Follow the News Bengaluru channel on WhatsApp

ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ബാധ്യതയാകുന്നുവോ?

"ഫെഡറല്‍ സംവിധാനത്തിനനുസരിച്ച് അര്‍ദ്ധ പരമാധികാര സ്ഥാപനമായ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഗവര്‍ണറുടെ ചുമതല. ഭരണഘടന അനുശാസിക്കുന്ന നടപടികൾ നിയമപരമായി സ്വീകരിച്ചു പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണ് ." സംസ്ഥാന മന്ത്രിസഭയുടെ താത്പര്യവും ഉപദേശവുമില്ലാതെ വ്യക്തിപരമായി തന്റെ അധികാരം പ്രയോഗിക്കാനോ സംസ്ഥാന മന്ത്രിസഭകളുടെ താത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കാനോ ഗവര്‍ണര്‍ ശ്രമിക്കരുതെന്നും സംസ്ഥാനങ്ങളോട് യോജിച്ച് വേണം പ്രവര്‍ത്തിക്കാനെന്നും ഷംഷേര്‍ സിങ്ങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസില്‍ സുപ്രീം കോടതി സുവ്യക്തമായി പറയുന്നുണ്ട്.

🔵ജോമോന്‍ സ്റ്റീഫന്‍

കേരളത്തില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കകയാണ്. കേരളത്തില്‍ മാത്രമല്ല മറ്റു പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗവര്‍ണറും ഭരിക്കുന്ന മന്ത്രിസഭയും തമ്മിലുള്ള ഏറ്റുമുട്ടല്‍ സര്‍വസാധാരണമായി മാറുന്ന കാഴ്ചകളാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സംജാതമായിട്ടുള്ളത് .

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുകളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഗവര്‍ണര്‍ എന്ന അധികാര കേന്ദ്രം ഭരണതലത്തിലും പ്രായോഗിക തലത്തിലും പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ടെന്ന് വര്‍ത്തമാന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

ഈയൊരു സാഹചര്യത്തില്‍, ഗവര്‍ണര്‍ സ്ഥാനം സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയാകുന്നുവോ എന്ന ചര്‍ച്ച ഉയരുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അതിലുപരി ഗവര്‍ണര്‍ സ്ഥാനം ആവശ്യമുണ്ടോ എന്ന രീതിയിലുമുള്ള അഭിപ്രായ പ്രകടനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. ജനാധിപത്യ ഭരണ സംവിധാനത്തില്‍ ഒരിക്കലും ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനു മീതെയല്ല ഗവര്‍ണര്‍ പദവി. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഒരു സംവിധാനവുമല്ല രാജ്ഭവന്‍.

ജസ്റ്റിസ് സദാശിവം

മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തെ പോലുള്ളവര്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചും ഗവര്‍ണര്‍ പദവിയുടെ അന്തസ്സും പരിപാലിച്ചു കൊണ്ട് അഞ്ചു വര്‍ഷം രാജ്ഭവനില്‍ ചെലവഴിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള ‘വിലപേശലിനും’ സമ്മര്‍ദ്ദത്തിനും ജസ്റ്റിസ് സദാശിവം തയ്യാറായിട്ടില്ല. ഗവര്‍ണര്‍ പദവിയുടെ ഉന്നത പാരമ്പര്യം മുറുകെ പിടിച്ചു മാത്രമാണ് ഈ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുന്നോട്ട് പോയിട്ടുള്ളത്.

