Follow the News Bengaluru channel on WhatsApp

ഒരു സിബിഐക്കേസും ഒരിക്കലും മറക്കാത്ത കുറെ അനുഭവങ്ങളും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : നാൽപ്പത്തിയൊന്ന്  
🔵

സുദീര്‍ഘമായ എന്റെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത് 1994 ലാണ്. ഒരു സിബിഐ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നുണ്ടായ കണ്ടെത്തലുകളും വിവാദങ്ങളുമായിരുന്നു അത്.  മുന്‍കുറിപ്പുകളില്‍ ഒന്നുരണ്ടിടത്ത് അതെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും വിസ്മരിക്കാനാവാത്ത ആ അനുഭവം വിശദീകരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. 1994 മെയ് മാസത്തിലാണ്. ഒരു ദിവസം രാവിലെ ഗീത,വിജയം എന്നീ സ്ത്രീകളും അവരുടെ മക്കളും ഒരു സാമുഹ്യ പ്രവര്‍ത്തകനോടൊപ്പം എന്നെ കാണാനെത്തി. ‘ഗീതയുടെ ഭര്‍ത്താവ് തുളസീധരനെയും വിജയത്തിന്റെ ഭര്‍ത്താവ് രവീന്ദ്രന്‍ നായരെയും കൊച്ചിയില്‍ നിന്നെത്തിയ സിബിഐക്കാര്‍ പിടിച്ചുകൊണ്ടുപോയിട്ട് ഒരു മാസത്തോളമായി. കൊച്ചിയിലെ സിബിഐ ആസ്ഥാനത്തെ തടവറയിലിട്ട് അവരെ നിരന്തരമായി പീഡിപ്പിക്കുകയും കൊടിയ മര്‍ദ്ദനത്തിന് വിധേയമാക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ നിരപരാധികളാണ്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. തെളിവുണ്ടാക്കാന്‍ വേണ്ടിയാണ് അവരെ പീഡിപ്പിക്കുന്നത്. തുളസിയുടെ ചേട്ടന്‍ ബാലകൃഷ്ണപിള്ളയെയും അനുജന്‍ ശശിയേയും സിബിഐ ക്കാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. വിളിക്കുമ്പോള്‍ വീണ്ടും ചെല്ലണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്. ഗീതയും വിജയവും കരഞ്ഞുകൊണ്ട് പറഞ്ഞു. തുളസിയുടെ ചേച്ചിയാണ് വിജയം.

വിജയത്തിന്റെ ഭര്‍ത്താവായ രവീന്ദ്രന്‍നായര്‍ എയര്‍ഫോഴ്‌സില്‍ നിന്നും ആയിടെമാത്രം വോളന്ററി റിട്ടയര്‍മെന്റെടുത്ത് സ്വന്തമായി ചില ബിസിനസ്സുകള്‍ നടത്തിവരികയായിരുന്നു. ഹെബ്ബാളിനടുത്താണ് രവീന്ദ്രന്‍ നായര്‍ താമസിക്കുന്നത്. പീന്യയില്‍  വിവേകാനന്ദ ഇലക്ട്രിക്കല്‍സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് തുളസീധരന്‍ പിള്ള. കാര്യങ്ങള്‍ വിശദീകരിച്ചും തെളിവുകള്‍ കാണിച്ചും മക്കളുടെ തലയില്‍ തൊട്ട് സത്യംചെയ്തും അവര്‍ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ ചിന്താക്കുഴപ്പത്തിലായി. ഇവര്‍ പറയുന്നതില്‍ വാസ്തവമുണ്ടാകാം. എന്നാല്‍ കേസന്വേഷണത്തിന് കീര്‍ത്തികേട്ട സിബിഐ നിരപരാധികളെ പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുമോ? എന്റെ മനസില്‍ ആ  ചോദ്യമാണ് ഉയര്‍ന്നുനിന്നത്. കാരണം സിബിഐയുടെ കേസ്സ്  അന്വേഷണരീതിയില്‍ മതിപ്പുള്ള ആളാണ് ഞാനും. സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സിബിഐ കോടതിയോ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ കൊലപാതകം പോലുള്ള കേസ്സുകള്‍ ഏറ്റെടുക്കാറുള്ളൂ. സിബിഐയുടെ അന്വേഷണരീതി പോലീസില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പോലീസ് ആളുകളെ സംശയിച്ചു പിടിച്ചശേഷം തെളിവുണ്ടാക്കുകയാണ് ചെയ്യാറ്.

