Follow the News Bengaluru channel on WhatsApp

പല്ല് ക്ലീനിങ്ങും കിംവദന്തികളും

ഡോ. കീർത്തി പ്രഭ

ഡോക്ടറേ പല്ല് ക്ലീനിങ് ചെയ്താൽ ഇനാമൽ നഷ്ടപ്പെടുമോ? ഒരിക്കൽ ക്ലീൻ ചെയ്താൽ എപ്പൊഴുമെപ്പൊഴും ക്ലീൻ ചെയ്യേണ്ടി വരുമോ? ക്ലീൻ ചെയ്താൽ കറ പിന്നെയും കൂടുമോ? ക്ലീൻ ചെയ്താൽ പല്ല് പുളിക്കുമോ?മെഷീൻ ഉപയോഗിച്ചല്ലാതെ ലൈറ്റ് ഉപയോഗിച്ച് ക്ലീനിങ് ചെയ്യാൻ പറ്റുമോ?ക്ലീൻ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് രക്തം വരുന്നത്? ക്ളീൻ ചെയ്താൽ പല്ല് വെളുക്കുമോ?പല്ല് ക്‌ളീൻ ചെയ്താൽ പല്ലുകൾക്കിടയിൽ വിടവുണ്ടാകുമോ?ഇങ്ങനെ ദന്ത ചികിത്സകളെ പറ്റി ഒരുപാട് തെറ്റിദ്ധരണകളുമായാണ് രോഗികൾ പലപ്പോഴും ദന്തഡോക്ടറെ സമീപിക്കുന്നത്. ഈ പല്ല് ക്ലീനിങ് അഥവാ സ്‌കേലിംഗ് എന്ന് പറയുന്നത് അത്ര വലിയ പ്രശ്നക്കാരൻ ഒന്നും അല്ല.

പല്ല് വേദനയും പല്ല് നഷ്ടപ്പെടലും പല്ലിലെ കറയും, നിരതെറ്റിയ പല്ലുകളും പണ്ട് കാലത്തൊക്കെ സർവ്വസാധാരണമായിരുന്നു. അത് പലരുടെയും സൗന്ദര്യം കെടുത്തുകയും ഭക്ഷണം നന്നായി ചവച്ചരക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നതിലൂടെ പോഷകങ്ങളുടെ അഭാവം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയൊക്കെ മാറിയിരിക്കുന്നു.ജീവിച്ചിരിക്കുന്ന കാലം മുഴുവൻ നമ്മുടെ പല്ലുകൾ ഭംഗിയോടെ കാത്തു സൂക്ഷിക്കാനും ഇഷ്ടമുള്ള ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാനും സാധ്യമാക്കുന്ന തരത്തിലുള്ള ദന്ത ചികിത്സകൾ എളുപ്പത്തിൽ ലഭ്യമാണ്. പല്ലുകൾക്കും മോണയ്ക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സത്യത്തിൽ വളരെ എളുപ്പവും ചെലവു കുറഞ്ഞതുമാണ്. പക്ഷേ പലരും അത്തരം രീതികളെ അവഗണിക്കുന്നു. ചെലവ് പേടിച്ചും ചികിത്സയെ ഭയന്നും ഒരു പല്ലിലെന്തിരിക്കുന്നു എന്ന താല്പര്യമില്ലായ്മയും പ്രതിരോധ ദന്തചികിത്സകളിൽ നിന്നും നിങ്ങളെ മുഖം തിരിപ്പിക്കുന്നു.

പല്ലിലെ പ്ലാക്കും കാൽക്കുലസും

പല്ലിൽ പറ്റിപ്പിടിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ യഥാസമയം വൃത്തിയാക്കാതെ വരുമ്പോൾ അത് പല്ലുകളുടെ മുകളിലും പല്ലിലും മോണയ്ക്കുമിടയിലുള്ള ഭാഗങ്ങളിലും ഒക്കെ അടിഞ്ഞുകൂടുകയും അതിൽ ബാക്ടീരിയകൾ വളരുകയും ചെയ്യുന്നു. അങ്ങനെ ആഹാരശകലങ്ങളും ബാക്ടീരിയകളും ചേർന്നുള്ള ഒരു നേർത്ത പാളി പല്ലിനു മുകളിൽ രൂപപ്പെടുന്നു. അതിനെയാണ് പ്ലാക്ക്(Plaque)എന്ന് പറയുന്നത്. ഇത് മൃദുവായതിനാൽ നമുക്ക് ബ്രഷുകൾ കൊണ്ട് നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ ബ്രഷുകൾ, ഫ്ലോസുകൾ, പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വണ്ണം കുറഞ്ഞ നേരിയ തരം ബ്രഷുകൾ, ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള മൗത്ത് വാഷ് എന്നിവയൊക്കെ ഉപയോഗിച്ച് പ്ലാക്ക് നീക്കം ചെയ്യാത്ത പക്ഷം അത് മോണയ്ക്കും പല്ലിനും പലരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