ഗവര്‍ണര്‍ സ്ഥാനം

ഭരണഘടനയുടെ 153 മുതല്‍ 164 വരെയുള്ള അനുച്ഛേദങ്ങള്‍ ഗവര്‍ണറുമായി ബന്ധപ്പെട്ടുള്ളതാണ്. അനുച്ഛേദം 153 പ്രസിഡന്റ് ഗവര്‍ണറെ നിയമിക്കുന്നതുസംബന്ധിച്ചാണ് പറയുന്നത്. ഒരേ സമയം രണ്ട് സ്റ്റേറ്റുകളില്‍ വരെ ഗവര്‍ണറായിരിക്കാന്‍ ഒരാള്‍ക്ക് കഴിയും. 35 വയസ്സ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനേയും ഗവര്‍ണറാക്കാന്‍ കഴിയും. അനുച്ഛേദം 156 പ്രകാരം 5 വര്‍ഷമാണ് ഗവര്‍ണറുടെ നിയമന കാലാവധിയെങ്കിലും പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും ഗവര്‍ണറെ മാറ്റാം. കേന്ദ്രസര്‍ക്കാരും പ്രസിഡന്റും സംസ്ഥാനമുഖ്യമന്ത്രിയുമായി ആലോചിച്ചുവേണം ഗവര്‍ണറെ തീരുമാനിക്കേണ്ടത് എന്നുള്ള കീഴ്വഴക്കമുണ്ടെങ്കിലും അതൊന്നും പലപ്പോഴും കൃത്യമായി പാലിക്കപ്പെടാറില്ല.

കേന്ദ്ര ഭരണത്തോടുള്ള വിധേയത്വമാണ് ഗവര്‍ണര്‍ നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത്. വിധേയത്വം പ്രകടിപ്പിക്കാത്തവരുണ്ടെങ്കില്‍ ഉടന്‍ തന്നെ കേന്ദ്രം തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയാണ് പതിവ്. കേന്ദ്രത്തില്‍ ആരു ഭരിച്ചാലും ഇന്നും പിന്തുടരുന്ന രീതിയാണിത്.

ദൈനംദിന രാഷ്ട്രീയത്തില്‍ അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും അപ്രസക്തരായ നേതാക്കളെ അതാവശ്യം സുഖസൗകര്യങ്ങളോടെ ശിഷ്ട കാലം വിശ്രമ ജീവിതം നയിക്കാന്‍ ഭരണത്തിലുള്ള പാര്‍ട്ടിക്കാര്‍ നല്‍കുന്ന സൗജന്യമാണ് ഗവര്‍ണര്‍ സ്ഥാനം എന്ന് സാധാരണ ജനങ്ങള്‍ കരുതുന്നു.

 

അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള

കേരളത്തിലും ഇങ്ങനെ ചില ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രതാപശാലിയായിരുന്ന പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കി അയച്ചത് മുതല്‍ കുമ്മനം രാജശേഖനും അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയും തെരെഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷം സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ പദവിയിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചത് എല്ലാവര്‍ക്കും അറിയാം.

വിമര്‍ശനങ്ങള്‍

ഭരണഘടനാ അനുച്ഛേദം 200, 201 എന്നിവ സംസ്ഥാന ഗവണ്മെന്റ് പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാക്കുന്നത് സംബന്ധിച്ച് ഗവര്‍ണറുടെ അധികാരങ്ങളാണ് സൂചിപ്പിച്ചിട്ടുള്ളത്. ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് ഒരു സംരക്ഷകന്റെ റോളാണ് ഉള്ളത്.

എന്നാല്‍, ചില അവസരങ്ങളില്‍ ഗവര്‍ണര്‍മാര്‍ പതിവ് രീതിയില്‍ നിന്നും വിഭിന്നമായി ഇടപെടാന്‍ തുടങ്ങും. അവിടെയാണ് ഗവര്‍ണറും ഭരിക്കുന്ന മന്ത്രി സഭയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ ഉയര്‍ന്ന കോടതികള്‍ പലപ്പോഴും ഗവര്‍ണര്‍മാര്‍ എടുത്തിട്ടുള്ള നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്, തിരുത്തിയിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ട കേസില്‍, അന്നത്തെ മുഖ്യമന്ത്രി എസ്.ആര്‍.ബൊമ്മെ v/s യൂണിയന്‍ ഓഫ് ഇന്ത്യ(എ.1994 എസ് സി 1918) കേസ്സില്‍ കര്‍ണാടക ഗവര്‍ണറായിരുന്ന പി.വെങ്കിട സുബ്ബയ്യയെ നിശിതഭാഷയിലാണ് സുപ്രിം കോടതി ജസ്റ്റിസ് കുല്‍ദിപ്‌സിങ്ങും ജസ്റ്റിസ് സാവന്തും വിമര്‍ശിച്ചത്. നിയമസഭാംഗങ്ങള്‍ ആയ 19 പേര്‍ ഒപ്പിട്ട കത്തിന്റെ ആധികാരികത ഉറപ്പുവരുത്താതെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കാണിച്ച വ്യഗ്രത ഭരണഘടനയുടെ മൂല്യത്തെ തകര്‍ക്കുന്നതാണെന്നാണ് അവര്‍ സൂചിപ്പിച്ചത്.

”സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവര്‍ണര്‍മാര്‍ക്കുമിടയ്ക്ക് കൃത്യമായ ഒരു ലക്ഷ്മണരേഖയുണ്ട്. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ ഭരണഘടനാ തലവനാണ്. ഭരണത്തലവനല്ല. ഇതാണ് ആ അതിര്‍ത്തി രേഖ”- ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കു വിധേയനായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. മന്ത്രിസഭ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഗവര്‍ണറുടെ ഉത്തരവാദിത്തം. സര്‍ക്കാരിന്റെ നടപടികളില്‍ അപാകതയുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയോട് പറയാം.

സംസ്ഥാനങ്ങളുടെ നിലപാടുകള്‍

അടുത്തിടെയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ -മന്ത്രി സഭ തര്‍ക്കവും ഏറ്റുമുട്ടലും പതിവായിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭ, ചാന്‍സലറുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ‘മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്‌സിറ്റീസ് ഭേദഗതി ചട്ടം’ പാസാക്കിയിരുന്നു.വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന എന്നതായിരുന്നു പ്രധാന ഭേദഗതി. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള പോരാണ് ‘പശ്ചിമ ബംഗാള്‍ സര്‍വകലാശാല ചട്ട ഭേദഗതി ബില്‍’ നിയമസഭ പാസാക്കാന്‍ കാരണം. എന്നാല്‍ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായില്ല. വിശദീകരണം തേടി സര്‍ക്കാരിന് തന്നെ തിരിച്ചയച്ചു.

മമത ബാനര്‍ജി

ഈ വര്‍ഷം ഏപ്രിലില്‍ തമിഴ്‌നാട് നിയമസഭ, ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ പാസാക്കിയിരുന്നു. ഗവര്‍ണര്‍ സി.ടി.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിലുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണം.

രാജസ്ഥാനിലും ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവെച്ചിട്ടുണ്ട്. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഗവര്‍ണര്‍ പദവി തന്നെ ആവശ്യമുണ്ടോ..?

പ്രതിപക്ഷ ഭരണത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിച്ച് കേന്ദ്ര ഭരണകക്ഷിയെ അധികാരത്തിലേറ്റാന്‍ സഹായിക്കുക, സംസ്ഥാന സര്‍ക്കാറിനെതിരെ ഡല്‍ഹിയിലേക്ക് റിപോര്‍ട്ടുകള്‍ അയക്കുക, നിയമസഭ അംഗീകരിച്ച ബില്ലുകള്‍ തടഞ്ഞു വെക്കുക, ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയും അതുവഴി സര്‍വകലാശാലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുക എന്നതെല്ലാം സമകാലിക കാലത്ത് ചില ഗവര്‍ണര്‍മാരുടെ നടപടികളാണ് ഗവര്‍ണര്‍ പദവിയുടെ സംഗത്യം ചോദ്യം ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ വഷളാക്കിയത്.

ഗവര്‍ണര്‍മാരുടെ ഇത്തരം അധികാരദുര്‍വിനിയോഗമാണ് ‘ഗവര്‍ണര്‍ പദവി തന്നെ ആവശ്യമുണ്ടോ’ എന്ന ചര്‍ച്ചയിലേക്ക് വഴി തെളിച്ചത് . രാജ്യത്തെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപെട്ട ഭരണ സംവിധാനത്തെ അട്ടിമറിക്കാനും, ആ ഭരണ സംവിധാനത്തിനു മുകളിലായി മറ്റൊരു അധികാര കേന്ദ്രം എന്ന മട്ടില്‍ ചില ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ അനാവശ്യമാണ് എന്ന പൊതു ബോധം രൂപപ്പെടാനും, ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ ചോദ്യം ചെയ്യപ്പെടാനും തുടങ്ങിയത്.

