Follow the News Bengaluru channel on WhatsApp

പെരിയാർ -ജീവിതവും ചിന്തകളും

വായനാസ്വാദനം -ജോമോൻ സ്റ്റീഫൻ

” ജീവിക്കുന്നുവെങ്കിൽ സ്വാഭിമാനത്തോടെ ജീവിക്കുക;അല്ലാത്തപക്ഷം മരണമാണ് അഭികാമ്യം ” – പെരിയാർ ഇ.വി. രാമസ്വാമി

തമിഴകത്തെ ദ്രാവിഡ ജനമുന്നേറ്റങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച, പെരിയാർ ഇ.വി. രാമസ്വാമിയുടെ സംഭവ ബഹുലമായ  ജീവിതം ആധാരമാക്കി, ചിന്തകനും ദ്രാവിഡ കഴകം പ്രചാരകനുമായ മജ്ഞയ് വസന്തന്‍ രചിച്ച പുസ്തകം. പെരിയാർ -ജീവിതവും ചിന്തകളും

ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ പടപൊരുതിയ സാമൂഹ്യപരിഷ്‌കർത്താവും വിപ്ലവ നേതാവുമാണ്, പെരിയാർ എന്നറിയപ്പെടുന്ന ഇ വി രാമസ്വാമി നായ്ക്കർ. (1879 – 1973). 40 അദ്ധ്യായങ്ങളിലായി മഹാനായ ഈ ദ്രാവിഡ നേതാവിന്റെ ജീവചരിത്രം മനോഹരമായി വിവരിക്കുന്നതിൽ ഗ്രന്ഥകർത്താവ് വിജയിച്ചിട്ടുണ്ട്. നവീന ചിന്തയുടെ ഒരു ഖനി തന്നെയായിരുന്നു പെരിയാർ. അദ്ദേഹത്തിന്റെ ദർശനങ്ങൾ ലോകം മുഴുവൻ നിറഞ്ഞു നിന്നിരുന്നുവെന്ന് പ്രശസ്ത തമിഴ് കവി ഭാരതിദാസൻ സാക്ഷ്യപെടുത്തുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വലിയ പോരാട്ടങ്ങൾ നടത്തിയ അദ്ദേഹം, താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ സമൂഹത്തിൽ നടമാടിയിരുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തിയ ഇതിഹാസ തുല്യനായ നേതാവായിരുന്നു. വിശാലമായി പരന്നു കിടക്കുന്ന പെരിയാർ ചിന്തകളെ, സംക്ഷിപ്ത രൂപത്തിൽ,വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുകയാണ് പുസ്തക രചയിതാവായ മജ്ഞയ് വസന്തന്‍.

ബ്രിട്ടീഷ് ഭരണകാലത്ത്‌, മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായിരുന്ന ഈറോഡ് പട്ടണത്തിൽ 1879 സെപ്റ്റംബർ 17 ന്, ഒരു സമ്പന്ന കന്നഡ നായിഡു കുടുംബത്തിലാണ്, ഈറോഡ് വെങ്കട രാമസ്വാമി എന്ന പെരിയാർ ഇ.വി. രാമസ്വാമി ജനിച്ചത്.

പെരിയാർ ഇ.വി. രാമസ്വാമി

ഈറോഡിലെ ഒരു സമ്പന്ന കച്ചവടക്കാരനായിരുന്ന വെങ്കടപ്പ നായ്ക്കരാണ് പിതാവ്, മുത്തമ്മാൾ എന്നറിയപ്പെട്ട ചിന്നതായമ്മാളാണ് അമ്മ. വൈഷ്ണവ പരമ്പര്യമുള്ള യാഥാസ്ഥിക കുടുംബത്തിലാണ് ഇ.വി. രാമസ്വാമി പിറന്നു വീണത്.