പ്ലാക്കിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ പല്ലിന്റെ ഇനാമലിൽ നിരവധി ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുന്നു. പിന്നീട് അതൊരു വലിയ പോടായി മാറി ദന്തക്ഷയം സംഭവിക്കുന്നു. പല്ലിന്റെ കേട് പല്ലിന്റെ ഏറ്റവും പുറമേയുള്ള പാളിയായ ഇനാമലിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ നിങ്ങൾക്ക് പറയത്തക്ക ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായെന്നു വരില്ല. പക്ഷേ ഇനാമലിന്റെ ഉള്ളിലുള്ള പാളിയായ ഡെന്റിനി(Dentine)ലേക്ക് കേട് എത്തിച്ചേരുമ്പോൾ നിങ്ങൾക്ക് പുളിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പല്ലിന്റെ ഏറ്റവും അകത്തെ പാളിയായ ദന്തമജ്ജയെ (Dental Pulp) ഈ കേടു ബാധിക്കുമ്പോൾ നിങ്ങൾക്ക് കലശലായ വേദനയും അനുഭവപ്പെടാം. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഒരു ദന്തൽ ചെക്കപ്പ് നടത്തിയാൽ ഈ അവസ്ഥകളൊക്കെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. അതിനുള്ള പ്രതിരോധ മാർഗങ്ങളും ചികിത്സ ആവശ്യമാണെങ്കിൽ അതും ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും സമയനഷ്ടം ഇല്ലാതെയും ലഭ്യമാകും.

കാൽക്കുലസ്

പ്ലാക്ക് നീക്കം ചെയ്യാത്ത പക്ഷം ആഴ്ചകൾക്കുള്ളിൽ അത് കട്ട പിടിച്ച് കാൽക്കുലസ് എന്ന മഞ്ഞനിറത്തിലുള്ളതോ ബ്രൗൺ നിറത്തിലുള്ളതോ ആയ കഠിനമായ ഒരു ആവരണം ആയി മാറുന്നു. അത് നിങ്ങൾക്ക് ബ്രഷ് കൊണ്ട് നീക്കം ചെയ്യാൻ കഴിയുന്നതല്ല. അതിന് ഒരു ദന്തഡോക്ടറുടെ സഹായത്തോടെയുള്ള ദന്തൽ ക്ലീനിങ് തന്നെ ആവശ്യമായി വരും. ഇനി അതിനെയും അവഗണിച്ചാലോ? പലരും പല്ലുകളിൽ മഞ്ഞനിറം കാണുമ്പോൾ ആ അഭംഗി കുറയ്ക്കാൻ വേണ്ടിയാണ് ദന്തൽ ക്ലിനിക്കുകളിലെ എത്തുന്നത്. എന്നാൽ ഒരു സൗന്ദര്യ പ്രശ്നം എന്നതിനപ്പുറം കാൽക്കുലസ് മോണയ്ക്കും പല്ലിനും മറ്റു പല രീതിയിലും വില്ലൻ ആവാറുണ്ട്. അതു മോണയ്ക്കും പല്ലിനും ഇടയിൽ കുടുങ്ങിക്കിടന്ന് അവിടെ വിടവ് ഉണ്ടാക്കുന്നു. ആ വിടവുകളിൽ വീണ്ടും ഭക്ഷണ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുകയും അവിടം ബാക്ടീരിയകളുടെ വിളനിലമായി മാറുകയും ചെയ്യുന്നു. പല്ലുതേക്കുമ്പോൾ മോണയിൽ നിന്നും രക്തം വരിക,വായനാറ്റം, പല്ല് പുളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അവിടെ നിന്നും തുടങ്ങുകയായി. ഈ കാൽക്കുലസ് നീക്കം ചെയ്യാതെ ഇരുന്നാൽ നല്ല ഭംഗിയിലും ആരോഗ്യത്തിലും ഇരുന്നിരുന്ന നിങ്ങളുടെ മോണ വീർത്ത് ചുവന്ന് മോണപഴുപ്പ് എന്ന അവസ്ഥയുണ്ടാകുന്നു.പിന്നീട് പല്ല് അതിന് ചുറ്റുമുള്ള മോണയിൽ നിന്നും എല്ലിൽ നിന്നും വിട്ടുമാറുകയും ഇളകാൻ തുടങ്ങുകയും ക്രമേണ നിങ്ങൾക്ക് പല്ലുകൾ നഷ്ടമാവുകയും ചെയ്യുന്നു.പല്ലിനുണ്ടാകുന്ന കേടിനേക്കാൾ പല്ല് നഷ്ടപ്പെടാൻ കാരണമാകുന്നത് ഈ അവസ്ഥയാണ്. കേവലം അശ്രദ്ധ കൊണ്ടും അവഗണിക്കുന്നത് കൊണ്ടും പല്ലുകൾ നഷ്ടപ്പെടുന്ന അവസ്ഥ.

