Follow the News Bengaluru channel on WhatsApp

വിശ്വാസം, അതല്ലല്ലോ എല്ലാം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിയെട്ട്

ചരിത്രത്തിന്റെ ഏതു ദശയിലാണ് മനുഷ്യർ പ്രകൃത്യാതീത ശക്തികളെ ആരാധിച്ചു തുടങ്ങിയതെന്ന് പറയാനാവില്ല. തന്റെ ബോധ്യത്തിനും അപ്പുറത്ത് പല അതിശയങ്ങൾക്കും കഴിവുള്ള, തന്റെ നിയന്ത്രണ പരിധിക്ക് പുറത്തുള്ള പ്രകൃതി ശക്തികളോട്, പൗരാണിക സമൂഹത്തിന് തോന്നിയിരിക്കാവുന്ന ആരാധനയെ മനസിലാക്കാൻ അത്ര പ്രയാസമില്ല. എന്നാൽ കാറ്റിനെയോ മഴയെയോ അഗ്നിയേയോ ആരാധിക്കുന്നത് പോലെയല്ലല്ലോ അത്തരം പ്രതിഭാസങ്ങൾക്ക് കരുത്തു പകരുന്ന മനുഷ്യരൂപിയായ മറ്റൊരാൾ ഉണ്ടാകുമെന്നും പ്രകൃത്യാതീനായ അയാളാണ് (അവളാണ് ) യഥാർത്ഥത്തിൽ ആരാധിക്കപ്പെടേണ്ടത് എന്നും തോന്നുന്നത്. അത് അത്ഭുതത്തിൽ നിന്നും ഉരുവായ ആരാധനയല്ല സങ്കൽപ്പമാണ്. തന്റെ വിവേചന ബുദ്ധികൊണ്ട് വിവരിക്കാൻ കഴിയാത്തതിനെല്ലാം ഈ സങ്കൽപ്പത്തിന്റെ തണൽ നൽകാൻ മനുഷ്യർ ശ്രമിച്ചതിന്റെ ഫലമാണ് “ദൈവം”. ഇന്ന് നിലവിലുള്ള മത വിശ്വാസങ്ങൾക്കെല്ലാം അടിസ്ഥാനം ഈ “കാരണക്കാരൻ” സങ്കല്പമാണ്. അതായത് വെറും കഥകൾ. വയലാർ പറഞ്ഞത് പോലെ മതത്തിലൂടെ മനുഷ്യർ സൃഷ്‌ടിച്ച ദൈവങ്ങൾ.

തങ്ങളുടെ ഭാവനക്ക് കഴിയാവുന്ന മാർഗങ്ങളിലൂടെയെല്ലാം സഞ്ചരിച്ച്, കഥകളും, ഉപകഥകളും, ഉപദേശകഥകളുമായി വിപുലമായൊരു സങ്കൽപ്പലോകം വിശ്വാസവുമായി ബന്ധപ്പെട്ട് മനുഷ്യർ സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സാഹിത്യം വളർന്നതും പരിലസിച്ചതും വിശ്വാസത്തിന്റെ തോളിലേറിയാണ്. അത് ഭാഷാ രൂപങ്ങളെ ശക്തിപ്പെടുത്തി എന്നതിനൊപ്പം യാതൊരു ലിഖിതരൂപവും ഇല്ലാതിരുന്ന കാലത്തുകൂടി തലമുറകൾ കടന്ന് സഞ്ചരിച്ചു. ആരംഭത്തിൽ ഈ കഥകളെല്ലാം അതിശയോക്തി കലർന്ന മനുഷ്യപ്രയത്നങ്ങൾ ആയിരുന്നുവെങ്കിലും കാലക്രമേണ അവ അതിമാനുഷ കഥാപാത്രങ്ങൾക്ക് വഴിമാറി. നാം ജീവിക്കുന്ന ഭൂമിക്ക് സമാന്തരമായി ആകാശ ഗോളങ്ങൾക്കപ്പുറം ഈ അതിമാനുഷർക്കായി നാം മറ്റൊരു ലോകം പടുത്തുയർത്തി. അവിടെ ദുഷ്ടശക്തികളും ഗുണവാൻമാരും പരസ്പരം യുദ്ധം ചെയ്തു. അവർ നമുക്കായി സദാചാരത്തിന്റെയും സത്ഗുണങ്ങളുടെയും നിയമങ്ങൾ പ്രഖ്യാപിച്ചു. പ്രവർത്തനങ്ങൾക്ക് പരിധികൾ നിശ്ചയിച്ചു. പരസ്പരബന്ധങ്ങൾക്ക് നിബന്ധനകൾ രചിച്ചു. അധികാരവും സങ്കൽപ്പവും കൂടിചേർന്ന സമയത്തെല്ലാം കൂടുതൽ കൂടുതൽ കഥകൾ നിർമിക്കപ്പെട്ടു. ഒരേ കഥകളിൽ വിശ്വസിക്കുന്നവർ ഒരൊറ്റ സമൂഹമായി പരിവർത്തിച്ചു. അങ്ങനെയാണ് എല്ലാ മതങ്ങളുടെയും ആരംഭം.

