Follow the News Bengaluru channel on WhatsApp

വലിയ ജയചന്ദ്രനും ചെറിയ ലോകവും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മുപ്പത്തിയെട്ട് 
🔵

പത്രരംഗത്തുനിന്ന് ദൃശ്യ മാധ്യമത്തിലെത്തിയ ഒന്നാംതലമുറ ജേണലിസ്റ്റുകളില്‍ ജീനിയസ് എന്ന വിവക്ഷയ്ക്ക് എന്തുകൊണ്ടും അര്‍ഹനായിരുന്നു കെ.ജയചന്ദ്രന്‍. മാതൃഭൂമിയില്‍ തുടങ്ങി ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രശസ്തിയും അംഗീകാരവും നേടിയ ജയചന്ദ്രന്‍ നാല്‍പ്പത്തിയൊമ്പതാം വയസ്സില്‍ തികച്ചും അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നിറങ്ങിപോകുമ്പോള്‍ സ്വന്തം പ്രതിഭയുടെ നൂറിലൊരംശം പോലും പ്രകടിപ്പിച്ചുകഴിഞ്ഞിരുന്നില്ല. വാര്‍ത്താ ചാനലില്‍ അദ്ദേഹം പ്രാവീണ്യം പ്രതിഫലിപ്പിച്ചുതുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. എണ്‍പതുകളില്‍ മാതൃഭുമിയിലെഴുതിയ ആദിവാസി ചൂഷണ റിപ്പോര്‍ട്ടുകളിലൂടെയാണ് ജയന്‍ മാധ്യമലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. കാട്ടുപോത്ത് സ്‌റ്റോറിയിലൂടെ വിവാദം സൃഷ്ടിക്കുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരനായ ഒ.കെ. ജോണിയോടൊപ്പമാണ് ജയനെ ആദ്യം കണ്ടുപരിചയപ്പെടുന്നത്. പിന്നീട് കോഴിക്കോട്ടും ബാംഗ്ലൂരിലും പലവട്ടം കണ്ടു. ജയചന്ദ്രനില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഹൃദയമുള്ളവരെ ഒരിറ്റു കണ്ണീരെങ്കിലും..’ എന്ന ഫീച്ചര്‍ ഞാന്‍ കേരളശബ്ദത്തിലെഴുതിയത്. (ജയനും ഒ. കെ. ജോണിയും ചേര്‍ന്ന് ആ സംഭവത്തെകുറിച്ച് ഒരു വീഡിയോ ഡോക്യൂമെന്ററി തയ്യാറാക്കിയിരുന്നു. മലയാളത്തിലെ ആദ്യ ന്യൂസ് വീഡിയോ ഡോക്യൂമെന്ററി അതാണെന്ന് തോന്നുന്നു) കക്കട്ടിലെ നമ്പോടങ്കണ്ടി ഹമീദ് വധക്കേസില്‍ പ്രതികളാക്കപ്പെട്ട് തീതിന്നേണ്ടിവന്ന നിരപരാധികളായ ഒരാശാരികുടുംബത്തിലെ ആണുങ്ങളുടെയെല്ലാം മനോനില തെറ്റിപ്പോയിരുന്നു. ആ കുടുംബത്തിന്റെ കരളലിയിക്കുന്ന കഥയായിരുന്നത്. ആദ്യമായി ഞാന്‍ കോഴിക്കോട്ടെ വീട്ടില്‍ ചെന്ന കാലത്ത് ജയന്‍ സദ്‌വാര്‍ത്ത എന്ന പത്രത്തിലായിരുന്നു.

കെ. ജയചന്ദ്രന്‍, ഡോക്ടര്‍ മുണ്ടോൾ അബ്ദുള്ള എന്നിവർക്കൊപ്പം

 

