Follow the News Bengaluru channel on WhatsApp

മാറുന്ന ലോകവും മാറാത്ത മനുഷ്യരും

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്

തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിങ്ങ് കോളേജിന് മുന്നിലുള്ള ബസ്സ്റ്റോപ്പ് വലിയ മാധ്യമ ശ്രദ്ധ നേടിയത് അടുത്തിടെയാണ്. കൃത്യമായി പറഞ്ഞാൽ ബസ്‌റ്റോപ്പല്ല അതിലുള്ള ഒരു ബഞ്ചാണ് ശ്രദ്ധാകേന്ദ്രം. അവിടെ ഉണ്ടായിരുന്ന നീളമുള്ള ബഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്നു ശ്രദ്ധയിൽപ്പെട്ട സദാചാര സംരക്ഷകരാരോ ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന വലുപ്പത്തിൽ ആ ബെഞ്ച് മൂന്നായി മുറിച്ച് ബസ്‌റ്റോപ്പിൽ തന്നെ സ്ഥാപിച്ചു. കുറ്റം പറയരുതല്ലോ ഇഷ്ടം പോലെ സിമന്റ് ഉപയോഗിച്ചും വശങ്ങളിൽ ഇഷ്ടിക വച്ചും നന്നായി പണിയെടുത്താണ് കസേരയായി മാറ്റിയ അവിടെ ബെഞ്ചുകൾ സ്ഥാപിച്ചിരിക്കുന്നത്. ക്ലാസുകൾ കഴിഞ്ഞു വന്ന കുട്ടികൾ കാണുന്നത് ഇന്നലെവരെ ഒന്നായിരുന്ന ബെഞ്ച് മൂന്നു ഭാഗങ്ങളായി അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നതാണ്. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകു എന്ന ആകാംക്ഷയോടെ അന്വേഷിച്ച അവരറിഞ്ഞത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാനാണ് അങ്ങനെ ചെയ്തതെന്നാണ്.

തങ്ങളുടെ സൗഹൃദങ്ങളെ ചിലർ വികലമായ കണ്ണുകളോടെ കാണുന്നുവെന്നത് അവരുടെ ആത്മാഭിമാനത്തിനേറ്റ കളങ്കമായി അവർ കരുതി. തങ്ങളെ കുറ്റക്കാരാക്കിയ (അതി) സദാചാരവാദികൾക്ക് നേരെ യുവത്വത്തിന്റെ എല്ല ഊർജ്ജത്തോടും അതിശക്തമായി പ്രതികരിക്കാൻ അവർ തീരുമാനിച്ചു. കൂട്ടമായി ബസ്‌റ്റോപ്പിലേക്ക് എത്തിയ അവർ മുറിഞ്ഞ ബെഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നും, മടിയിൽ ഇരുന്നും ഫോട്ടോ എടുത്തു. “അടുത്തിരുന്നാലല്ലേ കുഴപ്പമുള്ളൂ മടിയിൽ” ഇരിക്കാമല്ലോ എന്ന അടിക്കുറിപ്പോടെ അവരത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു. പുരോഗമനവാദികളായ അനേകം ആളുകൾ കുട്ടികൾക്ക് പിന്തുണയുമായി രംഗത്തെത്തി. എതിർക്കാനും ആളുകൾ ഉണ്ടായിരുന്നു. നിമിഷ നേരംകൊണ്ട് സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി. വിദ്യാഭ്യാസ മന്ത്രിയടക്കം ഇടതും വലതുമുള്ള രാഷ്ട്രീയപ്രവർത്തകർ മനസ് തുറന്ന് കുട്ടികളെ അനുമോദിച്ചു. സദാചാര ഗുണ്ടായിസത്തിനെതിരെ കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ പ്രതിഷേധങ്ങളിലോന്നായി ആ ചിത്രങ്ങൾ മാറി.

ഇതിനിടക്ക് പക്ഷവും മറുപക്ഷവും തിരിഞ്ഞുള്ള യുദ്ധം സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയായിരുന്നു. വ്യക്തി സ്വാതന്ത്ര്യം, ലിംഗവിവേചനം ഇല്ലാതാക്കൽ, കൂടുതൽ മാനവീകമായ സമൂഹം എന്നീ കാരണങ്ങളാണ് ഇത്തരമൊരു പ്രതിഷേധത്തെ അനുകൂലിക്കുന്നവർക്ക് പറയാനുണ്ടായിരുന്നത്. യഥാസ്ഥിതികരുടെ കാര്യം എപ്പോഴത്തെയും പോലെ രസകരമായിരുന്നു. സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്‌താൽ നിങ്ങൾ ഇങ്ങനെ തന്നെ പിന്തുണക്കുമോ എന്നാണ് അവരുടെ ആദ്യചോദ്യം. ഇങ്ങനെ ബസ്‌റ്റോപ്പിൽ ഇരിക്കുന്ന പെൺകുട്ടികൾ മറ്റേതിലൊക്കെയോ മാറിപോയാൽ എന്ത് ചെയ്യുമെന്ന് ആശങ്കയാണ് രണ്ടാമത്തേത് ഏറെ നാളുകൾക്കു മുൻപേ മറ്റു പല രാജ്യങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട പാരമ്പര്യ വാദങ്ങളാണ് ഇത്തരക്കാർ പ്രയോഗിക്കുന്നത്..