ഗവര്‍ണറുടെ റോള്‍

ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ് ഭരണഘടനയുടെ ഒന്നാം അനുഛേദം നിര്‍വചിച്ചിരിക്കുന്നത്. യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം രാജ്യത്തിന്റെ കെട്ടുറപ്പിനും അനിവാര്യമാണ്. ഇത് തുല്യതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ബന്ധമായിരിക്കുകയും വേണം. അതു തന്നെയാണ് ഫെഡറലിസം കൊണ്ടും ലക്ഷ്യമിടുന്നത്. ഇത്തരമൊരു നല്ല ബന്ധം നിലനിര്‍ത്തുകയാണ് ഗവര്‍ണര്‍മാരുടെയും ബാധ്യത.

രാജ് ഭവൻ കേരള

ഫെഡറല്‍ സംവിധാനത്തിനനുസരിച്ച് അര്‍ദ്ധ പരമാധികാര സ്ഥാപനമായ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഗവര്‍ണറുടെ ചുമതല. ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ നിയമപരമായി സ്വീകരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. സംസ്ഥാന മന്ത്രിസഭയുടെ താത്പര്യവും ഉപദേശവുമില്ലാതെ വ്യക്തിപരമായി തന്റെ അധികാരം പ്രയോഗിക്കാനോ സംസ്ഥാന മന്ത്രിസഭകളുടെ താത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കാനോ ഗവര്‍ണര്‍ ശ്രമിക്കരുതെന്നും സംസ്ഥാനങ്ങളോട് യോജിച്ച് വേണം പ്രവര്‍ത്തിക്കാനെന്നും ഷംഷേര്‍ സിങ്ങ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസില്‍ സുപ്രീം കോടതി സുവ്യക്തമായി പറയുന്നുണ്ട്.

ഒരു രാജ്യത്തിന്റെ ഒന്നാമത്തെ പൗരന്‍ രാഷ്ട്രപതി ആകുന്നത് പോലെ ഒരോ സംസ്ഥാനങ്ങളുടേയും ആലങ്കാരികമായ മേധാവിത്വം ഗവര്‍ണര്‍ക്കുള്ളതാണ്. എന്നാല്‍ രാജ്യത്തിന്റെ ഭരണത്തിന്റെ നേതൃത്വം പ്രധാനമന്ത്രിക്കാണ് എന്നത് പോലെ സംസ്ഥാനങ്ങളിലെ ഭരണത്തിന്റേയും നയപരമായ ഉത്തരവാദിത്തത്തിന്റെയും മേധാവിത്തം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നേതാവായ മുഖ്യമന്ത്രിക്കാണുള്ളത്.ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമ നിര്‍മാണത്തിനുള്ള പരാധികാരമുള്ളതാണ്. ഈ നിയമ നിര്‍മാണത്തില്‍ കൈകടത്താനുള്ള അവകാശം പക്ഷേ ഗവര്‍ണര്‍ക്കില്ല. നിര്‍ണായക സാഹചര്യങ്ങളില്‍ സംശയങ്ങള്‍ ഉന്നയിക്കാനും ചില വ്യക്തതകള്‍ ആവശ്യപ്പെടാനും ഗവര്‍ണര്‍ക്ക് കഴിയും.

മന്ത്രസഭായോഗം നടത്താതിരിക്കുക, ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കാതിരിക്കുക, ഭരണഘടനാനുസൃതമായ ചുമതലകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ചകള്‍ വരുത്തുക തുടങ്ങിയ സവിശേഷമായ സാഹചര്യങ്ങളില്‍ ഇടപെടാനുളള അധികാരവും ഗവര്‍ണര്‍ക്കുണ്ട്. പക്ഷേ അതും ശുപാര്‍ശകള്‍ നല്‍കുക എന്ന തലത്തില്‍ മാത്രമാണ്.

ജസ്റ്റിസ് സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദേശങ്ങള്‍

ഗവര്‍ണര്‍മാരുടെ അധികാരപരിധി ചര്‍ച്ചയാവുകയും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, 1988-ല്‍ ജസ്റ്റിസ് സര്‍ക്കാരിയ അധ്യക്ഷനായ കമ്മിഷന്‍ താഴെകൊടുത്തിട്ടുള്ള ചില നിര്‍ദേശങ്ങള്‍ നല്‍കി. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇപ്പോഴും നടപ്പായിട്ടില്ല.