ഇടക്കിടെ ജയന്‍ വാര്‍ത്ത തേടിയും അല്ലാതെയും ഞങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട്. എന്റെ സുഹൃത്ത് ശശാങ്കനാണ് പലപ്പോഴും ജയനെ നയിച്ചത്. ജയന്‍ ഏഷ്യാനെറ്റില്‍ ചേര്‍ന്നതോടെ ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ദൃഡമായി. രാഷ്ടീയ വാര്‍ത്തകള്‍ക്കും ‘കണ്ണാടി’ക്കഥകള്‍ക്കും വേണ്ടി ജയന്‍ ഇടക്കിടെ ബാംഗ്ലൂരില്‍ വരും. ടി എന്‍ ഗോപകുമാറിന്റെ കണ്ണാടി പരിപാടിയിലേക്ക് അക്കാലത്ത് ഏറ്റവും നല്ല സ്‌റ്റോറികള്‍ നല്‍കിയിരുന്നത് ജയനായിരുന്നു. അന്ന് ശൈശവദശയിലായിരുന്ന ഏഷ്യാനെറ്റിന് സാമ്പത്തികമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളും ന്യൂസ് സ്‌റ്റോറികളും സമ്പന്നമാക്കുന്നതിന് ജയന് അതൊന്നും തടസ്സമായിരുന്നില്ല. (അടിമുടി വ്യത്യസ്തനായ ജയന്‍ ഒരുകാലത്തും പണത്തിന് പ്രാധാന്യം കല്പിച്ചിരുന്നില്ല) ഏതെങ്കിലും സുഹൃത്തിന്റെയോ പരിചയക്കാരന്റെയോ കാറോ ജീപ്പോ വിളിച്ചായിരിക്കും ബാംഗ്ലൂരിലേക്ക് വരിക. പലപ്പോഴും ജയന്റെ കീശയില്‍ പൈസയുണ്ടാവില്ല. ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലി മാത്രമായിരിക്കും മനസ്സില്‍.. അദ്ദേഹത്തിനും കൂടെയുള്ളവര്‍ക്കും താമസം, ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ അതെല്ലാം ശരിയാക്കേണ്ടത് ആതിഥേയരുടെ ചുമതലയാണ്!. അതുകൊണ്ടുതന്നെ ജയനെ കാണുമ്പോള്‍ ഒഴിഞ്ഞുമാറിക്കളയുന്ന പലരെയും കണ്ടിട്ടുണ്ട്. അവരൊന്നും ജയന്റെ ഉള്ള് കണ്ടവരല്ല. ഉള്ളുകണ്ടവരാകട്ടെ ജയനുവേണ്ടി മരിക്കാനും തയ്യാറായിരുന്നു. ബാംഗ്ലൂരിലെത്തുമ്പോള്‍ ഞാനായിരുന്നു കെയര്‍ടേക്കര്‍. ജയന്റെ ഒപ്പം പലപ്പോഴും വന്നിട്ടുള്ള ക്യാമറാമാന്‍ കെ .പി. രമേശിന് അതൊക്കെയറിയാം.
ഓരോ യാത്രകളിലും അപ്പോള്‍ തേടുന്ന വാര്‍ത്തയുടെ വിശദാംശങ്ങളോടൊപ്പം രണ്ടോ മൂന്നോ ഒന്നാന്തരം കണ്ണാടിക്കഥകളും ജയന്‍ ഒപ്പിക്കും. കണ്ണാടിയ്ക്ക് അനുയോജ്യമായ സംഭവങ്ങള്‍ കണ്ടെത്തുന്നതിലും അത് ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നതിലും ജയന് അസാമാന്യ പാടവമുണ്ടായിരുന്നു. ഞാന്‍ ശ്രദ്ധയില്‍ പെടുത്തിയ പല സംഭവങ്ങളും ജയന്‍ ഷൂട്ട് ചെയ്തു ഏഷ്യാനെറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കെ.ജയചന്ദ്രന്‍/വര-മദനൻ

മാതൃഭൂമിയില്‍ തുടങ്ങി ചില ഇടത്താവളങ്ങള്‍ പിന്നിട്ട് ഏഷ്യനെറ്റ് ന്യൂസിലെത്തിയപ്പോഴാണ് ജയന്‍ ജേണലിസത്തില്‍ ആത്മസംതൃപ്തി അനുഭവിക്കാന്‍ തുടങ്ങിയത്. ശശികുമാര്‍, ബിആര്‍പി ഭാസ്‌കര്‍, ടി എന്‍ .ഗോപകുമാര്‍ തുടങ്ങിയ മഹാരഥന്മാരുടെ തണലിലായിരുന്നു ജയന്റെ സര്‍വ്വതന്ത്ര സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം. വാര്‍ത്താചാനലില്‍ വിപ്ലവത്തിന്റെ തിരി കൊളുത്തിയ പ്രതിഭയാണ് കെ .ജയചന്ദ്രന്‍. കര്‍ണാടക മുഖ്യമന്ത്രിയായ എച്ച്. ഡി. ദേവഗൗഡ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ കോഴിക്കോടുനിന്നും ജയന്റെ വിളി വന്നു …’ഞാന്‍ രാവിലെ ബാംഗ്ലൂരിലെത്തും. നമുക്ക് ദേവഗൗഡയുടെ ഗ്രാമത്തിലേക്ക് പോകണം’. ബാംഗ്ലൂരില്‍ നിന്ന് ഹാസന്‍ വഴി. ഹൊളെ നരസിപുരയിലേക്ക്. അവിടെനിന്നും ദേവഗൗഡയുടെ ജന്മഗ്രാമമായ ഹര്‍നഹള്ളിയിലേക്ക്. രസകരമായിരുന്നു യാത്ര. ദേവഗൗഡ ജനിച്ചുവളര്‍ന്ന പഴയ തറവാട്ടില്‍ താമസിക്കുന്ന സഹോദരനെയും മറ്റു ബന്ധുക്കളെയും കണ്ട് അഭിമുഖമെടുത്തു. അഭിമുഖം എന്റെ വകയാണ്. കര്‍ണ്ണാടകത്തില്‍ വന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നു. ‘ചോദ്യങ്ങള്‍ നീ ചോദിച്ചാല്‍ മതി’. ജയന്‍ പറയും. അങ്ങനെ എത്രയെത്ര അഭിമുഖങ്ങള്‍. അതൊക്കെ ചാനലില്‍ വന്നപ്പോള്‍ ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്…….

