Follow the News Bengaluru channel on WhatsApp

അക്ഷരലോകത്തേക്ക് ആകര്‍ഷിച്ച ചൊക്കസാന്ദ്രയിലെ പ്രോഗ്രസ്സിവ് ലൈബ്രറി

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മുപ്പത്തിരണ്ട്
🔵

മൈനി പ്രിസിഷന്‍ പ്രൊഡക്ട്‌സില്‍ ജോലിചെയ്യുമ്പോഴും കുറച്ചുകാലം ദാസറഹള്ളിയിലെ സഞ്ജീവപ്പ കോമ്പൗണ്ടില്‍ അമ്മാമനോടൊപ്പമായിരുന്നു എന്റെ താമസം. കൂടെ അമ്മാമന്റെ സഹപ്രവര്‍ത്തകനായ പാലക്കാട് പറളി സ്വദേശി കണ്ണേട്ടനുമുണ്ട്. ഞാന്‍ ഫാക്ടറിയില്‍ യൂണിയന്റെ നേതാവായ കാര്യം അമ്മാമന്‍ എങ്ങനെയോ അറിഞ്ഞു.’എന്താ നിന്റെ ഉദ്ദേശം? എന്തെങ്കിലും ജോലി പഠിച്ച് നന്നാവാന്‍ നോക്കുന്നോ അതോ നശിക്കാന്‍ തീരുമാനിച്ചോ? ഇത് നിന്റെ നാടല്ല ഇഷ്ടംപോലെ നടക്കാന്‍. അന്യനാടാ. നീയാരാ വല്യ യുണിയന്‍ നേതാവാകാന്‍ ? കൈയും കാലും വെട്ടി അവര്‍ കാട്ടില്‍ കൊണ്ടുപോയിട്ടാല്‍ ഒരുത്തനും ചോദിക്കൂല്ല. അവരൊക്കെ വലിയ വലിയ ആള്‍ക്കാരാ..നിനക്കാരാ ഉള്ളത്? എന്താ ഉള്ളത്? എന്തെങ്കിലും പറ്റിയാല്‍ നിന്റെ അച്ഛനോടും അമ്മയോടും ഞാനെന്താ പറയാ? എന്തെങ്കിലും ജോലിചെയ്ത് നന്നായിക്കോട്ടെ എന്നുവിചാരിച്ച് ഈ അന്യനാട്ടില്‍ കൂട്ടികൊണ്ടുവന്നതിന് എന്നെ കുഴപ്പത്തിലാക്കുന്നോ? യുണിയനും വേണ്ട കൂനിയനും വേണ്ട ..നാളെത്തന്നെ ഒഴിവാക്കിക്കോളണം എല്ലാം …

‘അമ്മാമന്റെ  ശകാരം അങ്ങനെ നീണ്ടുപോയി. ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്ന് എല്ലാം കേട്ടുനിന്നു. ഞാന്‍ അമ്മാമനെ ബുദ്ധിമുട്ടിക്കുകയാണെന്ന കുറ്റബോധം എനിക്കുണ്ട്. പക്ഷെ യുണിയന്‍ നേതൃത്വം ഒഴിവാക്കാനാവില്ല. അതുമാത്രവുമല്ല കുറച്ചു സ്വാതന്ത്ര്യം വേണമെന്നും അമ്മാമന്റെ അടുത്തുനിന്ന് മാറിത്താമസിക്കണമെന്നും ഞാന്‍  ആഗ്രഹിച്ചിരുന്നു. അമ്മാമനെ പിണക്കാതെ എന്തോ കാരണം പറഞ്ഞു താമസം മാറി. അതിനകം സുഹൃത്തായ പറശ്ശിനിക്കടവ് സ്വദേശി വിനോദ്കുമാറിന്റെ കൂടെ പീന്യയിലേക്കാണ് മാറിയത്. (വര്‍ഷങ്ങള്‍ക്കുമുമ്പ് ബെംഗളുരു വിട്ട വിനോദ്കുമാര്‍ ഇപ്പോള്‍ എവിടെയാണാവോ?) അവിടെനിന്ന് ചൊക്കസാന്ദ്രയിലെത്തി രണ്ടുമൂന്നു സുഹൃത്തുക്കളോടൊപ്പം മാറിമാറി താമസിച്ചു. മിനികേരളമായിരുന്നു അക്കാലത്ത് ചൊക്കസാന്ദ്ര. ചെറുതും വലതുമായ വാടകവീടുകളിലെ താമസക്കാരെല്ലാം മലയാളികളായിരുന്നു. പീന്യയിലെ സ്വകാര്യഫാക്ടറികളിലെ ജോലിക്കാരായ അവരേറെയും യുവാക്കളായിരുന്നു. പ്രോഗ്രസ്സിവ് ലൈബ്രറി എന്നൊരു മലയാളി കൂട്ടായ്മയുണ്ടായിരുന്നു ചൊക്കസാന്ദ്രയില്‍. പ്രധാനമായും വായനശാല തന്നെ. അതിനിടയില്‍ ഞാനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ചൊക്കസാന്ദ്രയില്‍ ഒരു ചെറിയ വീട്  വാടകയ്‌ക്കെടുത്തിരുന്നു.

