Follow the News Bengaluru channel on WhatsApp

ഒരു സിബിഐക്കേസും കുറെ അനുഭവങ്ങളും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : നാൽപ്പത്തിരണ്ട് 
🔵

പിന്നീട് വിവാദപുരുഷനായി മാറിയ സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ മുഖേന എന്നെ രഹസ്യമായി കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. ബംഗളുരുവില്‍ ആനന്ദറാവു സര്‍ക്കിളിന് സമീപമുളള രാജ്കമല്‍  ഹോട്ടലില്‍ മുറിയെടുത്ത അദ്ദേഹം വിവരമറിയിച്ചു. അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ സുഹൃത്ത് സുരേഷ്‌കുമാറും എന്നോടൊപ്പമുണ്ടായിരുന്നു. സിബിഐ ഓഫീസറല്ലേ, ഞാന്‍ ചില മുന്‍കരുതലെടുത്തു. ഒരു മൈക്രോ ടേപ്പ് റിക്കോര്‍ഡര്‍ ഓണാക്കി അണ്ടര്‍ വെയറിനുള്ളില്‍ കെട്ടിവെച്ചിരുന്നു. പരിചയപ്പെട്ട ശേഷം വര്‍ഗീസ് തോമസ് പറഞ്ഞു.’ഞാന്‍ പറയുന്ന കാര്യങ്ങള്‍ താങ്കള്‍ റിപ്പോര്‍ട്ട് ചെയ്‌തോളൂ,വിരോധമില്ല. എന്നാല്‍  താങ്കളുടെ പേരുവെക്കുകയോ നാം എവിടെവെച്ച് കണ്ടു എന്ന് വെളിപ്പെടുത്തുകയോ ചെയ്യരുത്’ ഞാന്‍ സമ്മതിച്ചു.’താങ്കള്‍ അജിത്കുമാര്‍ വധക്കേസിനെപ്പറ്റി എഴുതിയത് അക്ഷരംപ്രതി ശരിയാണ്. നിരപരാധികളെ അവിടെ പിടിച്ചുകൊണ്ടുവന്നിട്ട് നിരന്തരമായി പീഡിപ്പിക്കുന്നുണ്ട്. അവര്‍ കുറ്റം ചെയ്തവരല്ലെന്ന് എനിക്കുമറിയാം. പക്ഷെ ആ കേസ്സ് അന്വേഷിക്കുന്നത് ഞാനല്ല. എന്റെ സുപ്പീരിയര്‍ വാശിയോടെ പലതും ചെയ്യുകയാണ്. എനിക്ക് ഇടപെടാനാവില്ല’ എന്റെ റിപ്പോര്‍ട്ട് ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല  കൊച്ചി സിബിഐ ഓഫീസിലെ പേരുകേട്ട ഓഫിസര്‍ തന്നെയാണ്. എനിക്കു അഭിമാനം തോന്നി. ആത്മവിശ്വാസം ഇരട്ടിച്ചു. കൂട്ടത്തില്‍ പറയട്ടെ പ്രമാദമായ പാനൂര്‍ സോമന്‍ കേസ്സും പോളക്കുളം കേസുമൊക്കെ സമര്‍ത്ഥമായി അന്വേഷിച്ചു തെളിയിച്ച വര്ഗീസ് പി തോമസിനെ കണ്ടിട്ടാണ് എസ്.എന്‍ സ്വാമി സേതുരാമയ്യരെ സൃഷ്ടിച്ചത്. ഞാന്‍ കാണുമ്പോഴും ലുങ്കിയും ബനിയനുമായിരുന്നു വേഷം. ഏറെ വിവാദമായ അഭയക്കേസും ചാക്കോക്കേസും മറ്റുചില കേസ്സുകളും അന്വേഷിക്കുന്നത് അദ്ദേഹമാണ്.

