Follow the News Bengaluru channel on WhatsApp

തല്ലുമാല-ടൊവിനോ സംസാരിക്കുന്നു

ടോക് ടൈം 

🟡

ടൊവിനോ തോമസ് | ഡോ. കീർത്തി പ്രഭ

 

 

ടൊവിനോ തോമസ് നായകനായ തല്ലുമാല നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുബായി, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലായി പൂർത്തിയാക്കിയ ചിത്രത്തിൽ ഇരുപതുകാരനായ മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്ന് രചന നിർവഹിച്ച തല്ലുമാലയുടെ സംവിധാനം നിർവഹിച്ചത് ഖാലിദ് റഹ്മാനാണ്. ഏറെ പ്രതീക്ഷ നല്‍കുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് ടോവിനോ ന്യൂസ് ബെംഗളൂരു ഡോട്ട് കോമുമായി സംസാരിക്കുന്നു.

മലബാറിലെ മുസ്‌ലിം ജീവിതം പ്രമേയമാക്കിയിട്ടുള്ള ഒത്തിരി സിനിമകൾ വന്നിട്ടുണ്ടായിരുന്നു. അതിൽ യാഥാർഥ്യത്തോട് നീതി പുലർത്തിയ സിനിമകൾ തീരെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പല സിനിമകളും സെറ്റ് ചെയ്തു വച്ച ഫാൾസ് സ്റ്റീരിയോ ടൈപ്പുകൾ മലബാറിലെ മുസ്ലീങ്ങൾ ഇങ്ങനെ ആണ് എന്നുള്ള ഒരു പൊതുബോധം ഉണ്ടാക്കിയെടുക്കാൻ കാരണമായിട്ടുണ്ട്. തല്ലുമാല അങ്ങനെയൊന്നല്ല എന്ന് പ്രതീക്ഷിക്കാമോ.

അങ്ങനെ സ്റ്റീരിയോ ടൈപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചിലപ്പോൾ അതിനെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തവർ അല്ലെങ്കിൽ അതിനെപ്പറ്റി പഠിച്ചിട്ടില്ലാത്തവർ ചെയ്തത് കൊണ്ടായിരിക്കാം. അക്കാര്യത്തെപ്പറ്റി കൃത്യമായ ധാരണ ഉള്ളവരാണ് ഈ സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അങ്ങനെ ഒരു സ്റ്റീരിയോടൈപ്പിൽ ഒതുങ്ങി നിൽക്കുന്ന ഒരു സിനിമ ആയിരിക്കില്ല. പിന്നെ ഇത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ഒരു കഥ പറയുന്ന സിനിമയല്ല. കാൽപ്പനികത തീർച്ചയായിട്ടും സിനിമയിൽ ഉണ്ടാകും. ഈ സിനിമ ഒരു എന്റർടെയ്നർ ആയിട്ടാണ് ആവിഷ്കരിക്കാൻ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റേതായിട്ടുള്ള അതിഭാവുകത്വങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടാകും. അത് തീർച്ചയായും ആളുകളെ എന്റർടെയ്ൻ ചെയ്യുന്ന രീതിയിൽ ആയിരിക്കും. അല്ലാതെ റിയാലിറ്റിയിൽ നിന്നും പുറത്തേക്ക് ചാടിക്കുന്ന രീതിയിൽ ആയിരിക്കില്ല. റിയാലിറ്റിയുടെ ഒരു ഫ്ലേവറിൽ നിന്നുകൊണ്ടുതന്നെ ആളുകളെ എന്റർടൈൻ ചെയ്യുക എന്നതാണ് ഈ സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്. തെറ്റായ ഒരു സന്ദേശം ഈ സിനിമ വഴി കൊടുക്കില്ല. യാഥാർത്ഥ്യം അല്ലാത്ത ഒന്നിനെയും നമ്മൾ ഇതിലൂടെ ഗ്ലോറിഫൈ ചെയ്ത് കാണിക്കുന്നുമില്ല. സ്റ്റീരിയോടൈപ്പുകൾ പരമാവധി ഈ സിനിമയെ ബാധിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

സിനിമ ഒരു കംപ്ലീറ്റ് എൻറർടെയിനർ ആണ് എന്നാണ് ട്രെയിലർ ഒക്കെ കാണുമ്പോൾ തോന്നുന്നത്. പ്രേക്ഷകർക്ക് അങ്ങനെ തന്നെ പ്രതീക്ഷിക്കാമോ.