ആൺകുട്ടികളും പെൺകുട്ടികളുംഒരുമിച്ചിരിക്കരുത് എന്നുള്ള ഏതെങ്കിലും തരത്തിലുള്ള നിയമം നമ്മുടെ നാട്ടിലില്ല. അതുകൊണ്ട് തന്നെ അങ്ങനെയൊരു നിർബന്ധം മുന്നോട്ട് വയ്ക്കുന്നവർ ആരായാലും ആരായാലും അത് എതിർക്കപ്പെടേണ്ടത് തന്നെയാണ്. ഭരണഘടനാ മൂല്യങ്ങളും പൊതു മൂല്യങ്ങളും തമ്മിലുള്ള യുദ്ധം ഭരണഘടനയെപ്പറ്റിയുള്ള ചർച്ചകളുടെ കാലം മുതലേ ഉള്ളതാണ്. സമൂഹം നിഷ്കര്ഷിക്കുന്ന മൂല്യ ബോധവും ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളും ഒന്നായിരിക്കണമെന്ന് അന്ന് ചർച്ചയുണ്ടായി. ഓരോ തലമുറയിലും മാറി മാറി വരുന്നതാണ് സാമൂഹിക മൂല്യങ്ങൾ. എന്നാൽ ഭരണഘടനാ മൂല്യങ്ങൾ അങ്ങനെ ആകാൻ പാടില്ല. അവ സ്ഥിരസ്വഭാവം പുലർത്തുന്നതാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ശരികളല്ല കൂടുതൽ സചലിതവും ക്രാന്തദർശിതവുമായ മൂല്യസങ്കൽപ്പങ്ങളാണ് ഭരണഘടനാ ശില്പികൾ തിരഞ്ഞെടുത്തത്.

സ്വാതന്ത്ര്യ ലബ്ദ്ധിയുടെ കാലത്ത് സമൂഹം ശരിയെന്നു കരുതിയിരുന്ന നിരവധി കാര്യങ്ങൾ ഇന്നത്തെ മുതിർന്ന തലമുറക്ക് തെറ്റായിട്ടാണ് അനുഭവപ്പെട്ടത്. അവർ അത് മാറ്റാൻ പരിശ്രമികുകയും വിജയിക്കുകയും ചെയ്തു. അതേ വ്യക്തികൾ ഇപ്പോൾ ശരിയെന്നു കരുതുന്ന ശരിയെന്നു കരുതുന്ന കാര്യങ്ങൾ ഇപ്പോഴത്തെ യുവതലമുറയ്ക്ക് തെറ്റായി അനുഭവപ്പെടുന്നു. ബസ്‌റ്റോപ്പ് വിഷയത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. സ്ത്രീ പുരുഷ ബന്ധങ്ങളിൽ കഴിഞ്ഞ കുറേ വര്ഷങ്ങളായി പ്രത്യേകിച്ച് വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തോടെ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ മനസിലാക്കാൻ യഥാസ്ഥിതീകരായ ആളുകൾക്ക് കഴിഞ്ഞിട്ടില്ല. ന സ്ത്രീ സ്വാതന്ത്ര്യമർഹിതി എന്ന മനുവാക്യം തന്നെയാണ് അവർക്ക് ആപ്തവാക്യം. സ്ത്രീ പുരുഷനേക്കാൾ കുറഞ്ഞവളാണെന്നും അതുകൊണ്ട് സംരക്ഷിക്കപ്പെടേണ്ടവളാണെന്നും അവർ കരുതുന്നു . അവരുടെ കണ്ണുകളിൽ സ്ത്രീക്ക് തിരഞ്ഞെടുക്കാൻ അവകാശങ്ങളില്ല. ആൺ പെൺ സൗഹൃദങ്ങളിൽ, കൗമാര പ്രണയങ്ങളിൽ, ഒരുമിച്ചുള്ള യാത്രകളിൽ അവർ ദർശിക്കുന്നത് ലൈംഗീകത മാത്രമാണ്. സ്ത്രീ പുരുഷന്റ ശരീരവിശപ്പ് തീർക്കാനുള്ള കനി മാത്രമായും പൊതിഞ്ഞു സൂക്ഷിക്കപ്പെടേണ്ട പലഹാരമായും അവർ വീക്ഷിക്കുന്നു. ഇക്കൂട്ടരേ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയിട്ടില്ലാത്തവർ എന്നല്ലാതെ എങ്ങനെയാണ് വിദേശിപ്പിക്കാനാകുക.

