്‍ സാമൂഹികമായി ഒരുപാടു പുരോഗമിച്ചു എന്ന് പറയുമ്പോഴും സിനിമമേഖലയില്‍ ഇപ്പോഴും ക്ലാസ്സ് ഡിഫറെന്‍സ്സും ഹൈറാര്‍ക്കിയും നിലനില്‍ക്കുന്നുണ്ട് എന്നതില്‍ എത്രത്തോളം യാഥാര്‍ഥ്യം ഉണ്ട്?

ജീവിതത്തില്‍ നിങ്ങളും ഞാനുമൊക്കെ ഈ സാമൂഹിക പുരോഗതി കൈവരിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ പുഴു പോലെയുള്ള സിനിമക്ക് ഇവിടെ പ്രാധാന്യം ഉണ്ടാവുമായിരുന്നോ . സിനിമ മേഖലയില്‍ എന്ന് പറയുന്നതിനേക്കാളുപരി നമുക്കും ചുറ്റും പല തരത്തിലുള്ള വിവേചനം ഉണ്ട് എന്ന് പറയുന്നതല്ലേ ശരി .

രത്തീന ഒരു സിനിമയെടുത്തപ്പോള്‍ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും ഒക്കെ എങ്ങനെയാണ് പരിഗണിച്ചത്? പ്രശ്‌നപരിഹാര സെല്ലുകളെക്കുറിച്ചൊക്കെ ചിന്തിച്ചിരുന്നോ?

എന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന യാതൊന്നും ഉണ്ടാകാന്‍ ഞാന്‍ അനുവദിക്കില്ല. അത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അത് എനിക്ക് തരാന്‍ പറ്റുന്ന ഉറപ്പാണ്.

🟡


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.