മുഖ്യമന്ത്രി ജെ. എച്ച്. പട്ടേലിന്റെ അവസാനവര്‍ഷം. ഭരണകാര്യങ്ങളില്‍ വേണ്ടത്ര ശുഷ്‌കാന്തി പുലര്‍ത്താത്ത ജനതാദള്‍ നേതാവായ അദ്ദേഹത്തിന് ജനവികാരം എതിരായിത്തുടങ്ങിയ നാളുകള്‍. ഒരു ദിവസം രാവിലെ ജയന്റെ ഫോണ്‍. ‘ഞാന്‍ നിന്റെ നഗരത്തിലുണ്ട്. പെട്ടെന്ന് ഇങ്ങോട്ടുവരിക.’ കലാശി പാളയത്തെ ഒരു ഹോട്ടലിന്റെ പേരാണ് ജയന്‍ പറഞ്ഞത്. ഞാന്‍ ഹോട്ടല്‍മുറിയിലെത്തുമ്പോള്‍ അവിടെ അദ്ദേഹത്തിന്റെ സുഹൃത്ത് ഡോക്ടര്‍ മുണ്ടോൾ  അബ്ദുള്ളയും ക്യാമറാമാനും സഹായിയുമുണ്ട്. ‘നീ വിചാരിക്കും നിന്നെ ബുദ്ധിമുട്ടിക്കാനാണ് ഈ വരവെന്ന്. അത്തരം തെറ്റിദ്ധാരണയൊന്നും വേണ്ട ‘കസേരയില്‍ ചാരിക്കിടന്നുകൊണ്ട് ഇളംചിരിയോട് ജയന്‍ പറഞ്ഞു. എന്നിട്ട് ബാഗില്‍നിന്നും ഒരുകെട്ട് നോട്ടെടുത്ത് മേശപ്പുറത്തുവെച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു. ‘ഏഷ്യാനെറ്റ് ഇപ്പോള്‍ പഴയതുപോലെയൊന്നുമല്ല. ആവശ്യത്തിന് പൈശേണ്ട് ! ‘ഞാനൊരു ചിരി പാസ്സാക്കി. ‘നമുക്ക് മുഖ്യമന്ത്രിയെയും മറ്റു നേതാക്കന്മാരെയും കാണണം. വിശദമായ ഇന്റര്‍വ്യൂ. രണ്ടുദിവസം നീ എന്റെ കൂടെ തന്നെ ഉണ്ടാകണം. ടീം ലീഡര്‍ നീ. ഞാന്‍ സഹായി !’. ഞാന്‍ വീണ്ടും ചിരിച്ചു.

