Follow the News Bengaluru channel on WhatsApp

യഥാര്‍ഥ യജമാനന്‍

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിയൊമ്പത്

ഗുരുവും ശിഷ്യന്മാരും യാത്രയിലായിരുന്നു. തത്വചിന്തയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശിഷ്യന്മാരുടെ ചിന്താമണ്ഡലത്തിൽ വിതറി അവയെ യഥാർഥ സംഭവങ്ങളുടെ സഹായത്താൽ വിശദീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്ത് പൂർണ്ണ ജ്ഞാനം ലഭ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഗുരുകുലവാസ സമ്പ്രദായവും പുസ്തകാധിഷ്ഠിത അധ്യയന രീതിയും പഴഞ്ചനും ഉപയോഗശൂന്യവുമാണെന്ന ചിന്തയാണ് അനുഭവാധിഷ്ഠിത വിദ്യാസമ്പാദനം എന്ന പുതിയ സങ്കേതത്തിലേക്ക് ആദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

‘ജീവിതത്തിന്റെ കടിഞ്ഞാൺ ആരുടെ കയ്യിൽ’? എന്നതായിരുന്നു അന്നത്തെ ചിന്താവിഷയം. ചർച്ചകളിലൂടെ അവർ യാത്ര തുടർന്നു.

വഴിമദ്ധ്യേ പശുവിനെ തെളിച്ചുകൊണ്ട് പോകുന്ന ഒരു കർഷകൻ അവരുടെ സമീപമെത്തി. ഗുരുവിന്റെ നിർദ്ദേശാനുസരണം ശിഷ്യന്മാരിലൊരാൾ പശുവിനെയും കർഷകനെയും  തടഞ്ഞുനിർത്തി.

“ഇവരിൽ ആരാണ് മറ്റേയാളേ നിയന്ത്രിക്കുന്നത്.” ?-ഗുരു ചോദിച്ചു.

“സംശയമെന്താണ് കൃഷിക്കാരൻ തന്നെ” ശിഷ്യന്മാർ മറുപടി പറഞ്ഞു.

“അതെങ്ങനെ നിസംശയം പറയാൻ സാധിക്കും. ?” ഗുരു.

“ഗുരോ പശുവിന്റെ യജമാനനാണ് ഈ കർഷകൻ. അയാളാണ് അതിനെ നയിക്കുന്നത്, നോക്കു കയർ പിടിച്ചിരിക്കുന്നതും അയാൾത്തന്നെ അതുകൊണ്ട് പശു കൃഷിക്കാരനാൽ  നിയന്ത്രിക്കപ്പെടുന്നു എന്ന്‌ സംശയലേശ്യമന്യെ ഉറപ്പിക്കാം.”ശിഷ്യന്മാർ മറുപടി പറഞ്ഞു.

മറുത്തൊന്നും പറയാതെ ഗുരു പശുവിന്റെ അടുക്കൽ ചെന്ന് അതിനെ കയറിൽ നിന്നും വിടുതൽ ചെയ്തു. ഒപ്പം കൈകൊണ്ട് അതിന്റെ പുറത്തടിച്ച് അതിനെ ദൂരേക്ക് ഓടിച്ചു വിട്ടു. പശു നിർത്താതെ ഓടാൻ തുടങ്ങി.

“നിങ്ങളെന്തു ഭ്രാന്താണ് കാണിക്കുന്നത്” എന്ന്‌ അരിശത്തിൽ പറഞ്ഞുകൊണ്ട് കർഷകൻ  പശുവിന്റെ പുറകെ ഓടി.

“ഇപ്പോൾ ആരാണ് മറ്റേയാളേ നിയന്ത്രിക്കുന്നത്” ഗുരു ചോദിച്ചു. ശിഷ്യന്മാർ നിശബ്ദത പൂണ്ടു.