പുസ്തകത്തിലെ 14-ാം അധ്യായത്തിൽ സ്ത്രീകൾ നേരിടുന്ന കടുത്ത വിവേചനങ്ങളും അതിനെ തരണം ചെയ്യാൻ, രാമസ്വാമി നായ്‌കർ അവതരിപ്പിക്കുന്ന നിരവധിയായ നിർദേശങ്ങളും വിശദീകരിക്കുന്നു. സ്ത്രീ വിമോചനത്തിനായി പടപൊരുതിയ അദ്ദേഹത്തിനോടുള്ള കൃതജ്ഞത അറിയിക്കാൻ 1938 നവംബർ 13 ന് മദിരാശി ഓട്രായ്‌ വടൈ തിയറ്ററിൽ കൂടിയ വനിതാ യോഗമാണ് “പെരിയാർ” എന്ന ബഹുമാന പേര് ഇ.വി. രാമസ്വാമിക്ക് നൽകിയത്. ബഹുമാനിതൻ, പ്രായമുള്ളയാൾ എന്നൊക്കെയാണു “പെരിയാർ” എന്ന തമിഴ് വാക്കിന്റെ അർഥം. 1925ല്‍ തമിഴ്‌നാട്ടില്‍ അബ്രാഹ്ണരുടെ സ്വാഭിമാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതോടെയാണ് പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ ജനങ്ങൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. എന്നാൽ, 1929ൽ ചെങ്ങൽപേട്ടിൽ വച്ചു നടന്ന സ്വാഭിമാനപ്രസ്ഥാനത്തിന്റെ ആദ്യ പ്രവിശ്യാ സമ്മേളനത്തിൽ തന്റെ പേരിൽ നിന്നും “നായ്ക്കർ” ജാതിവാൽ മുറിച്ചുകളഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

🟡
പൊതുജീവിതാരംഭം

യാഥാസ്ഥിക വൈഷ്ണവ കുടുംബ അന്തരീക്ഷത്തിൽ വളർന്ന രാമസ്വാമി ഇന്ത്യയിലുടനീളമുള്ള ഹൈന്ദവ പുണ്യ നഗരങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് താല്പര്യപെട്ടു. തീര്‍ത്ഥാടന യാത്രയുടെ ഭാഗമായി  പുണ്യനഗരമായ ബനാറസില്‍ എത്തി. എന്നാല്‍ ബനാറസിലെ കാഴ്ചകള്‍ പെരിയോറിലെ ഭക്തനേക്കാള്‍ യുക്തിവാദിയെയാണ് തൊട്ടുണര്‍ത്തിയത്. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ബനാറസില്‍ നേരിട്ടനുഭവിച്ച അനുഷ്ഠാനങ്ങളും ബ്രാഹ്മണ പുരോഹിതന്മാരുടെ ചൂഷണങ്ങളും തന്റെ ചിന്താധാരയില്‍ വഴിച്ചിരിവ് സൃഷ്ടിച്ചു എന്ന് അദ്ദേഹം പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

ബനാറസില്‍ നിന്നും മടങ്ങിയെത്തിയ ശേഷവും അന്ധവിശ്വാസങ്ങളില്‍ കേന്ദ്രീകൃതമായ മതങ്ങളുടെ ലക്ഷ്യവും, അനിവാര്യതയും എന്തെന്ന് അദ്ദേഹം ആഴത്തില്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിതനാവാതെ മനുഷ്യന് പുരോഗമിക്കാനാവില്ലെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. പെരിയോറിലെ യുക്തിചിന്തയും സാമൂഹ്യ പരിഷ്‌കരണ ബോധവും ജ്വലിച്ചുകൊണ്ടിരുന്നു.
1919ൽ പെരിയാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. പൊതുപ്രവർത്തനത്തിൽ വിജയിച്ച അദ്ദേഹം ഈറോഡ്‌ മുൻസിപ്പൽ ചെയർമാനായും പ്രവർത്തിച്ചു.

1920ല്‍ ഊര്‍ജ്വസ്വലനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നധ്യമായി മാറിയ രാമസ്വാമി തന്റെ പ്രവര്‍ത്തനങ്ങളില്‍ ഖദര്‍ വസ്ത്ര പ്രചരണം, സ്വദേശി വസ്ത്ര നിര്‍മ്മാണം, അയിത്തോച്ചാടനം എന്നിവക്കാണ് മുൻഗണന നല്‍കിയത്.