അജിത്കുമാര്‍ വധക്കേസിനെപ്പറ്റി വിശദമാക്കിയഅദ്ദേഹം അഭയാകേസ് ആത്മഹത്യയാക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും വ്യക്തമാക്കി. ഞാനതൊക്കെ കേരളശബ്ദത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സംസ്ഥാനമൊട്ടാകെ വലിയ വിവാദമുയര്‍ന്നു. പേരുവെക്കാതെയാണ് മിക്ക റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചത്. കേരളശബ്ദത്തില്‍ ഞാനെഴുതിയ റിപ്പോർട്ടുകളും അതെത്തുടര്‍ന്നുണ്ടായവിവാദങ്ങളും സിബിഐയുടെ ഉന്നതോദ്യോഗസ്ഥന്മാരും ഹൈക്കോടതിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൊച്ചിയില്‍ സിബിഐയുടെ തടവില്‍ കഴിയുന്ന രവീന്ദ്രന്‍നായരും ആ റിപ്പോര്‍ട്ടുകള്‍ വായിക്കാനിടയായി. ‘മോളെ നമ്മുടെ കദനകഥ കേരളശബ്ദത്തില്‍ വന്നിട്ടുണ്ട്. ആ റിപ്പോര്‍ട്ടര്‍ അവിടെ വന്നാല്‍ എല്ലാം വിശദമായി പറഞ്ഞുകൊടുക്കണേ..’രവീന്ദ്രന്‍ നായര്‍ ബെംഗളുരുവിലുള്ള ഭാര്യ വിജയത്തിന് കത്തെഴുതി. കാന്‍സര്‍ രോഗിയായ വിജയം കനത്ത മാനസിക സമ്മര്‍ദ്ദത്തിനിരയായി വേദനതിന്നുതിന്ന് അവസാനം മരണത്തിന് കീഴടങ്ങി. അതിന്റെ പിറ്റേന്നാണ് കത്തവിടെ കിട്ടുന്നത്. ആ കത്ത് വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പിപ്പോയി.

വിജയത്തിന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പ് രവീന്ദ്രന്‍നായരെ കാണിക്കേണ്ടതുണ്ട്. നിയമത്തിന്റെ കുരുക്കുകളഴിച്ച് അദ്ദേഹത്തെ ബെംഗളുരുവിലെത്തിക്കാന്‍ രണ്ടുദിവസമെടുത്തു. കൈക്കും കാലിനും ചങ്ങലയിട്ടാണ് രവീന്ദ്രന്‍ നായരെ ബംഗളുരുവിലേക്ക് കൊണ്ടുവന്നത്. ചേതനയറ്റുകിടക്കുന്ന പ്രാണപ്രേയസിയുടെ നെറുകയില്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ രവീന്ദ്രന്‍നായരുടെ കണ്ണില്‍നിന്ന് ചുടുകണ്ണീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. കരളലിയിക്കുന്ന ആ രംഗത്തിന് ഞാനും ദൃക്‌സാക്ഷിയായിരുന്നു. രവിന്ദ്രന്‍ നായര്‍ അന്ത്യചുംബനം നല്‍കുന്നത് സിബിഐക്കാര്‍ കാണാതെ ഞാന്‍ ക്യാമറയിലാക്കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആ അന്ത്യസമാഗമവും കേരളശബ്ദം കവര്‍സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചു. ഞാനെടുത്ത, അന്ത്യചുംബനം നല്‍കുന്ന ചിത്രമാണ് കവറില്‍ കൊടുത്തത്. രവീന്ദ്രന്‍ നായര്‍ വിജയത്തിനയച്ച കത്തിന്റെ ഫോട്ടോസ്റ്റാറ്റും ഞങ്ങള്‍ ആ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഒരു പരമ്പരയും മൂന്നു കവര്‍സ്‌റോറികളും നാല് റിപ്പോര്‍ട്ടുകളും കേരളശബ്ദം അതിനകം പ്രസിദ്ധീകരിച്ചിരുന്നു. വര്‍ഗീസ് തോമസ് വെളിപ്പെടുത്തിയ അഭയക്കേസിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങള്‍ വേറെയും. എല്ലാ റിപ്പോര്‍ട്ടുകളും ഞാനാണ് എഴുതിയത്.