സിബിഐ ആകട്ടെ തെളിവുകള്‍ ശേഖരിച്ചതിനു ശേഷമാണ് കുറ്റവാളികളെ വലയിലാക്കുന്നത്. കേരളമൊട്ടാകെ സിബിഐ തിളങ്ങിനില്‍ക്കുന്ന കാലമാണ്. ഏതു കേസ്സും സിബിഐ അന്വേഷിക്കണമെന്ന് ആളുകള്‍ ഒറ്റക്കെട്ടായി മുറവിളി കൂട്ടിയിരുന്ന നാളുകള്‍. കെ .മധു എസ് എന്‍ സ്വാമി മമ്മൂട്ടി കൂട്ടുകെട്ടില്‍ രൂപംകൊണ്ട ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയാണ് മലയാളികളുടെ ഇടയില്‍ സിബിഐയുടെ ഇമേജ് ബൂസ്റ്റ് ചെയ്തതെന്ന് പറയാം. നെറ്റിയില്‍ ചന്ദനക്കുറിയിട്ട് കയ്യുള്ള ബനിയനും കള്ളിമുണ്ടും ധരിച്ച് ബുദ്ധികൊണ്ട് കേസ്സ് അന്വേഷിക്കുന്ന സേതുരാമയ്യര്‍ എന്ന  സൗമ്യനായ സിബിഐ ഓഫിസര്‍ മലയാളിമനസ്സിനെ കയ്യടക്കിയിരുന്നു. അങ്ങനെയൊരാള്‍ കേരളത്തിലെ സിബിഐയില്‍ ഉണ്ടെന്നും അദേഹത്തെ നോക്കിക്കണ്ടാണ് സ്വാമി സേതുരാമയ്യരെ സൃഷ്ടിച്ചതെന്നും ഒരു സിനിമാലേഖകന്‍ കൂടിയായ എനിക്കറിയാമായിരുന്നു.

ഏതായാലും സിബിഐക്കാര്‍ നിരപരാധികളെ പിടിച്ചുകൊണ്ടുപോകില്ലെന്ന് ഞാന്‍ വിശ്വസിച്ചു. രവീന്ദ്രന്‍ നായരും തുളസീധരനും പരോക്ഷമായെങ്കിലും കേസ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാം. അവരുടെ ബന്ധുക്കള്‍ അതറിയണമെന്നില്ലല്ലോ? തൃശൂരിലെ ഡോക്ടര്‍ അജിത് കുമാര്‍ വധിക്കപ്പെട്ട കേസിലാണ് സിബിഐ ഇവരെ പിടികൂടിയത്. അജിത്കുമാര്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ സ്‌ഫോടകശക്തിയുള്ളതും പെട്ടന്ന് തീപിടിക്കുന്നതുമായ ഒരപൂര്‍വ രാസവസ്തു കത്തിച്ചു ജാലകത്തിലൂടെ അകത്തിട്ട് അജിത്കുമാറിനെ കൊലപ്പെടുത്തി എന്നാണ് കേസ്സ്.