ചെന്നൈയിലെ പെരിയാർ സ്മാരകം

1929-1932  കാലഘട്ടത്തിൽ, മലേഷ്യ സിങ്കപ്പൂർ, ബർമ്മ തുടങ്ങി നിരവധി അന്താരാഷ്ട്രീയ യാത്രകളും അദ്ദേഹം നടത്തി. 1931 ഡിസംബറിൽ യൂറോപ്പ് പര്യടനത്തിനിടയിൽ, അവിടത്തെ രാഷ്ട്രീയ വ്യവസ്ഥകൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, ജീവിതരീതികൾ, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി, പൊതുസ്ഥാപനങ്ങളുടെ ഭരണം എന്നിവയെ വ്യക്തിപരമായി പരിചയപ്പെട്ടു. ഈജിപ്ത്, ഗ്രീസ്, തുർക്കി, സോവിയറ്റ് യൂണിയൻ, ജർമ്മനി, ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം, മൂന്ന് മാസം റഷ്യയിൽ താമസിച്ചതിനുശേഷം, മടക്കയാത്രയിൽ ശ്രീലങ്ക വഴി 1932 നവംബറിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി.

🟡
വൈക്കം സത്യാഗ്രഹം

1924 ൽ പെരിയാർ രാമസ്വാമി തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷമാണ് തിരുവിതാംകൂറിലെ ഒരു ചെറിയ പ്രദേശമായ വൈക്കം ക്ഷേത്രത്തിലെ അയിത്ത ജാതിക്കാരുടെ പ്രവേശനവുമായി ബന്ധപെട്ടു നടന്ന സമരത്തിൽ പങ്കെടുക്കാൻ പെരിയാര്‍ വൈക്കത്തേക്ക് വരുന്നത്. ജാതി അടിച്ചമര്‍ത്തര്‍ ഭീകരമായിരുന്ന കാലഘട്ടമായിരുന്നു അത്. ദളിതര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ലെന്നുമാത്രമല്ല, അടുത്തേക്കുതന്നെ പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോഴാണ്, ടി.കെ. മാധവന്‍, കേളപ്പന്‍, വേലായുധമേനോന്‍, കൃഷ്ണസ്വാമി അയ്യര്‍ എന്നിവരൊക്കെ ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. മാധവനെയും കേളപ്പനെയും പോലുള്ളവരൊക്കെ അറസ്റ്റിലായപ്പോള്‍ പെരിയാര്‍ സമരത്തിന്റെ നേതൃത്വം ഏറ്റടുത്തു.’ ഒരു പിന്നോക്കക്കാരൻ ഈ വഴിയിലൂടെ നടന്നാൽ വൈക്കത്തപ്പന്റെ  വിശുദ്ധി നഷ്ടപെടുമെങ്കിൽ, ദൈവം സോപ്പ് ഉപയോഗിച്ച് കഴുകട്ടെ’ എന്ന് അദ്ദേഹം പ്രസംഗിച്ചു, തുടർന്ന് 1924 ഫെബ്രുവരി 27 ന് രാമസ്വാമിയെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചു. പെരിയോര്‍ തന്റെ പ്രത്യശാസ്ത്രപരമായ അടിത്തറയും ആശയപ്രചരണവും വികസിപ്പിക്കുന്നത് വൈക്കം സത്യാഗ്രഹത്തോടെയാണ്.