തനിക്ക് ചെയ്യാൻ കഴിയാത്തത്‌ ചെയ്യാൻ കഴിവുള്ള, എല്ലാ ആപത്ഘട്ടങ്ങളിലും തന്നെ സഹായിക്കാൻ കഴിവുള്ള ഒരു ശക്തി തന്നോടൊപ്പമുണ്ടെന്ന വിശ്വാസം മനഃശാസ്ത്ര പരമായി തെറ്റല്ല. സ്വന്തം പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ഒരാൾ കൂടി വേണമെന്ന ചിന്തയുള്ള ഭൂരിപക്ഷം ആളുകൾക്കും കൂടുതൽ ഔല്‍സുക്യത്തോടെ ജീവിതത്തെ നോക്കിക്കാണാൻ ആ വിശ്വാസം സഹായിക്കും. സ്വന്തം പരിശ്രമങ്ങളിൽ വിശ്വാസമർപ്പിക്കുന്നവർക്ക് ആ താങ്ങിന്റെ ആവശ്യമില്ല. ഇത്ര ലളിതമാണ് ഈശ്വരവിശ്വാസിയും നിരീശ്വരനും തമ്മിലുള്ള വ്യത്യാസം. എന്നാൽ മാർക്സിന്റെ വർഗ്ഗസമരം എന്നപോലെ ചരിത്രത്തിലെമ്പാടും വിശ്വാസിയും നിരീശ്വരരും തമ്മിൽ തർക്ക വിതർക്കങ്ങളുടെ അദ്ധ്യായങ്ങൾ കാണാം. അമിതവിശ്വാസമാണ് അതിന്റെ കാരണങ്ങളിലൊന്ന്. അന്ധവിശ്വാസവും അനാചാരങ്ങളും, വിശ്വാസിയുടെ മൗലീകതയും അതിന് പിന്നാലെ ഈ സംഘര്‍ഷത്തിന്റെ മറ്റ് കാരണങ്ങളാകുന്നു.

സർക്കാർ ജോലി കിട്ടിയാൽ സ്വന്തം ജീവൻ ബലിയായി നൽകുമെന്ന് സത്യം ചെയ്യുകയും ജോലികിട്ടിയ ഉടനെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന വിശ്വാസമാണ് ഒരാൾക്കുള്ളതെങ്കിൽ അതിനെ എതിർക്കാതിരിക്കുന്നതെങ്ങനെ? എന്ത് തെറ്റ് ചെയ്താലും ഏറ്റുപറഞ്ഞാൽ ദൈവം പൊറുക്കുമല്ലോ എന്നോർത്ത് എന്തും ചെയ്യാൻ മടികാട്ടാത്ത ഒരുവനെ വിമർശിക്കാതെ ഇരിക്കുന്നതെങ്ങനെ? തന്റെ ദൈവം സർവ്വശക്തനും വിമർശനാതീതനുമാണെന്ന് വിശ്വസിച്ച് ആ ദൈവത്തെ രക്ഷിക്കാൻ മനുഷ്യനെ കൊല്ലാനൊരുങ്ങുന്ന വിശ്വാസിയുടെ മൗലികതയെ ചോദ്യം ചെയ്യാതെയിരിക്കുന്നതെങ്ങനെ? വിശ്വാസിയെ എതിർക്കാൻ ഇങ്ങനെ ഒരായിരം കാരണങ്ങൾ നിരീശ്വരർ കണ്ടെത്തുന്നു.