സിനിമ ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ്.പ്രേക്ഷകർക്ക് ആ പ്രതീക്ഷ നൽകാൻ വേണ്ടിയിട്ട് തന്നെയാണ് ഇതുപോലൊരു ട്രെയിലർ കൊണ്ട് വന്നിരിക്കുന്നതും. ഒരു കംപ്ലീറ്റ് എന്റർടെയ്നർ അല്ലാത്ത ഒരു സിനിമയ്ക്ക് ഇത്രയും എന്റർടെയിനിങ് ആയിട്ടുള്ള പ്രൊമോഷണൽ കണ്ടെന്റ്സ് ഉണ്ടാവില്ലല്ലോ. പൂർണമായും ഒരു എന്റർടൈനർ ആക്കാൻ വേണ്ടി തന്നെ വേറൊരു രീതിയിലുള്ള എക്‌സിക്യൂഷൻ ആണ് ഖാലിദ് റഹ്മാനും മുഹ്സിൻ പരാരിയും എഡിറ്റർ നിഷാദും മ്യൂസിക് ഡയറക്ടർ വിഷ്ണുവും എല്ലാവരും കൂടി ചെയ്തിരിക്കുന്നത്. അത് നമ്മുടെ ആരുടേയും കഴിവ് തെളിയിക്കാൻ വേണ്ടിയല്ല. ഈ എന്റർടൈൻമെന്റിന് ഒരു ഫ്രഷ്‌നെസ്സ് കൊടുക്കാൻ വേണ്ടിയാണ്. അത് പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ  പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ കൊടുക്കുക  എന്നതിനുപകരം ഒരു പുതിയ ഡിസൈൻ ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. എന്നുപറഞ്ഞ് ലോകോത്തര സിനിമയാണ് എന്നുള്ള അവകാശവാദങ്ങളൊന്നുമില്ല. പക്ഷേ പ്രേക്ഷകന് ഒരു ചെറുചിരിയോടെ പടം മുഴുവനായും കണ്ടുകൊണ്ടിരിക്കാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സെക്കൻഡ് പോലും പടം ആളുകളെ ബോറടിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു.

ടോവിനോയെ തല്ലുമാലയിലേക്ക് ആകർഷിച്ച ഘടകങ്ങൾ എന്തൊക്കെയാണ്?

ഈ സിനിമയോടെ തോന്നിയ ആകർഷണത്തിന്റെ ഒന്നാമത്തെ കാരണം കഥ തന്നെയാണ്. വളരെ ലളിതവും എന്നാൽ ഇപ്പോഴത്തെ കാലഘട്ടത്തിൽ നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സാഹചര്യങ്ങളും ഒക്കെ ചേർത്താണ് കഥ പറയുന്നത്. അതിനേക്കാളുപരി എപ്പോഴും ലീനിയർ ആയിട്ട് കഥ പറഞ്ഞു പോകുന്നതിനേക്കാൾ നോൺ ലീനിയർ ആയിട്ട് കൂടുതൽ ഇന്ററെസ്റ്റിംഗ് ആയിട്ട് പ്രേക്ഷകനെയും കൂടെ ചേർത്തു കൊണ്ടുള്ള മുഹ്സിൻ പരാരിയുടെ തിരക്കഥയിലെ കഥപറച്ചിൽ രീതിയും ഒരുപാട് ആകർഷിച്ചു. പ്രേക്ഷകരോട് ഞങ്ങൾ കാണിക്കുന്നത് നിങ്ങൾ കണ്ടോളൂ, ഞങ്ങൾ പറയുന്നത് കേട്ടോളൂ, എന്നു പറയുന്നതിനേക്കാൾ കൂടുതൽ ‘വാ നമുക്കൊരു സിനിമ കാണാം’ എന്നു പറഞ്ഞു സിനിമ കാണിക്കുന്ന ഒരു രീതി. അതായത് എന്റർടെയിൻമെന്റിനപ്പുറത്ത് എക്സൈറ്റിങ് ആയിട്ടുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രേക്ഷകനെയും കൂടെ കഥയുടെ ഭാഗമാക്കി കൊണ്ടുള്ള ഒരു രീതി. ഒരു ഓഡിയൻസ് പാർട്ടിസിപ്പേഷൻ വേണ്ടുന്ന ഒരു സിനിമ തന്നെയാണ് ഇത്. മറ്റൊന്നും വേണ്ട തീയറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ ഒന്ന് ശ്രദ്ധയോടെ കണ്ടിരിക്കുക, സിനിമ ആസ്വദിക്കുക, ഈ സിനിമ ആഘോഷിക്കുക ഇത്ര മാത്രം ചെയ്താൽ മതി. അങ്ങനെ ഒരു സിനിമയാണിത്. ഇതിനൊക്കെ വേണ്ടി തിരക്കഥയിൽ ഒരു പുതുമ കൊണ്ടു വന്നിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പിന്നെ ആകർഷിച്ച ഘടകങ്ങൾ തീർച്ചയായിട്ടും ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ, മുഹ്സിൻ പരാരി എന്ന തിരക്കഥാകൃത്ത്, അഷ്റഫ് ഹംസ എന്ന റൈറ്റർ, സിനിമയുടെ പ്രൊഡ്യൂസർ, ഈ സിനിമയുടെ എല്ലാ ഡിപ്പാർട്ട്മെന്റിലും വർക്ക് ചെയ്തിട്ടുള്ള എല്ലാവരും ആണ്. ഇവരെല്ലാം എന്റെ നല്ല സുഹൃത്തുക്കളും ഈ സിനിമയ്ക്ക് വേണ്ടി ഹാൻഡ് പിക്ക് ചെയ്ത പോലെയുള്ള ആൾക്കാരുമാണ്. എല്ലാവരും കറക്റ്റ് ആയിട്ട് ഒത്തുചേരുക എന്ന് പറഞ്ഞത് പോലെയുള്ള ഒരു ടീം ആണ് ഈ സിനിമയുടേത്. ഇവരിൽ ആരെങ്കിലും ഒരാൾ ഈ സിനിമയുടെ ഭാഗം അല്ലായിരുന്നെങ്കിൽ ഈ സിനിമ ഇത്രയും പൂർണ്ണതയിൽ എത്തുമായിരുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമയിലെ ടീം വളരെ പ്രധാനപ്പെട്ടതായിരുന്നു. കഥ-തിരക്കഥ ടീം ഇതുതന്നെയാണ് എന്നെ സിനിമയിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങൾ.