കാലത്തിന്റെ സ്വാഭാവിക നീതിയെന്നോ കാലഘട്ടത്തിന്റെ അനിവാര്യമായ
മാറ്റമെന്നോ, വിളിക്കാവുന്ന വിധം ആൺ പെൺ ബന്ധങ്ങളിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നാം ജീവിക്കുന്നത്. ഒരാൺകുട്ടി തന്റെ സുഹൃത്താണെന്ന് പറയാൻ, ആൺ സുഹൃത്തുക്കളോ ടൊപ്പം കറങ്ങാൻ, കാമുകനോപ്പം പൊതുഇടങ്ങളിൽ പ്രേമ സല്ലാപങ്ങളിൽ എർപ്പെടാൻ പെൺകുട്ടികൾ മടിച്ചിരുന്ന ഒരു കാലമുണ്ടായിരിന്നു. എന്നാൽ ഇപ്പോഴത്തെ തലമുറ അങ്ങനെയല്ല. അവർ പ്രണയിക്കുകയും പ്രണയിയ്ക്കപ്പെടുകയും പരസ്യമായി അത് പ്രകടിപ്പിക്കാൻ തയ്യാറാകുകയും ചെയ്യുന്നു. ലിംഗ വ്യതാസങ്ങളില്ലാതെ സൗഹൃദങ്ങളിൽ ഏർപ്പെടുന്നു മെട്രോകളിലും, പാർക്കുകളിലും റോഡരുകിലും, അവർ സ്നേഹപ്രകടനങ്ങൾ നടത്തുന്നു. ഇനി വരാൻ പോകുന്ന ഓരോ വർഷവും അത് കൂടിവരികയും ചെയ്യും. ഈ രാജ്യത്തെ ഒരു നിയമവും അത്തരമോരു പ്രവർത്തി കുറ്റമായി കണക്കാക്കാത്തിടത്തോളം കാലം അതിനെ എതിർക്കാൻ ഒരു യാഥാസ്ഥിതിക മൂല്യങ്ങൾക്കും അർഹതയില്ല. അശ്ലീലത കുറ്റകരമാക്കുന്ന ഐപിസി 294 വകുപ്പ് കാലത്തിന്റെ മാറുന്ന മൂല്യങ്ങൾക്കനുസരിച്ച് മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് സുപ്രീം കോടതി തന്നെ 1965 മുതൽ പല പ്രാവശ്യം നിരീക്ഷിച്ചിട്ടുണ്ട്. മുൻപ് സൂചിപ്പിച്ച ഭരണഘടനാ മൂല്യങ്ങളും സമൂഹമൂല്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമാണ് അതും.

കൂടുതൽ മാ’നവീക’മായ ലോകത്തേക്ക്, വ്യക്തി സ്വാതന്ത്രങ്ങളിലേക്ക് നമ്മുടെ ലോകം അതിവേഗം പാഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ വണ്ടിയിൽ കയറാൻ മടിക്കുന്ന മാമൂൽ പ്രിയരായി നാം മാറിക്കൂടാ. മുന്നോട്ട് കുതിക്കുന്ന സമൂഹത്തിനൊപ്പം മുന്നോട്ട്തന്നെ കുതിക്കാൻ നമുക്കാകണം. അല്ലങ്കിൽ യാഥാസ്ഥിതിക മൂല്യങ്ങളുടെ തടവറയിൽപെട്ട് നാം പിന്തിരിപ്പന്മാർ ആയിപ്പോകും. ലോകത്തെ പിന്നോട്ട് വലിക്കുന്ന പിന്തിരിപ്പന്മാരെ അല്ല അതിന്റെ കുതിപ്പിന് ഊർജ്ജം പകരുന്ന പുരോഗമന വാദികളെയാണ് കാലം ആഗ്രഹിക്കുന്നത്. അതുകൊണ്ട് സമൂഹത്തിന്റെ ഗതി വ്യത്യാസങ്ങളിലേക്ക് നമുക്ക് കണ്ണ് തുറന്നിരിക്കാം. മാറുന്ന ലോകത്തിനൊപ്പം മാറുന്ന മനുഷ്യനായി തീരാം.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.