Follow the News Bengaluru channel on WhatsApp

കാഞ്ചനകാഞ്ചി

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിയൊമ്പത്

 

“കനകചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴികോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി”

ഒരു തലമുറയുടെ ചുണ്ടിൽ ഇന്നും തത്തികളിക്കുന്ന കവിത. മലയാള ഭാഷക്ക് ചങ്ങമ്പുഴയുടെ കാവ്യാഞ്ജലി. പക്ഷെ എന്താണീ “കാഞ്ചനകാഞ്ചി”? എന്നൊരു ചോദ്യമുയർന്നാൽ ആസ്വദിച്ച് കവിതചൊല്ലി നടന്നവരൊക്കെ ഒന്നമ്പരക്കും. ‘അത്‌ ശരിയാണല്ലോ എന്താണീ കാഞ്ചനകാഞ്ചി?’ എന്നു മറുചോദ്യമുയർത്തും.

കാഞ്ചനകാഞ്ചി സ്വർണം കൊണ്ടുള്ള അരഞ്ഞാണമാണെന്ന് പറയാം. സ്വർണ്ണാഭരണ വിഭൂഷിതയായി ഒരുങ്ങി വരുന്ന നർത്തകിയായി മലയാള ഭാഷയെ ചങ്ങമ്പുഴ സങ്കൽപ്പിച്ചപ്പോൾ പിറന്ന കാവ്യദീപ്തി. അവളുടെ അരക്കെട്ടിനെ അലങ്കരിക്കുന്നതാണ് കാഞ്ചന കാഞ്ചി. പക്ഷെ അതിതാണെന്ന് മനസിലാക്കിയിട്ടല്ല ഭൂരിപക്ഷം പേരും കവിത ഹൃദിസ്ഥമാക്കിയത്. ശ്രവണസുഖം പകരുന്നൊരു കവിത, കേൾക്കാൻ ഇമ്പം തോന്നുന്ന വാക്പ്രയോഗങ്ങൾ അങ്ങനെ അതങ്ങു പഠിച്ചെടുത്തു. പറഞ്ഞു വരുന്നത് അർത്ഥം മനസിലാക്കാതെ നാം പഠിച്ചുവെച്ചതും ചെയ്യുന്നതുമായ ഒരായിരം കാര്യങ്ങളെക്കുറിച്ചാണ്.

സന്ധ്യക്ക്‌ നഖം വെട്ടാൻ പാടില്ലെന്ന് പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. ദോഷമാണത്രേ ? അല്ലപ്പാ എന്താണീ ദോഷം. അത്‌ സചേതനമോ അചേതനമോ ആയ എന്തിനെങ്കിലും സംഭവിക്കാനിടയുള്ള ‘കുഴപ്പമാണ്’. എന്നാൽ ഇപ്പോഴത്തെ ‘ദോഷം’ ആ അർത്ഥത്തിലല്ല ഉപയോഗിക്കപ്പെടുന്നത്. അത്‌ ഏതെല്ലാമോ വിധത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ദോഷങ്ങളെയും നാം ബന്ധുക്കളോടോ, ഭാവിയോടോ, കുടുംബത്തോടൊ, സമ്പത്തിനോടോ ബന്ധിപ്പിച്ച് അതിനെ ഭീതിജനകമായ മറ്റെന്തോ ആക്കിത്തീർത്തിരിക്കുന്നു. യഥാർത്ഥത്തിൽ അത്‌ അങ്ങനെയാകാൻ വഴിയില്ലല്ലോ എന്ന് ചിന്തിക്കാതെ പിന്തുടരുന്നു.

സന്ധ്യക്ക് നഖം വെട്ടുന്നതിലേക്ക് തിരിച്ചു വരാം. നഖംവെട്ടിയോ, സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന സമാനമായ മറ്റ് വസ്തുക്കളോ ഇല്ലാതിരുന്ന കാലത്ത് മൂർച്ചയെറിയ കത്തിയോ, ബ്ലേഡോ ആകും നഖം മുറിക്കാൻ ഉപയോഗിക്കപ്പെട്ടിരുന്നത്. ആവശ്യത്തിന് വെളിച്ചമില്ലാതെ അവ ഉപയോഗിച്ചാൽ കൈയിൽ മുറിവ് പറ്റാം. ഭക്ഷണത്തിലോ മറ്റെന്തിലോയെങ്കിലും വെട്ടിയ നഖം വീണാൽ അതും വേറൊരു പുകിലാകും. അതാണ്‌ സന്ധ്യക്ക്‌ നഖം വെട്ടുമ്പോഴുണ്ടാകുന്ന “ദോഷം”. ഇതിന്റെ യഥാർത്ഥ ലക്ഷ്യം മനസിലാക്കാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് ദോഷത്തിന്റെ നിർവചനം മാറിപോയത്. അർത്ഥം മനസിലാക്കാൻ ശ്രമിക്കാതെയും, പറയുന്നതിനോട് ആത്മാർത്ഥത കാണിക്കാൻ ഉദ്ദേശമില്ലാതെയും നാം പറയുന്ന അനേകം വാക്കുകളിൽ പണിതതാണ് നമ്മുടെ ജീവിതം.