എല്ലാ സിനിമകളിലും കഥാപാത്രങ്ങളുടെ അപ്പിയറൻസിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള  ശ്രമങ്ങൾ കാണുന്നുണ്ട്. അതിനു പിറകിലെ ഒരു മോട്ടീവ് എന്താണ്?

ഞാൻ വന്ന കാലം മുതലുള്ള സിനിമകൾ എടുത്തു നോക്കി കഴിഞ്ഞാൽ പ്രഭുവിന്റെ മക്കൾ, എബിസിഡി, സെവൻത് ഡേ,കൂതറ, എന്നു നിന്റെ മൊയ്തീൻ, ഗപ്പി, ഒരു മെക്സിക്കൻ അപാരത, ഗോദ, മായാനദി ഇതിലൊന്നും ഞാൻ ഒരുപോലെയല്ല ഇരിക്കുന്നത്. സിനിമയിൽ എത്തിയ കാലം മുതൽ തന്നെ ഞാൻ ചെയ്യുന്ന ഒരു പ്രോസസ് ആണ് ഇത്. സിനിമയുടെ സ്വഭാവത്തിനും എൻറെ കഥാപാത്രത്തിൻറെ ആവശ്യത്തിനും അനുസരിച്ച് ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ, മുടി വെട്ടുകയോ  വളർത്തുകയോ,താടിയും മീശയും വെക്കുകയോ വെക്കാതിരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ബോഡി ട്രാൻസ്ഫോർമേഷനും താടി വെക്കാനും മീശ വെക്കാനും ഒന്നും സമയം കിട്ടുന്നില്ല എങ്കിൽ പോലും ഉള്ള സമയം ഉപയോഗിച്ച് ഞാൻ എല്ലാ സിനിമയിലും ഏതെങ്കിലും രീതിയിലുള്ള ഒരു ചെറിയ മാറ്റം എങ്കിലും എന്റെ രൂപത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഞാൻ എന്നെ തന്നെ പല രൂപത്തിൽ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. അത് എനിക്ക് എന്നെ തന്നെ ബോറടിക്കാതിരിക്കാൻ വേണ്ടി കൂടിയാണ്. സിനിമയിലെ കഥാപാത്രം എങ്ങനെ ഇരിക്കണം എന്ന് ഞാൻ മാത്രമായിട്ട് തീരുമാനിക്കുന്നതല്ല. സംവിധായകനും തിരക്കഥാകൃത്തും മേക്കപ്മാനും ക്യാമറമാനും ഞാനും എല്ലാവരും കൂടി ചേർന്നാണ്  ഈ കഥാപാത്രത്തിന്റെ ലുക്ക്  ഇങ്ങനെ ആക്കാം എന്ന് തീരുമാനിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള പ്രിപറേഷൻ സമയത്ത് ആ രൂപത്തിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുകയും കറക്റ്റ് ഷൂട്ട് സമയമാവുമ്പോഴേക്കും അങ്ങനെയൊരു രൂപത്തിലേക്ക് നമ്മൾ എത്തുകയുമാണ് ചെയ്യുന്നത്.