  • 1 .ഗവര്‍ണര്‍മാര്‍ കക്ഷിരാഷ്ട്രീയപ്രവര്‍ത്തകരാകരുത്. അവര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരും മാന്യതയുള്ളവരുമായിരിക്കണം.
    2. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരായിരിക്കണം ഗവര്‍ണര്‍മാരായി നാമ നിര്‍ദേശം ചെയ്യേണ്ടത്.
    3. സംസ്ഥാനരാഷ്ട്രീയവുമായി ബന്ധപ്പെട്ടവരാകരുത്.
    4.നിലവില്‍ സജീവമായി രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഒഴിവാക്കണം .
    5. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഗവര്‍ണര്‍മാരാക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.
    6. സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി ആലോചിച്ചുവേണം ഗവര്‍ണറെ തീരുമാനിക്കാന്‍. വൈസ് പ്രസിഡന്റും ലോകസഭാസ്പീക്കറുമായി ചര്‍ച്ചചെയ്തുവേണം തീരുമാനം കൈക്കൊള്ളാന്‍.
    7. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഗവര്‍ണറെ മാറ്റുന്ന സാഹചര്യം കഴിയുന്നത്ര ഒഴിവാക്കണം.
    8. ഗവര്‍ണര്‍ കാലാവധി പൂര്‍ത്തിയായതിനുശേഷം രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുത്.

ഭരണ ഘടനയാണ് പ്രധാനം

രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ ഭരണ സംവിധാനം നിലനില്‍ക്കാനും ഇന്ത്യന്‍ യൂണിയന്‍ – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സുഗമവും ആരോഗ്യ കരവുമായ ബന്ധങ്ങള്‍ നിലനിറുത്തികൊണ്ട് ഭരണ ചക്രം മുന്നോട്ടു കൊണ്ടുപോകാന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്.

ഉന്നത പദവികളില്‍ വിരാജിക്കുന്നവര്‍ പിന്തുടരേണ്ടത് ഭരണഘടനയാണ് , മാതൃകയാക്കേണ്ടത് നല്ല കീഴ്വഴക്കങ്ങളെയാണ്. അല്ലാതെ ഭരണ നിര്‍വഹണത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതും ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തികള്‍ ആര്‍ക്കും ഭൂഷണമല്ല. ആത്യന്തികമായി
ജനാധിപത്യത്തോടും ജനങ്ങളോടും നിയമ വ്യവസ്ഥിതിയോടും ഉത്തരവാദിത്വം ഉള്ളവരായിരിക്കണം പദവികളില്‍ ഇരിക്കുന്നവര്‍. ഇന്ത്യയിലെ സാധാരണക്കാരായ പൗരന്മാര്‍ അഗ്രഹിക്കുന്നതും അത് തന്നെ.

ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യ താല്‍പര്യങ്ങള്‍ക്കു വിരുദ്ധരാണ്. കാലത്തിന്റെ ചവറ്റു കോട്ടയിലായിരിക്കും ഭാവി ഇന്ത്യന്‍ ജനത അവരുടെ സ്ഥാനം രേഖപ്പെടുത്തുക.🔵


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. SANKARAN NAMBOODIRI MANIPUZHA says

    In a democracy set-up of government, considering the present situation in India as explained in the post/ news, the discussions about position, authority, etc. of the governor is partial only and is worthless. Because, in this set up, the voters/ citizens are required to elect (vote for) “REPRESENTATIVES OF PEOPLE” and not ‘REPRESENTATIVES OF POLITICAL PARTIES’. When the Local body, State Assemblies and National Parliament are filled with ‘REPRESENTATIVES OF POLITICAL PARTIES’, it is but natural that using (nay misusing) the majority being enjoyed by the ruling political party &/or parties having alliance/ understanding/ support to the ruling party, that they may try to enact laws/ rules based on the ideology of such political parties…… This may NOT be in the interest of the citizens, state or nation… Therefore, the duty & responsibility of the Governer becomes more importance to ensure such laws/ rules ‘Passed by the Assembly’ is NOT a valid Act.

Leave A Reply

Your email address will not be published.