ഹൈക്കോടതി ഉത്തരവുപ്രകാരം സിബിഐ അന്വേഷിക്കുന്ന കേസ്സാകയാല്‍ വിശദമായി അന്വേഷിക്കാതെ നിയമവശം പരിശോധിക്കാതെ അതേക്കുറിച്ച് വാര്‍ത്തയെഴുതാന്‍ നിര്‍വ്വാഹമില്ലെന്ന് ഞാന്‍ പറഞ്ഞു. പല വാതിലുകളിലും മുട്ടി നിരാശരും ദുഖിതരും ആയ അവസ്ഥയിലാണ് അവരെന്നെ കാണാനെത്തിയത്.’ഏതായാലും ഞാനൊന്ന് ആലോചിക്കട്ടെ ‘ അവരെ യാത്രയാകുമ്പോള്‍ ഞാന്‍ പറഞ്ഞു. വിജയം കാന്‍സര്‍ രോഗിയാണ്. ഭര്‍ത്താവിന്റെയും അനുജന്റെയും ദുര്യോഗം അവരെ കൂടുതല്‍ അവശയാക്കിയിരുന്നു. പറക്കമുറ്റാത്ത രണ്ടു മക്കളെയും കൊണ്ട് ഹെബ്ബാളിലെ വാടകവീട്ടില്‍ ഭയവിഹ്വലയായി കഴിയുകയാണവര്‍. ഗീതയുടെ കാര്യവും മറിച്ചല്ല. ആ വിഷയത്തെപ്പറ്റി ഞാന്‍ കൂലങ്കഷമായി ആലോചിച്ചു. രവീന്ദ്രന്‍ നായരും തുളസിയും കുറ്റം ചെയ്തിരിക്കുമോ? അതോ സിബിഐക്ക് തെറ്റുപറ്റിയതോ? ഹേയ് സിബിഐക്ക് തെറ്റുപറ്റുമോ ? എനിക്കൊരു നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല.

ഡോക്ടര്‍ അജിത്കുമാറിന്റെ പിതാവ് ഗോപാലനും സഹോദരനുമായി സ്വത്തു തര്‍ക്കമുണ്ടായിരുന്നു. ഗോപാലന്റെയും സഹോദരന്റെയും മക്കള്‍ കടുത്ത ശത്രുതയിലായി. സഹോദരന്റെ മകന്‍ ജയകൃഷ്ണന്‍ എയര്‍ഫോഴ്‌സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ജയകൃഷ്ണനും രവീന്ദ്രന്‍നായരും എയര്‍ഫോഴ്‌സില്‍ ഒന്നിച്ചുണ്ടായിരുന്നു. ജയകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം രവീന്ദ്രന്‍ നായര്‍ തുളസിയെയും കൂട്ടി ബാംഗ്ലൂരില്‍ നിന്ന് കാറില്‍ തൃശൂരില്‍ പോയി അജിത് കുമാറിനെ കൊലപ്പെടുത്തി എന്നാണ് സിബിഐ സംശയിക്കുന്നത്. ജയകൃഷ്ണനെ ചോദ്യം ചെയ്യാന്‍ അയാളുടെ സുപ്പീരിയേഴ്‌സ് അനുവാദം നല്‍കാത്തതിനാല്‍ രവീന്ദ്രന്‍ നായരേയും തുളസിയെയും പീഡിപ്പിച്ച് സിബിഐ തെളിവുണ്ടാക്കുകയാണത്രെ ? ഞാന്‍ രവീന്ദ്രന്‍ നായരെയോ തുളസിയെയോ കണ്ടിട്ടില്ല.

