Follow the News Bengaluru channel on WhatsApp

പത്രപ്രവര്‍ത്തനത്തിന്റെ ആത്മഹര്‍ഷത്തിലേക്ക്

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മുപ്പത്തിനാല്
🔵

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രസിഡന്റായിരുന്ന എച്ച്എംകെപിയില്‍ അഫിലിയേഷന്‍ ഉണ്ടായിരുന്ന ബാംഗ്ലൂര്‍ ലേബര്‍ യൂണിയന്റെ യൂണിറ്റാണ് മൈനി പ്രിസിഷന്‍ പ്രൊഡക്ട്സില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബിഎല്‍യുവിന്റെ പ്രസിഡണ്ട് മൈക്കിള്‍ ഫര്‍ണാണ്ടസ് എംഎല്‍എ. ജനറല്‍ സെക്രട്ടറി നന്ദന റെഡ്ഡി. യൂണിറ്റ് സെക്രട്ടറിയായ ഞാന്‍ ബിഎല്‍യു കമ്മിറ്റി അംഗമായിരുന്നു. യുണിയന്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ നന്ദനയുടെ വീട്ടിലും ഡബിള്‍ റോഡിലെ ബിഎല്‍യു ഓഫിസിലും ഞാന്‍ പോകും. അങ്ങനെ നന്ദനയുമായി കൂടുതല്‍ പരിചയമായി. ദേശീയ അവാര്‍ഡ് നേടിയ സംസ്‌കാര എന്ന ചിത്രത്തിന്റ സംവിധായകനായിരുന്നു നന്ദനയുടെ പിതാവ് പട്ടാഭി രാമറെഡ്ഡി. അടിയന്തരാവസ്ഥയില്‍ മരണമടഞ്ഞ സ്നേഹലതാ റെഡ്ഡിയാണ് മാതാവ്. നന്ദനയ്ക്ക് ഒരു സഹോദരനുണ്ട്, കൊണാര്‍ക്ക്. ഞാന്‍ ചെല്ലുമ്പോള്‍ പട്ടാഭിരാമ റെഡ്ഡി മിക്കപ്പോഴും വീട്ടിലുണ്ടാകും. ശൃംഗാര മാസ എന്ന ഒരു സിനിമയുടെ കടലാസുപണികളിലായിരുന്നു ഞാന്‍ ആദ്യമായി കാണുമ്പോള്‍ അദ്ദേഹം.

1983 ലാണ് മൈക്കിള്‍ ഫര്‍ണാണ്ടസ് ഭാരതീനഗറില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങളൊക്കെ പോയിരുന്നു. സംസ്ഥാനത്ത് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായി. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ സങ്കേതമായിരുന്ന നന്ദനയുടെ വീട്ടിലെ സന്ദര്‍ശകരായിരുന്നു ഹെഗ്ഡെയും മന്ത്രിമാരായ മറ്റുചില നേതാക്കളും. ജേണലിസത്തോടുള്ള എന്റെ താത്പര്യം അറിയാമായിരുന്ന നന്ദന ജേണലിസം പഠിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുതന്നു. കന്നഡപ്രഭ എഡിറ്റര്‍ കാദ്രി ശാമണ്ണ അടക്കം പലരെയും പരിചയപ്പെടുത്തിത്തരികയും ചെയ്തു. ജോര്‍ജ്ജ് ഫര്‍ണാണ്ടസ് പുറത്തിറക്കിയിരുന്ന ‘ദി അദര്‍ സൈഡ് ‘മാസികയുടെ ചില ജോലികള്‍ അവിടെയാണ് ചെയ്തിരുന്നത്. അതുമായി ബന്ധപ്പെട്ട ചില ചുമതലകളില്‍ നന്ദന എന്നെയും പങ്കാളിയാക്കിയിരുന്നു. ഇന്ത്യ ടുഡേയുടെ ലേഖകന്‍ രാജ് ചെങ്കപ്പ ബെംഗളുരുവിലെ അന്യസംസ്ഥാനക്കാരെക്കുറിച്ച് കവര്‍സ്റോറി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മലയാളികളെ കുറിച്ച് സംസാരിക്കാന്‍ നന്ദന എന്നെയാണ് ചുമതലപ്പെടുത്തിയത്. ചെങ്കപ്പ നന്ദനയുടെ വീട്ടില്‍ വെച്ച് എന്നെ ഇന്റര്‍വ്യൂ ചെയ്തു. അത് 1982 ലോ മറ്റോ ആണ്, ഇന്ത്യ ടുഡേയില്‍ വന്നിരുന്നു. (രാജ് ചെങ്കപ്പ പിന്നീട് ഇന്ത്യ ടുഡേ എഡിറ്റര്‍ ആയി ) ദീപിക, മാമാങ്കം, പൗരധ്വനി തുടങ്ങി അക്കാലത്തെ ചില പ്രസിദ്ധീകരണങ്ങള്‍ക്ക് ഞാന്‍ അയച്ചുകൊടുത്ത ഫീച്ചറുകളില്‍ ചിലത് അച്ചടിച്ചുവന്നു. വേണു കൊടുങ്ങല്ലൂരിന്റെ മരണവാര്‍ത്ത വൈകിയറിഞ്ഞ ഞാന്‍ കൊടുങ്ങല്ലൂരില്‍ പോയി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനമറിയിച്ച കാര്യം എഴുതിയിരുന്നല്ലോ. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