സമൂഹത്തിലെ ഗുരുതര പ്രശ്നങ്ങളിലൊന്നാണ് ജാതി. ബ്രാഹ്മണ മേധാവിത്വം, ബ്രാഹ്മണരുടെ ചൂഷണം എന്നിവക്കെതിരെ പെരിയാര്‍ നിരന്തരം ശബ്ദിച്ചു. ബ്രാഹ്മണിക്കല്‍ യാഥാസ്ഥിതികത്വത്തിന്റെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ പുറത്തുവരണം. ജാതി, മതം, വര്‍ഗീയ മേധാവിത്വം എന്നിങ്ങനെയുള്ള പൗരാണിക അധീശത്വങ്ങള്‍, അതായത് അച്ഛന്റെ കുലത്തൊഴില്‍ മകന്‍ ചെയ്യണം, പഠിക്കാന്‍ പാടില്ല, കാലങ്ങളായി നിലനില്‍ക്കുന്ന ചെറിയ വട്ടത്തിനുള്ളില്‍ തന്നെ ആ കുടുംബം ഒതുങ്ങിക്കൂടണം തുടങ്ങിയ പ്രതിലോമ ചിന്തകൾക്കെതിരെ അദ്ദേഹം പടപൊരുതി.

🟡
കോൺഗ്രസ്സുമായി അകലുന്നു

കോൺഗ്രസ്‌ നേതാവായിരുന്ന വിവിഎസ്‌ അയ്യരുടെ മേൽനോട്ടത്തിൽ തിരുനെൽവേലിയിൽ സെരമ്മദേവി എന്ന സ്ഥലത്തു കോൺഗ്രസ്സ്‌ പാർട്ടിയുടെ സഹായത്തോടെ ‘ഗുരുകുലം’ പ്രവർത്തിച്ചിരുന്നു, കുട്ടികളിൽ രാജ്യസ്നേഹം വളർത്താനും ഗാന്ധിയൻ ആദർശങ്ങളിലേക്ക്‌ കുട്ടികളെ അടുപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.

സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെ ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. ഈ പ്രവർത്തികളെ, ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു ഒട്ടും പൊരുത്തപ്പെട്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1925 ല്‍ വൈക്കം സത്യാഗ്രഹത്തിനുശേഷം അദ്ദേഹം കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ബ്രാഹ്മണ കോണ്‍ഗ്രസിന് വിരുദ്ധമായി ശക്തമായ ഒരു ദ്രാവിഡ ചിന്താഗതി തമിഴ്‌നാട്ടില്‍ ഉരുത്തിരിയാന്‍ ഇ വി രാമസ്വാമി നായ്ക്കരുടെ രാജി കാരണമായിത്തീര്‍ന്നു.

സ്വാഭിമാന പ്രസ്ഥാനം

1925-ലാണ്‌ ഇ.വി രാമസ്വാമി സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആരംഭിച്ചത്‌. തമിഴ് മക്കളുടെ അഭിമാനബോധം ഉണർത്തിയ ഈ പ്രസ്ഥാനം,ആത്മാഭിമാനം നഷ്‌ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശരീരങ്ങളിലും, ഒരുതരം ബൗദ്ധിക വിപ്ലവത്തിന് തിരികൊളുത്തി.

അണ്ണാദുരൈ പെരിയാർ ഇ.വി. രാമസ്വാമിക്കൊപ്പം

 

‘ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല’ എന്ന പെരിയാറിന്റെ പുസ്തകം, രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേല്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം എന്ന് പ്രഖ്യാപിക്കുന്നു. ചാതുർവർണ്യമെന്ന മിത്തുകൊണ്ട് ജനങ്ങളെ മയക്കി, പുരാണങ്ങളും ഇതിഹാസങ്ങളുംകൊണ്ട് വരിഞ്ഞു മുറുക്കി ഹിന്ദുത്വത്തിൻ്റെ തടവറയിൽ ജന സമൂഹത്തെ തളച്ചു. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ ഇ.വി.രാമസ്വാമി തുറന്നു പറയുന്നുണ്ട്.

ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന അക്കാലത്ത്‌, അധികാരത്തിനും വിവേചനങ്ങള്‍ക്കുമെതിരെ പിന്നാക്കക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു സ്വാഭിമാന പ്രസ്ഥാനം രൂപം കൊണ്ടത്. പിന്നീട്‌ ഈ പ്രസ്ഥാനത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട്, രാമസ്വാമിയുടെ ശിഷ്യനായ അണ്ണാദുരൈ 1949-ല്‍ ദ്രാവിഡ മുന്നേറ്റ കഴകം (DMK) രൂപീകരിച്ചത്. ഇന്ന്‌ തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ പ്രബലശക്തികളിലൊന്നാണ്‌ ഡിഎംകെ എന്ന രാഷ്ട്രീയ പാർട്ടി.