പഠനകാലത്ത് അർത്ഥമറിയാതെ നാം പഠിച്ച പാഠഭാഗങ്ങൾ മാത്രമല്ല, വിശ്വാസത്തിന്റെ ലേബലിൽ “But why” ചോദ്യമുയർത്താതെ അന്ധമായി മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യങ്ങളും, യഥാർത്ഥ ഉദ്ദേശമോ, പുറകിലുള്ള വിശാലമായ ശാസ്ത്രമോ, എന്തെങ്കിലും കുഴപ്പം നേരിട്ടാൽ അത്‌ പരിഹരിക്കാനുള്ള മാർഗങ്ങളോ മനസിലാക്കാതെ ചെയ്യുന്ന ജോലിയും ഈ വിഭാഗത്തിൽ ഉൾപ്പെടും. ഇവയോട് അൽപ്പം കൂടി നീതി പുലർത്താനായാൽ, കൂടുതൽ പ്രയത്നം നൽകാനായാൽ നിലവിലുള്ള വീക്ഷണത്തിൽ നിന്നും മാറി മറ്റൊരു തലത്തിൽ നിന്ന് ഇതേ കാര്യങ്ങളെ കാണാൻ നമുക്ക് കഴിയും.

അടിക്കടി വരുത്താറുള്ള തെറ്റുകൾ ആരെങ്കിലും ചൂണ്ടികാണിക്കുമ്പോൾ ‘I am really sorry’ എന്ന് നാം പറയാറില്ലേ? എന്നാൽ ആ തെറ്റിനെക്കുറിച്ചോർത്ത് നമുക്കൊരു വിഷമവുമില്ല എന്നതാണ് യാഥാർഥ്യം. ഉണ്ടായിരുന്നെങ്കിൽ കുറഞ്ഞപക്ഷം അത്‌ നമുക്കെങ്കിലും ഫീൽ ചെയ്തേനെ. ഇതങ്ങനെയല്ലല്ലോ. ഒരു ദിവസം കുറഞ്ഞത് പത്ത് തവണയെങ്കിലും ഒരാൾ I am sorry എന്ന് പറയുമ്പോൾ കാര്യം വളരെ വ്യക്തമാണ്, we don’t really mean it. we don’t really feel it. അത്‌ സാഹചര്യത്തെ തണുപ്പിക്കാനും തെറ്റിനുള്ള ശിക്ഷയിൽ നിന്നും രക്ഷപ്പെടാനുമുള്ള അധരചർവണം മാത്രമാണ്.

ചായക്കോപ്പയിലേക്ക് പകരുന്ന പഞ്ചസാര എന്നപോലെ അനുസൃതം നാം പറയാറുള്ള ‘താങ്ക്യൂ’, മിസ്സ്‌ യു’, ‘ലവ് യു’ കളെപ്പറ്റിയോർക്കുക. എത്രത്തോളം ആത്മാർഥമായിട്ടാണ് നാം അവ പറയുന്നത്? ആ വാക്കുകളെ വികാരമാക്കുന്ന ഒരു നോവ്, ഹൃദയതാളത്തിന്റെ ചാഞ്ചാട്ടം ഇവ ഇല്ലാതെയാണ് ഈ വാക്കുകൾ ചുണ്ടിൽ നിന്നും പുറപ്പെടുന്നതെങ്കിൽ അവയ്ക്ക് നാമത്ര അർത്ഥം കൽപ്പിക്കുന്നില്ല എന്നല്ലേ അർത്ഥം. കാഞ്ചനകാഞ്ചി പോലെ മനസിലേക്കെത്താതെ അധരങ്ങളിൽ അവസാനിക്കുന്ന വാക്കുകളാണവ എന്നല്ലേ അർത്ഥം.

ആത്മാർത്ഥത പുലർത്താൻ കഴിയാതെ നാം പറയുന്ന വാക്കുകൾക്കൊന്നും നമ്മുടെ വികാരങ്ങളെ സ്പർശിക്കാനാവില്ല, അങ്ങനെ നാം ചെയ്യുന്ന പ്രവർത്തനങ്ങളൊന്നും ജീവിതമാവില്ല. അവ അധരത്തിനും പേശികൾക്കും വ്യായാമം പകരുന്ന നിമിഷങ്ങളായി അവസാനിക്കും. മധുരം പൂശിയ വാക്കുകൾക്കൊണ്ടും, ആലങ്കാരിക പ്രവർത്തനങ്ങൾ കൊണ്ടും നമുക്ക് മറ്റുള്ളവരെ വഞ്ചിക്കാനാകും. പക്ഷെ സ്വയം വഞ്ചിക്കാൻ കഴിയുമോ? അതിനാൽ കാഞ്ചനകാഞ്ചികൾ കൊണ്ട് ജീവിതം നിറയ്ക്കാതെ സ്വയം വിശ്വസ്ഥത പുലർത്തുക. അറിയുന്ന കാര്യങ്ങൾ ആഴത്തിൽ മനസിലാക്കുക, ചെയ്യുന്ന പ്രവർത്തനങ്ങളുടെ തമ്പുരാൻ (തമ്പുരാട്ടി) ആകുക, പറയുന്ന വാക്കുകളിലെ വികാരം ഹൃദയത്തിൽ നിറയ്ക്കുക. ചെയ്യുന്ന പ്രവൃത്തികൾ ജീവിതവും, പറയുന്ന വാക്കുകൾ വികാരങ്ങളുമാകുന്ന കാലം വരെ മൗനം ഭജിക്കുക.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Manu says

    👍👍👍👌

Leave A Reply

Your email address will not be published.