നന്ദന റെഡ്ഡി

ബെംഗളുരുവില്‍ മടങ്ങിയെത്തിയ ശേഷം ഞാന്‍ ഒരു ഫോട്ടോഗ്രാഫറെയും കൂട്ടി തരബനഹള്ളിയില്‍ ചെന്ന് വേണുവേട്ടന്‍ പഠിപ്പിച്ച കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും അയല്‍ക്കാരോടുമൊക്കെ സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ‘തരബനഹള്ളിയിലെ മാസ്റ്റര്‍’ എന്നൊരു ഫോട്ടോഫീച്ചര്‍ തയ്യാറാക്കി കേരളശബ്ദത്തിന് അയച്ചുകൊടുത്തു. വേണുവേട്ടന് കേരളശബ്ദവുമായി ബന്ധമുള്ളതിനാല്‍ അവരത് പ്രാധാന്യത്തോടെ കൊടുക്കുമെന്നായിരുന്നു എന്റെ ധാരണ (അക്കാലത്ത് കേരളശബ്ദത്തിന്റെ എഡിറ്റോറിയല്‍ പോളിസി എനിക്കറിയാമായിരുന്നില്ലല്ലോ) പിറ്റേ ആഴ്ചതന്നെ വേണു കൊടുങ്ങല്ലൂരിന്റെ മരണത്തെപ്പറ്റി വാര്‍ത്ത കൊടുത്തിരുന്ന കേരളശബ്ദം എന്റെ ഫീച്ചര്‍ പ്രസിദ്ധീകരിച്ചില്ല. കുറേദിവസം കഴിഞ്ഞപ്പോള്‍ കേരളശബ്ദത്തില്‍ നിന്നും ഒരു കത്തുകിട്ടി. താങ്കള്‍ അയച്ചുതന്ന ഫീച്ചര്‍ കിട്ടി ,നന്നായിട്ടുണ്ട്. പക്ഷെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാനാവില്ല. കര്‍ണാടകത്തില്‍ പ്രധാന സംഭവങ്ങളുണ്ടാകുമ്പോള്‍ എഴുതിയയക്കുക. പ്രസിദ്ധീകരണയോഗ്യമെങ്കില്‍ പ്രതിഫലം തരാം. ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. വേണുവേട്ടനെ കുറിച്ചുളള ഫീച്ചര്‍ പ്രസിദ്ധീകരിക്കാത്തതില്‍ വിഷമം തോന്നിയെങ്കിലും കത്ത് പ്രചോദനമായി. (അസോസിയേറ്റ് എഡിറ്റര്‍ ആര്‍ .പവിത്രനാണ് ആ കത്തയച്ചത്. അദ്ദേഹം പിന്നീട് അടുത്ത സുഹൃത്തായി) കേരളശബ്ദം പതിവായി വായിച്ച ഞാന്‍ ഇടക്കിടെ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും തയാറാക്കി അയച്ചു. ചിലതൊക്കെ അച്ചടിച്ചുവന്നു. പ്രതിഫലവും കിട്ടി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം മാനേജിങ് എഡിറ്റര്‍ ഡോ. ബി എ രാജകൃഷ്ണന്‍ ഫോണ്‍ ചെയ്തു സംസാരിച്ചു. എഴുതുന്നത് നന്നാകുന്നുണ്ടെന്നു പറഞ്ഞു. നല്ല വിഷയങ്ങള്‍ കണ്ടെത്തി എഴുതാന്‍ ആവശ്യപ്പെട്ടു (ഫാക്ടറിയിലെ ഫോണിലേക്കാണ് വിളിച്ചത്. യുണിയന്‍ സെക്രട്ടറി എന്നനിലയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ എനിക്കു അനുവാദമുണ്ടായിരുന്നു). പിന്നീട് കേരളശബ്ദം എന്നെ പാര്‍ട്ട് ടൈം ലേഖകനാക്കി. മാറ്ററുകള്‍ തയ്യാറാക്കാന്‍ ഫോണ്‍ വഴിയും കത്തിലൂടെയും നിര്‍ദ്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ തുടര്‍ച്ചയായി എഴുതിയയച്ചു. പലതും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു.

