Follow the News Bengaluru channel on WhatsApp

ഡിയർ ഫ്രണ്ട്

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

ഡിയർ ഫ്രണ്ട് എന്ന സിനിമ സത്യത്തിൽ ഒരു പാഠമായിരുന്നു. അത് ഇത്രയധികം ഹൃദയത്തോട് ചേർന്നതിന് കുറച്ചധികം കാരണങ്ങളുണ്ട്. കാണുന്നതും കേൾക്കുന്നതും ഒന്നും എപ്പോഴും യഥാർഥ്യങ്ങൾ ആവണമെന്നില്ല എന്ന് ബോധ്യപ്പെടുത്തി തന്നത് കൊണ്ട്. നമ്മൾ പ്രിയപ്പെട്ടവർ എന്ന് കരുതുന്ന പലരും പെട്ടന്ന് ഒരു ദിവസം ഒന്നും പറയാതെ ഒരു വിശദീകരണം പോലും തരാതെ തിരിച്ചു നടക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ നേരിടേണ്ടിവരാം എന്ന മുന്നറിയിപ്പ് തന്നതിന്. ഇല്ലാത്ത കഥകൾ മെനഞ്ഞെടുത്ത് വിശ്വാസവും സ്നേഹവും നേടിയെടുത്ത് നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ച് ഒടുവിൽ അതിനെ ഏറ്റവും ക്രൂരമായി അവഗണിക്കുന്നവരെ ജീവിതത്തിൽ നേരിടേണ്ടി വരും എന്ന് കാണിച്ചു തന്നതിന്. മാനുഷികമായ പരിഗണനകൾ എല്ലാ ബന്ധങ്ങൾക്കും നൽകണം എന്ന് ഓർമ്മിപ്പിച്ചത് കൊണ്ട്. സിനിമ കണ്ട് തീർന്നപ്പോൾ യഥാർത്ഥത്തിൽ എന്റെയുള്ളിൽ മറ്റൊരു സിനിമ ജനിക്കുകയായിരുന്നു.

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, ബേസിൽ ജോസഫ് തുടങ്ങിയവർ കഥാപാത്രങ്ങളാകുന്ന കുറച്ചു കൂട്ടുകാരുടെ കഥയാണ് ഡിയർ ഫ്രണ്ട്. അതൊരുപാട് പറയുകയും നമ്മളെക്കൊണ്ട് ഒരുപാട് ചിന്തിപ്പിക്കുകയും ചില തിരിച്ചറിവുകൾ ഉണ്ടാക്കുകയും ചെയ്യും.

ശാരീരികമായും സാമ്പത്തികമായും ഒന്നും അല്ലാതെ ഒരാളെ വളരെ എളുപ്പത്തിൽ കാർന്നു തിന്നാൻ ചിലർക്ക് കഴിയും. ഒരാളെ വൈകാരികമായി ഏറെ തന്നിലേക്ക് അടുപ്പിച്ച് അയാളുടെ മനസിലേക്കിറങ്ങി നടന്ന് അയാളുടെ ഓരോ നിമിഷങ്ങളെയും തന്റേത് കൂടെയാക്കി പിന്നീട് പെട്ടന്നൊരു ദിവസം ആ ബന്ധങ്ങൾക്ക് വ്യക്തമായ ഒരു വിരാമമിടാതെ, മാനുഷികമായ യാതൊരു പരിഗണനകളുമില്ലാതെ കരുണയില്ലാതെ ഇറങ്ങിപ്പോകുന്നവർ നമ്മുടെയൊക്കെ ജീവിതത്തിൽ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. ആ ഓർമപ്പെടുത്തൽ മനസിനെ ഒന്ന് തൊട്ട് ഒരു തരിപ്പ് നമ്മളിൽ അവശേഷിപ്പിച്ചാൽ ഏതൊരു കലാസൃഷ്ടിയും നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കും.

ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ എന്ന് ജീവിതത്തിൽ ആരോടെങ്കിലും ഒരിക്കലെങ്കിലും പറയാത്തവർ ഉണ്ടാവില്ല. എന്തുകൊണ്ടാണ് മനുഷ്യർക്ക് അങ്ങനൊരു പരിഗണന തന്റെ സഹജീവികൾക്ക് കൊടുക്കാൻ സാധിക്കാത്തത്. കാരണങ്ങളുണ്ടാവാം, പക്ഷെ അങ്ങനൊരു പരിഗണന കൊടുക്കാൻ കഴിയുന്നതിനോളം നന്മ മറ്റൊന്നില്ലെന്ന് ഡിയർ ഫ്രണ്ട് നമ്മളോട് പറയും.

