Follow the News Bengaluru channel on WhatsApp

പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ

ഡോ കീർത്തി പ്രഭ

പത്തൊമ്പതാം നൂറ്റാണ്ടിലെ അഥവാ ആയിരത്തിഎണ്ണൂറുകളിലെ ചില മനുഷ്യരുടെ കഥ വിനയൻ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞുകൊണ്ട് ഒരു സിനിമയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സത്യത്തിൽ ഇത്രയ്ക്ക് ഭംഗിയും തലയെടുപ്പും പ്രതീക്ഷിച്ചില്ല. ഒരുപക്ഷേ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് മുമ്പിറങ്ങിയ ചില വിനയൻ ചിത്രങ്ങൾ നിരാശപ്പെടുത്തിയത് കൊണ്ടായിരിക്കാം.ഒരു സംവിധായകനെ അല്ലെങ്കിൽ ഒരു കലാകാരനെ ഒരിക്കലും അയാളുടെ മുൻകാല സൃഷ്ടികളെ നോക്കി മാത്രം വിലയിരുത്തരുത് എന്ന് ഈ സിനിമയിലൂടെ വിനയൻ എന്ന സംവിധായകൻ പഠിപ്പിച്ചു.

സ്ഥിരം വഴികളിൽ കൂടി നടക്കുന്നവരിൽ നിന്നും മാറി നിന്നുകൊണ്ട് ഒരുപാട് സിനിമകൾ കാണിച്ച് നമ്മളെ അതിശയിയിപ്പിച്ചിട്ടുണ്ട് വിനയൻ. ശിപായി ലഹള, കല്യാണസൗഗന്ധികം, ഇൻഡിപെൻഡൻസ്, ആകാശ ഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി പല ജോണറിലുള്ള സിനിമകൾ സൃഷ്ടിച്ച് ബഹുമുഖത തെളിയിച്ചിട്ടുണ്ട് അദ്ദേഹം.

വിനയൻ സിനിമകൾക്ക് പൊതുവിൽ എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിട്ടുണ്ട്. ആ ഒരു പ്രത്യേകത വച്ച് അദ്ദേഹം അവർണ്ണരുടെയും സ്ത്രീകളുടെയും പക്ഷത്ത് നിന്നുകൊണ്ട് അതിഗംഭീരമായ നിർമിതികളാൽ സമൃദ്ധമായ ധീരോജ്വലമായ ഒരു ചരിത്രമെഴുത്ത് നടത്തുമെന്ന് ഒട്ടും കരുതിയില്ല. ബാഹുബലി ഒക്കെ പോലെയുള്ള അത്ഭുതകരമായ ദൃശ്യ വിസ്മയങ്ങൾ കണ്ട് ഇതിഹാസ സിനിമകളും ചരിത്ര സിനിമകളും അനുഭവവേദ്യമാക്കുന്ന ആസ്വാദനതലം തന്നെ മാറിയ പ്രേക്ഷകർക്ക് മുന്നിൽ വികലാംഗരുടെ സംവിധായകൻ എന്ന വിളിപ്പേരും തുടർച്ചയായ പരാജയങ്ങളുമായി വിനയൻ എത്തുന്നു എന്നറിഞ്ഞപ്പോൾ മേനി മിനിപ്പുകളുടെ കെട്ടുകാഴ്ചകൾക്കപ്പുറം മറ്റൊന്നും ആ സിനിമയ്ക്ക് നൽകാൻ കഴിയില്ല എന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോൾ തിയേറ്ററിലേക്ക് കയറുന്നതിനു തൊട്ട് മുമ്പ് വരെ വിനയൻ എന്ന സംവിധായകനെക്കുറിച്ച് ഉണ്ടാക്കി വച്ച ധാരണകളെ കുറിച്ചോർത്ത് കുറ്റബോധം തോന്നി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുറന്നുപറച്ചലുകൾക്ക് എന്തൊരു ശക്തിയാണ്, അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങൾക്ക് എന്തൊരു ഊർജ്ജമാണ്, നീതിക്കുവേണ്ടി പോരാടുന്ന പെണ്ണിന് എന്തൊരു വീര്യമാണ്, ചവിട്ടിത്താഴ്ത്തപ്പെടുന്നവരുടെ വേദനകൾക്ക് എന്തൊരു നീറ്റലാണ്. കണ്ടു തന്നെ അറിയണം ആ കാഴ്ചകൾ.