അക്കാലത്ത് പ്രോഗ്രസിവ് ലൈബ്രറിയില്‍ അംഗത്വമെടുത്തു. ഡിഫന്‍സില്‍ നിന്നും വിരമിച്ച ഗോപിനാഥന്‍നായരായിരുന്നു പ്രസിഡണ്ട്. ആകാശവാണി ഉദ്യോഗസ്ഥനായ കെ.എം. പിളള സെക്രട്ടറിയും. കേരളത്തിലെ മിക്ക  ജില്ലകളില്‍ നിന്നുമുള്ള നിരവധി പേര്‍ ലൈബ്രറിയില്‍ അംഗങ്ങളായിരുന്നു. അക്കൂട്ടത്തില്‍ നാടകനടന്മാരും എഴുത്തുകാരും ചിത്രകാരന്മാരും പാട്ടുകാരുമൊക്കെയുണ്ട്. പലരെയും പരിചയപ്പെട്ടു. പിന്നീട് അടുത്ത സുഹൃത്തായി മാറിയ വി. സോമരാജനെ പ്രോഗ്രസ്സീവ് ലൈബ്രറിയില്‍ വെച്ചാണ് പരിചയപ്പെട്ടത്. എല്ലാ ഞായറാഴ്ചകളിലും ലൈബ്രറിയില്‍നിന്നു  പുസ്തകങ്ങളെടുത്ത് വായിച്ചു. നാട്ടില്‍ വെച്ച് മുട്ടത്തുവര്‍ക്കിയിലും കോട്ടയം പുഷ്പരാജിലുമൊക്കെ ഒതുങ്ങിയിരുന്ന എന്റെ വായന ബഷീറിലും തകഴിയിലും എംടിയിലുമൊക്കെ എത്തിയത് ഇവിടെവെച്ചാണ്. മമധ്വനി എന്നൊരു കൈയെഴുത്ത് മാസികയും പ്രോഗ്രസ്സീവ് ലൈബ്രറി നടത്തിയിരുന്നു. ഞാന്‍ എഴുത്തിലേക്ക് പ്രവേശിച്ചതും ഇവിടെവെച്ചാണ്. ആദ്യരചനകള്‍ മമധ്വനിയിലാണ് പ്രസിദ്ധീകരിച്ചത്.

