Follow the News Bengaluru channel on WhatsApp

ജീവിതത്തിൽ നിന്നും അൽപ്പസമയം.

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിരണ്ട്

#MeTime- സ്വച്ഛവും ശാന്തവുമായ ജീവിതം രൂപപ്പെടുത്താൻ മനഃശാസ്ത്രജ്ഞർ പലപ്പോഴും നിർദ്ദേശിക്കുന്ന ആശയമാണിത്. സംഘർഷഭരിതമായ ജീവിതത്തിൽ ഒരു വ്യക്തിക്ക് സ്വന്തം പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കാനും സ്വവിമർശനത്തിനും ആത്മ വിശകലനത്തിനും സ്വയം പ്രചോദിപ്പിക്കുന്നതിനും അവസരം നൽകുന്ന മാനസീക വ്യായാമമാണത്. ജീവിതത്തിൽ അമിത ആഹ്ളാദവും, അമിത ആവേശവും, ആകാരണമായ മ്ലാനതയും, തളർത്തികളയുന്ന വിധേയത്വവും ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം അവനവനിലേക്ക് തന്നെ തിരിഞ്ഞു നോക്കാൻ അൽപ്പസമയം ചിലവഴിക്കുക എന്നതാണെന്നുള്ള തിരിച്ചറിവാണ് ഇത്തരമൊരു രീതി രൂപപ്പെടുന്നതിനു ചാലകശക്തിയായത്.

പലവിധമായ കാരണങ്ങൾക്കൊണ്ട് സംഘർഷഭരിതമായ ജീവിതമാണ് നമുക്കുള്ളത്. രാവിലെ ഉറക്കമുണരുമ്പോൾ മുതൽ കാത്തിരിക്കുന്ന ഉത്തരവാദിത്ത്വങ്ങൾ നിർവഹിക്കാൻ അനുനിമിഷം പ്രവർത്തനനിരതരായേ കഴിയുള്ളു. ശരീരവും മനസും ഒരേ പോലെ അതിനായി ഉപയോഗിക്കേണ്ടി വരും. ഉത്തരവാദിത്ത്വ നിർവഹണത്തിനായി ഓരോ നിമിഷവും നാം സജീവമായിരിക്കും. ഉത്തരവാദിത്ത്വങ്ങളുടെ വ്യാപ്തി ദിവസേന വർധിച്ചു വരുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. സമയത്തിന്റെ ഭൂരിഭാഗവും അവയുടെ പൂർത്തീകരണത്തിനായിട്ടാണ് ചിലവഴിക്കപ്പെടുന്നത്. ഔദ്യോഗികമായ തിരക്കുകൾ, വീട്ടിലെ ചുമതലകൾ, ബന്ധുക്കൾ, കൂട്ടുകാർ, നാട്ടുകാരെന്നിങ്ങനെ നമ്മുടെ ഓരോ നിമിഷങ്ങളും മറ്റുള്ളവർക്ക് വേണ്ടിയാണ് ചിലവഴിക്കപ്പെടുന്നത്. അതിനിടക്ക് കടമയെന്ന ഭാരമില്ലാതെ ഒരാൾ തനിക്കായിത്തന്നെ നൽകുന്ന സമയമാണ് MeTime.

നമ്മുടെ ഓരോ പ്രവർത്തനങ്ങൾക്കും ശാരീരികവും മാനസികവുമായ ഊർജ്ജം ചിലവഴിക്കപ്പെടുന്നു. അധ്വാനം നിറഞ്ഞ നിശ്ചിത സമയത്തിന് ശേഷം ശരീരത്തിന്റെ വിശ്രാന്തിക്കായി നാം സമയം കണ്ടെത്തുന്നു . എന്നാൽ മനസിന് വിശ്രമത്തിന് വേണ്ടിയോ ? ശാരീരികാരോഗ്യത്തിന് നൽകുന്നത്തിന്റെ പത്തിലൊന്നു പ്രാധാന്യം പോലും പൊതുവെ മാനസികാരോഗ്യത്തിന് നൽകുന്നതായി കാണുന്നില്ല. അതുകൊണ്ടുതന്നെ ശാരീരിക മികവ് കാത്ത് സൂക്ഷിക്കാൻ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർ പോലും മാനസികാരോഗ്യത്തിന് വ്യായാമങ്ങൾ പരിശീലിക്കുന്നില്ല.

വിഷാദം, ആത്മഹത്യാ പ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിതമായ ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയ കാരണങ്ങളാല്‍ നവീന ലോകത്ത് മാനസികാരോഗ്യം നഷ്ടപ്പെടുകയാണ്. മാനസികപ്രശ്നങ്ങളാല്‍ വീര്‍പ്പുമുട്ടുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിസാരമായ പ്രശ്നങ്ങള്‍പോലും കൃത്യതയോടെയും സൂക്ഷ്മതയോടെയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണു അത് മാനസികപ്രശ്നമായി വളരുന്നത്. ഇത്തരം മാനസികപ്രശ്നങ്ങള്‍ ക്രമേണ മാനസികാരോഗ്യത്തിന്‍റെ പതനത്തിലേക്കാണു കൊണ്ടെത്തിക്കുന്നത്. എപ്പോഴും സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതു മാത്രമാണു മാനസികാരോഗ്യം നിലനിര്‍ത്താനുള്ള പ്രധാന പോംവഴി. ഗുരുതരമായ പ്രശ്നങ്ങളെപ്പോലും ലാഘവത്തോടെ നേരിടാന്‍ കഴിയുന്നതും മാനസികാരോഗ്യത്തിനു ഏറെ ഗുണകരമാണ്.