നമ്മുടെ ജീവിതവും ഇങ്ങനെയാണ്. ഇന്ന് നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കുന്ന ഒന്ന് (ഒരാൾ) നാളെ എന്തായി തീരുമെന്ന് നമുക്ക് പ്രവചിക്കാനാകില്ല. നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നാം കരുതുന്നത് പലതും ക്ഷണികമായിരിക്കാം. അല്ലെങ്കിൽ അവയൊന്നും യഥാർഥത്തിൽ നമ്മുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നവയെ അല്ലായിരിക്കാം. നാം മറ്റുള്ളവരെയാണോ മറ്റുള്ളവർ നമ്മെയാണോ നിയന്ത്രിക്കുന്നതെന്നു എങ്ങനെ ഉറപ്പിക്കാൻ കഴിയും?. നാളെ ആര് നമ്മെ നിയന്ത്രിക്കുമെന്നും പറയാനാകില്ല. നേരമൊന്ന് ഇരുട്ടിവെളുത്താൽ പലതും മാറി  മറിഞ്ഞേക്കാം. അതുകൊണ്ട് അധികാരത്തിന്റെ പുറമോടിയിൽ അഭിരമിക്കാതെ എപ്പോഴും ബന്ധങ്ങളിൽ ഊഷ്മളത പുലർത്താൻ ശ്രമിക്കുക.

നാം ഒപ്പം കൊണ്ടുനടക്കുന്ന പലതും (പലരും) നമ്മെ ആഗ്രഹിക്കുന്നത് കൊണ്ട് കൂടെ വരുന്നവരല്ല. നാം ആഗ്രഹിക്കുന്നതുകൊണ്ട് ഒപ്പം നിൽക്കുന്നതാണ്. നാളെ അവർ സ്വന്തം വഴി തിരഞ്ഞെടുക്കുമ്പോൾ അതിൽ എതിർശബ്ദം ഉയർത്താൻ നോക്കാതെ അവരുടെ തീരുമാനത്തിനെ അംഗീകരിക്കാൻ ശീലിക്കുക. നാം അവരെ തിരഞ്ഞെടുത്തത് പോലെ അവർക്ക് മറ്റൊന്നിനെ തിരഞ്ഞെടുക്കാനും നമ്മെ ഉപേക്ഷിക്കാനും അവകാശമുണ്ട്.
ബന്ധങ്ങളുടെ കയറുകൊണ്ട് നാം തളച്ചിട്ടിരിക്കുന്ന ചില ജീവിതങ്ങളുണ്ട്. അവയ്ക്കും സ്വാതന്ത്ര്യത്തിന് ആഗ്രഹമുണ്ടാകാം. കെട്ടുകൾ അഴിച്ചു വിടുക സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥരാകാൻ അവരെ അനുവദിക്കുക.

ഒരുപക്ഷെ മറ്റൊരാൾ കെട്ടിയ ചങ്ങലയുടെ പരിമിതികളിൽ ആയിരിക്കും നാമിപ്പോൾ ജീവിക്കുന്നത്. ആ ചങ്ങലയുടെ പേര് പ്രണയമെന്നോ, വിവാഹമെന്നോ സൗഹൃദമെന്നോ രക്തബന്ധമെന്നോ ഒക്കെയാകാം. അവ നമുക്ക് നൽകുന്നത് യഥാർഥത്തിൽ നാം ആഗ്രഹിക്കുന്ന ജീവിതം തന്നെയാണോ എന്ന് ചിന്തിക്കുക. മറ്റൊരാളുടെ ഇച്ഛകൾക്ക് അനുസരിച്ചാണ് നിങ്ങളുടെ ജീവിതമെങ്കിൽ കെട്ടിയിടപ്പെട്ട പശുവിനെ പോലെ നിങ്ങൾ അകപ്പെട്ടിരിക്കുന്നു എന്നർത്ഥം. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ തകർന്നു വീഴുമ്പോഴാണ് നമുക്ക് നമ്മുടെ യജമാനത്വം തിരികെ ലഭിക്കുന്നത്.

സ്വന്തം യജമാനനാകാൻ പരിശീലിക്കുക.

 

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.