പീന്യയിലെ ഫാക്ടറിയിലെ യുണിയന്‍ പ്രവര്‍ത്തനവും ചൊക്കസാന്ദ്രയിലെ മലയാളി കേന്ദ്രത്തിലെ താമസവും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. രണ്ടും രണ്ട് പ്രത്യേക ലോകങ്ങളായിരുന്നു. മൈനി പ്രിസിഷനില്‍ മുപ്പതോളം മലയാളികളുണ്ടായിരുന്നെങ്കിലും അതില്‍ നാലഞ്ചു പേരെ ചൊക്കസാന്ദ്രയില്‍ താമസമുണ്ടായിരുന്നുള്ളൂ. എങ്ങനെയാണെന്നറിയില്ല, അംഗത്വമെടുത്ത് രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രോഗ്രസ്സിവ് ലൈബ്രറിയുടെ സെക്രട്ടറിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗോപിനാഥന്‍ നായരായിരുന്നു പ്രസിഡണ്ട്. അദ്ദേഹവുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. (അന്നത്തെ കമ്മിറ്റിയിലുണ്ടായിരുന്ന നാരായണേട്ടന്‍, പോള്‍,വിജയന്‍, മുരളി എന്നിവര്‍ ബെംഗളൂരുവിൽ തന്നെയുണ്ട്. അവരെ വല്ലപ്പോഴും കാണാറുണ്ട്. ഗോപിനാഥന്‍നായരും മധുവും ഈ ലോകം വിട്ടുപോയി. മറ്റുള്ളവര്‍ നാട്ടിലാണ്. അവരുമായുള്ള സൗഹൃദത്തിന്റെ കണ്ണി വിച്ഛേദിക്കപ്പെട്ടുപോയി.

ഗോപിനാഥന്‍ നായരുടെ മൂത്തമകന്‍ ജയബാലന്‍ ബെംഗളൂരുവില്‍ തന്നെയുണ്ട്. വല്ലപ്പോഴും കാണാറുള്ള അദ്ദേഹം എഫ്ബിയിലെ സൗഹൃദപട്ടികയിലുണ്ട്. ഇളയമകന്‍ ശശിയുമായായിരുന്നു എനിക്ക് കൂടുതല്‍ അടുപ്പം. ആ യുവാവ് അകാലത്തില്‍ ഈ ലോകം വിട്ടുപോയി). ലൈബ്രറി നടത്തിപ്പില്‍ മുന്‍ പരിചയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഗോപിനാഥന്‍നായരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഭാരവാഹിത്വം വഹിച്ച കാലയളവില്‍ കുറെയൊക്കെ തൃപ്തികരമായാണ് പ്രവര്‍ത്തിച്ചത്. ലൈബ്രറിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോഴാണ് രാമപുരത്തിന്റെ കഥ എന്ന നോവല്‍  മംഗളം അവാര്‍ഡിന് അര്‍ഹമായത്.  നോവല്‍ മംഗളം വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചു എന്നുമാത്രമല്ല സമൂഹത്തിലെ ചില വിഭാഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദം സൃഷ്ടിക്കുകയും ചെയ്തു. ആ നോവലെഴുതിയ സുധാകരന്‍ രാമന്തളി ബെംഗളൂരുവിലാണെന്ന് മനസിലാക്കിയ ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ട് പരിചയപ്പെട്ടു. നോവല്‍ മംഗളത്തില്‍ കത്തിക്കേറിക്കൊണ്ടിരുന്നു. ഞങ്ങള്‍ പ്രോഗ്രസ്സിവ് ലൈബ്രറിയില്‍ സുധാകരന്‍ രാമന്തളിയ്ക്ക് ഒരു സ്വീകരണം നല്‍കി. സ്വീകരണത്തിനുശേഷം അദ്ദേഹം ഞാന്‍, വര്‍ഗീസ്, രാമന്‍കുട്ടി എന്നിവരൊടൊപ്പം താമസിക്കുന്ന വാടകമുറിയിലേക്ക് വന്നു. നന്നായി ബീഫ് ഫ്രൈ ഉണ്ടാകുന്ന ആളാണ് വര്ഗീസ്. സുധാകരന്‍ രാമന്തളി അന്ന് ഞങ്ങളോടൊപ്പം ബീഫ് ഫ്രൈ ഒക്കെ കൂട്ടി ഊണ് കഴിച്ചിട്ടാണ് തിരിച്ചുപോയത്. (തിരുവല്ല സ്വദേശിയായ വര്‍ഗീസ് ബെംഗളൂരു വിട്ടുപോയിട്ട് വര്‍ഷങ്ങള്‍ പലതായി. സൗഹൃദത്തിന്റെ കണ്ണി മുറിഞ്ഞുകിടക്കുകയാണ്).