ഡോക്ടര്‍ അബ്ദുള്ളയെ വിശദമായി പരിചയപ്പെട്ടു. ആള് ചില്ലറ പുള്ളിയല്ല. ലിബിയയിലെ ഭരണാധികാരിയായിരുന്ന കേണല്‍ ഗദ്ദാഫിയുടെ ഫാമിലി ഡോക്ടറായിരുന്നു. ഇക്കാര്യം അന്ന് ജയന്‍ പറഞ്ഞിരുന്നെങ്കിലും ഞാന്‍ മറന്നിരുന്നു. (ഇക്കഴിഞ്ഞ ദിവസം ഒ. കെ. ജോണിയാണ് ഡോക്ടര്‍ മുണ്ടോൾ അബ്ദുള്ളയെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതന്നത്. ഡോക്ടര്‍ ഏതാനും വര്‍ഷം മുമ്പ് ഈ ലോകം വിട്ടുപോയി) രാഷ്ട്രീയാവബോധമുള്ള നല്ലൊരു സഹൃദയനായിരുന്നു ഡോക്ടര്‍. പിറ്റേന്നുതന്നെ മുഖ്യമന്ത്രി ജെ .എച്ച് പാട്ടീലിന്റെ അഭിമുഖമെടുത്തു. അന്നും പിറ്റേന്നുമായി രാമകൃഷ്ണഹെഗ്‌ഡെ,ബംഗാരപ്പ എന്നീ മുന്‍ മുഖ്യമന്ത്രിമാരെ കണ്ടു. പിറ്റേന്ന് മറ്റൊരു മുന്‍ മുഖ്യമന്ത്രി എസ്.ആര്‍. ബൊമ്മയ്, ബിജെപിയുടെ സമുന്നത നേതാവ് യെദിയൂരപ്പ എന്നിവരെയും മറ്റു ചില നേതാക്കളേയും കണ്ടു. അഞ്ചുദിവസം വേണ്ടിവരുമെന്ന് കരുതിയിരുന്ന ജോലി രണ്ടുദിവസം കൊണ്ട് തീര്‍ത്തു. അടുത്ത രണ്ടുദിവസം ഞങ്ങളുടേതായിരുന്നു. ഷൂട്ട് ചെയ്തതൊക്കെ ഏഷ്യാനെറ്റ് പ്രധാന്യത്തോടെ സംപ്രേഷണം ചെയ്തു. നക്‌സല്‍ നേതാവ് വര്‍ഗീസിനെ വെടിവെച്ചുകൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയ രാമചന്ദ്രന്‍നായരെ കാണാന്‍ കൊല്ലത്തുപോയ ജയന്‍ രാമചന്ദ്രന്‍ നായരുടെ പശ്ചാത്താപ പ്രകടനം മനസ്സില്‍ തട്ടും വിധം പകര്‍ത്തുകമാത്രമല്ല ചെയ്തത്, അനാഥശവങ്ങള്‍ അടക്കംചെയ്യുന്ന സന്തോഷ് എന്ന യുവാവിന്റെ കദനകഥയും ചിത്രീകരിച്ചു. അതൊക്കെ ചാനലില്‍ വന്നുകൊണ്ടിരിക്കെ ഫോണില്‍ സംസാരിച്ചിരുന്നു.

അന്ത്യം സംഭവിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജയന്‍ തിരുവനന്തപുരത്തുനിന്ന് വിളിച്ചു.
‘ഞാന്‍ നാലഞ്ചു ദിവസം കോഴിക്കോടുണ്ടാവും. നീ വരുന്നുണ്ടോ ?’.  മറ്റൊരു സ്‌കൂപ്പ് തേടിയായിരുന്നു കോഴിക്കോട്ടേക്കുള്ള യാത്ര. അതാകട്ടെ സ്വയം ഒരു കണ്ണാടിക്കഥയ്ക്ക് വഴങ്ങുന്ന അന്ത്യയാത്രയുമായി. 1998 നവംബര്‍ ഇരുപത്തിനാലിനാണ് കെ .ജയചന്ദ്രന്‍ എന്ന പ്രതിഭാസം നമ്മെ വിട്ടുപിരിഞ്ഞത്. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. നമ്മുടെ വാര്‍ത്താചാനലുകള്‍ ഈ കാലയളവില്‍ സാങ്കേതികമായി വളരെയേറെ മുന്നേറിയിരിക്കുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ വാര്‍ത്തകളുടെ കാര്യത്തില്‍ ജയചന്ദ്രന്‍ അടിത്തറയിട്ട സര്‍ഗാത്മകതയും സാമൂഹ്യ പ്രതിബദ്ധതയും നിലനിര്‍ത്തുന്നുണ്ടോ? ഉത്തരം തേടുന്ന ഒരു ചോദ്യമാണത്. ഉത്തരത്തിനായുള്ള അന്വേഷണത്തിനിടയില്‍ ഇടക്കിടെ ജയചന്ദ്രന്‍ കടന്നുവരും .ജീനിയസ്സുകള്‍ അങ്ങനെയാണ്. അവരീ ലോകം വിട്ടുപോയാലും നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും.
(തുടരും)

ജാതകത്താളിലെ ജീവിതമുദ്രകൾ മുൻ അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്തോളൂ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.