ഡോ. കീർത്തി പ്രഭ

അങ്ങനെ എത്തിക്കഴിഞ്ഞാൽ പിന്നെ ഞാൻ കണ്ണാടിയിൽ നോക്കിയാൽ എന്നെ ആ കഥാപാത്രമായിട്ടാണ് കാണുന്നത്. കള എന്ന സിനിമയുടെ സമയത്ത് കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ കാണുന്നത് ഷാജി എന്ന കഥാപാത്രമായിട്ടുനിൽക്കുന്ന  ടോവിനോ തോമസിനെയാണ്. തല്ലുമാലയുടെ സമയത്ത് ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ കണ്ടത് വസീം എന്ന കഥാപാത്രം ആയിട്ട് നിൽക്കുന്ന ടോവിനോ തോമസിനെയാണ്. കണ്ണാടിയിൽ നോക്കുമ്പോൾ നമ്മൾ കാണുന്ന നമ്മുടെ പ്രതിബിംബം ഓരോ സമയത്തും ഒരോ കഥാപാത്രത്തിൻറെ ആയിരിക്കും. ഒരു സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഉള്ള എൻറെ മൊത്തം സ്വഭാവത്തിൽ ചിലപ്പോൾ ആ കഥാപാത്രത്തിൻറെ ഇൻഫ്ലുവൻസ് ഉണ്ടാവാൻ എന്റെ രൂപം കാരണമാകാറുണ്ട്.താടിയുള്ള സമയത്തുള്ള മാനറിസങ്ങൾ ആയിരിക്കില്ല ചിലപ്പോൾ താടിയില്ലാത്ത സമയത്തെ മാനറിസങ്ങൾ.ഓരോ സമയത്തും ആ കഥാപാത്രം ആയിട്ട് മാറാൻ ഈ രൂപത്തിൽ കൊണ്ടുവരുന്ന മാറ്റം എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്.അതിൽ എന്റെ ഒരേയൊരു മോട്ടീവ് എന്ന് പറഞ്ഞാൽ ഓരോ കഥാപാത്രത്തിനും ഓരോ രൂപം കൊടുക്കുക അത് വഴി ഓരോ കഥാപാത്രത്തിനെയും ഡിഫറെൻഷിയേറ്റ് ചെയ്യാനായിട്ട് പ്രേക്ഷകർക്ക് പറ്റുക എന്നതാണ്.അത് പ്രേക്ഷകർക്ക് വേണ്ടിയുള്ളത്. എനിക്ക് ഇതിൽ നിന്നും കിട്ടുന്നത് ഓരോ കഥാപാത്രത്തിന്റെയും സമയത്ത് ആ കഥാപാത്രത്തിന്റെ രൂപത്തിലും ഭാവത്തിലും നടക്കാൻ ശ്രമിക്കുന്നത് വഴി എനിക്കെന്റെ പെർഫോമൻസ് അതിഭാവുകത്വങ്ങളില്ലാതെ കാഴ്ച വയ്ക്കാൻ പറ്റുകയും മിനിമൽ എക്സ്പ്രഷൻസ് കൊണ്ട് തന്നെ ആ കഥാപാത്രമായിട്ട് മാറാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ്.ഞാനായിട്ട് അഭിനയിക്കാതെ അതിന്റെ ഒരു ശതമാനം ഒന്ന് ജീവിച്ചു നോക്കിയിട്ട് ഞാനത് സ്‌ക്രീനിൽ പ്രസന്റ് ചെയ്യുന്നു എന്നതാണ്. അതിന് എന്നെ രൂപത്തിൽ വരുത്തുന്ന മാറ്റങ്ങൾ വളരെയധികം സഹായിക്കാറുണ്ട്.

തല്ലുമാലയിലെ കഥാപാത്രത്തെക്കുറിച്ച്?

വസീം എന്നാണ് കഥാപാത്രത്തിന്റെ പേര്.പൊന്നാനി ഉള്ള ഒരു ചെറുപ്പക്കാരൻ. അവൻ ആള് ഒരു അടിപൊളി ചെറുക്കനാണ്.അവന്റെ കഥയാണിത്.പക്ഷെ ആ കഥയിൽ കുറേ ആൾക്കാർ വന്നു പോകുന്നുണ്ട്.അവരാരും ഇവന്റെ സപ്പോർട്ടിങ് കാരക്ടെർസ് അല്ല.എല്ലാവരും അവരവരുടേതായിട്ടുള്ള പ്രത്യേകത ഉള്ള ആൾക്കാരാണ്.വസീമിന്റെയും കൂട്ടുകാരുടെയും സൗഹൃദത്തിന്റെ കഥയുണ്ട് ഇതിനകത്ത്, ബീപാത്തുവുമായിട്ടുള്ള വസീമിന്റെ പ്രണയമുണ്ട് ഇതിനകത്ത്, റെജിയുടെ ഒരു ഗാങ് ഉണ്ട് അങ്ങനെ വസീമിന്റെ ജീവിതത്തിൽ മൂന്ന് കാലഘട്ടങ്ങളായി നടക്കുന്ന കുറേ കാര്യങ്ങളാണ് തല്ലുമാലയിലൂടെ പറഞ്ഞിരിക്കുന്നത്.🟤


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.