പ്രോഗ്രസ്സിവ് ലൈബ്രറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് മലയാളത്തിലെ ക്ലാസിക്കുകള്‍ പലതും വായിച്ചത്. ഓരോ തവണ നാട്ടില്‍പോകുമ്പോഴും പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി കൊണ്ടുപോകും. കോഴിക്കോട് ഡിസി ബുക്ക്‌സില്‍ നിന്നാണ് പുസ്തകങ്ങള്‍ വാങ്ങിയിരുന്നത്. നാട്ടില്‍നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത പുസ്തകക്കെട്ടുണ്ടാവും. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പും വാങ്ങലും അതൊക്കെ ബെംഗളൂരുവിലേക്ക് കൊണ്ടുവരലും വളരെ ആസ്വദിച്ചുചെയ്ത ജോലിയാണ്. പ്രോഗ്രസ്സിവ് ലൈബ്രറിയില്‍ നിന്ന് ഒരുദിവസം നാനൂറു പുസ്തകങ്ങള്‍ വരെ അംഗങ്ങള്‍ വായിക്കാനെടുത്ത ചരിത്രമുണ്ടെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ നമുക്ക് അവിശ്വസനീയമായി തോന്നും. എന്നാല്‍ അതൊരു യാഥാര്‍ഥ്യമായിരുന്നു.

ചൊക്കസാന്ദ്രയില്‍ മാത്രം ആയിരക്കണക്കിന് മലയാളികളുണ്ടായിരുന്നു . അറിവുനേടാനായാലും നേരമ്പോക്കിനായാലും വായന മാത്രമായിരുന്നു അക്കാലത്ത് ലഭ്യമായിരുന്ന ഏക സാധ്യത. അതുകൊണ്ടാണ് ഓരോരുത്തരും ദിവസേനയെന്നോണം ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ വായിക്കാനെടുത്തിരുന്നത്. സാധാരണ അംഗമായും കമ്മിറ്റി അംഗമായും സെക്രട്ടറിയായും ഒക്കെ ഞാന്‍  നാലഞ്ചുവര്‍ഷം പ്രോഗ്രസ്സീവ് ലൈബ്രറിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടയിലാണ് ഫാക്ടറിയിലെ തൊഴിലാളി യുണിയന്‍ സെക്രട്ടറി പദവിയ്ക്ക് പുറമെ യൂണിയന്റെ കേന്ദ്രകമ്മിറ്റിയില്‍ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കും ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. എന്നും വൈകീട്ട് പീന്യയില്‍നിന്ന് ഏറെ അകലെ ലാല്‍ബാഗിന് സമീപം ഡബിള്‍ റോഡിലുള്ള ഓഫീസില്‍ പോകേണ്ടിയിരുന്നു ഉത്തരവാദിത്ത്വങ്ങള്‍ വര്‍ധിച്ചതിനാല്‍ പിന്നീട് ലൈബ്രറി കാര്യങ്ങളില്‍ എനിക്ക് ശ്രദ്ധിക്കാന്‍ സാധിച്ചില്ല. ഭാരവാഹിത്വം വഹിച്ചുമില്ല. ആ കൂട്ടായ്മയില്‍ പിന്നീട് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായി. ലൈബ്രറിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാവുകയും ക്രമേണ ആ പ്രസ്ഥാനം നശിക്കുകയും ചെയ്തു. എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടതില്‍ പ്രോഗ്രസ്സിവ് ലൈബ്രറി വഹിച്ച പങ്ക് വളരെ വലുതാണ്.

അടുത്ത ലക്കത്തിൽ:

തരബനഹള്ളിയിലെ മാസ്റ്ററും
നടുക്കംകൊള്ളിച്ച ഒരാഘാതവും


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.