Follow the News Bengaluru channel on WhatsApp

മഹാവീര്യർ

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

റിയാലിറ്റിയും ഫാന്റസിയും ഒന്നിച്ചു ചേരുന്ന സിനിമകൾ ഒരുപാട് ഉണ്ടായിട്ടുണ്ട് മലയാളത്തിൽ.എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈനും നിവിൻ പൊളിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം മഹാവീര്യർ അങ്ങനെയൊന്നാണ്. പക്ഷെ നേരത്തെ പുറത്തിറങ്ങിയ ഇത്തരം ചിത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തവുമാണ് ഈ ചിത്രം. നമ്മുടെ വ്യവസ്ഥിതിയോടും നിയമങ്ങളോടും പല വിധത്തിൽ കലഹിക്കുന്നുണ്ട് സിനിമ. രണ്ട് വ്യത്യസ്തങ്ങളായ കഥകൾ ഇഴകലർത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്. പുതുമയുള്ള, മലയാളത്തിൽ അപൂർവമായ ഒരു ടൈം ട്രാവലർ-ഫാന്റസി അന്തരീക്ഷം ആണ് സിനിമയിൽ.

പലരും പല രീതിയിൽ സമീപിക്കാൻ ഒരുപാട് അധികം സാധ്യതയുള്ള ചിത്രമാണിത്.പടം അത്ര പെട്ടന്ന് ആർക്കും ദഹിച്ചെന്നും മനസിലായെന്നും വരില്ല. അതാവാം വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും പ്രധാന കാരണം. പ്രമേയത്തിലും അവതരണത്തിലും സാങ്കേതികതളിലും ഒക്കെ പുതുവഴി വെട്ടിയ പ്രവണതകൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടും പരിഹസിക്കപ്പെട്ടിട്ടും ഉണ്ട്.

നിവിൻ പൊളിയുടെ കഥാപാത്രം അപൂർണമാണ്, അങ്ങനെയൊരു കഥാപാത്രത്തിന് സിനിമയിൽ എന്തു പ്രസക്തിയാണുള്ളത് എന്നൊക്കെയുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നു. അതിനൊക്കെ എബ്രിഡ് ഷൈൻ വ്യക്തമായ ഉത്തരങ്ങളും നൽകിയിട്ടുണ്ട്. ആ കഥാപാത്രം കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരിടത്തും സ്ഥിരമായി തങ്ങാതെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന കാലം. കാലം കയറിയിറങ്ങുമ്പോൾ വേദനകൾ ആനന്ദങ്ങളാകും, പ്രണയം വിരഹമാകും, കോപം ശാന്തമാകും. അങ്ങനെ മാറ്റങ്ങളുണ്ടായിക്കൊണ്ടേയിരിക്കും. കാലത്തിന്റെ പ്രഭാവം സിനിമയിലെ എല്ലാ രംഗങ്ങളിലും അനുഭവിക്കാനാകും. യഥാർത്ഥ പ്രശ്നം നമ്മുടെ ചിന്താഗതികളും പല കാര്യങ്ങളോടുമുള്ള നമ്മുടെ സമീപനവും ആണെന്ന് മനസിലാക്കാതെ കാലത്തെ കള്ളനായി തെറ്റിദ്ധരിച്ച് വിചാരണ ചെയ്യുന്നവരെയും പരിഹസിക്കുന്നവരെയും ചിത്രത്തിൽ കാണാം.

അടുത്ത കാലത്ത് കഥപറച്ചിലിലും ദൃശ്യവല്‍കരണത്തിലും സ്ഥിരം കണ്ടു വരുന്ന മാതൃകയിലല്ലാതെ കൂടുതല്‍ വ്യത്യസ്തമായ രീതികള്‍ പരീക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം. കാഴ്ചയെ നവീനമാക്കുന്ന പുത്തന്‍ശൈലികൾ ചിലപ്പോൾ ഇന്ന് അംഗീകരിക്കപ്പെട്ടില്ലെന്നും കാണുന്നവർ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും വരാം.

ഈ സന്ദർഭത്തിൽ 1986ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ,ലിസി, റഹ്മാൻ തുടങ്ങിയവർ പ്രധാന വേഷം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമ ഒന്നോർത്തെടുക്കാൻ ശ്രമിച്ചു. സിദ്ദിഖ്-ലാൽ കൂട്ടു കെട്ട് ആദ്യമായി തിരക്കഥ രചിച്ച ഈ ചിത്രം ഹരിശ്രീ അശോകന്റെ ആദ്യ സിനിമയും മോഹൻലാലിന്റെ നൂറാമത് സിനിമയുമായിരുന്നു. ഗായകനായ പപ്പൻ (റഹ്മാൻ) വാഹനാപകടത്തിൽ മരണപ്പെടുന്നു.എന്നാൽ പപ്പൻ കുറച്ചുനാൾ കൂടി ജീവിക്കണം എന്ന് തിരിച്ചറിഞ്ഞ യമൻ (തിലകൻ) മരിച്ചവരുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കുവാൻ പപ്പന് അനുമതി നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അന്ന് ആ സിനിമയ്ക്ക് പ്രേക്ഷക സ്വീകാര്യത ഇല്ലായിരുന്നു എന്നാണ് അറിവ്. പക്ഷെ ഈയടുത്ത് എപ്പോളോ ആ സിനിമ കണ്ടപ്പോൾ വളരെ രസകരമായി തോന്നി.

“കാലത്തിന് വളരെ മുമ്പേ വന്ന സബ്ജക്ടായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുപ്പോള്‍ അത് ഡോക്യുമെന്ററിയായി പോവില്ലേ?”