ദന്തൽ ക്ലീനിങ് അഥവാ സ്‌കേലിംഗ്

പ്ലാക്കും കാൽക്കുലസും മറ്റ് കറകളും ഒക്കെ നീക്കം ചെയ്യാനാണ് പല്ല് ക്ലീനിങ് ആവശ്യമായി വരുന്നത്. ആറുമാസത്തിൽ ഒരിക്കലെങ്കിലും പല്ല് ക്ലീൻ ചെയ്യുന്നത് മോണയും പല്ലും കൂട്ടത്തിൽ നിങ്ങളുടെ ശരീരവും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. മോണ രോഗമുണ്ടാക്കുന്നത് വായ്ക്ക് പുറത്തുള്ള കാരണങ്ങൾ എന്തെങ്കിലുമാണെങ്കിൽ അതും നിങ്ങൾക്ക് ഒരു ദന്തൽ ചെക്കപ്പിലൂടെ മനസ്സിലാക്കാൻ സാധിക്കും.

കാൽക്കുലസ് പല്ലിൽ നിന്നും അടർന്നു പോകുന്നത് പല്ല് പൊട്ടി പോകുന്നതായി തെറ്റിദ്ധരിച്ചു പലരും ദന്തൽ ക്ലിനിക്കിൽ എത്താറുണ്ട്. മുൻകാലങ്ങളിൽ ഒക്കെ കൈകൊണ്ട് ചുരണ്ടി നീക്കം ചെയ്യുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് പല്ല് ക്ലീനിങ് നടത്തിയിരുന്നത്.ഇപ്പോൾ
അൾട്രാസോണിക് സ്കെയിലർ മെഷീൻസ് എന്ന് വിളിക്കുന്ന
മെഷീനുകളുടെ സഹായത്തോടെയാണ് പല്ല് ക്ലീൻ ചെയ്യുന്നത്. മെഷീൻ ഉപയോഗിച്ച് വളരെ വൃത്തിയായിട്ടും എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും നമുക്ക് പല്ല് ക്ലീൻ ചെയ്യാൻ സാധിക്കും. ഓരോ പല്ലുകളുടെയും വലുപ്പത്തിനും അവയ്ക്കിടയിലുള്ള വിടവുകൾക്കും അനുസരിച്ച് ആവശ്യാനുസരണം മാറ്റി മാറ്റി ഉപയോഗിക്കാൻ പറ്റുന്ന സ്കെയിലർ ടിപ്പുകൾ ഈ മെഷീനിലേക്ക് ഘടിപ്പിച്ചുകൊണ്ടാണ് പല്ല് ക്ലീൻ ചെയ്യുന്നത്. സ്റ്റീൽ, കോപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്നത് ആയിരിക്കും ഈ ടിപ്പുകൾ.മെഷീൻ ഓണാക്കുമ്പോൾ ഈ ടിപ്പ് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങും. ഈ വൈബ്രേഷൻ ആണ് കാൽക്കുലസിനെ പ്ലാക്കിനെയും കറകളെയും ഒക്കെ നീക്കം ചെയ്യുന്നത്.ആ മെഷീനിൽ നിന്നും ചൂട് വരാതിരിക്കാൻ വേണ്ടി വൈബ്രേഷനൊപ്പം വെള്ളം കൂടി സ്പ്രേ ചെയ്യും.

ഇനാമൽ നഷ്ടപ്പെടുമോ?