കൊച്ചി സിബിഐയില്‍ എന്തു നടക്കുന്നു എന്ന ശീര്‍ഷകത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഞങ്ങളുടെ അപ്പോഴത്തെ കൊച്ചി ലേഖകന്‍ അജയനാണെഴുതിയതെന്ന് സംശയിച്ച് സിബിഐക്കാര്‍ അയാളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഡോക്ടര്‍ അജിത്കുമാര്‍ വധക്കേസില്‍ രവീന്ദ്രന്‍നായരേയും തുളസിയെയും പ്രതികളാക്കാനുള്ള സിബിഐ എസ് പിയുടെ ശ്രമം കേരളശബ്ദം റിപ്പോര്‍ട്ടുകള്‍ മൂലം നടക്കാതെ വന്നു. അഭയക്കേസ് ആത്മഹത്യയാക്കാന്‍ എസ് പി നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് വര്ഗീസ് തോമസ് രാജിവെക്കുകയും ചെയ്തു. സിബിഐയുടെ സല്‍പ്പേര് കളങ്കപ്പെട്ടു. ഉന്നതതലത്തില്‍ നിന്നും ഇടപെടലുണ്ടായി. എസ്.പി .ത്യാഗരാജന്‍ തല്‍സ്ഥാനത്തുനിന്നു ഒഴിവാക്കപ്പെട്ടു. സിബിഐ കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുമ്പോള്‍ പ്രതിപ്പട്ടികയില്‍ തുളസീധരന്‍ പിള്ളയുടെ പേരുണ്ടായിരുന്നില്ല. രവീന്ദ്രന്‍ നായരേയും ജാമ്യത്തില്‍ വിട്ടയച്ചുരുന്നു. രണ്ടുപേരും നന്ദി പറയുവാനും ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാനും പലതവണ എന്നെക്കാണാനെത്തിയിരുന്നു. നല്ല കനമുള്ള ഒരു കവര്‍ അവര്‍ എനിക്ക് നല്‍കാന്‍ ശ്രമിച്ചെങ്കിലും ഞാനത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. എഴുത്തിന്റെ പേരില്‍ ഒരു ചായപോലും സൗജന്യമായി കഴിക്കാന്‍ അന്നും ഇന്നും ഞാനിഷ്ടപ്പെടുന്നില്ല. ജേണലിസം സാമുഹ്യപ്രതിബദ്ധതയുള്ള ഒരു ജോലിയാണ്. (നമ്മുടെ എഴുത്ത്  ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടു എന്നറിയുമ്പോഴുള്ള സന്തോഷവും ആത്മസംതൃപ്തിയുമാണ് എനിക്ക് പ്രധാനം) എന്നാല്‍ പ്രശ്‌നം അവിടെയും തീര്‍ന്നില്ല. അതാ വരുന്നു എനിക്കും പത്രാധിപര്‍ക്കുമെതിരെ ക്രിമിനല്‍ കേസ്സ്. ഡോക്ടര്‍ അജിത്കുമാറിന്റെ പിതാവ് സി.എ. ഗോപാലനാണ് കേസ്സ് ഫയല്‍ ചെയ്തത്. കൂടെ ആക്ഷന്‍ കമ്മിറ്റിക്കാരുമുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ അന്വേഷിക്കുന്ന കേസ് ഞാന്‍ ബോധപൂര്‍വ്വം വഴിതെറ്റിക്കുന്നു, പ്രതികളെ നിരപരാധികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു, കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയെ അപമാനിക്കുന്നു, റിപ്പോര്‍ട്ടര്‍ക്ക് ജുഡിഷ്യറിയെപോലും വിശ്വാസമില്ല എന്നൊക്കെയാണ് എന്റെ റിപ്പോര്‍ട്ടുകളുടെ ചില ഭാഗങ്ങള്‍ എടുത്തുകാട്ടി അദ്ദേഹവും ആക്ഷന്‍ കമ്മിറ്റിയും പരാതിപ്പെട്ടത്. എനിക്കെതിരെ കോടതിയലക്ഷ്യത്തിന് പ്രത്യേകം കേസ്സെടുക്കണമെന്നും പരാതിക്കാര്‍ ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു. കേസിന് സാന്‍ക്ഷന്‍ ലഭിച്ചതിനാല്‍ ഞാനും പത്രാധിപരായ ഡോക്ടര്‍ രാജകൃഷ്ണനും നേരിട്ട് ഹാജരാകേണ്ടിയിരുന്നു. അഴിമതിയ്ക്കും അന്യായങ്ങള്‍ക്കുമെതിരെ നിരന്തരം പോരാടുന്ന കേരളശബ്ദത്തിനും റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ മാനനഷ്ടക്കേസ്സുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത് സാധാരണയാണ്. പക്ഷെ എഴുത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ്സ് ആദ്യമായാണ്. അതിന്റെ പേരില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ നിലപാട് സുതാര്യവും സത്യസന്ധവും വസ്തുനിഷ്ഠവുമായതിനാല്‍ കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വിചാരണയ്ക്ക് വന്ന ആദ്യദിവസം തന്നെ ബഹുമാനപ്പെട്ട ഹൈകോടതി കേസ്സ് തള്ളി.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശ്രദ്ധേയമായ ഒരു ഹ്യൂമന്‍  ഇന്ററസ്റ്റ് സ്‌റ്റോറി തയ്യാറാക്കിയ റിപ്പോര്‍ട്ടര്‍ക്ക് ജുഡിഷ്യറിയോട് ബഹുമാനമില്ല എന്നാരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നായിരുന്നു കോടതിയുടെ ചോദ്യം. സി വി ഗോപാലന്‍ / വിഷ്ണുമംഗലം കുമാര്‍ ആന്‍ഡ് അദേര്‍സ് എന്നപേരിലുള്ള പ്രസ്തുത കേസ് (cc 86/1995 ) നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ഒരു അപൂര്‍വ്വ കേസാണ്. ആറേഴുവര്‍ഷം നീണ്ടുപോയ വിചാരണയ്ക്കു ശേഷം രവീന്ദ്രന്‍നായരും മറ്റും കുറ്റവിമുക്തരാക്കപ്പെട്ടു. സിബിഐ പിടിച്ചത് യഥാര്‍ത്ഥ പ്രതികളെയായിരുന്നില്ല. അതുകൊണ്ടാണ് കേസ്സ് തെളിയിക്കാന്‍ കഴിയാതെപോയത്. തുളസിധരന്‍ പിളള സ്വന്തമായി ഒരു വ്യവസായശാല തുടങ്ങി. അത് വന്‍വിജയമായിരുന്നു . ഏതാനും വര്‍ഷം മുമ്പ് അദ്ദേഹം അന്തരിച്ചു. വിജയ് പവര്‍ കണ്‍ട്രോള്‍ സിസ്റ്റംസ് പ്രൈവറ്റ്   ലിമിറ്റഡ് എന്ന വ്യവസായ ശൃംഖലയായി വികസിച്ച ആ സ്ഥാപനം മകന്‍ വിജയ് പിള്ളയാണ്  നോക്കിനടത്തുന്നത്. എന്റെ നല്ല സുഹൃത്താണ് വിജയ്. ഇടയ്ക്ക് ഞാന്‍ ആ  സ്ഥാപനത്തില്‍ പോകാറുണ്ട്. ഞാന്‍ പ്രസിഡന്റായ ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷവും മറ്റും നടത്തുമ്പോള്‍ വിജയ് വലിയ തുക സംഭാവന നല്‍കാറുണ്ട്. ഏതാനും വര്‍ഷം മുമ്പ് സാമൂഹിക ഹപ്രതിബദ്ധത പുലര്‍ത്തുന്ന മികച്ച വ്യവസായിയ്ക്കുള്ള ദീപ്തി അവാര്‍ഡ് വിജയ് പിള്ളയ്ക്കാണ് ലഭിച്ചത്. വിജയ് വ്യവസായരംഗത്ത് സജീവമാണ്. രവീന്ദ്രന്‍ നായരുടെ ജീവിതം ആ കള്ളക്കേസ് തകര്‍ത്തുകളഞ്ഞു. ഭാര്യയുടെ അകാലവിയോഗം, കുട്ടികളുടെ വിദ്യാഭ്യാസം കേസിനു ഹാജരാക്കാന്‍ വേണ്ടി കൊച്ചിയിലേക്ക് അടിയ്ക്കടിയുള്ള യാത്ര, സാമ്പത്തിക പ്രശ്‌നങ്ങള്‍ …രവീന്ദ്രന്‍നായരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.