അന്വേഷണത്തിലിരിക്കുന്ന കേസിനെ പറ്റി സിബിഐ മീഡിയയോട് സംസാരിക്കാറില്ല. മാത്രവുമല്ല ബാംഗ്ലൂരിലെ സിബിഐക്കാരല്ല കൊച്ചിയില്‍ നിന്നുള്ളവരാണ് രവീന്ദ്രന്‍ നായരെയും തുളസിയെയും പിടിച്ചുകൊണ്ടുപോയത്. റഷീദ് വധക്കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ സിബിഐ ഓഫിസില്‍ ഞാന്‍ ഒന്നുരണ്ടുതവണ പോയിരുന്നു. രവീന്ദ്രന്‍ നായരും തുളസിയും കുറ്റം ചെയ്തിരിക്കുമോ? അതോ സിബിഐയ്ക്ക്  തെറ്റുപറ്റിയോ? ഹേയ് സിബിഐക്ക് തെറ്റുപറ്റാന്‍ സാദ്ധ്യത കുറവാണ്. ഏതായാലും അതാലോചിച്ച് തല പുണ്ണാക്കേണ്ടെന്ന് ഞാന്‍ നിശ്ചയിച്ചു. ആറോ ഏഴോ ദിവസം കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണപിള്ള, തുളസിയുടെ സുഹൃത്ത് മനോഹരന്‍ എന്നിവര്‍ വീണ്ടും എന്നെത്തേടിയെത്തി. രവിന്ദ്രന്‍ നായരെ സിബിഐ പിടിച്ചുകൊണ്ടുപോയിട്ട് യാതൊരു വിവരവും കിട്ടാതായപ്പോള്‍ വിജയം കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി,അതിന്മേല്‍ സിബിഐ നല്‍കിയ സത്യവാങ്മൂലം മറ്റു ചില രേഖകള്‍ എന്നിവയുടെ കോപ്പി അവര്‍ എനിക്കുനല്‍കി. രവീന്ദ്രന്‍ നായര്‍ ഞങ്ങളുടെ കസ്റ്റഡിയിലില്ല,ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് സിബിഐ ഹൈക്കോടതില്‍ ബോധിപ്പിച്ചിരുന്നത്. അതുവായിച്ച എന്റെ ഉള്ളില്‍ സംശയത്തിന്റെ തീപ്പൊരി വീണു. അപ്പോള്‍ രവിന്ദ്രന്‍ നായരെവിടെ ? കൊച്ചിയില്‍ സിബിഐയുടെ കസ്റ്റഡിയില്‍ തന്നെയാണ് രവീന്ദ്രന്‍ നായരും തുളസിയും ഉള്ളതെന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. അങ്ങനെയെങ്കില്‍ സിബിഐ കോടതിയില്‍ കളവുപറഞ്ഞതെന്തിന്? എന്റെ ഉള്ളിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ഉണര്‍ന്നു.’കേസ്സ് ഏറ്റെടുക്കാന്‍’ എന്റെ മനഃസാക്ഷി സന്നദ്ധമായി. രവീന്ദ്രന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്ന എയര്‍ഫോഴ്‌സ് കേന്ദ്രത്തിലും തുളസീധരന്‍ പിളള ജോലി ചെയ്തിരുന്ന ഫാക്ടറിയിലും വിശദമായി അന്വേഷിച്ചു. വിവരങ്ങള്‍ ശേഖരിച്ചു.
വിജയം, ഗീത എന്നിവരെ വീണ്ടും കണ്ടു സംസാരിച്ചു.’ഒരു സിബിഐ ലഹരിക്കുറിപ്പ് :മൂന്നു നിരപരാധി കുടുംബങ്ങള്‍ തീതിന്നുന്നു’ എന്ന തലക്കെട്ടില്‍ അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കി കേരളശബ്ദം ഓഫിസിലേക്ക് അയച്ചു.

‘കുമാറേ ശരിയ്ക്കും അന്വേഷിച്ചിരുന്നോ? സിബിഐയാണ്, കുഴപ്പോന്നും ഇല്ലല്ലോ ?’ റിപ്പോര്ട്ട് വായിച്ചശേഷം ഡോക്ടര് വിളിച്ചുചോദിച്ചു.’ശരിയ്ക്കും അന്വേഷിച്ചിരുന്നു ഡോക്ടര്‍’ ഞാന്‍ പറഞ്ഞു. അടുത്ത ആഴ്ചതന്നെ റിപ്പോര്‍ട്ട് കേരളശബ്ദം പ്രസിദ്ധീകരിച്ചു. ആദ്യഭാഗം പുറത്തുവന്നപ്പോള്‍ തന്നെ അവിശ്വസനീയമായ പ്രതികരണമാണുണ്ടായത്. കോയമ്പത്തൂരില്‍ ഒളിവില്‍  കഴിയുകയായിരുന്ന ശിവശങ്കരപ്പിള്ള എന്നൊരാള്‍ കൊല്ലത്ത് കേരളശബ്ദം ഓഫീസിലെത്തി. ആ കേസിന്റെ പേരില്‍  സിബിഐ തന്നെയും പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു അയാളുടെ പരാതി. അടുത്തലക്കം കൂടി പുറത്തുവന്നതോടെ ഞങ്ങളുടെ വെളിപ്പെടുത്തല്‍ വന്‍വിവാദമായി.
(തുടരും)

ജാതകത്താളിലെ ജീവിതമുദ്രകൾ മുൻ അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്തോളൂ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.