പല്ല് ക്ലീൻ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇനാമലിന് ഒരു പോറൽ പോലും ഉണ്ടാക്കാൻ സ്കെയിലർ ടിപ്പുകൾക്ക് കഴിയില്ല.മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തുവാണ് ഇനാമൽ എന്ന് മറന്നു പോവരുത്. പക്ഷെ അതിന് കേടുകൾക്കെതിരെ യുദ്ധം ചെയ്യാൻ നിങ്ങളുടെ സഹായം ആവശ്യമാണ്.

ക്ലീനിങ്ങിനു ശേഷമുള്ള പല്ല് പുളിപ്പ്

പല്ല് ക്ലീനിങ്ങിനു ശേഷം പലർക്കും അനുഭവപ്പെടുന്ന മറ്റൊരു പ്രശ്നമാണ് പല്ലു പുളിപ്പ്.ഇത് സാധാരണയാണ്.കാൽക്കുലസ് എന്ന അഴുക്ക് പല്ലിന് ചുറ്റുമുള്ള എല്ല് നഷ്ടപ്പെടാൻ കാരണമാവുകയും തത്ഫലമായി മോണ പല്ലിന്റെ വേരിന്റെ ഭാഗത്തേക്ക് ഇറങ്ങുകയും ചെയ്യുന്നു. പല്ല് ക്ലീനിങ്ങിന് മുമ്പ് ഈ കാൽക്കുലസ് ഒരു മറയായി പല്ലിന്റെ വേരിന് ചുറ്റും കട്ടപിടിച്ചിരിക്കുന്നത് കൊണ്ട് വേരിൽ വെള്ളമോ ചൂടോ തണുപ്പോ ഒന്നും ഏൽക്കില്ല. ക്ലീനിങ് സമയത്ത് ഈ കാൽക്കുലസ് അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നു.വേരിന്റെ ഭാഗം കൂടുതൽ വ്യക്തമായി വായയിൽ തുറന്നു കാണുന്നു. അതുകൊണ്ടാണ് ക്ലീനിംഗിനു ശേഷം പുളിപ്പ് അനുഭവപ്പെടുന്നത്. പല്ലിന്റെ വേരിന് ഇനാമൽ പോലെ ഒരു കട്ടിയുള്ള ആവരണം ഇല്ലാത്തതും ഇതിനൊരു കാരണമാണ്‌. ഈ പുളിപ്പ് ഉണ്ടാവാതിരിക്കാൻ പല്ല് ക്ലീനിങ്ങിന് ശേഷം നിങ്ങളുടെ ഡെന്റിസ്റ്റ് അനുയോജ്യമായിട്ടുള്ള മൗത്ത് വാഷും സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റും മോണ പെട്ടെന്ന് ഉണങ്ങാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്ന ഓയിന്റ്മെന്റുകളും നിർദ്ദേശിക്കും.

പല്ല് ക്ലീനിങ് കഴിഞ്ഞതിനു ശേഷം കുറച്ചുദിവസത്തേക്ക് അമിതമായി എരിവുള്ളതും കട്ടിയുള്ളതും ചൂടുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങളും പുകവലി മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കാൻ ശ്രദ്ധിക്കുക. ഇതൊക്കെ ക്ലീനിങ്ങിനു ശേഷം നിങ്ങളുടെ മോണ സുഖപ്പെടുന്നത് വൈകിപ്പിക്കും.

ക്ലീനിങ്ങിനു ശേഷം പല്ല് ഇളകുമോ? പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുമോ?

പല്ല് ക്ലീൻ ചെയ്തതിനുശേഷം പല്ലുകൾ ഇളകാൻ തുടങ്ങി, പല്ലുകൾക്കിടയിൽ വിടവ് ഉണ്ടായി എന്ന് പരാതിപ്പെടുന്ന വരും ഉണ്ട്. നിങ്ങളുടെ പല്ലുകൾ കാൽക്കുലസ് ഉണ്ടാക്കിയ മോണ രോഗം കാരണം നേരത്തെ തന്നെ ഇളകിയിട്ടുണ്ടാകും. കാൽക്കുലസ് എന്ന കട്ടിയുള്ള പദാർത്ഥം നിങ്ങളുടെ പല്ലുകളെ തമ്മിൽ കൂട്ടി യോജിപ്പിച്ച് അതിനെ ഉറപ്പിച്ചു നിർത്തുന്നത് കൊണ്ട് ആ ഇളക്കം നിങ്ങൾക്ക് അനുഭവപ്പെടില്ല. പക്ഷേ ക്ലീനിങ് കഴിഞ്ഞ് കാൽക്കുലസ് നീക്കം ചെയ്തതിനുശേഷം നിങ്ങൾക്ക് സ്വാഭാവികമായും ആ ഇളക്കം അനുഭവപ്പെടും.കൂടാതെ കാൽക്കുലസ് നീക്കം ചെയ്ത ഇടങ്ങളിൽ വിടവുള്ളതായും അനുഭവപ്പെടും.
ക്ലീനിങ് ചെയ്തതുകൊണ്ട് മാത്രം പല്ലുകൾക്ക് ഇളക്കം സംഭവിക്കുക അസാധ്യമാണ്.
പല്ലിന്റെ ഇളക്കം തീവ്രമല്ലെങ്കിൽ അത് കുറയ്ക്കാനുള്ള നിരവധി ദന്ത ചികിത്സകൾ ലഭ്യമാണ്.