കുറ്റവിമുക്തനാക്കപ്പെടുന്നതിന് രണ്ടുമാസം മുമ്പ്, വിജയത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി മൈസൂരില്‍ നിന്ന് മടങ്ങുമ്പോള്‍ സംഭവിച്ച കാര്‍ ആക്‌സിഡന്റ് അദ്ദേഹത്തെ ശാരീരികമായും അവശനാക്കിക്കളഞ്ഞു. നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് താമസം മാറ്റിയിരുന്ന അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയിരുന്നു. രവീന്ദ്രന്‍നായരുടെ തീരാദുരിതങ്ങളെപ്പറ്റി ഞാന്‍ വീണ്ടും കേരളശബ്ദത്തിലെഴുതി. അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടപ്പോഴും എഴുതിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് രവീന്ദ്രന്‍ നായര്‍ മരണമടഞ്ഞു. എന്റെ പത്രപ്രവര്‍ത്തനജീവിതത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ടതും ഒരിക്കലും മറക്കാന്‍ കഴിയാത്തതുമാണ് ഈ സിബിഐക്കേസ്സും തുടര്‍ന്നുണ്ടായ അനുഭവങ്ങളും.
(തുടരും)

ജാതകത്താളിലെ ജീവിതമുദ്രകൾ മുൻ അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്തോളൂ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.