🟡
ഹിന്ദി വിരുദ്ധ പ്രക്ഷോഭം

1937-ല്‍ രാജഗോപാലാചാരി മദ്രാസ് പ്രസിഡന്‍സിയുടെ മുഖ്യമന്ത്രിയായപ്പോള്‍, ഹിന്ദി ഭാഷ നിര്‍ബന്ധമായും എല്ലാവരും പഠിക്കണമെന്ന നിര്‍ദേശം കൊണ്ടുവന്നു. പെരിയാര്‍ അതിനെ ശക്തമായി എതിര്‍ത്തു. അന്ന് തുടങ്ങിയ ഹിന്ദി എതിര്‍വാദം ഇന്നും സജീവമായി തമിഴ്നാട്ടില്‍ തുടരുന്നതായി കാണാം. ആ വര്‍ഷം തന്നെ പെരിയാര്‍ തമിഴ് ദേശിയത ഉയർത്തി പ്രചാരണം തുടങ്ങി.” തമിഴ് മണ്ണ് തമിഴർക്ക്” എന്ന മുദ്രാവാക്യം എങ്ങും ഉയർന്നു.

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തമിഴരുടെ വികസനത്തെ തടയും, അവരുടെ സംസ്‌കാരത്തെ തകര്‍ക്കുമെന്നൊക്കെ പെരിയാര്‍ വിശ്വസിച്ചു. ജനങ്ങള്‍ക്കുമുമ്പില്‍ അദ്ദേഹം ഇതിനെതിരെ സംസാരിച്ചു. ജനങ്ങൾ അത് ഏറ്റെടുത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ശ്രമങ്ങള്‍ ഇന്നും തുടരുന്നുണ്ട്. തമിഴ്നാട്ടില്‍ ഒരു തമിഴ് ദേശീയവാദ വികാരം ഉണ്ടാവുന്നതിന് പ്രധാന കാരണം തന്തൈ പെരിയാറാണ്. 1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നതോടെയാണ് തമിഴ് എന്നും തമിഴൻ എന്നുമുള്ള വികാരം ദ്രാവിഡ പാർട്ടിക്ക് തുണയാകുന്നത്. ശക്തമായ ‘ഹിന്ദിവിരുദ്ധ പ്രക്ഷോഭം’ ആണ് അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്.

🟡
ദ്രാവിഡ രാജ്യവും തമിഴ് ദേശിയ വാദവും

ആര്യന്‍ മേധാവിത്വം, മതം, വര്‍ണാശ്രമ ധര്‍മം, ജാതി വ്യവസ്ഥ എന്നിവ ദ്രവീഡിയന്‍ സ്വത്വത്തിനു എതിരായി നില്‍ക്കുന്നതെന്നും, ഇതിനെതിരെ ഒരു  പുരോഗമന മുന്നേറ്റം ആവശ്യമായി നിന്നും  പെരിയാർ ജനങ്ങളെ ബോധ്യപ്പെടുത്തി. സ്വാഭിമാന പ്രസ്ഥാനമെല്ലാം അതിന്റെ ഭാഗം തന്നെ. ഒരുഘട്ടത്തില്‍ ദ്രാവിഡ നാട് എന്നു പറയുന്ന പ്രത്യേക രാജ്യം തന്നെ വേണമെന്നുവാദിച്ചു. 1940ല്‍ കാഞ്ചീപുരത്തില്‍ വെച്ച് അദ്ദേഹം ഒരു മാപ്പുതന്നെ പുറത്തിറക്കി. ഇന്നത്തെ തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന, അതായത് പഴയ മദ്രാസ് പ്രസിഡന്‍സിയും അടുത്തുള്ള മറ്റു പ്രദേശങ്ങളുമായി ചേര്‍ന്ന് ഒരു ദ്രാവിഡ നാട് വേണം എന്ന് അദ്ദേഹം വാദിച്ചു. ഭാരതം കണ്ട ഏറ്റവും വലിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭ നായകന്‍ കൂടിയാണ് പെരിയാർ. ദ്രാവിഡഭാഷകളായ കന്നഡയും തമിഴും തെലുഗും അനായാസം സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