അർഹിക്കുന്ന രീതിയിൽ പറയപ്പെടാത്തതും ചർച്ച ചെയ്യപ്പെടാത്തതുമായ ചില ചരിത്രങ്ങളുണ്ട് നമുക്ക്. വളച്ചൊടിക്കപ്പെട്ടു കൊണ്ട് നമുക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന ചില ചരിത്രങ്ങളുണ്ട്. അനീതികൾ കൊണ്ടും അനാചാരങ്ങൾ കൊണ്ടും സ്ത്രീവിരുദ്ധത കൊണ്ടും സമ്പുഷ്ടമായ ഒരു മുൻകാലമുണ്ട്. ഈ ചരിത്രങ്ങളിലൂടെയൊക്കെ പടവുകൾ കയറിവന്ന് കേരള സംസ്കാരത്തെപ്പറ്റിയും പണ്ടുകാലത്തെ നന്മകളെ പറ്റിയും ഊറ്റം കൊള്ളുന്ന, വീമ്പിളക്കുന്ന യാഥാസ്ഥിതികരും ചുറ്റുമുണ്ട്.നമ്മുടെ സാമൂഹിക സംസ്കാരത്തിന്റെ ചീഞ്ഞുനാറുന്ന ഇതളുകൾ പലപ്പോഴും അതിന്റെ മിനുസ്സമുള്ള ഇതളുകളാൽ മൂടിവയ്ക്കപ്പെട്ടുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും സുവ്യക്തമല്ലാതെയാണ് ചരിത്രക്കാഴ്ചകളിൽ മിക്കതിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അങ്ങേയറ്റം സ്ത്രീവിരുദ്ധതയും ജാതി വെറിയും മുഴുത്തു നിന്നിരുന്ന ഒരു ഭൂതകാലത്തിന്റെ ക്രൂരതകളെ ചവിട്ടിമെതിച്ചും അവയെ പോരാട്ട വീര്യം കൊണ്ട് ദഹിപ്പിച്ചും ഒക്കെയാണ് വർത്തമാനകാലം ഉണ്ടായത് എന്നത് നെഞ്ചിൽ തുളച്ചു കയറുന്നത് പോലെ ഓർമ്മിപ്പിക്കാൻ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് തീർച്ചയായും കഴിയും. ആ നാറുന്ന ഇതളുകളുടെ അവശേഷിപ്പുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ പല രൂപത്തിലും ഭാവത്തിലും ഞെളിഞ്ഞു നടക്കുന്നുമുണ്ട്. ലിംഗം, ജാതി,തൊഴിൽ, സമ്പത്ത് തുടങ്ങി പലതിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും ഇത്രയേറെ മുന്നോട്ടു നടന്നിട്ടും ഇപ്പോഴും നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തോടെയുള്ള വളർച്ച ഇല്ലാതാക്കുന്ന വ്യാധികളാണ്.

ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന പേര് സത്യത്തിൽ ഞാൻ കേൾക്കുന്നത് ഈ സിനിമയിലൂടെയാണ്. ഇത്രയേറെ ത്യാഗങ്ങൾ സഹിച്ച, ഇത്രയേറെ അധ:സ്ഥിതർക്ക് വേണ്ടി പോരാടിയ ഒരു നവോത്ഥാന നായകന്റെ പേര് എന്തുകൊണ്ട് ഇത്രയും കാലം അറിയാതെ പോയി എന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചിന്തിച്ചത്. ഇങ്ങനെ അർഹിച്ച പരിഗണനകൾ കിട്ടാതെ ചരിത്രം തന്നെ മറച്ചു പിടിക്കുന്ന എത്രയെത്ര പേരുകൾ ഉണ്ടാകും.

