Follow the News Bengaluru channel on WhatsApp

മറുപക്ഷം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിയെട്ട്

പ്രശസ്ത സംവിധായകനായ രാജീവ്‌ അഞ്ചൽ സംവിധാനം ചെയ്ത ഗുരു എന്ന ചിത്രത്തിലെ ഒരു രംഗമുണ്ട്. അന്ധതയുടെ താഴ്‌വാരത്തിൽ അകപ്പെട്ടു പോയ കഥാനായകൻ രഘുരാമൻ ആ ജനങ്ങളുടെ അന്ധതയുടെ യഥാർത്ഥ കാരണം രുചിയോടെ അവർ ഭക്ഷിക്കുന്ന ഇലാമാ പഴമാണ് എന്ന് കണ്ടെത്തുന്നു. താഴ്‌വരയിലെ ജനങ്ങൾ വിഷമാണെന്ന് വിശ്വസിക്കുന്ന ഇലാമാ പഴത്തിന്റെ വിത്ത് അന്ധതയിൽ നിന്നും വിടുതൽ നേടാൻ ഉപയോഗിക്കാമെന്നും അയാൾ മനസിലാക്കുന്നു. എന്നാൽ താൻ അറിഞ്ഞ സത്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന രഘുരാമനെ താഴ്‌വരയുടെ പവിത്രതയും പാരമ്പര്യവും നശിപ്പിക്കാൻ വന്ന കടന്നുകയറ്റക്കാരനായിട്ടാണ് രാജാവും പരിവാരങ്ങളും കരുതുന്നത്. രഘുരാമന് കാഴ്ചയുണ്ടോ എന്ന് മനസിലാക്കാനുള്ള അവസാന അവസരമായി അയാളെ കൺകാണിത്തറയുടെ പരീക്ഷണത്തിന് വിധേയനാക്കാൻ രാജാവ് തീരുമാനിക്കുന്നു. എന്നാൽ തന്റെ കാഴ്ചയെ മറച്ചുകൊണ്ട് ഉയരത്തിൽ ഒരു മതിൽ നിൽക്കുന്നതിനാൽ മറുപക്ഷത്ത് ആരാണ് നിൽക്കുന്നതെന്നു കാണാൻ അയാൾക്ക് കഴിയുന്നില്ല. മതിൽ എന്താണെന്നോ കാഴ്ച്ചക്ക് അത് എങ്ങനെ തടസം സൃഷ്ടിക്കുന്നുവെന്നോ അന്ധരായ രാജാവിനെയും അനുയായികളെയും മനസിലാക്കിനൽകാനും അയാൾക്ക് കഴിയുന്നില്ല. സ്വഭാവികമായും പരീക്ഷത്തിൽ അയാൾ പരാജയപ്പെടുന്നു.

അന്ധതയുടെ താഴ്‌വരയുടെയും രഘുരാമന്റെയും കഥ കേവലം കെട്ടുകഥയാണെങ്കിലും, ഇതിലും വിചിത്രമായ പല സംഭവങ്ങളും യഥാർത്ഥ ജീവിതത്തിൽ അരങ്ങേറാറുണ്ട്. ജീവിതത്തെ നിയന്ത്രിക്കുന്നതിൽ കാഴ്ച്ചപ്പാടുകൾക്കുള്ള പ്രസക്തി വ്യക്തമാക്കുന്നവയാണ് അവ. രാജാവിനെപോലെയും രഘുരാമനെ പോലെയും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള നിരവധി മനുഷ്യരെ ഓരോ സംഭവങ്ങളിലും നമുക്ക് കാണാം. സ്വന്തം അറിവിന്റെയും അനുഭവങ്ങളുടെയും ആഗ്രഹങ്ങളുടേയുമൊക്കെ ആകെത്തുകയാണ് ഒരാളുടെ കാഴ്ചപ്പാടിലൂടെ വെളിവാക്കുന്നത്. അത് സധൈര്യം പ്രകടിപ്പിക്കുന്നതിലും അതിൽ ഉറച്ചു നിൽക്കാൻ ശ്രമിക്കുന്നതിലും അതിനായി തർക്കവിതർക്കങ്ങളിൽ ഏർപ്പെടുന്നതിലും തെറ്റുണ്ടെന്നു പറയാനാവില്ല. എന്നാൽ തന്റെ അതെ കാഴ്ചപ്പാട് മറ്റുള്ളവർക്കും ഉണ്ടാകണമെന്ന് ശാഠ്യംപിടിക്കുന്നത് തെറ്റാണ്.

തന്നിൽ നിന്നും വ്യത്യസ്ത അഭിപ്രായമുള്ള മറ്റൊരാൾക്ക്‌ അയാളുടെ ഭാഗം ന്യായീകരിക്കാനും സ്വന്തം പക്ഷത്ത് ഉറച്ചു നിൽക്കാനും പ്രേരിപ്പിക്കുന്നപല ഘടകങ്ങളും ഉണ്ടാകും.നമ്മുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന അറിവിനും
അനുഭവങ്ങൾക്കും ആഗ്രഹങ്ങൾക്കുമപ്പുറം തീവ്രമായ പല അനുഭവങ്ങളിലൂടെയാകും അവരുടെ കാഴ്ച്ചപ്പാടുകൾ രൂപപ്പെട്ടിട്ടുണ്ടാവുക. എല്ലാത്തിന്റെയും ഏകവും അവസാനവുമായ വീക്ഷണം നമ്മുടേതാകണമെന്ന് എങ്ങനെ ശഠിക്കാൻ കഴിയും. ഉപാദിരഹിതമായി മറുപക്ഷത്തെ മനസിലാക്കാനുള്ള കഴിവ് നാം ആർജിക്കണം.

വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ അവ നമ്മുടെ പാരമ്പര്യത്തേയും പവിത്രതയേയും നശിപ്പിക്കാൻ വന്ന കടന്നു കയറ്റക്കാരായി കാണാതെ , അവ പറയുന്നവരെ കൺകാണിതറയുടെ ചുറ്റും ഉയരത്തിൽ നാം കെട്ടിയ മതിലുകൾ കൊണ്ട് പരീക്ഷിക്കാതെ വിഷം പുരട്ടിയ ഖഡ്ഗങ്ങൾ കൊണ്ട് അവരെ മുറിവേൽപ്പിക്കാതെ, അവരുടെ പക്ഷമെന്തെന്ന് മുൻവിധികളില്ലാതെ കേൾക്കാൻ തയ്യാറാകുക. അവർ പറയാൻ ആഗ്രഹിക്കുന്നതെന്തെന്നു വ്യക്തമാക്കാൻ കുറഞ്ഞത് ഒരവസരമെങ്കിലും നൽകുക. അവരുടെ അറിവിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ നമ്മുടെ അഭിപ്രായങ്ങളെ പുനപരിശോധിക്കുക. ഒരുപക്ഷെ നമ്മുടെ വീക്ഷണങ്ങൾ മാറിയേക്കാം.

വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നാം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗമാണ് മറുപക്ഷം കേൾക്കുക എന്നത്. ഭർത്താവും ഭാര്യയും തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, ബന്ധുക്കളും അയൽക്കാരും അപരിചിതരും എന്നു വേണ്ട അഭിപ്രായവ്യത്യാസത്താൽ, പരസ്പരധാരണക്കുറവിനാൽ പ്രശ്നങ്ങളിലായിരിക്കുന്ന സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട ഏതൊരാൾക്കും ഒട്ടും പണച്ചിലവില്ലാതെ പരീക്ഷിക്കാൻ കഴിയുന്ന മാർഗ്ഗമാണിത്. ഏത് പ്രശ്നത്തിൽ അകപ്പെട്ടാലും എതിരാളിയുടെ നേരെ നമ്മുടെ സർവ്വശക്തിയും ഉപയോഗിച്ച് പോരാടി അവരെ നിഷ്പ്രഭരാക്കാൻ പരിശ്രമിക്കുന്നതിനു മുൻപ് അവർക്ക് പറയാനുള്ളത് എന്തെന്ന് വിശദീകരിക്കാൻ ഒരൽപ്പം സമയം നൽകുക. അവരുടെ മേലെ ആരോപിക്കപ്പെട്ടിരിക്കുന്നത് എത്ര വലിയ കുറ്റമാണെങ്കിലും എന്തിനത് ചെയ്തു എന്നു വ്യക്തമാക്കാൻ അവർക്ക് അവസരം നൽകുക. ഒരുപക്ഷെ കൂടുതൽ വ്യക്തമായ, കൂടുതൽ മാനുഷീകമായ മറ്റൊരു കാഴ്ച്ചപാടിലൂടെ സംഭവങ്ങൾ മനസിലാക്കാൻ അത് നമ്മെ സഹായിക്കും.

മറുപക്ഷത്തേ മനസിലാക്കുന്നത് പ്രശ്നപരിഹാരത്തിനുള്ള വഴി തെളിക്കുന്നതിനൊപ്പം പരസ്പര ബഹുമാനം വർധിപ്പിക്കാനും നമ്മുടെ കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവരാനും സഹായിക്കും. അത് നമ്മുടെ അറിവിനും അനുഭവങ്ങൾക്കുമൊപ്പം മറ്റനവധി അറിവും അനുഭവങ്ങളും ചേർത്ത് വച്ച് നമ്മെ കൂടുതൽ വിശാല വീക്ഷണത്തി ന്റെ ഭാഗമാക്കാനും സഹായിക്കും. മറ്റൊരാൾക്കായി തുറന്നു വെയ്ക്കുന്ന കാതുകൾ അതിന്റെ കേൾവിയുടെ ദ്വാരം വഴി നമ്മുടെ അനുഭവങ്ങളുടെ നിലവറയിൽ അമൂല്യസമ്പത്ത് നിറയ്ക്കും അതിനാൽ ഞാനാണ് ശരിയെന്ന ഇലാമ പഴത്തിന്റെ മധുരിമയിൽ മതിമറക്കാതെ കാഴ്ച പകരുന്ന ഇലാമ വിത്തിനെ സ്വീകരിക്കാൻ മനസൊരുക്കുക കാതുകളും ഉൾകണ്ണും മറ്റുള്ളവർക്കായി തുറന്നു വയ്ക്കുക. പക്ഷവും മറുപക്ഷവും സന്ധിക്കട്ടെ…

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.