സിനിമയുടെ പരാജയകാരണം ചോദിച്ചപ്പോൾ ഒരു അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞതാണിത്.

ഓരോ സൃഷ്ടിക്കും അതിന്റെതായ രീതിയിലുള്ള ആഖ്യാനശൈലിയുണ്ട്. അത് നമുക്ക് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. ചിലത് പൊതു ബോധത്തെ തൃപ്തിപ്പെടുത്തിയില്ലെന്നു വരാം. സ്ഥിരം കാഴ്ചകളിൽ നിന്നും മാറി നടക്കുന്നവയുണ്ടാകും. ഇതൊക്കെ കണ്ണടച്ച് എതിര്‍ക്കുന്നതിനു പകരം വിമര്‍ശനപരമായി വിലയിരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്.

ഒരു പരീക്ഷണസിനിമ എന്ന രീതിയിൽ മഹാവീര്യരെ കാണാം എങ്കിലും ആക്ഷേപങ്ങളും അപാകതകളും ഇത്തരം പരീക്ഷണ സിനിമകളെ ദുര്‍ബലമാക്കാറുണ്ട്. കുറവുകൾ ഉണ്ടെങ്കിലും കളിയാക്കാതെയും അധിക്ഷേപിക്കാതെയും വിമർശിക്കാൻ എന്തുകൊണ്ടാണ് നമുക്ക് കഴിയാതെ പോകുന്നത്.പല കളിയാക്കലുകൾക്കും ആക്ഷേപ ഹാസ്യങ്ങളുടെ രീതിയല്ല കാണുന്നത്,പകരം മറ്റൊന്നിന്റെയോ മറ്റൊരാളുടെയോ കുറവുകളെ പുച്ഛിക്കുന്ന രീതിയാണ്.

കാണുന്നവർക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ എന്തു കാര്യം എന്ന ചോദ്യം ശരിക്കും അപ്രസക്തമല്ലേ. ഒറ്റക്കാഴ്ചയിൽ എല്ലാം വെട്ടിത്തെളിച്ച് വെക്കുന്ന സിനിമകൾ മാത്രം മതിയാവില്ലല്ലോ ഇടക്കെങ്കിലും നമ്മളാൽ ചില കഥകളെ പൂർത്തിയാക്കാൻ.വെറുതെ ഇരുന്നു കാണുന്നവർക്ക് തല്ലിപ്പൊളി പടം എന്നൊരഭിപ്രായം മാത്രമേ മഹാവീര്യരെക്കുറിച്ചുണ്ടാവൂ. ബുദ്ധിജീവികളുടെ പടം എന്നല്ല, ഇടക്കൊക്കെ ഒന്ന് വേറിട്ട് ചിന്തിക്കാൻ നമ്മളെ പാകപ്പെടുത്തുന്നവ, മനസിലാക്കാൻ ശ്രമിക്കുന്നവരുടെ ചിന്തകളിൽ ബുദ്ധിയും ജീവനും നിറക്കുന്നവ അങ്ങനെയൊക്കെ സമീപിക്കാൻ കഴിയും ഈ സിനിമയെ.  പലപ്പോഴും സിനിമ വെറും ആസ്വാദനം മാത്രമല്ല.

ഡോ. കീർത്തി പ്രഭ

 

 

നീതിന്യായ വ്യവസ്ഥ പ്രജകളിൽ നിന്നും അകന്ന് അധികാര വർഗ്ഗത്തിന്റെ താല്പര്യങ്ങളിലേക്ക് ചുരുങ്ങുന്ന അവസ്ഥ അന്നെന്ന പോലെ ഇന്നും പതിവ് കാഴ്ചയാണ്. പ്രജകളിന്നും ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ള ഇരകളാണ് എന്ന് എന്നത്തേയും അധികാര വർഗം അരക്കെട്ടുറപ്പിക്കുന്നുണ്ട് എന്ന വളരെ ശക്തമായ ഒരു പ്രമേയം എന്നും പറയുന്ന ശൈലിയിൽ പറയാതെ വേറിട്ട് പറഞ്ഞപ്പോൾ എന്താണ് നമുക്ക് ദഹിക്കാത്തത്.ഏറെ സങ്കീർണമായ ഒരു വിഷയത്തെ ലളിതമായും രസകരമായും തന്നെയാണ് എബ്രിഡ് ഷൈൻ ഈ സിനിമയിലൂടെ നമ്മളിലേക്കെത്തിക്കുന്നത്.

സ്വാർത്ഥതയും അധികാര ആർത്തിയും ഉള്ള മനുഷ്യൻ എന്നും മറ്റുള്ളവന്റെ കണ്ണുനീർ കുടിക്കാൻ ആർത്തിപൂണ്ട് നടക്കും. അവന്റെ വേദനകളിൽ ആഹ്ലാദം കണ്ടെത്തും. ആവശ്യങ്ങൾ നടന്നു കിട്ടാൻ പ്രണയവും സ്നേഹവും കൊടുക്കും. ഇതൊക്കെയാണ് നടന്നു കൊണ്ടിരുന്നതും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്നതും.ഇതൊക്കെ ഈ ‘തല്ലിപ്പൊളി’ സിനിമ പറയുന്നതാണ്. മുപ്പത് വർഷം മുമ്പ് എം മുകുന്ദൻ എഴുതിയ കഥയ്ക്ക് ഇന്നും അതേ അവസ്ഥകളെ നേരിൽ കാണേണ്ടി വരുന്നുണ്ടെങ്കിൽ നമ്മൾ മനുഷ്യരുടെ സ്ഥായീ ഭാവം സ്വാർത്ഥതയിൽ കവിഞ്ഞ് മറ്റെന്താണ്.🟤

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.