 

ആറാട്ടുപുഴ വേലായുധ പണിക്കരാവാൻ സിജു വിൽസൺ എന്ന നടൻ ചെയ്ത പ്രയത്നങ്ങളുടെ കഥകളും സിനിമ കണ്ടു കഴിഞ്ഞതിനു ശേഷമാണ് കൂടുതൽ അറിയാൻ കഴിഞ്ഞത്.’പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ഈ സിനിമ ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോഴും അതിന്റെ പലവിധ പോസ്റ്ററുകൾ കണ്ടപ്പോഴും എന്തിന് ട്രെയിലർ കണ്ടപ്പോൾ പോലും എന്തൊക്കെയോ ചില കാരണങ്ങളാൽ ‘ഈ സിനിമ നന്നാകാൻ ഒന്നും പോകുന്നില്ല’ എന്ന ചിന്ത തന്നെയായിരുന്നു മനസ്സിൽ. അതെന്തൊരു ക്രൂരതയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

സിജു വിൽസണെ സ്ക്രീനിൽ കാണുമ്പോഴെല്ലാം ധീരനായ ഒരു യോദ്ധാവ് മുന്നിൽ വന്നു നിൽക്കുന്ന പ്രതീതി തന്നെയായിരുന്നു. സിജുവിന്റെ ഓരോ സംഭാഷണങ്ങളും ഓരോ ചുവടുവെപ്പുകളും ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന കഥാപാത്രവുമായി അത്രയേറെ ലയിച്ചുചേർന്നതായിട്ടാണ് അനുഭവപ്പെട്ടത്. കുതിരപ്പുറത്തേക്ക് ചാടി കയറുന്നതും സംഘടന രംഗങ്ങളും പ്രത്യേകിച്ച് മഴയത്തുള്ള സംഘട്ടനങ്ങളൊക്കെ സിജു സ്ക്രീനിൽ ചെയ്യുന്നത് കണ്ടപ്പോൾ സത്യത്തിൽ കോരിത്തരിച്ചു പോയി.

ചരിത്രസത്യങ്ങളോടൊപ്പം ഒരു കലാകാരന്റെ സ്വാതന്ത്ര്യവും അയാളുടെ ഭാവനയും ഒക്കെ കൂട്ടിയിണക്കിക്കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാതെ ചെയ്തിട്ടുള്ള ഒരു സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന് വിനയൻ പറഞ്ഞതായിട്ട് ഓർക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ കഥാപാത്രം എങ്ങനെ ഇവിടെ വന്നു എന്ന ചോദ്യങ്ങളെ മാറ്റിനിർത്തി കൊണ്ട് സിനിമ പൂർണമായും ആസ്വദിക്കാൻ കഴിഞ്ഞു. ചില താരങ്ങളുടെ അഭിനയ പ്രകടനത്തിലും തെരഞ്ഞെടുപ്പിലും ഉള്ള ചെറിയ ചില ന്യൂനതകൾ ഈ സിനിമയുടെ തലയെടുപ്പിന് മുന്നിൽ ഒന്നുമല്ലാതാവുന്നുണ്ട്.