‘അയാൾ ഞാനല്ല’ എന്ന ആദ്യ സിനിമയിൽ നിന്നും ഡിയർ ഫ്രണ്ടിൽ എത്തുമ്പോൾ വിനീത് കുമാർ എന്ന കലാകാരനും സംവിധായകനും മാറ്റ് കൂടുകയാണ്. മഴ എന്ന സംഗീത ആൽബത്തിലെ ‘എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്ക്’ എന്ന് തുടങ്ങുന്ന പാട്ടും പഴയ സിനിമകളിലെ പൂച്ചക്കണ്ണനായ കുഞ്ഞു കുട്ടിയേയും ആണ് വിനീത് കുമാറിനെ ഓർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുക. ഇനിയും എന്തൊക്കെയോ പറയാനുണ്ട് എന്ന് പറഞ്ഞ് പൂർണതയ്ക്ക് ഇല്ലാത്ത സൗന്ദര്യം അപൂർണതയ്ക്ക് ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഹൃദയത്തിൽ എവിടെയോ ഒരു കൊളുത്തിട്ട് വലിച്ച് തീർന്നു പോയ ഡിയർ ഫ്രണ്ടിന്റെ പേരിൽ കൂടി ഇനി വിനീതിനെ ഓർക്കും.ഈ സിനിമയിലുണ്ടായിപ്പോയ പോരായ്മകളെ അറിഞ്ഞു കൊണ്ട് ഇനിയുള്ള സിനിമകളെ ഇതിനേക്കാളേറെ അഴകുള്ളതാക്കാൻ വിനീതിനു കഴിയും.
അദ്ദേഹത്തിന്റെ നാട്ടുകാരി കൂടെ ആയത് മറ്റൊരു സന്തോഷമാണ്.

ഡോ. കീർത്തി പ്രഭ

അതിഗംഭീരമായ ഒരു സിനിമയാണ് ഡിയർ ഫ്രണ്ട് എന്ന് ഒരിക്കലും പറയില്ല. കഥ പറച്ചിലിലെ ചില ഇഴച്ചിലുകളും സംശയങ്ങൾ അവശേഷിപ്പിച്ചതും ആശയങ്ങൾ വ്യക്തമായി പ്രേക്ഷകരിലേക്ക് പകരാൻ കഴിയാഞ്ഞതും ഒക്കെ പോരായ്മകളായി പറയാം. അതിലൊക്കെ ഉപരി ഒരു സിനിമ ജീവിതത്തിലെ പൊള്ളലുകളെ അതേപടി പകർത്തി എവിടെയൊക്കെയോ അതിനെ ഒന്ന് തലോടി മനസിന്‌ ചില ഉത്തരങ്ങളും തിരിച്ചറിവുകളും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് എന്റെ ഉള്ളിൽ ഒരു മികച്ച സിനിമയാണ്.

ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്നവർക്കല്ലാതെ ഈ വേദനകൾ സിനിമ കണ്ട എല്ലാവർക്കും മനസിലാക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് പലരുടെയും പ്രതികരണങ്ങൾ കണ്ടപ്പോൾ തോന്നിയിരുന്നു.ചിലപ്പോൾ അതാവാം സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടാതെ പോയത്.

വേനലിൽ കുഞ്ഞു തുള്ളിയായി പെയ്ത് ഒന്ന് കുളിർപ്പിച്ച് പിന്നീടൊരു പെരുമഴയായി, പ്രളയമായി നമ്മളിലൂടെ ഒഴുകി പെട്ടന്നൊരു ദിവസം ഒരു തുള്ളി പോലും അവശേഷിപ്പിക്കാതെ വരണ്ടു പോകുന്ന ബന്ധങ്ങൾ മനസിൽ ഉണ്ടാക്കുന്ന വിളളലുകൾ എല്ലാവരും അറിയണം.അങ്ങനെയുള്ളവർ എപ്പോൾ വേണമെങ്കിലും നമ്മളിലേക്ക് കടന്നു വരാം എന്ന് മനസിനെ പാകപ്പെടുത്താൻ,അത്രമാത്രം അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുന്നതും ഒരാളുടെ ആത്മാവിനെ തകർത്തു കളയുന്നതുമായ ഒന്നും മിണ്ടാതെ ഉള്ള ഇറങ്ങിപ്പോകലുകൾ മറ്റുള്ളവരോട് ചെയ്യാതിരിക്കാനുള്ള ഒരു തിരിച്ചറിവ് ഉണ്ടാകാൻ. ചിലപ്പോൾ നിങ്ങളറിയില്ല ഇന്നലെ വരെ നിങ്ങൾ ഒരാൾക്ക് നൽകിക്കൊണ്ടിരുന്ന നിങ്ങളുടെ സാമീപ്യം ഒരു നിമിഷം കൊണ്ട് നിങ്ങളിലേക്കുള്ള എല്ലാ വാതിലുകളും അടച്ചിട്ട് പൂർണമായും നിഷേധിക്കുമ്പോൾ അത് നേരിടുന്നയാളെ വൈകാരികമായി എത്രമാത്രം നശിപ്പിക്കും എന്ന്.

#MovieReview
#NBCinema
#FilmUpdates


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.