ക്ലീൻ ചെയ്യുമ്പോൾ മോണയിൽ നിന്നും രക്തം വരുന്നു

ക്ലീൻ ചെയ്യുമ്പോൾ മോണയിൽ നിന്ന് രക്തം വരുന്നു എന്ന് പറയുന്നത് പലരുടെയും പരാതിയും ഒപ്പം ഭയവുമാണ്.നേരത്തെ പറഞ്ഞതുപോലെ പല്ലിനും മോണയ്ക്കും ഇടയിൽ കാൽക്കുലസ് ഉണ്ടാകുന്നത് മോണ വീക്കത്തിനും പഴുപ്പിനും കാരണമാകും. ഇങ്ങനെ അണുബാധിതമായതുകൊണ്ട് നേരത്തെ തന്നെ പല്ലു തേക്കുമ്പോഴും ചില ഭക്ഷണപദാർത്ഥങ്ങൾ കടിക്കുമ്പോഴും ഒക്കെ നിങ്ങളുടെ മോണയിൽ നിന്നും രക്തം വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ മോണയിൽ നിന്നും രക്തം വരുന്നുണ്ട് എന്നതിനർത്ഥം നിങ്ങൾ പല്ല് ക്ലീൻ ചെയ്യണം എന്നാണ്. അണുബാധ ഉള്ളതുകൊണ്ടുതന്നെ ക്ലീനിങ് ചെയ്യുന്ന സമയത്തും രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗിക്ക് വേദന അനുഭവപ്പെടാതിരിക്കാൻ ക്ലീൻ ചെയ്യുന്ന ഭാഗങ്ങൾ മാത്രം അനസ്തേഷ്യ നൽകി തരിപ്പിച്ചതിനു ശേഷം ആണ് മോണയ്ക്കുള്ളിൽ ഇറങ്ങിയുള്ള ആഴത്തിലുള്ള ക്ലീനിങ് ചെയ്യുന്നത്.ഒരു സാധാരണ പല്ല് ക്ലീനിങ് എന്നത് ആഴത്തിലുള്ള ക്ലീനിങ് പോലെ സങ്കീർണ്ണമല്ല. സാധാരണ പല്ല് ക്ലീനിങ്ങിൽ മോണയ്ക്ക് മുകളിലുള്ള അഴുക്കുകൾ ആണ് ക്ലീൻ ചെയ്യുന്നത്. ആഴത്തിലുള്ള ക്ലീനിങ് നടത്തേണ്ടി വരുമ്പോൾ ക്ലീനിങ് കഴിഞ്ഞ് അടുത്ത രണ്ടാഴ്ചത്തേക്ക് മോണ കോശങ്ങൾ വീണ്ടെടുത്ത് സുഖപ്പെടാനുള്ള ശ്രമങ്ങൾ ആയതുകൊണ്ട് തന്നെ കുറച്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെടും.

ഒരിക്കൽ ക്ലീനിങ് ചെയ്ത് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളും ഓയിന്റ്മെന്റുകളും ഉപയോഗിച്ച് കഴിഞ്ഞാൽ ഈ രക്തസ്രാവം കുറയുകയും നിങ്ങളുടെ മോണ സുഖപ്പെടാൻ തുടങ്ങുകയും ചെയ്യും.