സവർണ്ണ മേധാവിത്വം അഴിഞ്ഞാടുന്ന ഒരു കാലഘട്ടം, സ്ത്രീകളെ മാനസികമായും ലൈംഗികമായും ചൂഷണം ചെയ്യുന്ന ഒരു കാലഘട്ടം, അധസ്ഥിത വർഗ്ഗത്തെ അതിക്രൂരമായി എല്ലാരീതിയിലും അടിച്ചമർത്തിയിരുന്ന കാലഘട്ടം. ഇങ്ങനെ ഒരു കാലഘട്ടത്തിൽ ഉദിച്ചുയർന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ധീരനായകന്റെ ഊറ്റം കൊള്ളിക്കുന്ന മറച്ചു വയ്ക്കപ്പെട്ട ജീവിതകഥയ്ക്ക് ഇത്തരത്തിലൊരു സിനിമാരൂപം വന്നില്ലായിരുന്നുവെങ്കിൽ അദ്ദേഹവും അദ്ദേഹത്തിനൊപ്പമുള്ള ചരിത്രവും ജാതികോമരങ്ങളുടെ അഴിഞ്ഞാട്ടവും സമൂഹത്തിൽ നിലനിന്നിരുന്നതും ഇന്നും നിലനിന്നു പോരുന്നതുമായ കടുത്ത സ്ത്രീ വിരുദ്ധതയും ഇത്ര തീവ്രമായി ഓർമ്മിപ്പിക്കപ്പെടില്ലായിരുന്നു.

ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഏടുകളും കലാകാരന്റെ ഭാവനകളും ഒരു സിനിമയെ സിനിമയാക്കുന്ന ചില ഘടകങ്ങളും ഒക്കെ കൂട്ടിച്ചേർത്തുകൊണ്ട് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമ ഉണ്ടായതിനുശേഷം ഒരുപക്ഷേ ഒരുപാട് പേർ വേലായുധ പണിക്കരുടെ ജീവിതത്തെക്കുറിച്ചും അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചും കൂടുതൽ ആഴത്തിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടാവണം. അത് അക്കാലത്തെ അനീതികളെ കുറിച്ച് ബോധ്യമുണ്ടാക്കുന്നതിലുപരി ഇന്ന് അതിന്റെ അംശങ്ങൾ എവിടെയെങ്കിലും പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാവണം നയിക്കേണ്ടത്. ലിംഗം, തൊഴിൽ, ജാതി, സമ്പത്ത് തുടങ്ങിയുള്ള വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് മാത്രം നമ്മളാൽ ആരെങ്കിലും വേദനിക്കപ്പെടുന്നുണ്ടോ, നമ്മളാൽ ആരെങ്കിലും ക്രൂശിക്കപ്പെടുന്നുണ്ടോ,ഒരു ജനാധിപത്യ രാജ്യത്തിലെ ഓരോ പൗരനും തുല്യമായി ലഭിക്കേണ്ട അവകാശങ്ങൾ നമ്മളാൽ ആർക്കെങ്കിലും നിഷേധിക്കപ്പെടുന്നുണ്ടോ എന്നൊക്കെ പുനർവിചിന്തനം നടത്തേണ്ട അവസരം ‘പത്തൊമ്പതാം നൂറ്റാണ്ട്’ നമുക്ക് നൽകുന്നുണ്ട് . പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ നമ്മുടെ സമൂഹം എത്രമാത്രം മാറിയിട്ടുണ്ട് എത്രമാത്രം ആരോഗ്യകരമായി വളർന്നിട്ടുണ്ട് എന്ന അന്വേഷണത്തിലേക്കുള്ള വാതിലുകൾ കൂടിയാണ് ഈ സിനിമ തുറന്നു വയ്ക്കുന്നത്.

സിനിമ കലയോടൊപ്പം തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് ഓർമ്മിപ്പിക്കാൻ ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള സിനിമകളും ഉണ്ടാവണം, ഇങ്ങനെയുള്ള സംവിധായകരും കലാകാരന്മാരും അവതരിക്കണം. വിനയൻ എന്ന സംവിധായകനോട് മാപ്പ് പറഞ്ഞുകൊണ്ട് മാത്രമേ ഈ സിനിമയെ കുറിച്ചുള്ള എഴുത്ത് ഇവിടെ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.