ഏതുപ്രതിബന്ധങ്ങളെയും അതിജീവിക്കാനും മനസിന്‌ ധൈര്യം പകരാനും എപ്പോഴും സന്തോഷകരമായിരിക്കുന്നത് ശീലിക്കാനും MeTime പിന്തുടരുന്നതിലൂടെ സാധിക്കും. അതിനാൽ മറ്റെല്ലാ തീരക്കുകളും മാറ്റിവച്ച് ദിവസവും അൽപ്പ സമയം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുക. മനസിന്‌ സന്തോഷം തരുന്ന കാര്യങ്ങൾക്കായി ആ സമയം വിനിയോഗിക്കാം. പുസ്തകങ്ങൾ വായിക്കാം പാട്ട് കേൾക്കാം, ഇഷ്ടമുള്ളതെന്തെങ്കിലും ചെയ്യാം, സംതൃപ്തി നൽകുന്ന ഭക്ഷണം കഴിക്കാം, നടക്കാനിറങ്ങാം, പ്രിയപ്പെട്ട ആരോടെങ്കിലും സംസാരിക്കാം, മൗനമായിരിക്കാം, ധ്യാനം ശീലമാക്കാം അങ്ങനെ പലവിധ മാർഗങ്ങൾ MeTime നായിട്ടുണ്ട്.

നമ്മുടെ മനസിന്‌ ഏറ്റവും സന്തോഷം പകരുന്നതെന്തോ, അതാണ്‌ MeTime ൽ ചെയ്യേണ്ടത്. ഇന്നത് മാത്രമേ ചെയ്യാൻ പാടുള്ളുവെന്നമട്ടിൽ ഇതിനാവില്ല. ഒന്നിലും ഏർപ്പെടാതെ ഏകാന്തമായി ഇരിക്കുന്നത് മുതൽ ആൾക്കൂട്ടത്തിനൊപ്പം നൃത്തം വെയ്ക്കുന്നതുവരെ ഇതിലുൾപ്പെടും. ഓരോരുത്തവർക്കും ഓരോ കാര്യങ്ങളായിരിക്കും ഉപകാരപ്പെടുക. ഇത്തരത്തിലുള്ള എല്ലാ മാർഗങ്ങളുടെയും ലക്ഷ്യം സ്വന്തം സന്തോഷമാണ് അതുകൊണ്ടുതന്നെ സന്തോഷം നൽകുന്ന എന്തും MeTime ൽ ചെയ്യാം .

കുളിമുറിയിൽ കയറി പാട്ട് പാടി ഡാൻസ് ചെയ്തു കുളിക്കുന്നവരെ കണ്ടിട്ടില്ലേ. മറ്റുള്ളവർ എന്ത് കരുതുമെന്ന ടെൻഷൻ ലവലേശം ഇല്ലാതെയാണ് അവരുടെ പാട്ട്. തനിക്കത് സന്തോഷം നൽകുന്നുണ്ടല്ലോ എന്നത് മാത്രമാണ് അവരുടെ മനസിലുണ്ടാകുക. MeTime ൽ നമ്മുടെ മനസ് അങ്ങനെയാകണം. മറ്റുള്ളവരെന്തും കരുതിക്കോട്ടെ, ഞാനിങ്ങനെ  ചെയ്യുന്നത് എന്റെ സ്വന്തം ഇഷ്ടത്തിനാണ്. ആ ഇഷ്ടം കൂടിയാണ് എന്നേ പൂർണ്ണമാക്കുന്നതെന്നു സ്വയം പറഞ്ഞുകൊണ്ടെയിരിക്കുക. മറ്റുള്ളവർക്കായി കൊടുക്കാതെ അത്തരം സമയങ്ങളിൽ നമ്മെ പൂർണ്ണമായും നമുക്കായി നൽകുക. നമ്മുടെ സന്തോഷം മാത്രം ലക്ഷ്യം വെയ്ക്കുക. മറ്റുള്ള എല്ലാത്തിനും മുകളിലായി നമ്മെത്തന്നെ സ്നേഹിക്കുക. അത് സ്വാർത്ഥതയല്ല, സ്വയം കരുതലാണ്. സ്വയം കരുതുന്നവർക്ക് മാത്രമേ മറ്റുള്ളവരെ കരുതാൻ കഴിയു. അപ്പോൾ മാത്രമേ കാർമേഘങ്ങൾ അകന്ന ആകാശം പോലെ നമ്മുടെ മനസ് ആശങ്കകൾ അകന്ന് തെളിമയുള്ളതാകു. തെളിഞ്ഞ മനസ് നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ബന്ധങ്ങളെയും തെളിമയോടെ നിലനിർത്തും. അപ്പോൾ നമുക്ക് സ്വന്തം ജീവിതവും ഈ ലോകം തന്നെയും ആഹ്ളാദം നിറഞ്ഞതായി അനുഭവപ്പെടും.

നിങ്ങൾ നിങ്ങളുടെ മനസിനായി എപ്പോഴാണ് സമയം കണ്ടെത്താൻ പോകുന്നത് ?

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.