ഡോ. ബി എ രാജകൃഷ്ണന്‍

രണ്ടര വര്‍ഷം കടന്നുപോയി. ‘ശ്രദ്ധിക്കപ്പെടുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമെഴുതണം, പേരെടുക്കണം’ എന്റെ മനഃസാക്ഷി മന്ത്രിച്ചുകൊണ്ടിരുന്നു. പത്രപ്രവര്‍ത്തനമായിരുന്നു മനസ്സുനിറയെ. മുഴുവന്‍ സമയ ലേഖകനാകാന്‍ താത്പര്യമുണ്ടെന്ന് ഒരു ദിവസം ഫോണിലൂടെ ഡോക്ടറോട് പറഞ്ഞു. ‘ഇങ്ങോട്ടു വരൂ നമുക്ക് സംസാരിക്കാം’ എന്ന മറുപടി കേട്ടപ്പോള്‍ അതിയായ സന്തോഷം അനുഭവപ്പെട്ടു. കുറേനാളുകളായി ഞാന്‍ മനസില്‍ കൊണ്ടുനടന്ന കാര്യമായിരുന്നു അത്. ഫാക്ടറി ജോലിയും യുണിയന്‍ പ്രവര്‍ത്തനവും മടുത്തിരുന്നു. കേരളശബ്ദത്തില്‍ വലിയ വലിയ കാര്യങ്ങള്‍ എഴുതണമെന്നായിരുന്നു ആഗ്രഹം. ഫാക്ടറി ചെയര്‍മാനും ജേണലിസത്തില്‍ എനിക്ക് താത്പര്യമുള്ള കാര്യം അറിയാമായിരുന്നു . അച്ചടിച്ചുവന്ന ചിലത് അദ്ദേഹത്തെ കാണിച്ചിരുന്നു. ‘ഒരു ഫാക്ടറിയ്ക്കകത്ത് കെട്ടിയിടേണ്ട ആളല്ല താങ്കള്‍. ജേണലിസത്തില്‍ താങ്കള്‍ക്ക് നല്ലൊരു ഭാവിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്’. അദ്ദേഹം പറയാറുണ്ട്. കൊല്ലത്ത് എനിക്ക് നല്ല സ്വീകരണമാണ് കിട്ടിയത്. ഹോട്ടല്‍ കാര്‍ത്തികയില്‍ റൂം ബുക്ക് ചെയ്തിരുന്നു.

ഓഫിസില്‍ എല്ലാവര്‍ക്കും എന്നെ കുറിച്ചറിയാം. എന്റെ റിപ്പോര്‍ട്ടുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഡോക്ടറും പവിത്രന്‍ജിയും തെരഞ്ഞെടുക്കുന്ന മാറ്ററുകള്‍ അച്ചടിക്ക് പോകുന്നതിന് മുമ്പ് സമൂഹത്തിന്റെ വിവിധ മേഖലയില്‍ പെട്ട ഏഴംഗ സംഘം വായിച്ച് അഭിപ്രായം പറയുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു ഓഫിസില്‍. ആ ഉപദേശകസമിതിയ്ക്ക് എന്റെ മാറ്ററുകളെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. വായനക്കാരുടെ പരിച്ഛേദമായിരുന്നു അത്. ഫുള്‍ടൈം ലേഖകനായിട്ടാണ് ബെംഗളുരുവിലേക്ക് മടങ്ങിയത്. എനിക്ക് ഫാക്ടറിയില്‍ കിട്ടിക്കൊണ്ടിരുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളവും പുറമെ വീട്ടുവാടക, യാത്രപ്പടി, ഫോട്ടോ അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ഡോക്ടര്‍ അനുവദിച്ചിരുന്നു. ഭേദപ്പെട്ട വോളന്ററി റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തന്ന് ചെയര്‍മാന്‍ ഫാക്ടറിയില്‍ നിന്ന് എന്നെ റിലീവ് ചെയ്തു. മാനേജ്മെന്റും യുണിയനും ചേര്‍ന്ന് വികാരഭരിതമായ യാത്രയയപ്പ് നല്‍കി. മല്ലേശ്വരത്തെ ന്യൂ കൃഷ്ണഭവന്‍ ഹോട്ടലിലെ പാര്‍ട്ടി ഹാളിലായിരുന്നു യാത്രയയപ്പുയോഗം. അങ്ങനെ 1989 നവമ്പറില്‍ ഞാന്‍ മൈനി പ്രൊഡക്ട്സിനോടു വിടപറഞ്ഞു. തൊട്ടടുത്ത ദിവസം മുതല്‍ മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി. എന്നിട്ടോ ? അതൊരു സ്വപ്നസാഫല്യത്തിന്റെ വിജയഗാഥയാണ്.

ജാതകത്താളിലെ ജീവിതമുദ്രകൾ : മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.