വായനാറ്റം

ശരീര സൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പല്ലുകളുടെ ഭംഗിയും അവയുടെ ആരോഗ്യവും. പലപ്പോഴും പല്ലുകളുടെ പ്രശ്നവും വായ്നാറ്റവും ഒക്കെ നമ്മുടെ ഉറക്കം കെടുത്താറുണ്ട്. വായിലെ ദുർഗന്ധം മൂലം മറ്റൊരാളോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പോലും മടി
കാണിക്കുന്നവരുണ്ട്.

വായിൽ ദുർഗന്ധം ഉണ്ടാവാൻ പല്ലിൽ അടിഞ്ഞു കൂടുന്ന അഴുക്കുകൾ മാത്രമല്ല കാരണം,വായ്ക്കകത്തും പുറത്തുമായിട്ടുള്ള മറ്റനേകം കാരണങ്ങളുണ്ട്.കേടുള്ള പല്ലുകൾ,നാവിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ,ഊരി മാറ്റാവുന്ന കൃത്രിമ പല്ല് സെറ്റുകൾ ശുചിയായി സൂക്ഷിക്കാത്തത്, വായ വൃത്തിയായി സൂക്ഷിക്കാത്തത് കാരണം ഉറപ്പിച്ചു വച്ചിരിക്കുന്ന കൃത്രിമ പല്ല് സെറ്റുകൾക്കിടയിൽ കാലക്രമേണ അടിഞ്ഞു കൂടുന്ന അഴുക്ക് ഇതൊക്കെ വായനാറ്റം ഉണ്ടാക്കുന്ന വായ്ക്കകത്തെ കാരണങ്ങളാണ്.ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ,കിഡ്നി രോഗങ്ങൾ, കരൾ രോഗങ്ങൾ, ഉമിനീർ ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങൾ,മാനസിക രോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം,പ്രമേഹം ഇങ്ങനെ വായനാറ്റമുണ്ടാകാൻ വായ്ക്ക് പുറത്തും നിരവധി കാരണങ്ങളുണ്ട്. കാരണങ്ങൾ എന്താണെന്ന് കണ്ടെത്തി അതിന് അനുയോജ്യമായുള്ള പരിഹാര മാർഗങ്ങൾ ഒരു ദന്തൽ ചെക്കപ്പിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും.

ലേസർ ഉപയോഗിച്ച് കൊണ്ടുള്ള പല്ല് ക്ലീനിങ് :

പല്ല് ക്ലീനിങ്ങിന് നേരത്തെ പറഞ്ഞത് പോലെയുള്ള അൾട്രാസോണിക് സ്‌കെയിലർ മെഷീനിന് പകരം ലേസർ ദന്ത ചികിത്സാരീതിയും നിലവിലുണ്ട്.ഫോക്കസ് ചെയ്തു നീങ്ങുന്ന ഉത്തേജിപ്പിക്കപ്പെട്ട പ്രകാശരശ്മികൾ ആണ് ലേസർ. അൾട്രാസോണിക് സ്കെയിലർ മെഷീനുകൾ വൈബ്രേഷൻ ഉപയോഗിച്ച് പല്ല് ക്ലീൻ ചെയ്യുമ്പോൾ ലേസർ ഉത്പാദിപ്പിക്കുന്ന താപമാണ്‌ പല്ലും മോണയും ക്ലീൻ ചെയ്യുന്നതിനായി പ്രവർത്തിക്കുന്നത്. ലേസറിന് മൃദുവായതും കഠിനവുമായ കോശങ്ങളിലൂടെ തുളച്ചുകയറാൻ കഴിയും.

ലേസർ ഉപയോഗിച്ച് പല്ലുകളും മോണയും ആഴത്തിൽ വൃത്തിയാക്കുന്നത് പരമ്പരാഗത സമീപനത്തേക്കാൾ വളരെ സൗമ്യമാണ്. വീക്കം രക്തസ്രാവം, അസ്വാസ്ഥ്യം വേദനകൾ ഒക്കെ താരതമ്യേന കുറവായിരിക്കും ലേസർ ചികിത്സയിൽ. അതുപോലെ തന്നെ ക്ലീനിങ്ങിനു ശേഷം മോണ ചെറിയ കാലയളവിൽ തന്നെ സുഖപ്പെടുന്നതാണ്. ലേസർ ഉപയോഗിച്ചുള്ള ആഴത്തിലുള്ള ക്ലീനിങ്ങിന് ശേഷം കുറച്ച് ദിവസങ്ങൾക്കകം തന്നെ പല രോഗികൾക്കും അവരുടെ പതിവ് ഭക്ഷണത്തിലേക്ക് മടങ്ങാൻ കഴിയും.

🔵


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.