🟡
തിരുക്കുറളിനെപ്പറ്റിയുള്ള ചിന്തകൾ

നിരവധി ശാസ്ത്രീയവും ദാർശനികവുമായ സത്യങ്ങൾ ഉൾക്കൊള്ളുന്ന വിലപ്പെട്ട ഗ്രന്ഥമായാണ് തിരുക്കുറലിനെ രാമസാമി വാഴ്ത്തിയത്. ആ മഹത് ഗ്രന്ഥത്തിന്റെ മതേതര സ്വഭാവത്തെയും അദ്ദേഹം പ്രശംസിച്ചു. ദൈവത്തെ പോസിറ്റീവ് ഗുണങ്ങൾ മാത്രമുള്ള ഒരു രൂപമില്ലാത്ത സത്തയെന്ന് വിശേഷിപ്പിച്ച തിരുവള്ളുവർ വചനങ്ങൾ രാമസ്വാമിയെ ആകർഷിച്ചു.

തിരുക്കുറൾ വായിക്കുന്ന ഒരാൾ രാഷ്ട്രീയം, സമൂഹം, സാമ്പത്തികം എന്നിവയിലെ അറിവുകൾ ഉൾക്കൊള്ളുന്ന ആത്മാഭിമാനമുള്ളവനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജാതിയുടെ കാര്യത്തിൽ, മനുവിന്റെ വൈദിക നിയമങ്ങൾ ശൂദ്രർക്കും ദ്രാവിഡ വംശത്തിലെ മറ്റ് സമുദായങ്ങൾക്കും എതിരായിരുന്നുവെന്ന് തിരുകുറൽ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു.”ദ്രാവിഡനാട് ഇന്തോ-ആര്യൻ വഞ്ചനയ്ക്ക് ഇരയായപ്പോൾ, ദ്രാവിഡരെ മോചിപ്പിക്കാൻ മഹാനായ തിരുവള്ളുവർ എഴുതിയതാണ് തിരുക്കുറൾ”. പെരിയാറിന്റെ തിരുക്കുറൾ ചിന്തകൾ അനവധിയാണ്.

🟡
നിരീശ്വരവാദം,  ബ്രാഹ്മണവിരോധം

‘കടവുളില്ലെ, കടവുളില്ലൈ, കടവുള്‍ ഇല്ലവേ ഇല്ലൈ.’ – ദൈവം എന്ന ഒന്നില്ല, അത് വിഡ്ഢിത്തമാണ് എന്ന് പെരിയാര്‍ ശക്തമായി വാദിച്ചു. യുക്തിവാദത്തിലൂടെ സാധാരണക്കാരായ ജനങ്ങളിൽ അന്ധ വിശ്വാസങ്ങൾക്കെതിരായ ചിന്തകൾ വളർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ  ഇപ്പോഴുള്ള തമിഴ് മക്കൾ മിക്കവാറും മതവിശ്വാസികളാണ്. ഹിന്ദു, ക്രിസ്ത്യന്‍, മൂസ്ലിം എന്ന വേർതിരിവിനപ്പുറം ഭൂരിഭാഗം പേരും ദൈവവിശ്വാസികളായി തുടരുന്നു. ഒരേസമയം പെരിയാർ ആശയങ്ങളെയും മത ദൈവ വിശ്വാസങ്ങളും പിന്തുടരുന്ന മനോഹരമായ വൈരുദ്ധ്യങ്ങൾ…!

ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള അദ്ദേഹത്തിന്റെ നിരന്തര പോരാട്ടങ്ങൾ തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദ ആശയങ്ങൾ തമിഴരിൽ കാര്യമായി ഏശിയില്ല. കോണ്‍ഗ്രസിലെ ബ്രാഹ്മണ മേധാവിത്വം ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ടതും ശ്രദ്ധേയമാണ്. സമൂഹത്തെ ജാതികളായി ശ്രേണീകരിച്ച മതങ്ങളെയും ദൈവങ്ങളെയും പ്രസ്ഥാനങ്ങളെയും പെരിയാര്‍ തള്ളിപ്പറഞ്ഞു

നിരാലംബരായി കഴിയുന്ന കീഴാള സമൂഹത്തിന്റെ അവകാശങ്ങള്‍, സാമൂഹികനീതി, സമത്വം, സാഹോദര്യം എന്നീ മാനവിക മൂല്യങ്ങള്‍ക്കുവേണ്ടി, ബ്രാഹ്മണ മേധാവിത്വത്തിനെതിരെ അദ്ദേഹം മുഷ്ടി ചുരുട്ടി.

സംഭവബഹുലമായ ജീവിതത്തിനൊടുവില്‍ 1973 ഡിസം.24ന്, 94 -ാം വയസ്സിൽ, വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പെരിയോര്‍ അന്തരിച്ചു. ചെന്നൈ നഗര പ്രാന്തത്തിൽ, അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾ സ്ഥിതി ചെയ്യുന്ന സ്ഥലം ‘പെരിയാർ മെമ്മോറിയൽ ‘ എന്ന് അറിയപ്പെടുന്നു.

സമകാലിക ഇന്ത്യയില്‍ സവർണ്ണ ഹിന്ദുത്വ ബ്രാഹ്മണിക് ശക്തികള്‍, അതി ദേശീയതയുടെയും ദേശീയ ഐക്യത്തിന്റെയും പേരില്‍, നമ്മളെയെല്ലാം ചേര്‍ത്തുകെട്ടി ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്നൊക്കെ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്ന ഈ കാലത്ത്, പെരിയാർ ചിന്തകളുടെ പ്രസക്തി ഏറെ പ്രധാനമാണ്.

സവർണ്ണ ഹിന്ദുത്വ വാദികളുടെ ആഹ്വാനത്തെതുടര്‍ന്ന് തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ പലകുറി തകര്‍ക്കപ്പെട്ടിട്ടുണ്ട്, വിട പറഞ്ഞ് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും അടിച്ചമര്‍ത്തപ്പെടുന്നവന്റെയും അടിസ്ഥാനവര്‍ഗത്തിന്റെയും കാവലാളായി സ്മരിക്കപ്പെടുന്നു, പെരിയാര്‍ എന്ന വിപ്ലവകാരി.

സാമൂഹ്യപരിഷ്‌കർത്താവ്‌ ഇ വി രാമസ്വാമി നായ്‌ക്കർ എന്ന പെരിയാറിന്റെ ജന്മദിനമായ സെപ്‌തംബർ 17 തമിഴ്‌നാട്ടിൽ  സാമൂഹ്യനീതി ദിനമായി ആചരിക്കുമെന്ന്, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്.

പെരിയാറിന്റെ ആദർശങ്ങളായ സാമൂഹ്യനീതി, സ്വാഭിമാനം, യുക്തിവാദം, തുല്യത എന്നിവ തമിഴ്‌ സമൂഹത്തിന്റെ സമഗ്രമായ വളർച്ചയ്‌ക്ക്‌ അടിത്തറ പാകി എന്നത് നിസ്തർക്കമാണ്.
തെന്നിന്ത്യയില്‍ ജാതി വ്യവസ്ഥക്കും ബ്രാഹ്മണ അയുക്തികതക്കുമെതിരെ ധീരമായി രംഗത്തിറങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ഇ.വി രാമസ്വാമിയെപ്പറ്റിയുള്ള ഈ ഗ്രന്ഥം പുതു തലമുറയ്ക്ക് മികച്ച പാഠ പുസ്തകമാണ്. ചരിത്ര ഗതിയെ സ്വാധിനിച്ചും മാറ്റിമറിച്ചും കൊണ്ടുള്ള അദ്ദേഹത്തിന്റെ ജീവിതം ജ്വലിക്കുന്ന പ്രചോദനമായി ചരിത്ര താളുകളിൽ എന്നും നിലനിൽക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.