ആധുനിക മനുഷ്യർ ഈ സംഘർഷത്തിന്റെ ഏത് വശത്താണ് നിലയുറപ്പിക്കേണ്ടത് എന്നറിയാമോ? അത്‌ വളരെ സങ്കീർണ്ണമായൊരു തിരഞ്ഞെടുപ്പാണ്. നിരീശ്വരന് അവിശ്വസിക്കാനെന്നവണ്ണം വിശ്വാസിക്ക് വിശ്വസിക്കാനും അവകാശമുണ്ട്. രണ്ടും രണ്ട്‌ വ്യക്തികളുടെ തിരഞ്ഞെടുപ്പാണ് എന്നിരിക്കെ പക്ഷം പിടിക്കുന്നതെങ്ങനെ ? ഒരുവന്റെ വിശ്വാസം കൊണ്ട് ഒരു സമൂഹത്തിനാകെ പരിക്കേൽക്കുന്നുവെങ്കിൽ ആ വിശ്വാസത്തിനെതിരായ പക്ഷം പിടിക്കാതിരിക്കുന്നതെങ്ങനെ?

ദാരിദ്ര്യവും വിഭവലഭ്യതക്കുറവും കഴിഞ്ഞാൽ ഇന്നത്തെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളുടെയെല്ലാം അടിസ്ഥാനം വിശ്വാസത്തിന്റെ മൗലികതയോ അത്‌ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലുണ്ടാകുന്ന കലഹങ്ങളോ ആണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും അധികാര മത്സരങ്ങളിലും അതുണ്ടാക്കുന്ന വേലിയേറ്റം ഈ ലോകത്തെ കൂടുതൽ സംഘർഷഭരിതമാക്കുന്നു. അത്‌ രാജ്യങ്ങളെ യുദ്ധങ്ങളിലേക്കും ജന വിഭാഗങ്ങളെ കൂട്ട കൊലപാതകങ്ങളിലേക്കും നയിക്കുന്നു. മനസ്സിൽ മതത്തിന്റെ വിഷം തീണ്ടിയ ഈ തലമുറയിൽ നിന്നൊരു മോചനം ലോകത്തിനു സാധ്യമാകണമെങ്കിൽ വിശ്വാസത്തിന് മുകളിൽ മനുഷ്യത്വത്തെ പ്രതിഷ്ഠിക്കുന്ന ഒരു ബോധനസമ്പ്രദായം രൂപപ്പെടണം. സർക്കാരിനും പൊതുജന സംഘടനകൾക്കും മാധ്യമങ്ങൾക്കും അതിൽ വലിയ പങ്ക് വഹിക്കാനുണ്ട്.
അപരന്റെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാൻ മനസുണ്ടാകണമെങ്കിൽ സ്വന്തം വിശ്വാസത്തിന്റെ പരിധി നിശ്ചയിക്കുകയാണ് ആദ്യം വേണ്ടത്. അതിന് വിശ്വാസത്തിനും, മൂല്യങ്ങൾക്കും, മതം പങ്കുവെയ്ക്കുന്ന സദാചാര ബോധ്യങ്ങൾക്കും മുകളിൽ മറ്റൊരുവന്റെ സ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കാനുള്ള വിവേകം ഉണ്ടാകണം. എന്റെ വിശ്വാസം എന്റെ സ്വകാര്യതയാണെന്നും അതിന്റെ പേരിൽ മറ്റൊരുവന്/ സമൂഹത്തിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ എനിക്ക് അവകാശമില്ലെന്നും സ്വബോധ്യം വരണം. മറ്റൊരുവന്റെ മൂക്ക് തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്ര്യങ്ങളെല്ലാം അവസാനിക്കുന്നുവെന്നു തിരിച്ചറിവ് വരണം. ‘വിശ്വാസം, അത്‌ മാത്രമല്ല എല്ലാ’മെന്നു സ്വയം പറയാൻ പഠിക്കണം. അതത്ര എളുപ്പമല്ല. എങ്കിലും, കൂടുതൽ നല്ലൊരു ലോകം സ്വപ്നം കാണുകയെന്നല്ലാതെ നമുക്കിന്നെന്തുള്ളു.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.